UPDATES

ഓഫ് ബീറ്റ്

ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ ഇനി വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കൊണ്ടുപോകണം

ഒരു സംഘം സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് ശ്രീകോവിലിന് മുന്നില്‍ പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് വിവാദമായതോടെയാണ് പുതിയ തീരുമാനം.

ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോകേണ്ടി വരും. 10നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വിലക്കുള്ള സാഹചര്യത്തിലും ഈ വിലക്ക് ലംഘിച്ച് ഈ പ്രായപരിധിയിലുള്ള സ്ത്രീകള്‍ സന്ദര്‍ശനം നടത്തിയെന്ന് വാര്‍ത്തയെ തുടര്‍ന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്റെ പുതിയ വിവാദ തീരുമാനം. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രമേ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീകളെ അകത്തേയ്ക്ക് പ്രവേശിപ്പിക്കൂ എന്ന് ദേവസ്വം ബോഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

സ്ത്രീകളുടെ ബാഹ്യരൂപം നോക്കി അവരുടെ പ്രായം നിര്‍ണയിക്കുക പ്രയാസകരമാണ്. അതുകൊണ്ടാണ് പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരു സംഘം സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് ശ്രീകോവിലിന് മുന്നില്‍ പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് വിവാദമായതോടെയാണ് പുതിയ തീരുമാനം. എന്നാല്‍ ക്ഷേത്രാചാരങ്ങളോ ചട്ടങ്ങളോ സന്ദര്‍ശകര്‍ ലംഘിച്ചിട്ടില്ലെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഇവരുടെ പ്രായം പരിശോധിച്ച് പ്രശ്‌നമില്ലെന്നാണ് വിജിലന്‍സ് പറയുന്നത്. ശബരിമല സന്നിധാനത്ത് 50 താഴെ പ്രായമുള്ള സ്ത്രീകള്‍ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡയയില്‍ അടക്കം വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്.

1987ല്‍ തന്റെ 27ാം വയസില്‍ ശബരിമല ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് 2006ല്‍ കന്നഡ നടി ജയമാല നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായി മാറിയിരുന്നു. ജയമാലയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കേസ് പിന്നീട് ഹൈക്കോടതി തള്ളി. 2011ല്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള 35കാരിയായ യുവതി സന്നിധാനത്തെത്തി. ഇവരെ കണ്ട ആര്‍പിഎഫ് അംഗങ്ങള്‍ ഇവിടെ നിന്ന്് പുറത്താക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍