UPDATES

സിനിമ

നാല്‍പ്പത്തിയെട്ടായിരത്തോളം ഗാനങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്; ജാനകിയമ്മയുടെ തീരുമാനം ഒരു യുഗത്തിന്റെ അവസാനം കൂടിയാണ്

ചലച്ചിത്ര ഗാന ശാഖ പുതിയ കാലഘട്ടത്തിലേക്ക് വളര്‍ന്നിരിക്കുന്നു. ആലാപനത്തിന്റെ മുഖഛായ തന്നെ മാറിയിരിക്കുന്നു. ഏതൊരാള്‍ക്കും സിനിമയില്‍ പാടാം എന്ന സ്ഥിതിയിലേക്കെത്തി; രവി മേനോന്‍ സംസാരിക്കുന്നു

ദീഷ്‌ണ സി.

ദീഷ്‌ണ സി.

പൊതുവേദികളിലും സംഗീത കച്ചേരികളിലും ഇനി എസ് ജാനകിയുടെ ശബ്ദമാധുര്യം നുകരാന്‍ നമുക്കിന് കഴിയില്ല. തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി പതിനേഴോളം ഭാഷാകളിലായി നാല്‍പ്പത്തിയെട്ടായിരത്തോളം ഗാനങ്ങള്‍ക്ക് ശബ്ദം കൊടുത്ത ജാനകിയമ്മ തന്റെ 79 ആം വയസില്‍ സംഗീത ലോകത്തു നിന്നും വിരമിക്കുകയാണ്. ജാനകിയമ്മയുടെ തീരുമാനം ആദരപൂര്‍വം അംഗീകരിക്കുമ്പോഴും അതുണ്ടാക്കുന്ന നഷ്ടം നികത്താന്‍ കഴിയാത്തതാണെന്ന തിരിച്ചറിവും ഓരോ ഗാനാസ്വാദകനുമുണ്ട്. ജാനകിയമ്മ പാടി നിര്‍ത്തുമ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി ആ ഗായികയെക്കുറിച്ച് പറയുകയാണ്, ജാനകിയമ്മയോട് വളരെ അടുത്ത വ്യക്തിബന്ധമുള്ള രവി മേനോന്‍. സംഗീത ഗവേഷകനും മാതൃഭൂമി FM വിഭാഗത്തിന്റെ തലവനുമായ രവി മേനോന്‍ എസ്. ജാനകിയെക്കുറിച്ച് അഴിമുഖവുമായി പങ്കുവയ്ക്കുന്നു.

ജാനകിയമ്മ പാടി നിര്‍ത്തുന്നു. ആ നഷ്ടം ഇന്ത്യന്‍ സംഗീത ലോകത്തിന് ആകെയാണ്. പകരം വയ്ക്കാനില്ലാത്ത ഗായിക. വരികളുടെ ആത്മാവറിഞ്ഞു പാടുന്നവള്‍. എസ്. ജാനകി എന്ന പ്രതിഭയെ മനസില്‍ നിന്നും മായ്ച്ചു കളയാന്‍ ആസ്വാദകര്‍ക്ക് കഴിയില്ല. ജാനകിയമ്മക്ക് ഇപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ട്. അവര്‍ ക്ഷീണിതയാണ്. പ്രായത്തിന്റെ പരിമിതികളുണ്ട്. സംഗീതത്തിന്റെ പൊതുവേദികളില്‍ നിന്നുള്ള പിന്മാറ്റത്തിനു കാരണമതാണ്.

"</p

എസ്. ജാനകിക്കൊപ്പം രവി മേനോന്‍

ഒരു ഗായികയ്ക്ക് പെട്ടെന്ന് ആലാപനം നിര്‍ത്താന്‍ കഴിയുമോ എന്ന് സംശയിച്ചേക്കാം. ആലാപനം നിര്‍ത്തുക എന്നത് അവരുടെ സ്വാതന്ത്ര്യമാണ്. അവരുടെ പ്രായവും അവശതയുമെല്ലാം അതിലേക്കെത്തിച്ച ഘടകങ്ങളാണ്. ജാനകിയമ്മയുടെ സീനിയര്‍ ആയിരുന്ന പി. ലീല പറഞ്ഞത് ഗായകര്‍ മരിക്കുന്നതുവരെ പാടിക്കൊണ്ടിരിക്കണം എന്നാണ്. ഒരു ഗായകനും മരണം വരെ പാട്ടു നിര്‍ത്താന്‍ കഴിയില്ല എന്ന്. അങ്ങനെ ചിന്തിക്കുന്നവരുമുണ്ട്. അതെല്ലാം അവരവരുടെ താല്‍പര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ചായിരിക്കും. ജാനകിയമ്മയുടെ പാട്ടുകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ജനമനസുകളില്‍ അവര്‍ എന്നും പാടിക്കൊണ്ടിരിക്കും.

സംഗീത ലോകത്തെ വളരെ തിളക്കമാര്‍ന്ന ഒരധ്യായമാണ് എസ് ജാനകി. മാറ്റുരച്ച് നോക്കാന്‍ പോലും യോഗ്യന്മാരില്ലാത്ത ഒരു വലിയ പ്രതിഭ. സിനിമ പാട്ടുകള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരേ പോലെ സ്വാധീനിക്കുന്നവയാണ്. സാധാരണക്കാരും ബുദ്ധിജീവികളും സിനിമാപ്പാട്ടുകള്‍ക്ക് ഒരേ പോലെ അടിമപ്പെടുന്നു. ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളെയും മുന്നേ കേട്ടു പരിചയമുള്ള പാട്ടുകളിലെ വരികളോട് ഉപമിക്കുന്നവരാണ് ജനങ്ങള്‍. പൈങ്കിളി പാട്ടുകള്‍ എന്ന് വിമര്‍ശിക്കുന്നവര്‍ പോലും സിനിമ പാട്ടുകളില്‍ മനസിന് ആശ്വാസം കണ്ടെത്തുന്നുണ്ട്. 1960 മുതല്‍ ഇങ്ങോട്ട് എസ്. ജാനകി എന്ന ഗായിക അതിലെ ഒരു നിര്‍ണായക ഘടകമാണ്. നമ്മുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഒരു വലിയ ഭാഗമാണവര്‍. അവരുടെ സംഭാവനകള്‍ എന്നും ഏറ്റുപാടുന്ന ഒരു സമൂഹം ഇവിടെയുണ്ട്. അതു തന്നെയാണ് അവരുടെ വിജയവും.

ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത് മലയാളിയായി
ഗായകന്‍ ജയചന്ദ്രന്‍ ജാനകിയമ്മയെ വിശേഷിപ്പിച്ചത് ‘നിളയുടെ ശാലീനത’ എന്നാണ്. അത്രയും സുന്ദര ഭാവമാണ് അവര്‍ ശബ്ദത്തിന് കൊടുക്കുന്നത്. ഒരു സാധാരണ പെണ്‍കുട്ടിയുടെ സൗമ്യതയും ശാലീനതയും അവരുടെ ആലാപനങ്ങളില്‍ കാണാന്‍ കഴിയും. പ്രണയം, സ്വപ്നം, മോഹം, നിരാശ തുടങ്ങി ഓരോ ഭാവങ്ങള്‍ക്കും അവരുടെ നേര്‍ത്ത ശബ്ദം ജീവന്‍ നല്‍കുന്നുണ്ട്.

മലയാള ഭാഷ കൈകാര്യം ചെയ്യാനുള്ള ജാനകിയമ്മയുടെ കഴിവാണ് ആ ഗായികയ്ക്ക് മലയാള ഗാനാസ്വാദകര്‍ക്കിടയില്‍ സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്തതില്‍ പ്രധാന ഘടകം. ഇതര ഭാഷക്കാരിയായിട്ട് കൂടി ഓരോ മലയാള ഗാനങ്ങള്‍ പാടേണ്ടി വന്ന അവസരങ്ങളിലും അവര്‍ വരികളിലെ അര്‍ത്ഥം വ്യാഖ്യാനിച്ചെടുക്കും. മലയാള ഭാഷയോട് ജാനകിയമ്മക്ക് അടുത്ത ബന്ധമാണ്. കേരളത്തിലെ ഏതൊരു പരിചയക്കാരനോടും മലയാളത്തിലാണ് അവര്‍ സംസാരിക്കുക. സംസാരം മാത്രമല്ല, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പോലും അവര്‍ മലയാളത്തില്‍ അയക്കും(ഇംഗ്ലീഷ് ലിപിയില്‍). ഭാഷയെ അടുത്തറിയാനും അര്‍ത്ഥം നല്‍കാനും ശ്രമിക്കുന്ന ഒരാളാണ് ജാനകിയമ്മ. മറ്റു ഭാഷ ഗായികമാര്‍ ഒരുപാട് മലയാളത്തിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും മലയാളിക്ക് എസ്. ജാനകിയോടുള്ള പ്രിയം ഈയൊരു പ്രത്യേകത കൊണ്ടാണ്.

ഇനിയൊരു ജന്മമുണ്ടെകില്‍ മലയാളിയായി ജനിക്കണമെന്നു അവര്‍ പറഞ്ഞിട്ടുണ്ട്. ബാബുരാജിനെ പോലെയുള്ള സംഗീത സംവിധായകരും, ഒരുപാട് സ്‌നേഹവും അംഗീകാരവും നല്‍കുന്ന പ്രേക്ഷകരും മലയാളത്തിലാണുള്ളത്. മലയാളിക്ക് എസ്. ജാനകിയോട് മാത്രമല്ല, അവര്‍ക്ക് തിരിച്ചും ഒരുപാട് സ്‌നേഹവും കടപ്പാടുമുണ്ട്.

ജാനകിയമ്മയെ ഓര്‍ത്തു പശ്ചാത്തപിച്ച ദേവരാജന്‍ മാഷ്
മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കു വേണ്ടിയും ജാനകിയമ്മ പാടിയിട്ടുണ്ട്. ഓരോന്നും ഓരോ ഭാവത്തിലാണ് നിര്‍മിക്കപ്പെടുന്നത്. എന്നാലും എന്റെ അഭിപ്രായത്തില്‍ ജാനകിയമ്മയുടെ ഏറ്റവും നല്ല സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജാണ്. അവര്‍ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ആണ്. ഒരു പ്രത്യേക കോമ്പിനേഷന്‍ ആണത്. ബാബുരാജിന്റെ സംഗീതം ജാനകിയമ്മക്ക് വേണ്ടിയും, ജാനകിയമ്മയുടെ ശബ്ദം ബാബുരാജിനു വേണ്ടിയും പിറന്നതാണെന്നു പറയാം. ഒരു നല്ല ഗാനം രൂപപ്പെടുന്നത് ഗായകരും സംഗീത സംവിധായകരും തമ്മിലുള്ള ഒരു കെമിസ്ട്രിയിലാണ്.

ദേവരാജന്‍ മാഷുടെ കൂടെയുള്ള ജാനകിയമ്മയുടെ ഗാനങ്ങള്‍ താരതമ്യേന കുറവാണ്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കൂടുതലായും പാടിയിരിക്കുന്നത് പി.സുശീലയും മാധുരിയുമാണ്. ‘എന്റെ ശൈലിക്കിണങ്ങുന്ന ശബ്ദമല്ല ജാനകിയുടേത്’ എന്നദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. എന്നാല്‍ ജാനകിയമ്മയുടെ കൂടെ കൂടുതല്‍ ഗാനങ്ങള്‍ ചെയ്യാന്‍ കഴിയാത്തതിന്റെ പശ്ചാത്താപം പിന്നീടദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ കൂടുതല്‍ കോമ്പിനേഷനുകള്‍ ഉണ്ടാകേണ്ടതായിരുന്നു എന്നാഗ്രഹിച്ചു പോവുകയാണ്.

ഭാസ്‌കരന്‍ മാഷെ കണ്ട് കരഞ്ഞ ജാനകിയമ്മ
1989ല്‍ തുടങ്ങിയ പരിചയമാണ് ജാനകിയമ്മയോട്. ഏകദേശം 30 വര്‍ഷത്തോളമെത്തി നില്‍ക്കുന്ന ബന്ധം. ഒരിക്കല്‍ ജാനകിയമ്മ എന്റെ വീട്ടില്‍ വന്ന സമയം. ഞങ്ങള്‍ ഭാസ്‌കരന്‍ മാഷേ കാണാന്‍ പോയി. മാഷ് അല്‍ഷിമേഴ്സ് രോഗബാധിതനായി ഓര്‍മകളെല്ലാം വിട്ടൊഴിഞ്ഞ അവസ്ഥയിലായിരുന്നു. ഭാസ്‌കരന്‍ മാഷ്‌ടെ നൂറോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട് ജാനകിയമ്മ. അത്രയും അടുത്ത പരിചയം ഉണ്ടായിട്ടും അന്നദ്ദേഹത്തിന് ജാനകിയമ്മയെ തിരിച്ചറിയാനായില്ല. ഗായികയാണെന്നു പറഞ്ഞപ്പോള്‍ ആരുടെ കൂടെയാണ് പാടിയതെന്നു ചോദിച്ചു. അത് ജാനകിയമ്മക്ക് ഒരുപാട് വിഷമമായി. പെട്ടെന്ന് ഭാസ്‌കരന്‍ മാഷ് പാടാന്‍ പറഞ്ഞപ്പോള്‍, ജാനകിയമ്മ അദ്ദേഹത്തിന്റെ തളിരിട്ട കിനാക്കള്‍ പാടികൊടുത്തു. വീണ്ടും ഗാനങ്ങള്‍ പാടികൊടുത്തു. എല്ലാത്തിന്റെയും പല്ലവി ജാനകിയമ്മയും ബാക്കി ഭാഗം മാഷും പാടി. ബന്ധങ്ങളെയും ആളുകളെയും മറന്നപ്പോഴും സ്വന്തം വരികള്‍ അദ്ദേഹം മറന്നിരുന്നില്ല. ഇറങ്ങാന്‍ നേരത്ത് ‘നന്നായി പാടുന്ന കുട്ടിയാണല്ലോ ഇനിയും പാടണം’ എന്നദ്ദേഹം ജാനകിയമ്മയോട് പറഞ്ഞു.

തിരിച്ചു വരുന്ന വഴി ജാനകിയമ്മ കരയുകയായിരുന്നു. ആ അനുഭവം ഇന്നും മനസില്‍ തങ്ങി നില്‍ക്കുന്നു.

ജാനകിയമ്മയുടേതായ ഇഷ്ടഗാനങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും പെട്ടന്ന് ഓര്‍മയില്‍ വരുന്നത് ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന സിനിമയിലെ ‘ഈറനുടുത്തു കൊണ്ട് അമ്പലം ചുറ്റുന്ന’ എന്ന ഗാനമാണ്. എം.എസ്.ബാബുരാജ്-പി.ഭാസ്‌കരന്‍ കോമ്പിനേഷന്‍ ആണ്.

ഒരു യുഗം അവസാനിക്കുകയാണ്
ചലച്ചിത്ര ഗാന ശാഖ പുതിയ കാലഘട്ടത്തിലേക്ക് വളര്‍ന്നിരിക്കുന്നു. ആലാപനത്തിന്റെ മുഖഛായ തന്നെ മാറിയിരിക്കുന്നു. ഏതൊരാള്‍ക്കും സിനിമയില്‍ പാടാം എന്ന സ്ഥിതിയിലേക്കെത്തി. ടെക്‌നോളജി അത്ര മാത്രം വളര്‍ന്നു. പാടുന്നതിനു ശബ്ദം മാത്രം മതി ഇന്ന്. അതുകൊണ്ടാണ് അഭിനേതാക്കള്‍ ഗാനരംഗത്തേക്കും കടന്നു വരുന്നത്. ജാനകിയമ്മ, യേശുദാസ് തുടങ്ങിയ മഹാപ്രതിഭകളുടെ ആലാപനം ഇതില്‍ നിന്നും ഒരുപാടകലെയാണ്. ദേവരാജന്‍ മാഷ് അവര്‍ക്ക് വേണ്ടി ഗാനങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതിന്റെ സ്ട്രക്ച്ചര്‍ പോലും വ്യത്യസ്തമാക്കിയിരുന്നു. എസ്.ജാനകിയുടെ തീരുമാനം ഒരു യുഗത്തിന്റെ അവസാനമാണെന്നു പറയം.

നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച സംഭവമുണ്ടായി. പല ജൂനിയര്‍ ഗായകരും പത്മ അവാര്‍ഡുകള്‍ വാങ്ങുകയും, എം.എസ് വിശ്വനാഥനെ പോലുള്ള മഹനീയ വ്യക്തിതങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജാനകിയമ്മ അവാര്‍ഡ് നിരസിച്ചത്. അവര്‍ക്ക് കിട്ടാത്ത അവാര്‍ഡ് തനിക്കും വേണ്ടെന്നു പറഞ്ഞു. ബഹുമതികളും പുരസ്‌കാരങ്ങളും സ്വപ്നം കാണാത്ത ഒരു ഗായികയാണ് എസ്.ജാനകി എന്നതിന്റെ ഏറ്റവും നല്ല തെളിവാണിത്.

(രവി മേനോനുമായി സംസാരിച്ച്‌  ദീഷ്ണ സി തയ്യാറാക്കിയത്)

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍