UPDATES

വീടും പറമ്പും

ഭംഗിക്കൊപ്പം സുരക്ഷയും വേണ്ടേ… നമുക്ക് കര്‍ട്ടനുകള്‍ മാറ്റി റോളിംഗ് ഷട്ടറുകള്‍ ആക്കിയാലോ!!!

ചില്ല് ചുവരുകളെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ റോളിംഗ് ഷട്ടറുകള്‍ പരിഹരിക്കും

സമകാലീന(contemporary)ഡിസൈനുകള്‍ പ്രചാരത്തിലായതോടെയാണ് കേരളത്തില്‍ ഗ്ലാസ് ചുവരുകള്‍ക്ക് പ്രിയമേറിയത്. പുറത്തെ പച്ചപ്പിന്റെ ഭംഗി അകത്തേക്ക് പ്രതിഫലിക്കുകയും ചെയ്യും. ഡൈനിങ്ങ് റൂമില്‍ നിന്നും ബാത്ത് റൂമില്‍ നിന്നുമൊക്കെ മുറ്റത്തേക്ക് സുതാര്യമായ ഭിത്തികള്‍ സാധാരണമായിട്ടുണ്ട്. ഭംഗിക്കും പ്രകാശത്തിന്റെ ലഭ്യതയ്ക്കും ഒപ്പം സുരക്ഷിതത്വം, സ്വകാര്യത തുടങ്ങിയവയെ കുറിച്ചുള്ള ആശങ്കകളും ചില്ലു ചുവരുകളുണ്ടാക്കും. ഇതിനൊരു പരിഹാരമാണ് റോളിങ്ങ് ഷട്ടറുകള്‍.

ഉയര്‍ത്താനും താഴ്ത്താനും ബുദ്ധിമുട്ടില്ല എന്നതാണ് കര്‍ട്ടനില്‍ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. റിമോട്ടിലോ സ്വിച്ചിലോ പ്രവര്‍ത്തിക്കുന്ന ഷട്ടറുകള്‍ അനായാസം തുറക്കുവാനും അടക്കുവാനും സാധിക്കും.

സുരക്ഷയാണ് റോളിങ്ങ് ഷട്ടറുകളുടെ പ്രധാന മേന്മ. മിക്കവാറും ജനാലയോടോ ഗ്ലാസിനോടോ ചേര്‍ത്താണ് ഇവ പിടിപ്പിക്കുക. ഇത് എളുപ്പം ഇളക്കി മാറ്റാനാകില്ല. തകര്‍ക്കുകയാണെങ്കില്‍ തന്നെ വലിയ ശബ്ദവും ഉണ്ടാകും. വീടിനകത്താണ് ഷട്ടറിന്റെ നിയന്ത്രണ സംവിധാനം ഉണ്ടാകുക. അത് കൊണ്ട് തന്നെ പുറത്ത് നിന്ന് ഉയര്‍ത്താനും സാധിക്കില്ല. വൈദ്യുതി ഇല്ലാത്ത സമയത്ത് ഷട്ടറിലുള്ള ഓപ്ഷന്‍ ഉപയോഗിച്ച് അകത്ത് നിന്ന് കൈ കൊണ്ട് തുറക്കാനാകും.

ഗാല്‍വല്യൂം, അലുമിനിയം, പോളികാര്‍ബണൈറ്റ് മെറ്റീരിയലുകളിലാണ് ഇവ ലഭ്യമാകുന്നത്. പോളികാര്‍ബണേറ്റ് ഷട്ടറുകള്‍ ഗ്ലാസിന്റെ പ്രതീതിയില്‍ വീട്ടില്‍ വെളിച്ചം പ്രതിഫലിപ്പിക്കും. എന്നാല്‍ ഇവ കാറ്റ് കടത്തി വിടില്ല.

അലുമിനിയം ഷട്ടറുകള്‍ ഭാരം കുറഞ്ഞവയാണ്. ഗ്രീസിട്ട് ചലനം എളുപ്പമാക്കേണ്ട ആവശ്യവുമില്ല. എന്നാല്‍ താരതമ്യേന കുറഞ്ഞ സുരക്ഷ പ്രദാനം ചെയ്യുന്നത് ഇവയാണ്. മാത്രമല്ല സാധാരണ റോളിങ്ങ് ഷട്ടറുകളെ അപേക്ഷിച്ച് ഇവയ്ക്ക് വിലയും കൂടുതലായിരിക്കും.

ഈ ഷട്ടറുകളെല്ലാം സുതാര്യമായ നിറങ്ങളിലാണ് ലഭ്യമാകുന്നത്. എന്നാല്‍ ഉപഭോക്താവിന്റെ താല്‍പര്യം അനുസരിച്ച് നിറം നല്‍കാം. ഭിത്തിയില്‍ മുഴച്ചു നില്‍ക്കാതെ വീടിന്റെ നിറത്തിന് അനുയോജ്യമായ പെയിന്റ് അടിക്കണം.

മഴയിലും കാറ്റിലും റോളിങ്ങ് ഷട്ടറുകള്‍ സുരക്ഷിതത്വം നല്‍കും. ഗ്ലാസ് തകര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍, തീ പിടുത്തം തുടങ്ങിവയെ എല്ലാം തടഞ്ഞ് നിര്‍ത്തും. വേനല്‍ക്കാലത്ത് ജനല്‍ ഗ്ലാസ് ചുട്ട് പഴുത്ത് വീടിനകത്തെ ചൂട് കൂടുന്നതില്‍ നിന്നും ഇവ രക്ഷ നല്‍കും. ഫോം ഫില്‍ഡ് ഷട്ടറുകള്‍ നല്ലൊരു ശതമാനം ചൂടും അകത്തെത്താതെ തടയും.

ഷട്ടറുകളുടെ ഭാരം, അത് ഉയര്‍ത്താനുള്ള മോട്ടോറുകളുടെ കഴിവ് തുടങ്ങിയവ വിലയെ സ്വാധീനിക്കും. മെറ്റീരിയലിന്റെ ഗുണനിലവാരം, വീടിന്റെ സാഹചര്യങ്ങള്‍ തുടങ്ങിയവ ഷട്ടറുകള്‍ വാങ്ങുമ്പോള്‍ പരിഗണിക്കണം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍