UPDATES

ട്രെന്‍ഡിങ്ങ്

റോഡ്‌ അപകടങ്ങളില്‍ ഭൂരിഭാഗവും സന്ധ്യ കഴിഞ്ഞ്, വില്ലന്‍ മദ്യവും അമിതവേഗവും; കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മരിച്ചത് 20,966 പേര്‍; ഞെട്ടിക്കും ഈ കണക്കുകള്‍

ദിനംപ്രതി ശരാശരി 12 പേര്‍ റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് 2018 ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്

കേരളത്തിലെ റോഡുകള്‍ കൊലക്കളങ്ങളായി മാറുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീറിന്റെ മരണം. റോഡ് നിയമങ്ങള്‍ പാലിക്കാതെ പായുന്നവര്‍ മനുഷ്യ ജീവനുകള്‍ അപഹരിക്കുന്നത് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. കേരളത്തില്‍ ദിനംപ്രതി ശരാശരി 12 പേര്‍ റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് 2018 ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ കണക്ക് ഇതിന്റെ ഇരട്ടിയായിരിക്കും.

മോട്ടോര്‍ വാഹന വകുപ്പിന്റെയും ട്രാഫിക് പൊലീസിന്റെയും കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ (2014-2018) കേരളത്തില്‍ നടന്നത് 1,93,367 വാഹനാപകടങ്ങള്‍. ഇതില്‍ മരിച്ചവരുടെ എണ്ണം 20,966. ഈ വര്‍ഷം തന്നെ ഇതിനകം ആയിരത്തിനു മേല്‍ അപകടങ്ങള്‍ നടന്നിരിക്കുന്നു. 200-ലേറേ പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ഓരോ വര്‍ഷത്തിലും മരണ നിരക്ക് കൂടിക്കൊണ്ടിരിക്കുന്നതും കാണാം (മരിച്ചവരുടെ എണ്ണം-2014ല്‍ 4049, 2015ല്‍ 4196, 2016ല്‍ 4287, 2017ല്‍ 4131, 2018ല്‍ 4303). അതായത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരു വര്‍ഷം റോഡില്‍ പൊലിയുന്നത് നാലായിരത്തിനു മുകളില്‍ മനുഷ്യര്‍. പരിക്കേറ്റവരുടെ കണക്ക് ഇതിലും വലുതാണ്. (2014ല്‍ 41096, 2015ല്‍ 43735, 2016ല്‍ 44108, 2017ല്‍ 42671, 2018ല്‍ 45458). അരലക്ഷത്തിനടുത്ത് മനുഷ്യരാണ് റോഡ് അപകടങ്ങളില്‍ വര്‍ഷാവര്‍ഷം പരിക്കേല്‍ക്കുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും സാധാരണ ജീവിതം നഷ്ടപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയില്‍ മൊത്തം റോഡ് അപകടങ്ങളുടെ കണക്കും ഭയപ്പെടുത്തുന്നതാണ്. ഈ രാജ്യത്ത് ഓരോ മണിക്കൂറിലും ശരാശരി 53 റോഡ് അപകടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓരോ മണിക്കൂറിലും 17 മനുഷ്യ ജീവനുകള്‍ ഇന്ത്യന്‍ റോഡുകളില്‍ പൊലിയുന്നു. അതില്‍ കേരളത്തിലെ റോഡുകളില്‍ മണിക്കൂറില്‍ ആയിരത്തിനും അയ്യായിരത്തിനും ഇടയിലാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ കണക്ക് ചെറുതാണെങ്കിലും ഓരോ ജീവനും പ്രധാനപ്പട്ടതാകുമ്പോള്‍ ആശ്വസിക്കാന്‍ എന്താണതില്‍ ഉള്ളത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 2015-16 വരെയുള്ള കണക്കില്‍ റോഡ് അപകടങ്ങളുടെ ക്രമത്തില്‍ 13 ആം സ്ഥാനത്തായിരുന്നു കേരളം.

2001 മുതല്‍ ഉള്ള അപകടങ്ങളുടെയും മരണങ്ങളുടെയും കണക്ക് നോക്കിയാല്‍ റോഡില്‍ ഇറങ്ങാന്‍ തന്നെ മനുഷ്യനെ ഭയപ്പെടും. 2001 ല്‍ 38361 അപകടങ്ങളിലായി 2674 പേര്‍ കൊല്ലപ്പെടുകയും, 49675 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ 18 വര്‍ഷത്തിപ്പുറം ആ കണക്ക് പറയുന്നത് 40181 അപകടങ്ങളിലായി 4303 പേര്‍ മരിച്ചെന്നും 45458 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ്. ജില്ല തിരിച്ചുള്ള അപകടങ്ങളും മരണങ്ങളും വര്‍ഷാവര്‍ഷം കൂടി വരികയാണെന്നും 2018 ലെ കണക്കുകള്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം സിറ്റിയിലും റൂറലിലുമായി 5529 അപകടങ്ങള്‍ നടന്നതില്‍ 544 പേര്‍ കൊല്ലപ്പെട്ടപ്പോള്‍, കൊല്ലം സിറ്റിയിലും റൂറലിലുമായി നടന്ന് 3478 അപകടങ്ങളും 469 മരണങ്ങളുമാണ്. പത്തനംതിട്ടയില്‍ 1527 അപകടങ്ങളിലായി 228 പേര്‍ കൊല്ലപ്പെട്ടു. ആലപ്പുഴയില്‍ 3489 അപകടങ്ങള്‍ നടന്നതില്‍ 373 പേര്‍ കൊല്ലപ്പെട്ടു. കോട്ടയത്ത് 2924 അപകടങ്ങളില്‍ 279 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇടുക്കിയില്‍ 1182 അപകടങ്ങളിലായി ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 91 ആണ്. എറണാകുളം സിറ്റിയിലും റൂറലിലുമായി കഴിഞ്ഞ വര്‍ഷം നടന്ന അപകടങ്ങള്‍ 5996, ഇതില്‍ കൊല്ലപ്പെട്ടവര്‍ 458. തൃശൂര്‍ സിറ്റിയിലും റൂറലിലുമായി 4407 അപകടങ്ങള്‍ നടക്കുകയും 449 പേര്‍ കൊല്ലപ്പെടുകയു ചെയ്തു. പാലക്കാട് നടന്ന അപകടങ്ങളുടെ എണ്ണം 2411 ഉം മരണസംഖ്യ 347 ഉം ആയിരുന്നു. മലപ്പുറത്ത് 2423 അപകടങ്ങളിലായി 367 പേര്‍ കൊല്ലപ്പെട്ടു. കോഴിക്കോട് സിറ്റിയിലും റൂറലിലും കൂടി 3097 അപകടങ്ങള്‍ നടക്കുകയും 341 പേര്‍ കൊല്ലപ്പെടുയും ചെയ്തു. വയനാട്ടിലെ കണക്ക് പ്രകാരം 634 അപകടങ്ങള്‍ നടക്കുകയും 74 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കണ്ണൂരില്‍ 2070 അപകടങ്ങളിലായി 233 പേര്‍ കൊല്ലപ്പെട്ടു. കാസറഗോഡ് 1014 അപകടങ്ങള്‍ നടക്കുകയും 129 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

പുലര്‍ച്ചെ ഒരു മണിക്കാണ് ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ചിരിക്കുന്നത്. ഇക്കാര്യവും ഗുരുതരമായൊരു പ്രശ്‌നത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കൂടുതല്‍ വാഹനാപകടങ്ങളും നടക്കുന്നത് സന്ധ്യ കഴിഞ്ഞുള്ള സമയങ്ങളിലാണ്. 2018 ല്‍ നടന്ന 40,181 അപകടങ്ങളില്‍ 8382 എണ്ണനും വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഇടയില്‍ നടന്നവയാണെന്നാണ് ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന കണക്കില്‍ പറയുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത്, ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ (പല വാഹനങ്ങളും ഡിം ലൈറ്റ് ഉപയോഗിക്കാതെയാണ് രാത്രിയില്‍ കുതിച്ചു പായുന്നത്. എതിരേയുള്ള യാത്രക്കാരെ അപകടത്തില്‍ പെടുത്താന്‍ ഇത് വലിയ കാരണമാണ്). രാത്രിയിലും പുലര്‍ച്ചെയുമായി ഉണ്ടാകുന്ന ദുരന്തങ്ങളില്‍ അപകടം ഉണ്ടാക്കിയ വാഹനം ഏതെന്നു പോലും കണ്ടെത്താന്‍ കഴിയാറില്ല. മിക്ക അപകടങ്ങളിലും പരിക്കേല്‍ക്കുന്നവരെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷിക്കാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇടിച്ചിട്ട വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതും പിന്നാലെ വരുന്നവര്‍ പരിക്കേറ്റു കിടക്കുന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ വരുന്നതുമാണ് മരണ നിരക്ക് കൂട്ടുന്നത്. പലരും രക്തം നഷ്ടപ്പെട്ടാണ് മരണത്തിന് കീഴടങ്ങുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍