UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല വിവാദ തന്ത്രി കണ്ഠരര് മോഹനരര്‍; ശോഭാ ജോണ്‍ മുതല്‍ അമ്മ ദേവകി അന്തര്‍ജ്ജനത്തിന്റെ 41 ലക്ഷം തട്ടിയ പരാതി വരെ

തന്ത്രിസ്ഥാനം തിരിച്ചു നല്‍കാന്‍ മോഹനനര് തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തല്‍ മുന്‍ ദേവസ്വം പ്രസിഡന്റ് സി കെ ഗുപ്തന്‍ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു

ശബരിമല ക്ഷേത്രത്തിലെ മുന്‍ തന്ത്രി കണ്ഠരര് മോഹനരര് വീണ്ടും വിവാദത്തില്‍. ശബരിമലയിലെ താന്ത്രികാവകാശം ഇപ്പോള്‍ കൊണ്ടുനടക്കുന്ന താഴമണ്‍ കുടുംബത്തിലെ പ്രധാനികളിലൊരാളായ മോഹനരര്‍ക്കെതിരേ ഇത്തവണ പരാതിയുമായി എത്തിയിരിക്കുന്നത് സ്വന്തം അമ്മ തന്നെയാണ്. മോഹനരരും ഭാര്യയും ചേര്‍ന്ന് ലക്ഷക്കണക്കിനു രൂപയും കാറും തട്ടിയെടുത്തെന്നാണ് അമ്മയായ ദേവകി അന്തര്‍ജനം ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ശബരിമലയിലെ മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തര്‍ജനം. മഹേശ്വരരുടെ മൂത്തമകനാണ് മോഹനരര്. ഗുരുതര ആരോപണങ്ങളാണ് മോഹനരര്‍ക്കെതിരേ ദേവകി അന്തര്‍ജനത്തിന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തന്റെ പേരിലുള്ള ബാങ്ക് അകൗണ്ടില്‍ നിന്നും 41 ലക്ഷം രൂപ മോഹനരര് തട്ടിച്ചെടുത്തെന്നാണ് അമ്മയായ ദേവകി അന്തര്‍ജനത്തിന്റെ പരാതി. തനിക്ക് പ്രായമായതുകൊണ്ടാണ് ബാങ്ക് ഇടപാടുകള്‍ക്ക് മകനെ ചുമതലപ്പെടുത്തിയതെന്നും എന്നാല്‍ ആ സാഹചര്യം ദുരുപയോഗപ്പെടുത്തി തന്നെ ചതിക്കുകയായിരുന്നു മകനെന്നുമാണ് അമ്മയുടെ പരാതിയില്‍ നിന്നും മനസിലാകുന്നത്. കൂടാതെ ദേവകി അന്തര്‍ജനത്തിന്റെ പേരിലുണ്ടായിരുന്നു ഇന്നോവ കാറും അമ്മ അറിയാതെ മറ്റൊരാള്‍ക്ക് മോഹനരര്‍ മറിച്ചു വിറ്റതായും പരാതിയുണ്ട്. ഇതില്‍ ഏറ്റവും ഗുരുതരമായ ഒരു സംഗതി, തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഭര്‍ത്താവിന്റെ(കണ്ഠരര് മഹേശ്വരരുടെ, അതായത് മോഹനരരുടെ സ്വന്തം പിതാവിന്റെ) ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ മോഹനരരും ഭാര്യയും അനുവദിച്ചില്ലെന്ന ദേവകി അന്തര്‍ജനത്തിന്റെ പരാതിയാണ്.

ഇതാദ്യമായല്ല, കണ്ഠരര് മോഹനരര് വില്ലന്‍ പരിവേഷത്തോടെ വാര്‍ത്തയാകുന്നത്. ശബരിമലയിലെ നിലവിലെ തന്ത്രി പരമ്പരയിലെ മുമ്പനായിയിരിക്കേണ്ടിയിരുന്ന മോഹനരരുമായി ബന്ധപ്പെട്ട് പുറത്തു വന്ന ആദ്യത്തെ വിവാദം 2006 ല്‍ ആയിരുന്നു.

2006 ജൂലൈ 23 ന് ആയിരുന്നു കണ്ഠരര് മോഹനരരെ കുടുക്കിയ ബ്ലാക്ക് മെയ്‌ലിംഗ് കേസ്. കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളികളിലൊരാളായ ശോഭ ജോണും സംഘമായിരുന്നു ബ്ലാക്ക് മെയ്‌ലിംഗിനു പിന്നില്‍. കാസറഗോഡ് സ്വദേശി ബച്ചു റഹ്മാനും ഈ സംഘത്തില്‍ ശോഭയോടൊപ്പം ഉണ്ടായിരുന്നു. ശോഭയുടെ ഫ്ലാറ്റില്‍ എത്തിയ മോഹനരരെ കത്തിയും കളിത്തോക്കും കാണിച്ച് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 27.5 പവന്‍ സ്വര്‍ണാഭാരണങ്ങളും ഇരുപതിനായിരം രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കി. ഇതിനുശേഷം ഒരു സ്ത്രീയോടൊപ്പം നഗ്നനാക്കി നിര്‍ത്തിയശേഷം ഫോട്ടോ എടുത്തു. ഈ ഫോട്ടോ പത്രങ്ങള്‍ക്ക് നല്‍കാതിരിക്കണമെങ്കില്‍ 30 ലക്ഷം രൂപ കൊടുക്കണമെന്നായിരുന്നു ഭീഷണി. പിന്നീട് ഈ കേസില്‍ ശോഭയും ബച്ചുവും അടക്കമുള്ള പ്രതികള്‍ അറസ്റ്റിലായി.

ലൈംഗികസംബന്ധമായ കേസ് ഉണ്ടായതിനു പിന്നാലെ കണ്ഠരര് മോഹനരരെ തന്ത്രി സ്ഥാനത്തു നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീക്കം ചെയ്തു. ശബരിമല സന്നിധാനത്ത് മോഹനരര് വരുന്നതില്‍ വരെ ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പിതാവ് മഹേശ്വരരെ അനുഗമിച്ച് മോഹനനരര് സന്നിധാനത്ത് എത്തിയതിന്റെ പേരില്‍ ദേവസ്വം അധികൃതരും കണ്ഠരര് മഹേശ്വരരും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ട്. മോഹനരരെ ശ്രീകോവിലിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്നും പൂജാദികര്‍മങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും അധികൃതകര്‍ തന്ത്രിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മറ്റേവരെയും പോലെ ദര്‍ശനം നടത്തിപ്പോകാനുള്ള അനുവാദം മാത്രമാണ് മോഹനരര്‍ക്ക് ദേവസ്വം ബോര്‍ഡ് നല്‍കിയത്. ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മോഹനരര്‍ക്കെതിരേ ദേവസ്വം ബോര്‍ഡ് ഇത്തരമൊരു നിലപാട് എടുത്തത്.

തന്ത്രിസ്ഥാനം തിരിച്ചു നല്‍കാന്‍ മോഹനനര് തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തല്‍ മുന്‍ ദേവസ്വം പ്രസിഡന്റ് സി കെ ഗുപ്തന്‍ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹനരര്‍ക്കെതിരേ ഇത്തരത്തിലൊരു ഗുരുതരാരോപണം സി കെ ഗുപ്തന്‍ നടത്തിയത്.

സി കെ ഗുപ്തന്‍ പ്രസിഡന്റായിരിക്കുന്ന കാലത്താണ് മോഹനരര് ബ്ലാക് മെയിലിംഗ് കേസില്‍ കുടങ്ങുന്നത്. ലൈംഗിക വിഷയത്തില്‍ പിടിക്കപ്പെട്ട ഒരാളെന്ന നിലയില്‍ മോഹനരരെ തന്ത്രിസ്ഥാനത്ത് നിലനിര്‍ത്തുന്നതില്‍ ദേവസ്വം ബോര്‍ഡിന് യോജിപ്പില്ലാതിരുന്നതുകൊണ്ടാണ് മോഹനരരെ തന്ത്രി സ്ഥാനത്തു നിന്നും മാറ്റുന്നത്. ഇതോടെ ശബരിമലയില്‍ യാതൊരു അവകാശവമില്ലാത്തയാളായി മോഹനര് മാറി. എന്നാല്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരേ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മോഹനരര് കേസിനു പോയി. രണ്ടു കോടതികളില്‍ നിന്നും എതിരായ വിധിയാണ് ഉണ്ടായത്. വിധി വന്നതിനു പിന്നാല ദേവസ്വം അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. ഇതിനുശേഷമാണ് പിതാവായ കണ്ഠരര് മഹേശ്വരരും ഭാര്യയും മോഹനരരും അടങ്ങുന്ന കുടുംബം തിരുവനന്തപുരത്ത് വഴുതാക്കാട്ടുള്ള തന്റെ വീട്ടില്‍ വരുന്നതും തന്ത്രി സ്ഥാനം തിരിച്ചു കിട്ടുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചതും. അവിടെ വച്ചാണ് തനിക്ക് പണം വാഗ്ദാനം ചെയ്തതെന്നുമാണ് സി കെ ഗുപ്തന്‍ പറയുന്നത്.

കേസുകള്‍ക്കപ്പുറം തന്ത്രി കണ്ഠരര് മോഹനരരുടെ താന്ത്രിക ജ്ഞാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഇതിനിടയില്‍ പുറത്തു വന്നിരുന്നു. കന്നഡ നടി ജയമാല ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ കയറിട്ടുണ്ടെന്നും വിഗ്രഹത്തെ തൊട്ടിട്ടുണ്ടുമെന്നുമൊക്കെയുള്ള വെളിപ്പെടുത്തലും വിവാദങ്ങളും ഉണ്ടായതിനു പിന്നാലെ ശബരിമലയിലെ ക്രമക്കേടുകളെ കുറ്റിച്ച് അന്വേഷിക്കാന്‍ പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ജസ്റ്റീസ് കെ എസ് പരിപൂര്‍ണന്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ മോഹനരരെ വിചാരണ ചെയ്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതായി കേള്‍ക്കുന്നത് തന്ത്രിക്കു വേണ്ട പ്രത്യേത അറിവുകളോ ശാന്തിപ്പണിയുടെ പ്രാഥമിക പാഠങ്ങളോ കണ്ഠരര് മോഹനരര്‍ക്ക് ഇല്ലെന്നായിരുന്നു. ജ. പരിപൂര്‍ണനും ജ. ബി എം തുളസിദാസും ചേര്‍ന്ന് നടത്തിയ വിസ്താരത്തില്‍ പങ്കെടുത്ത് സംസാരിച്ച മോഹനനരര്‍ക്ക് പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലായിരുന്നു. സംസ്‌കൃതം അറിയാമോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മോഹനരരുടെ ഉത്തരം. സംസ്‌കൃതം അറിയാത്ത ഒരാള്‍ ക്ഷേത്രപൂജാരികളെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യൂ ബോര്‍ഡിലെ പ്രധാന അംഗം എങ്ങനെ ആയി എന്നു ചോദിച്ചപ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ പൂജകള്‍ക്കു മാര്‍ക്ക് ഇടുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ഉത്തരം. തന്ത്രങ്ങളും മന്ത്രങ്ങളും പഠിച്ചിട്ടുണ്ടോയെന്നതായിരുന്നു അടുത്ത ചോദ്യം. ഞങ്ങള്‍ പാരമ്പര്യമായി താന്ത്രിക കുടുംബമാണെന്നു മാത്രമായിരുന്നു മോഹനരര്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത്. ഈ ഉത്തരം കമ്മിഷനെ ചൊടിപ്പിക്കുകയും അച്ഛന്‍ ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് മകനു കാണണമെന്നില്ലെന്നു മോഹനരരെ ഓര്‍മിപ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് താങ്കള്‍ വേദങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്നു കമ്മിഷന്‍ മോഹനരരോട് ചോദിച്ചത്. ഇല്ല എന്നായിരുന്നു മറുപടി. വേദമന്ത്രങ്ങളും തനിക്കറിയില്ലെന്നു മോഹനരര്‍ക്ക് സമ്മതിക്കേണ്ടി വന്നു. ഭാഗ്യസൂക്തം അറിയാമോയെന്നു ചോദിച്ചപ്പോഴും മോഹരരുടെ മറുപടി ഇല്ല എന്നു തന്നെയായിരുന്നു ഇതൊന്നുമറിയാതെ എങ്ങനെയാണ് ശബരിമലയില്‍ പൂജകള്‍ നടത്തുന്നതെന്നു തിരക്കിയപ്പോള്‍ മറ്റു ചില മന്ത്രങ്ങള്‍ ഉപയോഗിച്ചാണ് താന്‍ പൂജകള്‍ ചെയ്യാറുള്ളതെന്നായിരുന്നു മോഹരര് പറഞ്ഞത്. ഗണപതി ഹോമം നടത്താന്‍ ഭാഗ്യസൂക്തം അറിഞ്ഞിരിക്കേണ്ടതല്ലേ എന്നു കമ്മിഷന്‍ ചോദിച്ചപ്പോള്‍ മറുപടിയൊന്നും തന്നെയില്ലായിരുന്നു. ഗണപതി ഭഗവാന്റെ നാള് ഏതാണെന്ന് അറിയാമോയെന്ന് അന്വേഷിച്ചപ്പോഴും കമ്മിഷനെ അത്ഭുതപ്പെടുത്തി ഇ്ല്ല എന്ന ഉത്തരം ആവര്‍ത്തിക്കുകയായിരുന്നു ശബരിമലയുടെ തന്ത്രിയായ കണ്ഠരര് മോഹരര്. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നില്ലെന്നു പറഞ്ഞ് ആ വിസ്താരം അവസാനനിപ്പിക്കുകയായിരുന്നു ജ. പരിപൂര്‍ണന്‍ കമ്മിഷന്‍.

ഒടുവില്‍ 12 വര്‍ഷത്തെ വിലക്ക് തീര്‍ന്ന് 2018 ല്‍ കണ്ഠരര് മോഹനരര്‍ക്ക് ശബരിമല തന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാനുള്ള സാഹചര്യം ഒരുങ്ങി. ശബരിമലയില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ തന്ത്രിയെ തിരികെ കൊണ്ടു വരുന്നതില്‍ എതിര്‍പ്പില്ലെന്നു ദേവസ്വം ബോര്‍ഡ് അറിയിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് അനുകൂല നിലപാടെടുത്തതോടെ ശബരിമലയില്‍ പൂജകള്‍ ചെയ്യാനുള്ള അനുവാദവും മോഹനരര്‍ക്ക് തിരികെ ലഭിച്ചു. ഊഴമനുസരിച്ച് തന്ത്രിസ്ഥാനം മാറി വരുന്ന ശബരിമലയില്‍ നിലവില്‍ മോഹനരരുടെ പിതൃസഹോദരന്റെ മകനായ കണ്ഠരര് രാജീവരരും മോഹനരുടെ മകനായ മഹേഷ് മോഹനരരുമാണ് തന്ത്രിസ്ഥാനം കൈയാളുന്നത്.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധിയില്‍ ശബരിമലയിലെ പരിശുദ്ധി സംരക്ഷിക്കണമെന്നായിരുന്നു മോഹരര് നിലപാട് എടുത്തത്. ശബരിമല വിഷയത്തില്‍ തന്ത്രി കുടുംബത്തിന്റെ വക്താവായി നിന്നു പ്രസ്താവവകള്‍ നടത്തിയ രാഹുല്‍ ഈശ്വറെ തള്ളിപ്പറയുകയും ചെയ്തിരുന്നു മോഹനരര്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകനാണ് രാഹുല്‍. രാഹുല്‍ തന്ത്രി കുടുംബം അല്ലെന്നും ശബരിമലയില്‍ രാഹുലിന് യാതൊരു അവകാശവുമില്ലെന്നായിരുന്നു മോഹനരര് തുറന്നടിച്ചത്. അതേസമയം ശബരിമല വിഷയത്തില്‍ മോഹരരര്‍ക്ക് അഭിപ്രായം പറയാന്‍ യോഗ്യതയില്ലെന്ന തരത്തില്‍ അദ്ദേഹത്തെ പരിഹസിച്ചു ബിജെപി ബൗദ്ധിക സെല്‍ തലവന്‍ ടി ജി മോഹന്‍ദാസ് രംഗത്തു വന്നത് വാര്‍ത്തയായിരുന്നു. ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് കണ്ഠരര് മോഹര് ആവശ്യപ്പെടുമ്പോഴാണ് താന്‍ സത്യത്തില്‍ ശരണം വിളിച്ചുപോകുന്നതെന്നായിരുന്നു മോഹന്‍ദാസിന്റെ പരിഹാസം. തന്ത്രിയുടെ ബ്രഹ്മചര്യത്തെ പറ്റിയൊക്കെ ഞങ്ങള്‍ക്കറിയാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചതും മോഹനരരെ ലക്ഷ്യം വച്ചായിരുന്നു.

ഇത്രയും വിവാദങ്ങള്‍ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് സ്വന്തം അമ്മയും മോഹനരര്‍ക്കെതിരേ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. അതും തന്നെ പറ്റിച്ച് പണം തട്ടിയെടുത്തെന്ന പരാതി. ഇതു വീണ്ടും കണ്ഠരര് മോഹനരരെ കുരുക്കിലാക്കാനാണ് സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍