UPDATES

ട്രെന്‍ഡിങ്ങ്

അന്ന് കമല്‍, ഇന്ന് സച്ചിദാനന്ദന്‍; ഹിന്ദുത്വയുടെ ‘കൊടുങ്ങല്ലൂര്‍ പ്രൊജക്റ്റ്’

അതിദേശീയവാദം; വിദ്വേഷത്തെ ഊതിപ്പെരുപ്പിക്കുന്ന ഒരു മതതുല്യ വികാരോന്മാദമെന്ന് സച്ചിദാനന്ദന്‍-കമലിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് 2017 ജനുവരി 11നു ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

2016 ഡിസംബര്‍ മാസമാണ് സിനിമ തിയറ്ററിലെ ദേശീയഗാനാലാപവുമായി ബന്ധപ്പെട്ട കോടതി വിധിയെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ അതിദേശീയതയുടെ കുന്തമുനയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ പാഞ്ഞടുത്തത്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനം കേള്‍പ്പിക്കാനെടുത്ത നടപടിയെ കോടതിയില്‍ ചോദ്യം ചെയ്ത കൊടുങ്ങല്ലൂര്‍ ഫിലിം സൊസെറ്റിയുടെ രക്ഷാധികാരിയും ഇടതു സഹയാത്രികനും എന്ന നിലയിലായിരുന്നു കമലിനെതിരെയുള്ള ആക്രമണം. കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരും പുരോഗമന പ്രസ്ഥാനങ്ങളും അന്ന് കമലിന് പിന്നില്‍ അടിയുറച്ചു നിന്നു. അന്ന് സംഘപരിവാറിനെതിരെ ഏറ്റവും ഉച്ചത്തില്‍ കേട്ട ശബ്ദങ്ങളില്‍ ഒന്നായിരുന്നു കവി സച്ചിദാനന്ദന്‍റേത്. ഇന്നിപ്പോള്‍ ആ സച്ചിദാനന്ദനെതിരെ സംഘപരിവാര്‍ വാളെടുത്തിരിക്കുന്നു. രാജ്യദ്രോഹിയായ കവിയ്ക്ക് എന്തിന് എഴുത്തച്ഛന്‍ പുരസ്കാരം കൊടുക്കുന്നു എന്നാണ് സംഘപരിവാര്‍ ചോദ്യം. തന്റെ ഫേസ്ബുക്ക് പേജില്‍ തന്റെ നാട്ടുകാരന്‍ കൂടിയായ കമലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സച്ചിദാനന്ദന്‍ 2017 ജനുവരി 11നു കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

My statement of solidarity for Kamal, Film Director and Director, International Film Festival of Kerala attacked with no reason by some self-style patriots and abused as ‘traitor’ and ‘terrorist’, prepared for the protest meet at Kodungallur, Kamal’s native place (and mine too).

എന്റെ നാട്ടുകാരനും പ്രശസ്തസിനിമാസംവിധായകനുമായ കമലിന്നു നേരെ ഉണ്ടായ അക്രമത്തില്‍ ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഈ പ്രതിഷേധസമ്മേളനത്തോട് ഐക്യദാര്‍ഢൃം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

കമലിന്നു കേരളത്തില്‍ നേരിടേണ്ടിവന്ന ആക്രമണം ഇന്ത്യയില്‍ വളര്‍ന്നുവരുന്ന മൂന്നു ജനാധിപത്യവിരുദ്ധപ്രവണതകളുടെ പ്രകടനമാണ്.

ഒന്ന്, സ്വതന്ത്ര കലാകാരന്മാരോടും പ്രതിപക്ഷചിന്തകരോടും വളര്‍ന്നുവരുന്ന അസഹിഷ്ണുത. എം എഫ് ഹുസൈന്‍, യൂ ആര്‍ അനന്തമൂര്‍ത്തി, റൊമീലാ ഥാപ്പര്‍, ഹബീബ് തന്‍വീര്‍, നന്ദിതാ ദാസ്, എം എം ബഷീര്‍, ദീപാ മേത്ത, അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഓംപുരി, വെന്‍ഡി ഡോണിഗര്‍, മേഘാകുമാര്‍, ശുഭാ മുദ്ഗല്‍, റിയാസ് കോമു തീസ്താ സെതല്‍വാദ്, ശബനം ഹഷ്മി തുടങ്ങി എണ്ണമറ്റ കലാകാരന്മാര്‍ക്കും ഗവേഷകര്‍ക്കും ചിന്തകര്‍ക്കും സാമൂഹ്യപ്രവര്തകര്‍ക്കും, പുരസ്കാരങ്ങളും സ്ഥാനങ്ങളും ഉപേക്ഷിച്ച സാഹിത്യകാരന്മാര്‍ക്കും,  അനേകം കലാസൃഷ്ടികള്‍ക്കും പുസ്തകങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും എതിരെ ഉണ്ടായ അക്രമങ്ങളും ഭീഷണികളും ഗോവിന്ദ് പന്‍സരെ, നരേന്ദ്ര ദാഭോല്‍ക്കര്‍, എം എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകവും ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.

രണ്ട്, എല്ലാത്തരം ന്യൂനപക്ഷങ്ങള്‍ക്കും, വിശിഷ്യാ മുസ്ലീങ്ങള്‍ക്കും എതിരായ ആക്രമണം. നാസികള്‍ യഹൂദരെ എന്ന പോലെ ഇന്ത്യന്‍ ജനതതിയുടെ അവിഭാജ്യഭാഗമായ, ഇവിടെ ജനിച്ച് വളര്‍ന്ന, നാടിനു വേണ്ടി ത്യാഗം അനുഭവിക്കുകയും നമ്മുട സമന്വിതസംസ്കാരത്തിനും കലയ്ക്കും ചിന്തയ്ക്കും അപൂര്‍വ്വസംഭാവനകള്‍ നല്‍കുകയും ചെയ്ത മുസ്ലീം ജനതയെ എല്ലാ ദുരിതത്തിനും കാരണഭൂതര്‍ എന്ന നിലയില്‍ അപരവത്കരിക്കുകയാണ് ഹിന്ദുത്വവാദികള്‍ ചെയ്യുന്നത്. മുസ്ലീം പേരുള്ള ആരെയും രാജ്യദ്രോഹി എന്നോ ഭീകരവാദി എന്നോ വിളിക്കുകയും ഇന്ത്യന്‍ ജനതയെ സാധ്വി നിരഞ്ജന ചെയ്തത് പോലെ ‘രാംസാദാ’, ‘ഹറാം സാദാ’ ( റാമിന് പിറന്നവരും  ഹറാം പിറന്നവരും) എന്ന് വിഭജിക്കുകയും, മുസ്ലിം പേരുണ്ടെന്നുള്ളത് കൊണ്ട് മാത്രം മതവിശ്വാസികള്‍ അല്ലാത്ത മുസ്ലീങ്ങളോടു പോലും പാക്കിസ്ഥാനിലെക്കോ കബറിസ്ഥാനിലെക്കോ പോകാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നവര്‍ തെളിയിക്കുന്നത് ഒരിക്കല്‍ ഇന്‍ഡ്യയുടെ വിഭജനം ആവശ്യപ്പെടാന്‍ ഒരു വിഭാഗം മുസ്ലീങ്ങളെ പ്രേരിപ്പിച്ച അതേ ഹിന്ദു തീവ്രവാദികള്‍    വീണ്ടും ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്. എല്ലാവരും കമല്‍ എന്നറിയുന്ന, ഒരു തരത്തിലും തീവ്രമതവിശ്വാസിയല്ലാത്ത കമലിനെ ‘കമാലുദ്ദീന്‍’ എന്ന് വിളിക്കുക വഴി അദ്ദേഹത്ത്തിന്റെ വിമര്‍ശകര്‍ തങ്ങളുടെ അളിഞ്ഞ മതരാഷ്ട്രീയം വെളിപ്പെടുത്തുകയായിരുന്നു.

‘എന്നെ ഇരയാക്കുകയായിരുന്നു’; ആമി, മഞ്ജു വാര്യര്‍, ദേശീയഗാനം – കമല്‍/അഭിമുഖം

മൂന്ന്, അതിദേശീയവാദം. ഇതിന്റെ അടിസ്ഥാനം  സ്വാഭാവികവും സര്‍ഗ്ഗാത്മകവുമായ ദേശസ്നേഹമല്ല, മറിച്ചു ദേശത്തെ സങ്കുചിതമായി  ഒരു ഏകമതഏകസംസ്കാരരാഷ്ട്രമായി  നിര്‍വ്വചിച്ചുകൊണ്ടും, ഇന്ത്യന്‍ സംസ്കൃതിയുടെ സമ്പന്നതയ്ക്കു നിദാനമായ  നാനാത്വത്തെ തിരസ്കരിച്ചു കൊണ്ടും, സ്വന്തം ഇഷ്ടത്തിനൊത്ത്  കൃത്രിമമായ ഒരു ഭൂതകാലം നിര്‍മ്മിച്ചു കൊണ്ടും,  സ്നേഹത്തെയല്ല, മറിച്ചു വിദ്വേഷത്തെ അടിസ്ഥാനമാക്കി ഊതിപ്പെരുപ്പിക്കുന്ന ഒരു മതതുല്യമായ വികാരോന്മാദമാണ്.

വെറുപ്പും യുദ്ധവും അപരവത്കരണവും വൃഥാസംശയവും സൃഷ്ടിക്കുന്ന ഇതിന്നെതിരെയാണ് രവീന്ദ്ര നാഥ ടാഗോറിനെപ്പോലുള്ള മനുഷ്യസ്നേഹികളായ രാജ്യസ്നേഹികള്‍ പണ്ടേ  താക്കീതു നല്‍കിയിരുന്നത്. തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരെ ശിക്ഷിക്കാനുള്ള ഒരായുധമായാണ് ഇവിടെ ദേശഭക്തി ഉപയോഗിക്കപ്പെടുന്നതു, അല്ലാതെ ജനങ്ങളുടെ നന്മക്കു വേണ്ടിയല്ല. ദേശീയപതാകയും ദേശീയഗാനവും ഉള്‍പ്പെട്ട ദേശപ്രതീകങ്ങള്‍ മുഴുവന്‍ ഇങ്ങിനെ അവയുടെ അര്‍ഥം നഷ്ടപ്പെട്ട് ആയുധങ്ങള്‍ ആയി മാറുന്നു. കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം പാടി പ്രകടനം നടത്തിയവരാണ്, ദേശീയഗാനാലാപന ത്തിന്നെതിരെ ഒരു നിലപാടും എടുത്തിട്ടില്ലാത്ത കമല്‍ അല്ലാ, ശരിക്കും ദേശീയഗാനത്തെ അപമാനിച്ചത്.

അപ്പോള്‍ ഇന്ന് ഇവിടെ നടക്കുന്ന പ്രതിഷേധം ഒരു സംഭവത്തെ മുന്‍ നിര്‍ത്തി ആയിരിക്കെത്തന്നെ, ഇന്ത്യയില്‍ വളര്‍ന്നു വരുന്ന, ഫാസിസത്തിന്റെ ലക്ഷണങ്ങളായ, ഈ മൂന്നു പ്രവണതകള്‍ക്കും എതിരായ  എന്‍റെ നാടിന്റെ മുന്നറിയിപ്പ് കൂടിയാണ്.

രാജ്യദ്രോഹി സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കിയതെന്തിനാണെന്നു സംഘപരിവാര്‍; കവിക്കെതിരേ ആക്ഷേപവര്‍ഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍