UPDATES

ഓഫ് ബീറ്റ്

തുടക്കമിട്ടത് 90-കളില്‍ സുപ്രീം കോടതിയില്‍ എത്തിയ ഒരു കത്ത്; വിവാദങ്ങള്‍ ശബരിമലയിറങ്ങുമോ?

ശബരിമലയിലെ വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് 1950-കളിലാണ്.

Avatar

ഇന്ദിര

നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടുന്ന ശബരിമലയ്‌ക്കൊപ്പം 70 വര്‍ഷത്തിലേറെയായി പല പല വിവാദങ്ങളുമുണ്ട്. ചരിത്രം, വിശ്വാസം, മതം, രാഷ്ട്രീയം, ലിംഗവിവേചനം ഇങ്ങനെ പല വിഷയങ്ങള്‍ക്കൊണ്ട് ശബരിമലയെപ്പറ്റിയുള്ള കനലുകള്‍ കെടാതെ നില്‍ക്കുകയായിരുന്നു. ശബരിമലയിലെ വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് 1950-കളിലാണ്. അതിന് ശേഷം ദശകങ്ങളായി പലതരത്തിലുള്ള ചെറുതും വലുതുമായ വിവാദങ്ങളാണ് ശബരിമല ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഉണ്ടായിരികൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയം വരെ ശബരിമലയുമായി ബന്ധപ്പെട്ടു പരാമര്‍ശത്തില്‍ വന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദങ്ങള്‍ മാത്രം ഒരു ദശകത്തിലേറെയായി. ആ ഒരു വിഷയത്തില്‍ മാത്രം കേന്ദ്രീകരിച്ച് മറ്റ് വിവാദങ്ങളുമുയര്‍ന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നില്‍ക്കുന്ന ഒരു വിവാദം സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പക്കണമെന്നുള്ളതായിരുന്നു. 1990-ല്‍ യുവതികള്‍ അനിയന്ത്രിതമായി ശബരിമലയില്‍ പ്രവേശിക്കുന്നു എന്ന് ചിത്രം സഹിതമുള്ള ഒരു കത്ത് സുപ്രീം കോടിതിയില്‍ എത്തിയിരുന്നു. 2006-ല്‍ സ്ത്രീകളെ ശബരിമലിയില്‍ പ്രവേശിപ്പിക്കാത്തത് കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി എത്തുകയും ചെയ്തു. ഭരണഘടനയ്‌ക്കെതിരായ ഒരു കാര്യമാണ് സ്ത്രീകളെ പ്രവേശിപ്പിക്കാത്തതെങ്കിലും സുപ്രീംകോടതിക്ക് പോലും ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് കോടതി വിധി (28-09-2018) എത്തുകയും ചെയ്തതോടെ ശബരിമലയെ ചുറ്റിപ്പറിയുള്ള വിവാദങ്ങളുടെ മലയിറക്കമാണെന്ന് കരുതാം.

ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രധാന വിവാദങ്ങള്‍

1950-ലാണ് ശബരിമല ക്ഷേത്രം തീപിടുത്തതില്‍ നശിക്കുന്നത്. ക്ഷേത്രം തീവെച്ച് നശിപ്പിച്ചതാണെന്നുള്ള ആരോപണത്തോടെ വിവാദം ആരംഭിച്ചു. ഇത് സംബന്ധിച്ച് 1957-ല്‍ കേരളാ നിയമസഭയില്‍ ഐജി കെ കേശവമേനോന്‍ സമര്‍പ്പിച്ച തീവയ്പ് വിഷയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അന്ന് കത്തി തുടങ്ങിയത് ഇന്നും കെടാതെ നില്‍ക്കുന്നുണ്ട്. മറ്റൊരു വിവാദം 1983 മാര്‍ച്ച് 24-ന് ശബരിമലയുടെ ഭാഗമണെന്ന് (പൂങ്കാവനം) വിശ്വസിക്കുന്ന നിലയ്ക്കലില്‍, സെന്റ് തോമസ് എഡി-52ല്‍ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന കുരിശ് കണ്ടെടുത്ത സംഭവമാണ്. ഈ വിഷയം ക്രിസ്ത്യന്‍-ഹിന്ദു വിഭാഗത്തെ കാര്യമായി ബാധിച്ച ഒന്നാണ്. ഇപ്പോഴും ഇതിന്റെ പേരില്‍ പരസ്യമായിട്ടില്ലെങ്കിലും തര്‍ക്കമുണ്ട്.

പിന്നീട് 2006 ജൂണില്‍ ശബരിമല ദേവപ്രശ്‌നത്തിനിടയില്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ ഒരു സ്ത്രീ ശബരിമല ശ്രീകോവിലിലെ മുഖ്യ വിഗ്രഹത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്ന് പ്രവചനം നടത്തി. തുടര്‍ന്ന് പ്രമുഖ നടി ജയമാല ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് അയച്ച ഫാക്സ് സന്ദേശത്തില്‍ വിഗ്രഹത്തില്‍ സ്പര്‍ശിച്ച സ്ത്രീ താനാണെന്നു വ്യക്തമാക്കി. കേരളത്തിലെ ഹിന്ദു സമൂഹം ഈ വിവാദത്തില്‍ കൊടുമ്പിരികൊണ്ടു. ഒടുവില്‍ ഉണ്ണികൃഷ്ണപ്പണിക്കരും മറ്റു ചിലരും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നു ജയമാല ക്രൈബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി. ഉണ്ണികൃഷ്ണപ്പണിക്കര്‍ കേസില്‍ ഒന്നാം പ്രതിയും സഹായിയായ രഘുപതി രണ്ടാം പ്രതിയും ജയമാല മൂന്നാം പ്രതിയുമായിരുന്നു. എല്ലാ വിവാദ കേസുകളെയുപ്പോലെ അതും മറഞ്ഞുവെങ്കിലും ഇടിയ്ക്കിടെ അതു പരാമര്‍ശമാകാറുണ്ട്.

ശബരിമല ശാസ്താവിനെ അയ്യപ്പനാക്കിയതിലെ അട്ടിമറികള്‍ക്ക് പിന്നില്‍

2016-ല്‍ ശബരിമല ധര്‍മശാസ്താ ക്ഷേത്രമെന്നുള്ളത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പുനര്‍നാമകരണം ചെയ്ത ദേവസ്വം ബോര്‍ഡിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ശബരിമല ധര്‍മശാസ്താ ക്ഷേത്രമെന്നുള്ളത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പുനര്‍നാമകരണം ചെയ്ത വിവരം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞതോടെ അടുത്ത വിവാദവുമായി. പേരു മാറ്റല്‍ വിവാദത്തിനകത്തേക്ക് മുമ്പേ തന്നെയുള്ള സ്ത്രീ പ്രവേശന വിവാദവും കടന്നു വന്നു.

ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സ്ത്രീപ്രവേശന കേസിന്റെ പശ്ചാത്തലത്തിലാണെന്നാണ് ആരോപണം. ധര്‍മശാസ്താവ് വിവാഹിതനായിരുന്നു എന്നും അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നുമാണ് വിശ്വാസം (അഷ്ടോത്തരശതകം അനുസരിച്ച് പൂര്‍ണ, പുഷ്‌കല എന്നീ ഭാര്യമാരും സത്യകന്‍ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം) ധര്‍മശാസ്താവിന്റെ അംശമായ അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയായതിനാല്‍ അവിടെ ഋതുമതികളായ വനിതകള്‍ വരാന്‍ പാടില്ല. പേരുമാറ്റല്‍ മൂലം ഈ ആചാരം നിലനിര്‍ത്താന്‍ കോടതിയുടെ അനുകൂല മനോഭാവം ലഭ്യമാകാന്‍ സാധ്യതയുണ്ടെന്നായിരുന്ന അന്ന് ഉയര്‍ന്ന ആരോപണം.

ശബരിമലയിലെ മകരവിളക്ക്/ മകര ജ്യോതി/ മകര നക്ഷത്രത്തിന്റെ ശാസ്ത്രീയ വശത്തെ ചോദ്യം ചെയ്ത് കേരളത്തിലെ യുക്തിവാദ സംഘങ്ങള്‍ എത്തിയത്തോടെ അടുത്ത വിഷയമായി. ശബരിമല ക്ഷേത്രത്തിന്റ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയില്‍ നിന്ന് ഏകദേശം 14 കിലോമീറ്റര്‍ അകലെ പൊന്നമ്പലമേട്ടില്‍ പരശുരാമന്‍ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നുവെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തില്‍ വനദേവതമാര്‍ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരവിളക്കെന്നുമാണ് വിശ്വാസം. പിന്നീട് മലവേടന്മാരുടെ ആഘോഷവേളയില്‍ കത്തിച്ചിരുന്ന കര്‍പ്പൂര ആരതിയാണ് മകരവിളക്ക് എന്ന് യുക്തിവാജ സംഘങ്ങള്‍ പറയുന്നു. മലവേടന്‍മാരെ മാറ്റി ഇപ്പോള്‍ വര്‍ഷങ്ങളായി മകരജ്യോതി തെളിയിക്കുന്നത് തങ്ങളുടെ ജീവനക്കാരും അയ്യപ്പ സേവാസംഘവുമാണെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരസ്യമായി പറഞ്ഞത്തോടെ ആ വിവാദത്തിന്റെ കാര്യത്തിലും തീരുമാനമായി. പൊന്നമ്പലമേട്ടില്‍ ഉള്ള ക്ഷേത്രത്തിന്റെ മുകളില്‍ കാണുന്ന നക്ഷത്രമാണ് മകരവിളക്ക് എന്ന് വാദിക്കുന്നവരുണ്ട്. നിലവില്‍ ഇതിന് അധികാരികമായ തെളിവില്ല.

പ്രയാറിന്റെ ആ.ഭാ.സം.; ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ വരുന്നത് സെക്സ് ടൂറിസത്തിനോ?

ശബരിമലയിലെ ചരിത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ വാദ പ്രതിവാദങ്ങളുമുയര്‍ന്നിട്ടുണ്ട്. അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും അതല്ല ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും വാദങ്ങളുണ്ട്. ബുദ്ധ അനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം കൊണ്ട് ഈ വാദത്തെ അവര്‍ ന്യായീകരിക്കുന്നു. ശബരിമലയില്‍ ആദ്യം സ്ഥാപിച്ചിരുന്ന വിഗ്രഹം ശാസ്താവിന്റെതാണെന്നും ശാസ്താവ് എന്നത് പുരാണ പുരുഷനാണെന്നുമാണ് ഡോ. കാനം ശങ്കരപിള്ള പറയുന്നത്.

‘ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ് (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ് ശബരിമല അയ്യപ്പന്‍. ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരിക്കാം എന്നു വാദമുണ്ട്. ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍ പന്തളം രാജാവിന്റെ ശേവുകന്‍ ആയി 700-300 കൊല്ലവര്‍ഷങ്ങള്‍ക്കിടയില്‍ പന്തളം-എരുമേലി പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവും. ശബരിമലയില്‍ ശത്രുക്കള്‍ (ഒരു പക്ഷെ ബ്രാഹ്മണര്‍ തന്നെ ആവാം) നശിപ്പിച്ച ശാസ്താ /ബുദ്ധ വിഗ്രഹം നശിപ്പിച്ചു കഴിഞ്ഞു പുതിയ വിഗ്രഹം പ്രതിഷ്ഠിച്ച ഒരു മനുഷ്യ പുത്രന്‍ ആയിരുന്നു മണികണ്ഠന്‍ എന്നും അയ്യന്‍ എന്നും പേരുള്ള അയ്യപ്പന്‍. അയ്യപ്പന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം മാത്രം ”അയ്യപ്പ ക്ഷേത്രം” എന്നറിയപ്പെടുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം പന്തളത്ത് മടങ്ങി എത്താതിരുന്ന അയ്യപ്പനെ ഭക്തര്‍ ശാസ്താവിന്റെ അവതാരമായി കണക്കാക്കി ദൈവമായി ഉയര്‍ത്തി ആരാധിക്കാന്‍ തുടങ്ങി. മറ്റു ശാസ്താ ക്ഷേത്രങ്ങള്‍ക്ക് അയ്യപ്പ ക്ഷേത്രം എന്ന പേരില്ല. ശാസ്താവ് വാജീ(കുതിര) വാഹനനാണ്. അയ്യപ്പന്‍ പുലി വാഹനനാണ്.  1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടതിന് ശേഷം പിന്നെ പ്രതിഷ്ഠച്ചത് അയ്യപ്പ വിഗ്രഹമോ ശാസ്താ വിഗ്രഹമോ എന്നറിയണമെങ്കില്‍ ധ്യാനശ്ലോകം ഏതെന്നറിയണം.’ ശങ്കരപിള്ള പറഞ്ഞു നിര്‍ത്തുന്നു.

സ്ത്രീപ്രവേശന വിധി മാറ്റിത്തീർക്കുക ആർത്തവകേന്ദ്രിത ആരാധനാ നിയമങ്ങളെ; എല്ലാ മതങ്ങളും പ്രാകൃതാചാരങ്ങൾ മാറ്റേണ്ടി വരും

Avatar

ഇന്ദിര

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍