കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാല കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിവാദ സര്‍ക്കുലറിനെതിരെ പ്രതിഷേധം പുകയുന്നു
കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാല കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിവാദ സര്‍ക്കുലറിനെതിരെ പ്രതിഷേധം പുകയുന്നു. ഇനി മുതല്‍ സര്‍വകലാശാലയില്‍ ‘അപ്രസക്ത’ വിഷയങ്ങളില്‍ ഗവേഷണം വേണ്ടെന്നും, മറിച്ച് ‘ദേശീയ പ്രാധാന്യമുള്ള’ വിഷയങ്ങള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നും കാണിച്ച് മാര്‍ച്ച് പതിമൂന്നിന് വൈസ് ചാന്‍സലര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ആദ്യ ഘട്ടം മുതല്‍ക്കു തന്നെ വിദ്യാര്‍ത്ഥികളുടെയിടയില്‍ പ്രതിഷേധത്തിന് ഇടയൊരുക്കിയിരുന്നു. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലുള്ള ഗഹനമായ പഠനങ്ങള്‍ നിയന്ത്രിച്ച്, പുരോഗമനാശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിദ്യാര്‍ത്ഥിസമൂഹത്തെ ക്യാംപസ്സില്‍ നിന്നു തന്നെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ സര്‍ക്കുലറെന്നായിരുന്നു ഒരു വിഭാഗം ഗവേഷകരുടെ പ്രതികരണം. മറ്റൊരു വിഭാഗമാകട്ടെ, സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങളില്‍ അല്പം പോലും വ്യക്തതയില്ലാത്തിന്റെ പേരില്‍ അസ്വസ്ഥരായിരുന്നു. അതിനിടെ, അക്കാദമിക വൃത്തങ്ങളില്‍ നിന്നും സര്‍ക്കുലറിനെതിരായ ശബ്ദങ്ങള്‍ ഉയരുകയാണ്.
കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസറായ ഡോ. മീന ടി. പിള്ള കഴിഞ്ഞ ദിവസം സര്‍ക്കുലറില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ലകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വം രാജിവച്ചിരുന്നു. രാജ്യത്തെ ക്യാംപസ്സുകളില്‍ സാംസ്‌കാരിക നിശ്ശബ്ദത കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണ് പുതിയ സര്‍ക്കുലറെന്നും അക്കാദമിക ഇടങ്ങളില്‍ കൂടുതല്‍ പേര്‍ ദേശദ്രോഹികളായി മുദ്രകുത്തപ്പെടാന്‍ പോകുന്നതിന്റെ മുന്നോടിയാണിതെന്നും ഡോ. മീന ടി. പിള്ള പ്രതികരിക്കുന്നു. ‘ദേശീയ പ്രാധാന്യമുള്ളതും അല്ലാത്തതുമായ വിഷയങ്ങള്‍ ആരാണ് തീരുമാനിക്കുന്നത്? ആരുടെ പ്രയോരിറ്റിയാണ് ഈ പറയുന്ന നാഷണല്‍ പ്രയോരിറ്റി? നാളെ ഇവര്‍ ദളിത് വിഷയങ്ങള്‍ ദേശീയ പ്രാധാന്യമര്‍ഹിക്കുന്നതല്ലെന്നു പറഞ്ഞാല്‍ എന്തു ചെയ്യും? സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, മലയാള സിനിമ, കേരള നവോത്ഥാനം ഇവയ്‌ക്കൊന്നും ദേശീയ പ്രാധാന്യമില്ലെന്നു പറഞ്ഞാലോ? പതിയെപ്പതിയെ ചരിത്ര പഠനവും രാഷ്ട്രമീമാംസ പഠനവും വിയോജിപ്പുകളുമെല്ലാം ഇല്ലാതെയാകും.’
സര്‍ക്കുലര്‍ പുറത്തു വന്നതിനു ശേഷവും വിദ്യാര്‍ത്ഥികളുടെയിടയിലുള്ള അതൃപ്തികളല്ലാതെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തുന്നവരെ തേടിപ്പിടിച്ച് ലക്ഷ്യം വച്ച് ഉപദ്രവിക്കുന്ന കേന്ദ്ര സര്‍വകലാശാലയുടെ നയങ്ങളില്‍ ഭയന്നാണ് തങ്ങള്‍ പരസ്യ പ്രതിഷേധത്തിന് തയ്യാറാകാത്തതെന്ന് വിദ്യാര്‍ത്ഥികളും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോ. മീനയുടെ രാജി ചര്‍ച്ചയാകുന്നത്. അക്കാദമിക വൃത്തങ്ങളില്‍ നിന്നും വിവാദ സര്‍ക്കുലറിനെതിരെ ഉയര്‍ന്ന ഒരേയൊരു നിലപാടാണ് ഡോ.മീനയുടേത്. ദേശീയ തലത്തില്‍ ചര്‍ച്ചയാകേണ്ട ഇത്തരമൊരു വിഷയത്തില്‍ പൊതു സമൂഹം ഇനിയും മൗനം പാലിക്കുന്നത് എന്താണെന്നും ഡോ. മീന ടി. പിള്ള ചോദിക്കുന്നുണ്ട്. സര്‍ക്കുലറിനു പിന്നില്‍ പതിയിരിക്കുന്ന അപകടം തിരിച്ചറിയേണ്ടതുണ്ടെന്നും, ഇപ്പോള്‍ മൗനമായിരുന്നാല്‍ നാളെ സംസ്ഥാനത്തിനകത്തെ സര്‍വകലാശാലകളിലേക്ക് ഇത്തരം നടപടികള്‍ കടന്നുകയറ്റം നടത്തുമ്പോഴും നോക്കിനില്‍ക്കേണ്ടിവരുമെന്നും ഡോ.മീന പറയുന്നു. ഇന്ന് കേന്ദ്ര സര്‍വകലാശാലയില്‍ നിലവില്‍ വന്ന നിയമങ്ങള്‍ നാളെ യു.ജി.സി ഫണ്ടിംഗിന്റെ പേരില്‍ കേരളത്തിലെ സര്‍വകലാശാലകളിലേക്കും പടര്‍ന്നുകൂടെന്നില്ല. ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകത അന്നേ തിരിച്ചറിയാനാകൂ എന്നും ഡോ. മീന കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അംബേദ്കര്‍ സ്റ്റഡീസ്, ദളിത് സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിങ്ങനെയുള്ള സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് ക്യാംപസ്സിന്റെ കാവിവല്‍ക്കരണത്തിനെതിരെ വിയോജിപ്പുകള്‍ ഉയര്‍ത്തുന്നതില്‍ മുന്‍പന്തിയിലുള്ളതെന്നും, ഇക്കൂട്ടരെ നിശ്ശബ്ദരാക്കുക എന്ന ഉദ്ദേശത്തോടെയാണ് വിഷയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചുള്ള നീക്കങ്ങള്‍ കൊണ്ടുവരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളല്ല, മറിച്ച് ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണങ്ങളെ മെച്ചപ്പെടുത്തുക എന്നതാണ് സര്‍ക്കുലറിന്റെ ഉദ്ദേശലക്ഷ്യമെന്നും, കാര്‍ഷിക മേഖലയിലും മറ്റും നേരിട്ട് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പഠനങ്ങള്‍ കൂടുതലായി ഉണ്ടാകാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു സര്‍വകലാശാല അധികൃതരുടെ പക്ഷം. ശാസ്ത്ര ഗവേഷണത്തില്‍ രാജ്യം വളരെ പിറകിലാണെന്നും, പത്തും ഇരുപതും വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്തുകൊണ്ടിരുന്ന അതേ ഗവേഷണങ്ങളാണ് ഇപ്പോഴും നടക്കുന്നതെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, സര്‍ക്കുലറില്‍ കൃത്യമായി ഏതു വിഷയം പഠിക്കുന്നവരെ ഉദ്ദേശിച്ചാണെന്നോ ഏതെല്ലാമാണ് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെന്നോ വ്യക്തമാക്കാത്ത സ്ഥിതിക്ക്, അധികൃതരുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു.
Read More: വരാന്‍ പോകുന്നത് ‘ഗോമൂത്ര’ ഗവേഷണത്തിന്റെ കാലം-ഡോ. മീന ടി. പിള്ള സംസാരിക്കുന്നു
‘ശാസ്ത്ര വിഷയങ്ങളുടെ കാര്യത്തില്‍ തന്നെയാണ് ഇവര്‍ക്ക് ആശങ്ക എന്നു തന്നെയിരിക്കട്ടെ. ഏതു തരം ശാസ്ത്രമാണ് ഇവര്‍ക്ക് ദേശീയ പ്രാധാന്യമുള്ളതായി തോന്നുക? പണ്ട് പുഷ്പകവിമാനവും ടെക്നോളജിയുമുണ്ടായിരുന്നു എന്ന് പലരും പറയുന്ന കാലമാണിത്. ഗോമൂത്രം എങ്ങനെയാണ് ഭാരതീയ പശ്ചാത്തലത്തില്‍ പ്രധാനമാകുന്നത് എന്നു കണ്ടെത്തുന്ന ഗവേഷകര്‍ക്കു മാത്രം ഫണ്ടിംഗ് കൊടുക്കുന്ന കാലത്തിലേക്കാണോ നമ്മള്‍ പോകുന്നത്? സര്‍ക്കുലറില്‍ സയന്‍സ് എന്നോ സോഷ്യല്‍ സയന്‍സെന്നോ എടുത്തു പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.’ ഡോ.മീന പറയുന്നു. വിവാദ സര്‍ക്കുലര്‍ വിഷയത്തിലെ ചര്‍ച്ചകള്‍ മുഖ്യധാരയില്‍ നടക്കാത്ത സാഹചര്യത്തില്‍ ഡോ. മീന ടി. പിള്ളയുടെ രാജി വലിയൊരു പ്രതിരോധനീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഡോ.മീനയുടെ നിലപാട് പുറത്തുവന്നതോടെ സംസ്ഥാനത്തെ അക്കാദമിക വൃത്തങ്ങളിലും കേന്ദ്ര സര്‍വകാശാലയിലെ കാവിവല്‍ക്കരണം ചര്‍ച്ചയായി മാറുന്നുണ്ട്.
ഇതാദ്യമായല്ല കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയെക്കുറിച്ച് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. നേരത്തേ, ക്യാംപസ്സിലെ ദളിത് വിരുദ്ധതയെയും സംഘപരിവാര്‍ സാന്നിധ്യത്തെയും ചോദ്യം ചെയ്തതിന്റെ പേരില്‍ ഗവേഷണ വിദ്യാര്‍ത്ഥി ജി. നാഗരാജുവിനെ ജനല്‍ച്ചില്ലു പൊട്ടിച്ചെന്ന കുറ്റം ചാര്‍ത്തി പൊലീസ് അറസ്റ്റു ചെയ്തതും വാര്‍ത്തയായിരുന്നു. ഇതിനോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളെഴുതിയ അഖില്‍ എന്ന വിദ്യാര്‍ത്ഥിക്കും പ്രസാദ് പന്ന്യന്‍ എന്ന അധ്യാപകനും അധികൃതരുടെ പ്രതികാര നടപടികള്‍ക്ക് ഇരയാകേണ്ടി വരികയും ചെയ്തിരുന്നു. ©
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”