UPDATES

ആ ഏഴു വയസുകാരന്‍ അനുഭവിച്ച മരണവേദനകള്‍ നമ്മളെ വേട്ടയാടുക തന്നെ ചെയ്യും

മരണത്തിനും അവനുമിടയില്‍ നൂലിഴയുടെ പോലും അകലം ഇല്ലായിരുന്നെങ്കിലും കഴിഞ്ഞ ഒമ്പതു ദിവസവും കേരളം ഒന്നടങ്കം പ്രാര്‍ത്ഥിച്ചത് ജീവിതത്തിലേക്കുള്ള ആ കുഞ്ഞിന്റെ മടക്കത്തിനായിരുന്നു

ഒടുവില്‍ ആ ഏഴു വയസുകാരന്‍ പോയി. മരണത്തിനും അവനുമിടയില്‍ നൂലിഴയുടെ പോലും അകലം ഇല്ലായിരുന്നെങ്കിലും കഴിഞ്ഞ ഒമ്പതു ദിവസവും കേരളം ഒന്നടങ്കം പ്രാര്‍ത്ഥിച്ചത് ജീവിതത്തിലേക്കുള്ള ആ കുഞ്ഞിന്റെ മടക്കത്തിനായിരുന്നു. ആ കാത്തിരിപ്പുകള്‍ വിഫലമായി.

വെറും ഏഴാമത്തെ വയസിലാണ് കൊടിയ പീഡനങ്ങളുടെ വേദന നിറഞ്ഞ മരണം ആ കുഞ്ഞിന് അമ്മയുടെ സുഹൃത്ത് വിധിച്ചത്. ആറു മാസങ്ങള്‍ക്കു മുമ്പ് വരെ വളരെ സന്തോഷവനായി ജീവിച്ചിരുന്ന അവന്റെ ജീവിതം അച്ഛന്റെ മരണത്തോടെയാണ് തകരുന്നത്. അമ്മയുടെ കൂട്ടുകാരനായി വന്നയാള്‍ തനിക്കും അനിയനും സംരക്ഷകനാകുമെന്നു കരുതിയെങ്കിലും കാത്തിരുന്നത് കറുത്ത ദിനങ്ങള്‍. ഉത്സാഹിയായിരുന്ന അവന്‍ വീട്ടിലും സ്‌കൂളിലും പെട്ടെന്നു നിശബ്ദനായി. ചോദിച്ചവരോടൊക്കെ പറഞ്ഞത് ‘എന്റ അച്ഛന്‍ മരിച്ചു പോയി’ എന്നുമാത്രം. അച്ഛനില്ലാതായതിന്റെ വേദനയായിരിക്കും അവനെന്നാണ് മറ്റുള്ളവരും കരുതിയത്. യാഥാര്‍ത്ഥ്യം പക്ഷേ അതല്ലായിരുന്നു. എല്ലാമറിയാമായിരുന്നിട്ടും സ്വന്തം അമ്മയ്ക്കും അവനെ രക്ഷിക്കാനിയില്ല. ആരും രക്ഷയ്ക്കില്ലാതെ പോയ ആ കുഞ്ഞാണ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിന്നും മരണത്തിന്റെ കൈപിടിച്ച് പോയിരിക്കുന്നത്.

മരണത്തെക്കാള്‍ വലിയ മരണവേദനകളായിരുന്നു ആ കുഞ്ഞ് അനുഭവിച്ചിരുന്നത്. അന്നത്തെ, ആ കറുത്ത രാത്രിയിലെ പീഡനം മാത്രമായിരുന്നില്ല അവന് ഏല്‍ക്കേണ്ടി വന്നത്. അതിനു മുമ്പും ആ കുഞ്ഞ് ശരീരവും മനസും ഒരുപാട് മുറിപ്പെട്ടിരുന്നു. അച്ഛ എന്നായിരുന്നു അരുണ്‍ ആനന്ദ് എന്ന അമ്മയുടെ സുഹൃത്തിനെ(അയാള്‍ ആ കുഞ്ഞിന്റെ അച്ഛന്റെ പിതൃസഹോദരിയുടെ മകനും കൂടിയാണ്) അവന്‍ വിളിച്ചിരുന്നത്. അച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന വ്യക്തിയില്‍ നിന്നും പക്ഷേ അവനേല്‍ക്കേണ്ടി വന്നത് ഇനിയൊരു കുഞ്ഞിനും അനുഭവിക്കേണ്ടി വരല്ലേ എന്നാഗ്രഹിക്കുന്ന പീഡനങ്ങളും.

ആ രാത്രിയില്‍ നടന്നകാര്യങ്ങള്‍ തന്നെ ഓര്‍ത്തു നോക്കൂ. പുറത്തു പോയി പുലര്‍ച്ചെയാണ് അരുണും യുവതിയും തിരിച്ചെത്തിയത്. ആ രാത്രി മുഴുവന്‍ ഏഴും നാലരയും വയസുള്ള രണ്ടു കുഞ്ഞുങ്ങള്‍ അയല്‍ബന്ധങ്ങള്‍ പോലുമില്ലാത്ത ആ വീട്ടില്‍ തനിച്ചായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ. എന്നാല്‍ അങ്ങനെയൊരു കുറ്റബോധവും കൂടാതെ വീട്ടില്‍ വന്നു കയറി അരുണ്‍ ഇളയ കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചു എന്ന കാരണം കണ്ടുപിടിച്ചാണ് ആ ഏഴു വയസുകാരനെ മൃഗീയമായി ആക്രമിച്ചത്. നിലത്തിട്ടു ചവിട്ടിയും കാലില്‍ തൂക്കി ഭിത്തിയില്‍ അടിച്ചും അരുണ്‍ തന്റെ വൈരാഗ്യം ആ കൊച്ചു ശരീരത്തോട് തീര്‍ത്തു. തലയോട്ടി തകര്‍ന്ന്, ശ്വാസകോശവും ഹൃദയവും തകരാറിലായി ഏതാണ്ട് മരിച്ച അവസ്ഥയിലാണ് ഏഴു വയസുകാരനെ ആശുപത്രിയില്‍ എത്തിച്ചത്. അവനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്, ആ കുഞ്ഞിനെ കണ്ട് ഹൃദയം തകര്‍ന്നുപോയെന്നാണ്. രക്ഷപ്പെടാന്‍ ചെറിയ സാധ്യത മാത്രമായിരുന്നിട്ടും കഴിവിന്റെ പരമാവധി ശ്രമിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പാടെ നിലച്ചിരുന്നു. ആന്തരികരക്തസ്രാവം നിയന്ത്രണാതീതമായിരുന്നു. ശ്വസിക്കാന്‍ പോലും ആ കുഞ്ഞിന് കഴിയുമായിരുന്നില്ല. ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. എന്നിട്ടും എല്ലാവരും കാത്തിരുന്നു.

കൊടുക്രൂരതകളായിരുന്നു ഇയാള്‍ രണ്ടു കുട്ടികളോടും കാണിച്ചിരുന്നതെന്ന് അരുണിനെ കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിരുന്നു. കുട്ടികളുടെ മുഖത്ത് അടിക്കുന്നതും തൊഴിക്കുന്നതും സിഗരറ്റ് കുത്തി പൊള്ളിക്കുന്നതും ഒരു വിനോദം പോലെയായിരുന്നു അരുണ്‍ ചെയ്തിരുന്നത്. കുട്ടികളെ തല്ലാന്‍ വേണ്ടി ഇരുമ്പ് കെട്ടിയ ഒരു വടി ഇയാള്‍ സൂക്ഷിച്ചിരുന്നു. റാസ്‌കല്‍ എന്നായിരുന്നു എപ്പോഴും കുട്ടികളെ വിളിച്ചിരുന്നത്. വീട്ടുജോലികളെല്ലാം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കും. മൂത്ത കുട്ടിയോടായിരുന്നു കൂടുതലും ക്രൂരത കാണിച്ചിരുന്നത്. മര്‍ദ്ദിക്കുന്നതില്‍ ഇളയ കുട്ടിയോടും കരുണ കാണിച്ചിരുന്നില്ല. ലഹരി ഉപയോഗിച്ച് സമനില തെറ്റുന്ന സമയത്ത് ഇളയ കുട്ടിയേയും മര്‍ദ്ദിക്കും. കുട്ടികളെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ യുവതിയുടെ മുഖത്ത് അടിക്കുകയും തൊഴിക്കുകയും ചെയ്യും.

പലദിവസങ്ങളിലും കുട്ടികളെയും വീട്ടില്‍ തനിച്ചാക്കി രാത്രിയില്‍ യുവതിയേയും വിളിച്ച് അരുണ്‍ പുറത്തു പോകും. പുലര്‍ച്ചെയായിരിക്കും തിരിച്ചു വരിക. രാത്രിയില്‍ പുറത്തു പോകുമ്പോഴും ഇയാള്‍ ലഹരി ഉപയോഗിച്ച അവസ്ഥയിലായിരിക്കും. പോലീസ് ചെക്കിംഗില്‍ നിന്നും രക്ഷപ്പെടാന്‍ യുവതിയെ കൊണ്ടായിരിക്കും മിക്കപ്പോഴും കാര്‍ ഓടിപ്പിക്കുന്നത്. ഏഴു വയസുകാരെ മരണത്തിലേക്ക് തള്ളിയിട്ട മര്‍ദ്ദനം നടത്തിയ ദിവസവും ഇയാള്‍ സുബോധത്തിലല്ലായിരുന്നു. പൊതുസ്ഥലങ്ങളില്‍ വച്ചുപോലും കുട്ടികളെ തല്ലാനും അസഭ്യം പറയാനും അരുണിന് മടിയില്ലായിരുന്നു. കുട്ടികളെ തല്ലാന്‍ ശ്രമിക്കവെ നാട്ടുകാര്‍ ഇടപെട്ട സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. രണ്ടു കുട്ടികളെയും ഏതെങ്കിലും അനാഥാലയത്തിലോ ബോര്‍ഡിംഗിലോ കൊണ്ടു പോയി ആക്കണമെന്നതാണ് അരുണ്‍ നിരന്തരം ആവശ്യപ്പെട്ടിരുന്ന കാര്യം. മരണപ്പെട്ട ഏഴു വയസുകാരനെ അരുണ്‍ ലൈംഗികമായും ഉപദ്രവിച്ചിരുന്നതായും പറയുന്നുണ്ട്. പലതവണ ഇയാള്‍ കുട്ടിയെ ഈ വിധത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പുറത്തു വന്ന വിവരങ്ങള്‍. മരണത്തിനു മുമ്പ് ഇത്തരത്തിലുള്ള എല്ലാ പീഡനങ്ങളും ആ കുട്ടി അനുഭവിച്ചിരുന്നു. മരണത്തേക്കാള്‍ വേദനയേറിയ പീഡനങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍