UPDATES

പിടി-കോഴിക്കറി, ചക്കപ്പുഴുക്കും ബീഫും, കള്ളപ്പം; കൊച്ചിയില്‍ ‘രുചിമുദ്ര’ ഒരുങ്ങുന്നു; രാജ്യത്തെ ആദ്യ ട്രാന്‍സ് കഫേ

കച്ചേരിപ്പടിയിലെ മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ഹോട്ടല്‍ തുടങ്ങുന്നത്. മുളകള്‍ കൊണ്ട് ഇന്റീരിയര്‍ ചെയ്ത് ഭംഗിയാക്കല്‍ കഴിഞ്ഞു.

“ഞങ്ങള്‍ ഒരു ഹോട്ടല്‍ തുടങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. ജോലിയും കൂലിയും ഇല്ലാത്തവരാണ് ട്രാന്‍സ്ജന്‍ഡേഴ്‌സ് എന്നാണല്ലോ പൊതുവെയുള്ള വിചാരം. അല്ലെങ്കില്‍ സെക്‌സ് വര്‍ക്കേഴ്‌സ് ആണെന്ന്. കേട്ടവരെല്ലാം ‘നിങ്ങളോ, ഹോട്ടലോ’? എന്നായിരുന്നു ചോദ്യം. ഉദ്യോഗസ്ഥരേയും ഭരണാധികാരികളെയുമെല്ലാം ഇത് വിശ്വസിപ്പിക്കാന്‍ മാസങ്ങള്‍ പണിപ്പെടേണ്ടി വന്നു. ഇത് തുടങ്ങുന്നകാര്യം പറഞ്ഞ് ചെല്ലുമ്പോള്‍ ഞങ്ങള്‍ എന്തോ തമാശ പറയുകയാണെന്നാണ് ആദ്യം പലരും കരുതിയത്. ആ മാസങ്ങളില്‍ എല്ലാ ദിവസവും ഓരോ ഓഫീസുകള്‍ കയറിയിറങ്ങലായിരുന്നു ഞങ്ങളുടെ പണി. രാവിലെ എഴുന്നേറ്റാല്‍ ഓഫീസുകളിലേക്ക് പോവും. രണ്ടും മൂന്നും മാസം സ്ഥിരമായി ഞങ്ങളെ ഓഫീസില്‍ കണ്ടപ്പോള്‍ ഇത് കുറച്ച് സീരിയസ് ആണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി. അവര്‍ ഞങ്ങളെ ഒരുപരിധി വരെ വിശ്വാസത്തിലെടുത്തു. അത് ഇവിടെ വരെയായി. പക്ഷെ ഇനി ഹോട്ടല്‍ റണ്‍ ചെയ്ത് തുടങ്ങിയാലേ അവര്‍ക്ക് പൂര്‍ണ വിശ്വാസമാവൂ. അവര്‍ക്ക് മാത്രമല്ല പലര്‍ക്കും”, ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ് കഫേ ‘രുചിമുദ്ര’യ്ക്കുള്ളില്‍ അടുക്കിയിട്ടിരിക്കുന്ന ഭക്ഷണമേശകള്‍ക്കരുകിലിരുന്ന് സായയും അതിഥിയും പറഞ്ഞു. രുചിമുദ്രയിലെ അടുക്കളയും തീന്‍മേശകളും ഉണരാന്‍ ഇനി അധികം വൈകില്ല. ഏറിയാല്‍ പതിനഞ്ച് ദിവസം. അതിനകം ട്രാന്‍സ്ജെഡേഴ്‌സിന്റെ ഈ സംരംഭം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

സായ, രാഗരഞ്ജിനി, പ്രീതി, അദിതി, പ്രണവ്, മീനാക്ഷി, താര എന്നിവര്‍ ചേര്‍ന്നാണ് രുചിമുദ്ര യാഥാര്‍ത്ഥ്യമാക്കുന്നത്. ജില്ലാ പഞ്ചായത്ത് പാര്‍ശ്വവത്കൃത സമൂഹത്തിനായി മാറ്റിവച്ചിരിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് സംരംഭം തുടങ്ങുന്നത്. 10 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിക്കുന്നത്. ഇത്തരത്തില്‍ പദ്ധതി ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഹോട്ടല്‍ തുടങ്ങുന്നതിനുള്ള ആലോചനകള്‍ ട്രാന്‍സ്ജന്‍ഡേഴ്‌സില്‍ തുടങ്ങുന്നത്. തുടക്കത്തില്‍ മുപ്പത് പേരോളം സംരംഭത്തില്‍ പങ്കാളികളാവാന്‍ എത്തിയിരുന്നെങ്കിലും പിന്നീട് ഇത് ആറ് പേരിലേക്ക് ചുരുങ്ങി. എന്നാല്‍ ഹോട്ടല്‍ തുടങ്ങി പ്രവര്‍ത്തനം മുന്നോട്ട് പോവുമ്പോള്‍ കൂടുതല്‍ പേര്‍ ഇതിലേക്ക് എത്തിച്ചേരുമെന്നാണ് തങ്ങളുടെ കണക്കുകൂട്ടല്‍ എന്ന് അദിതി പറയുന്നു: “മറ്റ് ചില ജില്ലകളിലും ഇത്തരം ഫണ്ട് മാറ്റിവച്ചിരുന്നു. തിരുവനന്തപുരത്ത് അഞ്ച് ലക്ഷം ആണ് നല്‍കിയത്. കാന്റീന്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും പിന്നീട് പ്രവര്‍ത്തനമുണ്ടായില്ല. എന്തോ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങള്‍ മൂലം സാങ്കേതിക തടസ്സമുണ്ടായതാണ്. കൊല്ലത്ത് ഈ ഫണ്ട് കൊറ്റംകുളങ്ങര അമ്പലത്തിലേക്ക് മേക്ക് അപ് സാധനങ്ങള്‍ എത്തിച്ച് കൊടുക്കുന്ന സംരംഭം തുടങ്ങാനാണ് ഉപയോഗിച്ചത്. കോട്ടയത്ത് പ്രളയം വന്നതിന് ശേഷം ഈ പദ്ധതിയുടെ പണവും വകമാറ്റി. അതിനാല്‍ അഞ്ച് ലക്ഷം രൂപ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ആ പണം കുറവായതിനാല്‍ ഇതെവരെയും പദ്ധതികള്‍ ആലോചിച്ചിട്ടില്ല. പക്ഷെ ഞങ്ങള്‍ക്ക് ഒരു ഭാഗ്യം കിട്ടിയത്, പ്രളയത്തിന് മുമ്പ് തന്നെ ആദ്യ ഗഡു പാസ്സായിരുന്നു. അതിനാല്‍ ഈ പദ്ധതിയില്‍ നിന്ന് പണം വകമാറ്റാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. 10 ലക്ഷം പഞ്ചായത്ത് നല്‍കി. ഇപ്പോള്‍ തന്നെ 11 ലക്ഷത്തിന് മുകളില്‍ ചെലവായിട്ടുണ്ട്. എന്തായാലും ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും അത് 13 ലക്ഷമാവും.”

പലതരം മാറ്റി നിര്‍ത്തലുകള്‍ക്കും അവഹേളനങ്ങള്‍ക്കും ഇരയാവുന്ന വിഭാഗമാണ് ട്രാന്‍സ്ജന്‍ഡേഴ്‌സ്. എന്നാല്‍ സ്ഥരമായ വരുമാനം ഉണ്ടാവുന്നതോടെ ഇന്നനുഭവിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കെങ്കിലും പരിഹാരമാവുമെന്നാണ് ഇവരുടെ വിശ്വാസം. ഇവരില്‍ ചിലര്‍ കൊച്ചി മെട്രോയില്‍ ജോലിക്ക് പോയിരുന്നവരാണ്. എന്നാല്‍ അവിടെ നിന്ന് ലഭിക്കുന്ന വരുമാനം താമസമുറിയുടെ വാടക കൊടുക്കാന്‍ പോലും തികയാത്ത സാഹചര്യമുണ്ടായിരുന്നതിനാല്‍ ജോലിയുപേക്ഷിച്ചു. സ്വയംതൊഴില്‍ പരിശീലനങ്ങള്‍ പലതുമുണ്ടായിരുന്നെങ്കിലും മുഴുവന്‍ സമയം ജോലി ചെയ്യാന്‍ പറ്റിയ തൊഴിലാണ് തങ്ങള്‍ അന്വേഷിച്ചതെന്ന് സായ പറയുന്നു. “ബ്യൂട്ടീഷന്‍ കോഴ്‌സിന് പോയിട്ടുണ്ട്, സ്റ്റിച്ചിങ് പരിശീലനം ഉണ്ട്. എന്നാല്‍ അതിനേക്കാള്‍ മുഴുവന്‍ സമയ ജോലികളാണ് ഞങ്ങള്‍ നോക്കിയത്. ഞാന്‍ കുറേക്കാലം ഫൈവ് സ്റ്റാര്‍ ഹോട്ടലിലടക്കം ജോലിയെടുത്തിട്ടുള്ളതാണ്. എന്നാല്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയതോടെ ആരും ജോലി തരാതെയായി. പിന്നീട് ബ്യൂട്ടീഷന്‍ കോഴ്‌സിന് പോയി. എന്നാല്‍ എന്റെ താത്പര്യം ഭക്ഷണം ഉണ്ടാക്കുന്നതിനും നല്‍കുന്നതിനുമായിരുന്നു. തട്ടുകടയെങ്കിലും തുടങ്ങാമെന്ന് ഞാനെപ്പോഴും ആലോചിക്കാറുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു പദ്ധതി വന്നപ്പോള്‍ ഹോട്ടല്‍ തന്നെ ആരംഭിക്കാന്‍ തീരുമാനിച്ചത്. സെക്‌സ് വര്‍ക്ക് ചെയ്യാത്ത ട്രാന്‍സ്ജന്‍ഡേഴ്‌സിനെയാണ് ഞങ്ങള്‍ ഇതില്‍ കൂടെക്കൂട്ടിയത്. കാരണം രണ്ടും ഒന്നിച്ച് കൊണ്ട് പോവാന്‍ ബുദ്ധിമുട്ടാണ്. ഒന്ന്, ഹോട്ടല്‍ ബിസിനസില്‍ ഫുള്‍ടൈം ഡെഡിക്കേറ്റ് ചെയ്ത് നില്‍ക്കണം. രണ്ട്, സെക്‌സ് വര്‍ക്കിന് പോയാല്‍ നാളെ ഞങ്ങളെ ഹോട്ടലില്‍ വച്ച് കണ്ടാല്‍ ആളുകള്‍ അതെങ്ങനെ എടുക്കും എന്നറിയില്ല.”

കച്ചേരിപ്പടിയിലെ മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ഹോട്ടല്‍ തുടങ്ങുന്നത്. മുളകള്‍ കൊണ്ട് ഇന്റീരിയര്‍ ചെയ്ത് ഭംഗിയാക്കല്‍ കഴിഞ്ഞു. “ഇനി ഒരു ഹൊറിസോണ്ടല്‍ ഗാര്‍ഡന്‍ കൂടി സെറ്റ് ചെയ്താല്‍ പണികള്‍ കഴിയും. പ്രൊപ്പോസലിന് അനുമതി ലഭിച്ചെങ്കിലും ഹോട്ടല്‍ തുടങ്ങാനുള്ള സ്ഥലവും പണവും ഒക്കെ കിട്ടാന്‍ ഏറെ കഷ്ടപ്പെട്ടു. ഒരു ഫാമിലി ചെന്ന് ചോദിച്ചാല്‍ 5000 രൂപ പറയുന്ന വീട് ഞങ്ങള്‍ ചെന്ന് ചോദിച്ചാല്‍ ഇരട്ടി പൈസയാവും. അന്വേഷിച്ച് നടന്നെങ്കിലും ഹോട്ടല്‍ തുടങ്ങാന്‍ പറ്റിയ സ്ഥലം കിട്ടിയില്ല. നഗരത്തില്‍ നിന്ന് വിട്ടിട്ടുള്ള സ്ഥലങ്ങള്‍ കിട്ടി. പക്ഷെ അതുകൊണ്ട് കാര്യമില്ല. പിന്നീട് ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിലരുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ്, അവരുടെ ഉറപ്പിന്‍മേലാണ് ഈ കെട്ടിടം കിട്ടിയത്. റീഇമ്പേഴ്‌സ്‌മെന്റായാണ് പഞ്ചായത്ത് ഫണ്ട് തന്നത്. ആദ്യം ഇതിനെല്ലാം പൈസ റോള്‍ ചെയ്യാനും പലരുടേയും സഹായം ഉണ്ടായി.”

കൃത്രിമ ചേരുവകളൊന്നും ചേര്‍ക്കാതെ നല്ല ഭക്ഷണം നല്‍കുക എന്നതാണ് രുചിമുദ്രയുടെ ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു. പിടി-കോഴിക്കറി, ചക്കപ്പുഴുക്കും ബീഫും, കള്ളപ്പം തുടങ്ങിയ വീടുകളില്‍ പോലും കാണാന്‍ കിട്ടാത്ത നാടന്‍ ഭക്ഷണങ്ങള്‍ ചില ദിവങ്ങളില്‍ സ്‌പെഷ്യല്‍ ആയി ഉണ്ടാവും. വീട്ടിലുണ്ടാക്കുന്നത് പോലത്തെ സൂപ്പുകളും വിളമ്പാനാണ് ആലോചന. 25 രൂപയ്ക്ക് രണ്ട് കറിയും ഊണും നല്‍കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ വിഭവങ്ങളോടെ സ്‌പെഷ്യല്‍ ഊണും ഉണ്ടാവും. അതുപോലെ ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ ആരെങ്കിലും എത്തിയാല്‍ അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള ‘വാള്‍’ എന്ന സൌകര്യവും ഇവിടെ ഒരുക്കുന്നുണ്ട്‌. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് മറ്റാെരാളുടെ ഭക്ഷണത്തിനോ ചായക്കോ പണം നല്‍കി ചുമരിലേക്ക് ഓര്‍ഡര്‍ ചെയ്യുന്നതാണ് ഈ പദ്ധതി. ഇതുകൂടാതെ മാസത്തിലൊരിക്കല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം പണം സ്വീകരിക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്. “ഹോട്ടല്‍ റണ്‍ ചെയ്ത് കിട്ടണം. നല്ല ഭക്ഷണം നല്‍കിയാല്‍ ആളുകള്‍ വരുമെന്നാണ് കരുതുന്നത്. ഇത് നടത്തുന്നതിന് ഒരു തുക ജില്ലാ പഞ്ചായത്ത് ഞങ്ങള്‍ക്ക് ശമ്പളവും ഇന്‍സന്റീവുമായി തരും. ഹോട്ടല്‍ നടത്തിപ്പിലെ ലാഭം ഹോട്ടല്‍ റണ്‍ ചെയ്യുന്നതിനുള്ളത് കഴിച്ചാല്‍ ഞങ്ങള്‍ ‘മുദ്ര’ എന്ന ഞങ്ങളുടെ സംഘടനയ്ക്കായി മാറ്റിവയ്ക്കും.”

പൊതുജനങ്ങളുമായി ഏറ്റവുമധികം ഇടപഴകാനുള്ള നല്ല മാര്‍ഗവും ഹോട്ടലുകളാണെന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സ് കണക്കുകൂട്ടുന്നു. തങ്ങളെക്കുറിച്ചുള്ള ധാരണകള്‍ മാറ്റാന്‍ അതുവഴിയാവും. “മുമ്പ് വീട് കിട്ടാന്‍ പാടായിരുന്നു. പക്ഷെ ഇത് തുടങ്ങിയപ്പോള്‍ തന്നെ പലരും ഞങ്ങള്‍ക്ക് വീട് തരാന്‍ തയ്യാറായി വന്നിട്ടുണ്ട്. അത് ഒരു നല്ല മാറ്റമാണെന്ന് കരുതുന്നു. ഇനിയും മാറും.”

‘രുചിമുദ്ര’: രാജ്യത്തെ ആദ്യ ട്രാന്‍സ് കഫേ / വീഡിയോ കാണാം...

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍