UPDATES

എന്തുകൊണ്ട് വത്സന്‍ തില്ലങ്കേരി വെറുമൊരു കണ്ണൂര്‍ ആര്‍എസ്എസ് നേതാവ് മാത്രമല്ല

ആരാണ് വത്സന്‍ തില്ലങ്കേരി? ഈ ചോദ്യം കേരളത്തിനകത്തും പുറത്തും സജീവമായത് ശബരിമല വിഷയത്തിലാണ്

ആരാണ് വത്സന്‍ തില്ലങ്കേരി? ഈ ചോദ്യം കേരളത്തിനകത്തും പുറത്തും സജീവമായത് ശബരിമല വിഷയത്തിലാണ്. പേരക്കുട്ടിയുടെ ചോറൂണിന് ശബരിമലയിലെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ യുവതിയെന്നാരോപിച്ചു ഒരു സംഘം ആളുകള്‍ സന്നിധാനത്ത് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. അക്രമാസക്തമായ ഈ രംഗത്തില്‍ പോലീസിന്റെ മെഗാ ഫോണ്‍ വാങ്ങി പതിനെട്ടാം പടിയില്‍ കയറി നിന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ ലൈവ് ആയി എയര്‍ ചെയ്തതോടുകൂടിയാണ് ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി വാര്‍ത്ത വിഷയമായി മാറുന്നതും അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പേര്‍ തിരക്കാന്‍ ഇറങ്ങിയതും. നാളിതുവരെ കേരളത്തിലെ ആര്‍ എസ് എസിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വത്സന്‍ തില്ലങ്കേരി പൊടുന്നനെയാണ് ഒരു വാര്‍ത്താ താരമായി മാറിയത്.

ഒരുനാള്‍ പ്രാധാന്യമല്ല തില്ലങ്കേരിക്ക് ശബരിമലയില്‍ നിന്നും കിട്ടിയതെന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങള്‍ തെളിയിക്കുന്നത്. ചിത്തിര ആട്ട ദിവസം വരെ ശബരിമല വിഷയത്തില്‍ വത്സന്‍ തില്ലങ്കേരി കഥാപാത്രമായിരുന്നില്ല. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധി വരുമ്പോഴും അതിനു പിന്നാലെ രൂപപ്പെട്ട സമരങ്ങളിലും വിവാദങ്ങളിലും ചര്‍ച്ചകളിലും ഒന്നും തന്നെ തില്ലങ്കേരിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. തുലാമാസ പൂജയ്ക്ക് നട തുറന്ന് സമയത്ത് പമ്പയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷങ്ങളിലും ഈ ആര്‍എസ്എസ് നേതാവിനെ കണ്ടിരുന്നില്ല. എന്നാല്‍ ശബരിമല വിഷയം പരമാവധി മുതലെടുക്കാന്‍ ബിജെപിയും സംഘപരിവാറും രംഗത്തിറങ്ങിയതോടെ അവര്‍ തയ്യാറാക്കിയ തിരക്കഥയില്‍ വത്സന്‍ തില്ലങ്കേരിക്കും ഒരു റോള്‍ നല്‍കേണ്ടി വന്നതോടെയാണ് കണ്ണൂര്‍കാരനായ ഈ നേതാവ് കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് കടന്നു വരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയടക്കമുള്ള ബിജെപി നേതാക്കള്‍ ശബരിമല വിഷയത്തില്‍ അത്രകണ്ട് ശോഭിക്കുന്നില്ലെന്ന് പാര്‍ട്ടി/പരിവാര്‍ അണികളില്‍ തന്നെ മുറുമുറുപ്പ് ഉയരുകയും സര്‍ക്കാര്‍/സിപിഎം സംവിധാനങ്ങള്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിഷയത്തില്‍ ജനപിന്തുണ നേടുകയും ചെയ്യുന്ന സാഹചര്യത്തില്‍, തങ്ങള്‍ പ്രതീക്ഷിച്ച തീവ്രവതയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ സംഘപരിവാറിനു വലിയ സഹായമാണ് വത്സന്‍ തില്ലങ്കേരി ചെയ്തിരിക്കുന്നത്. അതും ഒറ്റദിവസത്തെ പെര്‍ഫോമന്‍സ് കൊണ്ട്. ശബരിമല വിഷയത്തില്‍ ഇനി സംഘപരിവാറിന്റെ പ്രധാന ആയുധം കണ്ണൂരിലെ കരുത്തനായ ഈ ആര്‍എസ്എസ് നേതാവ് ആയിരിക്കും.

ചിത്തിര ആട്ട ദിവസം ശബരിമലയില്‍ അയ്യപ്പ ഭക്തരെന്ന പേരില്‍ കൂടിയ സംഘം കണ്ണൂരില്‍ നിന്നുള്ള തില്ലങ്കേരി അനുയായികളായ സംഘപ്രവര്‍ത്തകരാണെന്ന ആരോപണം ഒരുപരിധിവരെ ശരിയാണെന്ന് സംഘം അണികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. പതിനെട്ടാം പടിയില്‍ കയറി നിന്ന് തില്ലങ്കേരി നടത്തിയ ആഹ്വാനം ശിരസാ വഹിച്ചവര്‍ അദ്ദേഹത്തിന്റെ തന്നെ കൂട്ടാളികളാണെന്നാണ് ഇവര്‍ പറയുന്നത്. പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറി എന്ന ആചാരലംഘനം നടത്തിയെങ്കിലും ആ ഒരൊറ്റ പ്രവര്‍ത്തിയിലൂടെ തില്ലങ്കേരിക്ക് സംഘപരിവാര്‍ അണികള്‍ക്കിടയില്‍ മാത്രമല്ല, ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്ന് വാശി പിടിക്കുന്ന ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരുടെ ഇടയിലും ഹീറോ പരിവേഷം കിട്ടിയിട്ടുണ്ട്. ഇത് മുതലെടുക്കാന്‍ തന്നെയാണ് സംഘപരിവാര്‍ തീരുമാനിച്ചിരിക്കുന്നതും. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ശബരിമല വിശ്വാസ സംരക്ഷണ സംഗമത്തില്‍ ഒന്നരമണിക്കൂറോളം സമയം നടത്തിയ പ്രസംഗം തില്ലങ്കേരിയുടെ പ്രധാന്യം വെളിവാക്കുന്നതായിരുന്നു. ഹൈന്ദവ വിശ്വാസ തീവ്രതയെ പരമാവധി പ്രകോപിക്കുന്ന തരത്തില്‍ തില്ലങ്കേരി നടത്തിയ പ്രസംഗം വലിയൊരു ജനക്കൂട്ടത്തെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ശബരിമല ആചാരസംരക്ഷണ രഥ യാത്ര നടത്തുന്ന ശ്രീധരന്‍ പിള്ളയ്‌ക്കോ, കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ ആദിയായവരെക്കാള്‍ കൂടുതല്‍ പ്രകോപനപരമായി പ്രസംഗിക്കുന്ന ശശികലയ്‌ക്കോ പോലും സാധിക്കാത്ത തരത്തില്‍ തീവ്രമായ ഇടപെടല്‍ നടത്താന്‍ വത്സന്‍ തില്ലങ്കേരിക്ക് കഴിയുന്നു എന്നാണ് കോഴിക്കോട് പ്രസംഗത്തിനു പിന്നാലെ തില്ലങ്കേരിയെ പ്രശംസിക്കുന്നവര്‍ പറയുന്നത്.

നിങ്ങള്‍ പൂച്ചയെ അടച്ചിട്ട മുറിയിലിട്ട് അടിക്കുകയാണ്. അടച്ചിട്ട മുറിയിലിട്ട് പൂച്ചയെ അടിച്ചാല്‍ പൂച്ച രക്ഷപ്പെടാന്‍ ആദ്യം വാതിലിനു നേരെ ചാടും. വാതില്‍ അടച്ചിരിക്കുകയാല്‍ പിന്നെ ജനലിന്റെ ഭാഗത്തേക്ക് ചാടും. അതും അടച്ചിരിക്കുകയാണ്. പിന്നെ വെളിച്ചം കാണുന്ന ഏതെങ്കിലും ഭാഗത്തേയ്ക്കും അടികൊള്ളുമ്പോള്‍ ചാടും. അവിടെയും രക്ഷയില്ല. രക്ഷപ്പെടാന്‍ പഴുതൊന്നുമില്ലാത്ത മുറിയില്‍വച്ച് നിങ്ങള്‍ പൂച്ചയെ അടിച്ചടുത്ത് തന്നെ അടിച്ചാല്‍ പൂച്ച രക്ഷപ്പെടാന്‍ എന്തും ചെയ്യും. കിട്ടിയടുത്ത് മാന്തും. അത്തരമൊരു സാഹചര്യത്തിലേക്കാണ് ഹിന്ദുവിനെ കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്. എന്തും ചെയ്‌തേക്കാവുന്ന മാനസികാവസ്ഥയില്‍ ഒരു ജനതയെ തള്ളിവിടുമ്പോള്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതം തീക്കൊള്ളികൊണ്ട് തലചൊറിയുന്ന ഭരണകൂടം മനസിലാക്കിയില്ലെങ്കില്‍ അതുണ്ടാക്കുന്നത് അപകടകരമായ സാഹചര്യമായിരിക്കും; കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ തില്ലങ്കേരിയുടെ ഇത്തരം മുന്നറിയിപ്പുകള്‍ അണികളെ ആവേശം കൊള്ളിക്കുന്നുണ്ട്. ശബരിമലയില്‍ കലാപത്തിന് ആസൂത്രണം നടക്കുന്നുവെന്ന പൊലീസ് മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാക്കാന്‍ ഇതുപോലുള്ള പ്രസംഗങ്ങള്‍ക്ക് കഴിഞ്ഞേക്കാം. വത്സന്‍ തില്ലങ്കേരിയെ പോലുള്ള നേതാക്കളാണ് തങ്ങളെ നയിക്കേണ്ടതെന്നു പറയുന്നവര്‍ എന്തിനും തയ്യാറായവര്‍ കൂടിയാണ്. ഈ ആവേശം കൂട്ടുകയാണ് ഇനി തില്ലങ്കേരിക്ക് ചെയ്യാനുള്ളത്. അതില്‍ വിജയിച്ചാല്‍ തില്ലങ്കേരി പ്രാദേശിക നേതാവില്‍ നിന്നും വലിയൊരു മുന്നേറ്റമായിരിക്കും നടത്തുക.

കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ കൂടി കുപ്രസിദ്ധി നേടിയ കണ്ണൂലെ തില്ലങ്കേരി എന്ന കൊച്ചു ഗ്രാമത്തില്‍ കൊച്ചോതു ബാലന്‍ പടയംകൂടി മാധവി ദമ്പതികളുടെ മകനായി 1964 മാര്‍ച്ച് മാസം 20 ന് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വത്സന്‍ രാഷ്ട്രീയ സ്വയംസേവക് സംഘില്‍ സജീവമായത് 1980 ലാണ്. ഏതാണ്ട് ഇതേ കാലത്തു തന്നെ ഇരിട്ടിക്കടുത്ത പുന്നാട്’ പ്രഗതി’ എന്ന പേരില്‍ ഒരു ട്യൂട്ടോറിയലും വത്സന്‍ ആരംഭിച്ചിരുന്നു. പിന്നീട് ഇതേ പേരില്‍ തന്നെ രണ്ടു പാരലല്‍ കോളേജുകള്‍ ഇരിട്ടിയിലും പേരാവൂരിലും ആരംഭിച്ചു. ഇന്നിപ്പോള്‍ പ്രഗതി കാരിയര്‍ ഗൈഡന്‍സ് സെന്റര്‍, കരിയര്‍ കോച്ചിങ് സെന്റര്‍, കാരുണ്യ ഹോസ്പിറ്റല്‍ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങള്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ആര്‍ എസ് എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് ആണ് വത്സന്‍ തില്ലങ്കേരി.

ജില്ലയില്‍ ആര്‍ എസ് എസ് പ്രതിസ്ഥാനത്തു നില്‍ക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകരില്‍ ഒരാളായി ഇദ്ദേഹത്തെ സിപിഎം ചിത്രീകരിക്കുമ്പോള്‍ കണ്ണൂരിലെ ആര്‍ എസ് എസ്സിന്റെയും ഇതര സംഘപരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് വത്സന്‍ തില്ലങ്കേരി തികച്ചും സൗമ്യനായ നേതാവും മികച്ച സംഘാടകനും വാഗ്മിയുമൊക്കെയാണ്. ജന്മനാടായ തില്ലങ്കേരിക്കടുത്ത് പുന്നാട് 2004 ല്‍ നടന്ന പി വി മുഹമ്മദ് എന്ന എന്‍ ഡി എഫ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലും 2006 ല്‍ ഇതേ പ്രദേശത്തു തന്നെ നടന്ന കെ വി യാക്കൂബ് എന്ന സി പി എം പ്രവര്‍ത്തകന്റെ കൊലപാതകത്തിലുമൊക്കെ സി പി എം വത്സന്‍ തില്ലങ്കേരിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു. മുഹമ്മദിന്റെ കൊലപാതകത്തിന് പ്രതികാരമായി 2005 ല്‍ പ്രസ്തുത കേസില്‍ പ്രതിയായിരുന്ന അശ്വനികുമാര്‍ എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വധിക്കപ്പെട്ടതിനു തൊട്ടു പിന്നാലെ പുന്നാടും ഇരിട്ടിയിലുമൊക്കെ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ക്കു പിന്നിലും വത്സനെ തന്നെയാണ് സി പി എം പ്രതിസ്ഥാനത്തു നിര്‍ത്തിയത്. യാക്കൂബ് വധത്തോടനുബന്ധിച്ചു വത്സന്‍ അറസ്റ്റ് ചെയ്യപ്പെടുകയും 86 ദിവസ്സം ജയിലില്‍ അടക്കപ്പെടുകയും ചെയ്തിരുന്നു. വത്സന്‍ തില്ലങ്കേരിക്കെതിരെ സി പി എം ഉന്നയിക്കുന്ന മറ്റൊരു ആരോപണം ഇരിട്ടി പഴഞ്ചേരി മുക്കിനടുത്തുള്ള കൈരാതി കിരാതി മഹാദേവ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഒന്നാണ്. ഇവിടെ താമസിച്ചിരുന്ന ഒരു മുസ്ലിം കുടുംബത്തിന്റെ പറമ്പില്‍ നിന്നും കണ്ടെടുത്ത ഒരു കല്ല് കൈരാതി കിരാത കല്ലാണെന്നും പ്രസ്തുത സ്ഥലത്തു മുന്‍പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും ആരോപിച്ചു വീട്ടുകാരില്‍ നിന്നും സ്ഥലം തട്ടിയെടുത്ത് അവിടെ ക്ഷേത്രം നിര്‍മിച്ചുവെന്നുമാണ് ആരോപണം.

ഈ ആരോപണങ്ങളൊക്കെ തന്നെയാണ് വത്സന്‍ തില്ലങ്കേരിക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കിയതും. എന്നിരുന്നാലും ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ഒരു ജില്ലയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടി വന്നു ഇത്രനാളും അദ്ദേഹത്തിന്. അതിനാണ് ഇനി മാറ്റം ഉണ്ടാകാന്‍ പോകുന്നതെന്നാണ് ശബരിമല തെളിയിക്കുന്നത്. തന്റെ പ്രസംഗ മികവ് തന്നെയാണ് തില്ലങ്കേരിയുടെ പ്രധാന ആയുധം. എതിരാളികളെ കടന്നാക്രമിച്ച് മാത്രമല്ല തന്റെ കേള്‍വിക്കാരെ തില്ലങ്കേരി ആവേശം കൊള്ളിക്കുന്നത്. പാരലല്‍ കോളേജ് നടത്തിപ്പുകാരന്‍ കൂടിയായിരുന്ന തില്ലങ്കേരിയുടെ വായനയും അറിവും പ്രസംഗത്തിന് ആരാധാകരെ കൂട്ടുന്നുണ്ട്. അതേസമയം ഗുരുതരമായ രീതിയില്‍ വര്‍ഗീയത നിറയ്ക്കുന്ന പ്രസംഗമെന്നതും തില്ലങ്കേരിക്കെതിരെയുള്ള ആക്ഷേപമാണ്.

ശബരിമലയില്‍ അക്രമണം നടത്തിയതിന്റെ പേരില്‍ കേസ് എടുത്തിരിക്കുന്നവരെ അയ്യപ്പ ധര്‍മ സൈനികരെന്നു വിശേഷിപ്പിച്ചാണ് തില്ലങ്കേരി സംസാരിക്കുന്നത്. അവര്‍ക്കെതിരെ ഇറക്കിയിരിക്കുന്ന ലുക്ക് ഔട്ട് നോട്ടീസ് പ്രിന്റ് എടുത്ത് പൂജ മുറിയില്‍ മാലയിട്ട് പൂജിക്കണമെന്നും കര്‍പ്പൂരമൊഴിഞ്ഞ്, മാലയിട്ട് നാമം ജപിച്ച് വേണം അവരെ ജയിലിലേക്ക് അയക്കാനെന്നുമൊക്കെയുള്ള ആഹ്വാനത്തിനോട് കൈയടിക്കുന്നവരുടെ എണ്ണം വളരെയേറെയുണ്ടെന്നത് തില്ലങ്കേരിയുടെ സ്വാധീനം ഫലപ്രദമായി നടക്കുന്നുവെന്നാണ് തെളിയിക്കുന്നത്. അതുകൊണ്ട് കേരള സമൂഹത്തില്‍ വത്സന്‍ തില്ലങ്കേരി ഇനി കൂടുതല്‍ ‘ഇടപെടല്‍’ നടത്തുമെന്ന കാര്യത്തില്‍ സംശയം ഇല്ല.

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

അയ്യപ്പസന്നിധിയില്‍ ആചാരസംരക്ഷകന്റെ ‘നടുവിരല്‍ നമസ്‌കാരം’

‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം’: സുനില്‍ പി ഇളയിടത്തിന് വധഭീഷണി

ഈ ലുക്ക് ഔട്ട് നോട്ടീസ് പ്രിന്റ് എടുത്ത് പൂജാമറിയില്‍ മാലയിട്ട് വയ്ക്കണം; ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ ആഹ്വാനം

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി വനിത പൊലീസുകാരുടെ ജനന തീയതി പരിശോധിച്ചു; പ്രസംഗം വിവാദത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍