UPDATES

ശബരിമലയിലെ വരുമാന ഇടിവ് തകര്‍ക്കുക മറ്റ് ക്ഷേത്രങ്ങളെ കൂടി; ക്ഷേത്ര ജീവനക്കാരുടെ ശമ്പളം മുട്ടും

മണ്ഡലകാലത്തെ ആദ്യ 6 ദിവസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം 22.82 കോടി ഉണ്ടായിരുന്നത്, ഈ വര്‍ഷം 8.48 കോടി മാത്രമാണ്.

കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ പ്രത്യക്ഷമായും പരോക്ഷമായും മുഖ്യമായ ഒരു പങ്ക് ശബരിമലയ്ക്കുണ്ട്. പല വിഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ ക്രയവിക്രയമാണ് മണ്ഡലക്കാലത്ത് മാത്രം കേരളത്തില്‍ നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചുരുക്കം ചില സ്വയംപര്യാപ്തമായ ക്ഷേത്രങ്ങള്‍ ഒഴിവാക്കിയാല്‍ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും നടത്തിപ്പ് ശബരിമലയിലെ മണ്ഡലക്കാല വരുമാനത്തെ ആശ്രേയിച്ചാണ്. കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ ചെറുതും വലുതുമായി ഒട്ടേറെ സ്വകാര്യ ദേവസ്വം ക്ഷേത്രങ്ങളുടെ വരുമാനം വര്‍ധിക്കുന്ന കാലം കൂടിയാണ് വൃശ്ചിക മാസം. നടവരവ് മാറ്റി നിര്‍ത്തിയാല്‍ തന്നെ കേരളത്തിലെ പല മേഖലകളിലും സാമ്പത്തികമായി നേട്ടം സൃഷ്ടിക്കുന്ന സമയമാണ് നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങള്‍.

കേരളത്തിലെ പൊതു ഗതാഗതവകുപ്പിന്റെ പ്രധാന ഭാഗമായ കെഎസ്ആര്‍ടിസിക്കും വരുമാനത്തില്‍ നേട്ടങ്ങളുടെ സമയമാണ് മണ്ഡലക്കാലം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ ഒഴുക്കിനൊപ്പം നികുതിയിനത്തിനത്തിലും വരുമാനമുണ്ട്. കേരളത്തിലേക്ക് കടന്ന് എത്തുന്ന സ്വകാര്യ/ടാക്‌സി വാഹനങ്ങളുടെ പെര്‍മിറ്റ് തുക, ഭക്തര്‍ നടത്തുന്ന ക്രയ വിക്രയങ്ങള്‍ എല്ലാം സംസ്ഥാനത്തെ വരുമാനം വര്‍ധിപ്പിക്കുന്നു. ഉദാഹരണമായി, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട, കോട്ടയം, എരുമേലി ഭാഗങ്ങളില്‍ റെസ്റ്റോറന്‍റുകള്‍, ലോഡ്ജുകള്‍, സീസണ്‍ കടകള്‍, കച്ചവടങ്ങള്‍ എന്നിവടങ്ങളില്‍ മണ്ഡലക്കാലത്ത് കാര്യമായി വരുമാനം എത്തുന്നതാണ്.

ശബരിമലയില്‍ നേരിട്ട് എത്തുന്ന വരുമാനത്തില്‍ ദേവസ്വംബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ശേഷം നീക്കിയിരിപ്പ് വളരെ തുച്ഛമായ തുക ശേഷിക്കാറുള്ളൂ. എന്നാല്‍ ഏത് സാമ്പത്തിക മേഖലയിലും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് ‘റോളിംഗ്’ എന്നത്. കേരളത്തിനെ സംബന്ധിച്ചടത്തോളം ഭീമമായ തുക കാണിയ്ക്കായും മറ്റും നേരിട്ട് എത്തുകയാണ്. ശബരിമലയിലെ വരുമാനവും കേരളത്തിലെ സാമ്പത്തിക റോളിംഗില്‍ പങ്കു വഹിക്കുന്നുണ്ട് (ഇതിനര്‍ഥം ശബരിമലയിലെ വരുമാനം സര്‍ക്കാര്‍ എടുത്ത് മറ്റ് മേഖലകളിലേക്ക് ഉപയോഗിക്കുകയെന്നതല്ല). അതുകൊണ്ട് തന്നെ ശബരിമലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞാല്‍ തീര്‍ച്ചയായും സംസ്ഥാന സര്‍ക്കാരിനെയും ബാധിക്കും.

വരുമാനം കുറഞ്ഞാല്‍ ആദ്യം നേരിട്ട് ബാധിക്കുക തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെയും ജീവനെക്കാരെയുമാണ്. ദേവസ്വം ബോര്‍ഡിനെ ആശ്രേയിച്ച് 1250തിലേറെ ക്ഷേത്രങ്ങള്‍, 8000ത്തോളം സ്ഥിരം ജീവനക്കാര്‍, 2000ത്തോളം പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, 2000 പെന്‍ഷന്‍കാരുമാണുള്ളത്. കൂടാതെ കോളേജുകളും,സ്‌ക്കൂളുകളുമടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുണ്ട്. ബോര്‍ഡിന്റെ കീഴിലുള്ള അറുപതോളം ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തതയില്‍ നില്‍ക്കാന്‍ വരുമാനമുള്ളത്. ശമ്പളവും മറ്റ് അലവന്‍സുകള്‍ക്കുമായിട്ട് മാത്രം, ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 360 കോടി രൂപ (അതായത് പ്രതിമാസം 30 കോടി രൂപ) ബോര്‍ഡ് കണ്ടെത്തണം. ഇതിനെല്ലാം ദേവസ്വം ബോര്‍ഡ് കാര്യമായി ആശ്രേയിക്കുന്നത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തെയാണ്.

നിലവില്‍ മണ്ഡലക്കാലത്തെ വരുമാന കണക്ക് (ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍22 വരെ) കണക്ക് തിട്ടപ്പെടുത്തിയിരുന്നുവെങ്കിലും ഔദ്യോഗികമായി ദേവസ്വംബോര്‍ഡ് പുറത്തിവിട്ടിട്ടില്ല. എന്നിരുന്നാലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനം ഗണ്യമായി കുറഞ്ഞുവെന്നത് ദേവസ്വം ബോര്‍ഡ് സമ്മതിക്കുന്നുണ്ട്. തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവും സന്നിധാനത്തെ പ്രശ്നങ്ങളും മൂലം ഈ വര്‍ഷത്തെ നടവരുമാനം കുറയുമെന്ന് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡലകാലത്തെ വരുമാനത്തില്‍ കുറവുള്ളതുകൊണ്ട് നടവരവ് പരസ്യപ്പെടുത്തിയാല്‍ അത് കൂടുതല്‍ ബാധിക്കുമെന്നാണ് ബോര്‍ഡിന്റെ കണക്ക്കൂട്ടുന്നത്. ശബരിമലയിലെ നടവരുമാനത്തില്‍ പ്രതിവര്‍ഷം 10 ശതമാനം വരുമാന വര്‍ധനവ് ഉണ്ടായിക്കൊണ്ടിരുന്നത് ഈ വര്‍ഷം ഗണ്യമായി താണു.

ബിജെപിയും ആര്‍എസ്എസും തുടങ്ങിയ പല ഹിന്ദുസംഘടനകളും, എന്‍എസ്എസ്, യോഗക്ഷേമ സഭ തുടങ്ങിയ സമുദായ സംഘടനകളും ശബരിമലയിലും മറ്റ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും കാണിക്ക ഇടേണ്ടെന്നും അപ്പം, അരവണ തുടങ്ങിയവ പ്രസാദമല്ലെന്നും നടത്തുന്ന പ്രചരണം ഇതര സംസ്ഥാന ഭക്തരിലേക്കും എത്തിയത്തോടെ വരുമാനത്തെ ബാധിച്ചു. ശബരിമലയില്‍ മാത്രമല്ല മണ്ഡലക്കാലത്ത് കാര്യമായി വരുമാനം എത്തിയിരുന്ന ക്ഷേത്രങ്ങളെയെല്ലാം പ്രചരണം കാരണം നടവരവ് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ശബരിമലയില്‍ എത്തുന്ന ഭക്തരിലും ഗണ്യമായി കുറവുണ്ട്. മണ്ഡലക്കാലത്ത് ഏറ്റവും തിരക്കുള്ള സമയത്ത് പതിനെട്ടാം പടി കടന്നു പോകുന്ന ഭക്തര്‍ മിനിറ്റില്‍ 100 മുതല്‍ 130 പേരും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ മിനിറ്റില്‍ 60 മുതല്‍ 80 പേരുമാണ് (ഏകദേശ കണക്ക്). ഇത്തവണ അത് മിനിറ്റില്‍ 40ല്‍ താഴെയാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

മനോരമ ഓണ്‍ലൈനിലെ റിപ്പോര്‍ട്ട് അനുസരിച്ച്, ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് (ആദ്യ ആറു ദിവസം) 63% വരെയാണ് കുറവ്. മണ്ഡലകാലത്തെ ആദ്യ 6 ദിവസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം 22.82 കോടി ഉണ്ടായിരുന്നത്, ഈ വര്‍ഷം 8.48 കോടി മാത്രമാണ്. ദേവസ്വം ബോര്‍ഡിന് കാണിക്ക അല്ലാതെ ലഭിക്കുന്ന മറ്റ് വരുമാനസ്രോതസ്സ് അപ്പം, അരവണ വില്‍പ്പനയും വഴിപാടുകളും സംഭാവനകളുമൊക്കെയാണ്. കഴിഞ്ഞ വര്‍ഷം ആദ്യ 6 ദിവസം അരവണ വിതരണത്തിലൂടെ 9,88,52,090 രൂപ വരുമാനമുണ്ടായത് ഈ വര്‍ഷം 3,14,38,750 രൂപയായി. കാണിക്ക കഴിഞ്ഞ വര്‍ഷം 7,33,72, 285 രൂപ ലഭിച്ചത് ഇത്തവണ 3,83,88550 രൂപയും. ഡോണര്‍ ഹൗസ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം 6 ദിവസം കൊണ്ട് 3 ലക്ഷം രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ഒരു രൂപ പോലും ലഭിച്ചിട്ടില്ല.

സന്നിധാനത്തെ മറ്റോരു വരുമാന വിഭാഗം ദേവസ്വം ബോര്‍ഡിന്റെ മുറി വാടകയാണ്. ഈ വര്‍ഷം മുറി വാടകയിനത്തില്‍ 43,96,221 രൂപ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം അത് 74,25,955 രൂപയായിരുന്നു ആറു ദിവസം കൊണ്ട് നേടിയത്. സംഭാവന ഇനത്തില്‍ ഇത്തവണ 10,08,075 രൂപയും (കഴിഞ്ഞ വര്‍ഷം -26,73,095 രൂപ), കരാര്‍ 1,20,000 രൂപ (കഴിഞ്ഞ വര്‍ഷം 1,80,35,293), മാളികപ്പുറം 5,96,905 (12,98,795) വരുമാനം ഇങ്ങനെ പോകുന്നു. മണ്ഡലക്കാലത്ത് ദേവസ്വത്തിന് വരുമാനം നേടി തരുന്ന മറ്റൊന്നാണ് കടകളുടെയും സ്റ്റാളുകളുടെയും ലേലം. ഇതിലും കാര്യമായി വരുമാനം കുറഞ്ഞിട്ടുണ്ട്. സന്നിധാനം മുതല്‍ ഇലവുങ്കല്‍ വരെയുള്ള സ്ഥലങ്ങളില്‍ 220 കടമുറികളും സ്റ്റാളുകളുമാണ് ദേവസ്വം ബോര്‍ഡ് ലേലത്തിന് നല്‍കുന്നത്.

സാധാരണ മണ്ഡലകാലം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഇതെല്ലാം റെക്കോര്‍ഡ് തുകക്ക് ലേലത്തില്‍ പോവുന്നതാണ്. ഇത്തവണ 60 ഓളം കടമുറികളും സ്റ്റാളുകളും (സന്നിധാനം മുതല്‍ പമ്പ വരെ) ലേലത്തില്‍ പോയിട്ടില്ല. ലേലത്തുകയുടെ 35% ഇളവു നല്‍കിയിട്ടും ഓപ്പണ്‍ ടെണ്ടര്‍ ഉള്‍പ്പെടെ പല തവണ ലേലം നടത്തിയിട്ടും ഇതില്‍ മാറ്റമുണ്ടായിട്ടില്ല. സന്നിധാനത്ത് മാത്രം 15ഓളം കടകള്‍ ലേലത്തില്‍ പോകാതെ കിടിക്കുകയാണ്. കൂടാതെ ഭക്തരുടെ വരവ് കുറഞ്ഞതും പോലീസ് കടകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും കാരണം വരുമാനം ഇല്ലെന്നും കാണിച്ച് കടമുറികള്‍ ലേലത്തില്‍ പിടിച്ച വ്യാപാരികളില്‍ പലരും ദേവസ്വം ബോര്‍ഡിനോട് തുക തിരികെ ആവശ്യപ്പെട്ടു. എരുമേലിയിലും കടകള്‍ എടുക്കുന്നതിന് ലേലക്കാര്‍ തയ്യാറായിരുന്നില്ല. അവിടെയും കാര്യമായ നഷ്ടമുണ്ടായിട്ടുണ്ട്.

ശബരിമലയിലെ വിവിധയിനങ്ങളിലെ വരുമാനം രൂപയില്‍ (കഴിഞ്ഞ വര്‍ഷത്തെ വരുമാനം ബ്രാക്കറ്റില്‍)

(*മനോരമ ഓണ്‍ലൈന്‍ നല്‍കിയ കണക്കുകള്‍)

അഭിഷേകം 8,67,101 (18,32,730)

അപ്പം 29,31,005 (1,47,00,805)

അരവണ 3,14,38,750 (9,88,52,090)

വെള്ളനിവേദ്യം 65,420 (95,420)

ശര്‍ക്കരപ്പായസം 2,36,900 (6,82,720)

അര്‍ച്ചന 27,860 (1,01,280)

മാലവടി പൂജ 1,220 (45,520)

പഞ്ചാമൃതം 1,40,100 (4,47,900)

ആടിയ ശിഷ്ടം നെയ്യ് 6,54,075 (13,39,177)

ബുക്ക് സ്റ്റാള്‍ 3,61,698 (1,18,525)

കാണിക്ക 3,83,88,550 (7,33,72,285)

മാളികപ്പുറം 5,96,905 (12,98,795)

മുറി വാടക 43,96,221 (74,25,955)

അയ്യപ്പ ചക്രം 17,200 (57,000)

ഡോണര്‍ ഹൗസ് 00.00 (3,00,000)

മറ്റിനം 27,00,058 (53,68,036)

സംഭാവന 10,08,075 (26,73,095)

കരാര്‍ 1,20,000 (1,80,35,293)

മണി ഓര്‍ഡര്‍ 5,542 (33,738)

പൂജിച്ച മണി 14,650 (19,450)

അന്നദാന സംഭാവന 8,60,023 (14,83,930)

ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ ഇടങ്ങളിലെ പതിവ് അറ്റകുറ്റിപണികളും തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങളും അന്നദാനവുമൊക്കെ ദേവസ്വംബോര്‍ഡിന്റെ ഭാരിച്ച ചിലവുകളില്‍ ചിലത് മാത്രമാണ്. ഇത്തവണ പ്രളയത്തില്‍ പമ്പയിലെ ബേസ് ക്യാമ്പ് പൂര്‍ണമായും നശിച്ചതിനാല്‍ കൂടുതല്‍ തുകയ്ക്കുള്ള പണികളും നടത്തേണ്ടതുണ്ട്. കൂടാതെ ശബരിമലയിലെ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ഡിഎ ദേവസ്വം ബോര്‍ഡ് കൊടുക്കണം. തുലാം ഒന്നിനും ആട്ടവിശേഷത്തിനും അയ്യായിരം പോലീസുകാരാണ് ഉണ്ടായിരുന്നത്. ഇത്തവണ 15,000 പോലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്. ശരാശരി 500 രൂപ വീതം ഇവര്‍ക്ക് ഡിഎ ഇനത്തില്‍ നല്‍കണം. 15 കോടി രൂപയാണ് ഇതിനുവേണ്ടിവരുന്നത്.

സീസണില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ മുല്ലയ്ക്കല്‍, അമ്പലപ്പുഴ, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, തിരുനക്കര, ചെങ്ങന്നൂര്‍, ആറന്‍മുള, എരുമേലി ക്ഷേത്രങ്ങളിലും വരുമാനം തീരെ കുറഞ്ഞു. കൂടാതെ പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ ചെറുതും വലുതുമായി ഒട്ടേറെ പ്രൈവറ്റ് ദേവസ്വം ക്ഷേത്രങ്ങളുടെയും വരുമാനം കുറഞ്ഞു. ഇതില്‍ പലതും പ്രളയത്തില്‍ നാശം സംഭവിച്ചതുമാണ്. മണ്ഡലക്കാലത്തെ വരുമാനത്തെ ആശ്രയിച്ച് ഈ ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ച പ്രൈവറ്റ് ദേവസ്വത്തിനും ഇത്തവണ തിരിച്ചടിയായി. കൂടാതെ കച്ചവടക്കാര്‍, ലോഡ്ജുകള്‍, ടാക്‌സികാര്‍ അങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും ശബരിമലയില്‍ എത്തുന്ന ഭക്തരില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ഇടിവുണ്ടായത് ആശങ്കയോടെ കാണാന്‍ സാധിക്കൂ.

പക്ഷെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ദേവസ്വം ബോര്‍ഡിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാര്‍ പറയുന്നത്, മണ്ഡലക്കാലത്തെ വരുമാനത്തെ ഞങ്ങള്‍ രണ്ടായിട്ട് തിരിച്ചിട്ടുണ്ട്. നാല്‍പ്പത്തിയൊന്നും മകരവിളക്കും എന്ന്. നാല്‍പ്പത്തിയൊന്ന് ദിവസത്തെ നടതുറപ്പില്‍ വരുമാനം കൂടിയാല്‍ മകരവിളക്ക് നടതുറപ്പില്‍ വരുമാനം കുറയും. നാല്‍പ്പത്തിയൊന്ന് ദിവസത്തെ നടതുറപ്പില്‍ വരുമാനം കുറഞ്ഞാല്‍ മകരവിളക്ക് നടതുറപ്പില്‍ വരുമാനം കൂടും. വര്‍ഷങ്ങളായി ഇങ്ങനെയാണ് കണ്ടു വരുന്നത്.. പേടിക്കണ്ട കാര്യം ഒന്നുമില്ല. ഇപ്പോള്‍ വരുമാനം കുറഞ്ഞാലും അടുത്ത് തന്നെ ഇരട്ടി വരും, ഇത് ശബരിമലയാണ്..

ശബരിമല; ഇനി എങ്ങോട്ട്?/വീഡിയോ

Sabarimala-revenue-affected-sangh-parivar-and-bjp-s-fake-campaign

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതി ബായ് ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ശബരിമല ധര്‍മശാസ്താവും അയ്യപ്പ സ്വാമിയും; വിവാദങ്ങള്‍ – ഐതിഹ്യം -ചരിത്രം

പ്രളയത്തിന്റെ 100 ദിനം; കേരളം എങ്ങനെ പുനര്‍നിര്‍മ്മിക്കുമെന്നല്ല ശബരിമലയിലെ നടവരവ് കുറഞ്ഞോ എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം

പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന് കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍: ശബരിമലയില്‍ ഹിന്ദു വേട്ട നടത്തുന്നത് ഇത് മറച്ചുവയ്ക്കാനെന്ന് സംഘപരിവാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍