ഭാവിയില്‍ ഈ നിലപാട് ഗുണം ചെയ്യുമെന്നും മറിച്ചൊരു തീരുമാനമാണെങ്കില്‍ നേരിടേണ്ടി വരിക വലിയ തിരിച്ചടിയായിരിക്കുമെന്നും ശബരിമല ദര്‍ശനം നടത്തിയ ബിന്ദു
ലോക് സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉണ്ടായ കനത്ത തോല്‍വിക്ക് ശബരിമല യുവതി പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാട് ഒരു കാരണമായെന്ന് സിപിഎം വിലയിരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മൗലികാവകാശത്തിന്റെ സംരക്ഷണം ഭരണഘടനാപരമായ ഉത്തരവാദിത്വമെന്നു ചൂണ്ടിക്കാട്ടി ഉണ്ടായ സുപ്രിം കോടതി വിധി നടപ്പക്കാന്‍ തയ്യാറായ ഇടതുപക്ഷ സര്‍ക്കാരിനെ വിശ്വാസി സമൂഹം കൈയൊഴിഞ്ഞതാണെന്ന വിമര്‍ശനം ഇടതു പാര്‍ട്ടികളും നടത്തുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വി കൊണ്ടോ, അതിന്‍മേല്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളുടെ പേരിലോ സര്‍ക്കാരും സിപിഎമ്മും കൈക്കൊണ്ടുവന്ന നവോഥാന നിലപാടുകള്‍ ഉപേക്ഷിക്കരുതെന്നാണ്, സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അഡ്വ.ബിന്ദു അമ്മിണി പറയുന്നത്. ആചാരലംഘനത്തിന്റെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നിട്ടുള്ള ബിന്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെയും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ തന്റെ നിലപാട്, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയിലുള്ളതല്ലായിരുന്നുവെന്നും ആ നിലപാടുകളുമായി തന്നെയാകും മുന്നോട്ടു പോവുന്നതെന്നും വ്യക്തമാക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിനോടും സിപിഎമ്മിനോടും ബിന്ദു പറയുന്നത്, നവോഥാന മൂല്യങ്ങള്‍ കൈവിടരുതെന്നാണ്. ഭാവിയില്‍ അത് ഗുണം ചെയ്യുമെന്നും മറിച്ചൊരു തീരുമാനമാണെങ്കില്‍ നേരിടേണ്ടി വരിക വലിയ തിരിച്ചടിയായിരിക്കുമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.
ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയുടെ ഉത്തരവാദിത്വത്തിന് ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകളുടെ നേരെ വിരല്‍ ചൂണ്ടരുതെന്നും ബിന്ദു ആവശ്യപ്പെടുന്നു. ശബരിമല വിഷയം തിരിച്ചടിയുണ്ടാക്കിയെന്ന സിപിഎം വിലയിരുത്തല്‍ തെറ്റാണെന്നും ഇപ്പോഴത്തെ തോല്‍വിയെ ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയായി കാണേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ശബരിമല ഏതെങ്കിലും തരത്തില്‍ തെരഞ്ഞടുപ്പ് ഫലത്തെ സ്വാധീനിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ യുഡിഎഫിന്റെ തോല്‍ക്കേണ്ട ഒരേയൊരു സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയായിരുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശരിയായ നിലപാട് എടുത്തയാളാണ് രാഹുല്‍ ഗാന്ധി. ഇവിടെ കണ്ടത് മോദി വിരുദ്ധ തരംഗം മാത്രമാണ്. വളരെ ഭീകരമായിട്ടുള്ള ഹിന്ദുത്വ വര്‍ഗീയ വിഷം വമിപ്പിച്ചുകൊണ്ട് മുന്നോട്ടു വരികയാണ് സംഘപരിവാര്‍. ഈയൊരു സാഹചര്യം ഇവിടുത്തെ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളെ വളരെ ഭയപ്പാടിലാക്കി. 12 ശതമാനത്തോളം വരുന്ന നായര്‍ സമുദായത്തെ മാറ്റി നിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷമായ ക്രിസ്ത്യന്‍-മുസ്ലിം സമുദായത്തിലുള്ളവര്‍ ചെയ്ത സംഘപരിവാര്‍ വിരുദ്ധ വോട്ടുകളാണ് കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി മാറിയിട്ടുള്ളത്. അതല്ലാതെ, യുഡിഎഫിന് ഇത്രയും സീറ്റുകള്‍ കിട്ടിയത് അവരുടെ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനം കൊണ്ടല്ല. ദേശീയ തലത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. അവര്‍ ഒരു ഒറ്റകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെയാണ് ബദലായി കേരളം കണ്ടത്. ആയൊരു അര്‍ത്ഥത്തിലാണ് ലോക് സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് പോയത്; ബിന്ദു ചൂണ്ടിക്കാണിക്കുന്നു.
ഇടതുപക്ഷം അടക്കം നടത്തിയ സംഘപരിവാര്‍ വിരുദ്ധ പ്രചരണങ്ങളും കോണ്‍ഗ്രസിന് അനുകൂലമായി മാറിയെന്നും ബിന്ദു പറയുന്നു. ഈ രീതിയിലുള്ള കാരണങ്ങളല്ലാതെ, ശബരിമല വിഷയം ഇവിടെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ബിന്ദു ഉറപ്പിക്കുന്നത്. ശബരിമല യുവതീ പ്രവേശനമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നു പറയാന്‍ കഴിയില്ല. അക്കാരണം കൊണ്ട് സിപിഎമ്മിന് കുറെ വോട്ടുകള്‍ പോയി എന്ന പറച്ചലിലും വാസ്തവമില്ല. ഇവിടെ ദേശീയ രാഷ്ട്രീയം സ്വാധിനിച്ചതാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതായിരിക്കില്ല സ്ഥിതി. സിപിഎമ്മിന് നഷ്ടപ്പെട്ടെന്നു പറയുന്ന വോട്ടുകള്‍ അവരോട് അനുഭാവമുള്ള, അവരോട് സഹകരിച്ചു വന്നിരുന്ന ആളുകളുടേതല്ല. ഇടതുപക്ഷത്തേില്‍ നിന്നും അകന്നു പോയ ഒരുപാട് വിഭാഗങ്ങളെ അടുപ്പിക്കാന്‍ ഇപ്പോഴത്തെ നിലപാടുമായി ബന്ധപ്പെട്ടു കൊണ്ട് സിപിഎമ്മിന് കഴിഞ്ഞിട്ടുമുണ്ട്. ഇത്തവണ സിപിഎമ്മിന് കിട്ടിയിരിക്കുന്നത് നിലപാടുകളുടെ വോട്ടാണ്. സിപിഎമ്മുകാരും ഇടതുപക്ഷ അംഗങ്ങളും മാത്രം ചെയ്ത വോട്ടുകളല്ല. അതേസമയം പാര്‍ട്ടി അംഗങ്ങളിലെ സംഘപരിവാര്‍ നിലപാടുകള്‍ ഉണ്ടായിരുന്ന ആളുകള്‍ പാര്‍ട്ടിക്ക് എതിരായി വോട്ട് ചെയ്തിട്ടുമുണ്ട്. എങ്കില്‍ പോലും ഇതൊന്നും തിരിച്ചടിയായി കാണേണ്ടതില്ല. പല കാരണങ്ങള്‍ കൊണ്ട് അകന്നു പോയവരെയെക്കൊ തിരികെ കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ സാധിച്ചിട്ടുണ്ടെന്നതു തന്നെ വളരെ പോസിറ്റീവ് ആയ കാര്യമാണ്.
എന്നാല്‍, തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയുടെ പേരില്‍ ശബരിമലയിലേത് ഉള്‍പ്പെടെയുള്ള നവോഥാന മുന്നേറ്റങ്ങളില്‍ നിന്നും പിന്നാക്കം പോവുകയാണെങ്കില്‍ അത് സിപിഎമ്മിന് വലിയ തിരിച്ചടിയായിരിക്കും ഉണ്ടാക്കുകയെന്നും ബിന്ദു തന്റെ അഭിപ്രായമായി പറയുന്നു. സംഘപരിവാര്‍ കൊണ്ടു വരുന്ന പ്രചാരണങ്ങള്‍ക്ക് ഒപ്പമുള്ള പോക്കായിരിക്കും അത്തരത്തിലൊരു പിന്മാറ്റത്തിലൂടെ സിപിഎം നടത്തുക. അത് പാര്‍ട്ടിയെ കൂടുതല്‍ വലതുപക്ഷത്തേക്ക് അടുപ്പിക്കും. ഇടതുപക്ഷ മൂല്യങ്ങള്‍ തകരും.
ഇന്ത്യയില്‍ മറ്റെല്ലായിടങ്ങളിലും മുന്നേറാന്‍ പറ്റിയപ്പോഴും കേരളത്തില്‍ സംഘപരിവാറിന് ഇടം കിട്ടാതെ വന്നത്, ഈ സമൂഹം ഉയര്‍ത്തിയ നവോഥാന മൂല്യങ്ങളുടെ ഫലമായിട്ടാണെന്നും, കേരളത്തിന്റെ ഈ മനോഭാവം ഭാവിയില്‍ ഇടതുപക്ഷത്തിനും വളരെയേറേ പ്രയോജനം ചെയ്യുമെന്നും ബിന്ദു അമ്മിണി വിശ്വാസം പ്രകടിപ്പിക്കുന്നു. അതിനു വേണ്ടത്, ഇപ്പോള്‍ സര്‍ക്കാരും സിപിഎമ്മും എടുത്തിരിക്കുന്ന നവോഥാന/ പുരോഗമന നിലപാടുകള്‍ കൈയൊഴിയാതെ കൊണ്ടു പോവുകയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.