UPDATES

ട്രെന്‍ഡിങ്ങ്

എന്തു കഴിക്കണം, ധരിക്കണം, സംസാരിക്കണമെന്ന് പറയാന്‍ ആര്‍എസ്എസ് നമ്മുടെ വീട്ടിലെത്തുമ്പോള്‍

അക്ഷരാര്‍ത്ഥത്തില്‍ സംഘപരിവാര്‍ ശ്രമിക്കുന്നത് ദേശീയതയുടെയും ഭാരതീയ മൂല്യങ്ങളുടെയും പേരില്‍ മനുസ്മൃതിയിലെ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ്

ആര്‍എസ്എസ് ഏപ്രിലില്‍ ആരംഭിച്ച ഗൃഹസമ്പര്‍ക്ക പരിപാടി കേരളത്തില്‍ ഇതുവരെയും കാര്യമായി ചര്‍ച്ചയായിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ അതിനെതിരെ ഉന്നയിച്ച രൂക്ഷമായ വിമര്‍ശനങ്ങള്‍ അതീവ ഗൗരവത്തോടെ തന്നെ കാണേണ്ടത്. പ്രധാനമായും വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഈ വീട്ടില്‍ എത്തുന്ന പരിപാടി എന്നതാണ് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. 2019ല്‍ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയാണ് കുടുംബ പ്രബോധനം എന്ന് പേരിട്ടിരിക്കുന്ന ഈ ഗൃഹസമ്പര്‍ക്ക പരിപാടിയെങ്കിലും പൗരന്മാരില്‍ ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനുള്ള പ്രകടമായ നീക്കമാണ് ഇത്.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് രാജ്യവ്യാപകമായി ആര്‍എസ്എസ് സ്വയംസേവകരും വനിത പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘം വീടുകള്‍ തോറും കയറിയിറങ്ങി കുടുംബ പ്രബോധനം ആരംഭിച്ചത്. സമൂഹത്തിന്റെ സുഗമമായ നടത്തിപ്പിന് ആരോഗ്യ വകുപ്പും സാമൂഹിക സാംസ്‌കാരിക വകുപ്പുകളും നടത്തുന്ന ഇത്തരം പ്രചരണങ്ങള്‍ ഗുണം ചെയ്യാറുണ്ട്. ഇത്തരം പ്രചരണങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സന്ദേശങ്ങളാണ് അവയുടെ പ്രാധാന്യവും ആവശ്യവും വ്യക്തമാക്കുന്നത്.

ആര്‍എസ്എസിന്റെ കുടുംബ പ്രബോധനങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ അവ നമുക്ക് ആവശ്യമാണോയെന്നത് വ്യക്തമാകും. സസ്യാഹാരത്തിന്റെ ഗുണഫലങ്ങളും ഭാരതീയ വസ്ത്രധാരണരീതിയുടെ മേന്മയും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കുന്നത്. ജന്മദിനം ആഘോഷിക്കുന്നത് മെഴുകുതിരി ഊതിക്കെടുത്തിയാകരുതെന്നാണ് അവര്‍ പറയുന്ന ഒരു കാര്യം. അത് പാശ്ചാത്യജീവിത ശൈലിയുടെ അനുകരണമാണത്രേ. മാംസാഹാരം ഒഴിവാക്കി സസ്യാഹാര പ്രിയരാകണമെന്നതാണ് പ്രബോധനത്തിലെ മറ്റൊരു ആവശ്യം. സ്ത്രീകള്‍ പുറത്തുപോകുമ്പോള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുന്ന അവസരങ്ങളില്‍ രാഷ്ട്രീയവും ക്രിക്കറ്റും പോലെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്. ടിവി ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വരുന്ന കാര്യങ്ങള്‍ അതുപോലെ വിശ്വസിക്കുകയോ കണക്കിലെടുക്കുകയോ ചെയ്യരുത് എന്നിങ്ങനെയുള്ള ഉപദേശങ്ങളാണ് ഈ സംഘങ്ങള്‍ പ്രധാനമായും നല്‍കുന്നത്. പൗരന്മാരില്‍ സംസ്‌കാരവും മൂല്യബോധവും ഉറപ്പിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ആര്‍എസ്എസ് ഇതിനെക്കുറിച്ച് ന്യായീകരിക്കുന്നത്. ഗൃഹസമ്പര്‍ക്ക പരിപാടികളില്‍ ഹിന്ദു ഇതര കുടുംബങ്ങളെയും ഉള്‍പ്പെടുത്തി സാമുദായിക മൈത്രി തങ്ങള്‍ ഉറപ്പാക്കുന്നുണ്ടെന്നാണ് ഇവരുടെ മറ്റൊരു വാദം.

കുടുംബപ്രബോധനം കൊണ്ട് ആര്‍എസ്എസ് ലക്ഷ്യം വയ്ക്കുന്നത് ഹിന്ദുജീവിത ശൈലി അടിച്ചേല്‍പ്പിക്കുകയാണെന്നത് മേല്‍പ്പറഞ്ഞ അവരുടെ നിര്‍ദേശങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്. ജനങ്ങള്‍ എന്തുകഴിക്കണമെന്ന് ആര്‍എസ്എസ് ആണോ തീരുമാനിക്കേണ്ടത് എന്ന് ഏറെ കാലമായി ഇവിടെ ഉയരുന്ന ചോദ്യമാണ്. തീന്മേശയില്‍ നിന്നും അടുക്കളയില്‍ നിന്നുമെല്ലാം നമ്മുടെ സ്വകാര്യമുറികളിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കും വരെ കടന്നു കയറാനുള്ള സംഘപരിവാറിന്റെ വ്യഗ്രതയാണ് ഈ നിര്‍ദേശങ്ങളില്‍ കാണാനാകുന്നത്. തുറന്ന ചര്‍ച്ചകളെയും മാധ്യമങ്ങളെയും സംഘപരിവാര്‍ ഏറെ ഭയപ്പെടുന്നുവെന്ന് ഈ കാര്യങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്. ഓരോ പൗരന്റെയും വളര്‍ച്ച ആരംഭിക്കുന്നത് വീടുകളില്‍ തന്നെയാണ്. വീടിനുള്ളിലെ അന്തരീക്ഷമാണ് സാമൂഹിക വിഷയങ്ങളെക്കുറിച്ച് അവന്റെയുള്ളിലേക്ക് ആദ്യ അറിവുകള്‍ പകര്‍ന്നു നല്‍കുന്നത്. നമ്മുടെ വീട്ടില്‍ നമ്മള്‍ എന്ത് സംസാരിക്കണമെന്ന് ആര്‍എസ്എസ് ആണോ തീരുമാനിക്കേണ്ടത്? അത്തരം ചര്‍ച്ചകള്‍ വീടിനുള്ളില്‍ പാടില്ലെന്ന് വിലക്കാന്‍ സംഘപരിവാറിന് ആരാണ് അധികാരം കൊടുക്കുന്നത്? വീടുകള്‍ക്കുള്ളിലെ അത്തരം പോസിറ്റീവും നെഗറ്റീവുമായ ചര്‍ച്ചകള്‍ തന്നെയാണ് ഓരോ വ്യക്തിയുടെയും അഭിപ്രായ രൂപീകരണത്തിന് സഹായിക്കുന്നതെന്ന് സംഘപരിവാര്‍ മനസിലാക്കിയിരിക്കുന്നുവെന്ന് വേണം ഇതില്‍ നിന്നും മനസിലാക്കാന്‍.

ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയില്‍ ഓരോ വ്യക്തിക്കും ഈ ഭരണസംവിധാനം ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ് ആര്‍എസ്എസിന്റെ തീട്ടൂരം. അല്ലെങ്കില്‍ ഏത് വസ്ത്രം ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കില്ല. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശം, ഭരണഘടനാ പരിഹാരങ്ങള്‍ക്കുള്ള അവകാശം എന്നിവയാണ് ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഈ അവകാശങ്ങളെ ചോദ്യം ചെയ്യുകയാണ് ആര്‍എസ്എസ് ഇപ്പോള്‍ ചെയ്യുന്നത്. ദേശീയതയെന്നാല്‍ ഹിന്ദുദേശീയതയാണെന്ന് വ്യാഖ്യാനിച്ച് വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് നേരെയാണ് അവര്‍ കടന്നാക്രമണം നടത്തുന്നത്. സാമുദായിക മൈത്രി ഉറപ്പാക്കി നടപ്പാക്കുന്നുവെന്ന് പറയുന്ന ഈ നിര്‍ദ്ദേശങ്ങള്‍ വാസ്തവത്തില്‍ മനുസ്മൃതിയിലെ മൂല്യങ്ങളുടെ ആധുനികവല്‍ക്കരണമാണ്.

അക്ഷരാര്‍ത്ഥത്തില്‍ സംഘപരിവാര്‍ ശ്രമിക്കുന്നത് ദേശീയതയുടെയും ഭാരതീയ മൂല്യങ്ങളുടെയും പേരില്‍ മനുസ്മൃതിയിലെ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും സമാനമായ ഒരു അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. പിറന്നാളിന് കേക്ക് മുറിക്കരുതെന്നും പകരം ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകളുമായി കഴിയുകയാണ് വേണ്ടതെന്നുമാണ് മന്ത്രി പറഞ്ഞത്. കുട്ടികള്‍ അമ്മമാരെ മമ്മിയെന്നും അച്ഛന്മാരെ പപ്പാ എന്നും വിളിക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതില്‍ നിന്നും സംഘപരിവാറിനും കേന്ദ്രസര്‍ക്കാരിനും ഈ വിഷയത്തില്‍ സമാന അഭിപ്രായമാണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതീക്ഷിക്കുന്നതുപോലെ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘപരിവാറിന്റെ കടന്നുകയറ്റത്തെ പ്രധാനമന്ത്രി എതിര്‍ക്കില്ലെന്നും ഇതില്‍ നിന്നും മനസിലാക്കാം.

പശുവിനെക്കൊല്ലുന്ന അല്ലെങ്കില്‍ കൊന്നെന്നോ ഗോമാംസം കഴിച്ചെന്നോ ആരോപിക്കപ്പെടുന്ന മനുഷ്യനെ കൊല്ലുന്ന നാടായി മാറിയിരിക്കുന്നു നമ്മുടെ രാജ്യം. ആള്‍ക്കൂട്ടം വിധി കല്‍പ്പിക്കുന്നതും നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് കണ്ടുവരുന്നത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യയില്‍ നടന്നിട്ടുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ തൊണ്ണൂറു ശതമാനത്തിലേറെയും ബീഫിന്റെ പേരിലായിരുന്നു. ഇതില്‍ കൊല്ലപ്പെട്ടവരാകട്ടെ മുസ്ലിങ്ങളും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളും ആദിവാസികളും. ഒരു വശത്ത് ബീഫിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോഴും ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം ആക്രമണങ്ങളില്‍ അറസ്റ്റിലാകുന്നവരില്‍ സംഘപരിവാറുമായി അടുത്ത ബന്ധമുള്ളവരുമുണ്ടെന്ന് കാണാം. പ്രധാനമന്ത്രി പറയും, പക്ഷെ തീരുമാനങ്ങള്‍ തങ്ങളുടേതാണെന്ന് സംഘപരിവാര്‍ വ്യക്തമാക്കുകയാണ് ഇവിടെ. ഇപ്പോഴിതാ ഓരോ വ്യക്തിയും എങ്ങനെ ജീവിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ക്ക് ആവശ്യപ്പെടാം. പക്ഷെ, ഞങ്ങള്‍ അനുസരിക്കണമെന്ന് വാശിപിടിക്കരുത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍