UPDATES

തീരം തിന്നുന്ന പുതിയ തീരദേശ നിയന്ത്രണ മേഖല ഉത്തരവിന് പിന്നിൽ വാജ്പേയ് സര്‍ക്കാര്‍ കൊണ്ടുവന്ന സാഗർ മാല പദ്ധതി

പദ്ധതിയിലൂടെ കൃത്രിമ തുറമുഖങ്ങൾ നിർമിക്കാനും തീരദേശ സാമ്പത്തിക മേഖലകളും തീരദേശ ഹൈവേകളും കൊണ്ടുവരാനും ആണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്

എട്ടു ലക്ഷം കോടി മുടക്കി 435 വിവിധ പ്രൊജക്റ്റുകൾ ഉൾപ്പെടെ 14 തീരദേശ സാമ്പത്തിക മേഖലകളും 11 തീരദേശ സാമ്പത്തിക യൂണിറ്റുകളും നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ 2016ൽ അംഗീകരിച്ച സാഗര്‍ മാല പദ്ധതിയാണ് പുതിയ തീരദേശ നിയന്ത്രണ മേഖല ഉത്തരവ് ഇറങ്ങിയതിന്റെ പിന്നില്‍ എന്ന് മത്സ്യമേഖലയിലെ സംഘടനകളും സാമൂഹിക സംഘടനകളും യൂണിയനുകളും ആരോപിച്ചു.

2003ൽ അടൽ ബിഹാരി വാജ്പേയുടെ സർക്കാർ ആണ് സാഗര്‍ മാല പദ്ധതി മുന്നോട്ടു വെച്ചത്. 2015 ജൂലായ് 31ന് സാഗരമാല പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നൽകി. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം 2016 ഫെബ്രുവരിയിൽ സാഗർ മാല എന്ന പേരിൽ ഒരു കരട് ചർച്ചയ്ക്കായി മുന്നോട്ടു വച്ചു. മൂന്ന് മാസത്തിനു ശേഷം 2016 ഏപ്രിലിൽ അന്തിമ സാഗർ മാല പദ്ധതി പ്രസദ്ധീകരിക്കപ്പെട്ടു. പദ്ധതി ഇപ്പോൾ ദ്രുതഗതിയിൽ മുന്നോട്ടു പോവുകയാണ്.

ഈ പദ്ധതിയിലൂടെ കൃത്രിമ തുറമുഖങ്ങൾ നിർമിക്കാനും തീരദേശ സാമ്പത്തിക മേഖലകളും തീരദേശ ഹൈവേകളും കൊണ്ടുവരാനും ആണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ കേരളത്തില്‍ അദാനി നിർമ്മിക്കുന്ന വിഴിഞ്ഞം പോർട്ടും ഉൾപ്പെടും.

സാഗര്‍ മാല പദ്ധതിക്ക് വേണ്ടിയാണ് പുതിയ തീരദേശ നിയന്ത്രണ ഉത്തരവ് ഇറക്കിയതെന്ന് മത്സ്യമേഖലയും ആയി ബന്ധപ്പെട്ട കഴിഞ്ഞ നാൽപ്പത് വര്‍ഷം ആയി പ്രവർത്തിക്കുന്ന ജോസഫ് വിജയൻ അഴിമുഖത്തോടു പറഞ്ഞു.

നിലവിലെ തീരദേശ നിയന്ത്രണ ഉത്തരവ് അനുസരിച്ചു ഹൈ ടൈഡ് ലൈനിൽ നിന്നും 200 മീറ്ററിന് അപ്പുറമേ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സാധിക്കുകയുള്ളു. എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങിയ പുതിയ തീരദേശ നിയന്ത്രണ ഉത്തരവ് അനുസരിച്ചു ഹൈ ടൈഡ് ലൈനിൽ നിന്നും 50 മീറ്ററിന് അപ്പുറവും വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം. പുതിയ തീരദേശ നിയന്ത്രണ ഉത്തരവ് പ്രകാരം ഒന്ന് മുതൽ അഞ്ചു വരെയുള്ള ഏതു മേഖലയിലും നിർമാണ പ്രവർത്തങ്ങൾ നടത്താം. തീരദേശ നിയന്ത്രണ മേഖല ഒന്ന് അതിലോല പരിസ്ഥിതി പ്രദേശമായി ആണ് കണക്കാക്കപ്പെടുന്നത്. അവിടെ മത്സ്യത്തൊഴിലാളിക്കു പോലും നിർമാണ പ്രവർത്തനം നടത്താൻ പറ്റില്ല. ആ സാഹചര്യത്തിൽ ആണ് വ്യവസായിക പ്രവർത്തനങ്ങൾ നടത്താൻ പുതിയ തീരദേശ നിയന്ത്രണ ഉത്തരവ് അനുമതി നൽകുന്നത് എന്ന് വിജയൻ കൂട്ടിച്ചേർത്തു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെയും കടലിന്റെ ആവാസ വ്യവസ്ഥയെയും സാരമായി ബാധിക്കും എന്ന് വിജയൻ പറഞ്ഞു.

സാഗർ മാല പദ്ധതിയിൽ ആകെ തുകയുടെ 3.1% മാത്രം ആണ് മത്സ്യത്തൊഴിലാളികളുടെ സരംക്ഷണത്തിന് നീക്കി വെച്ചിരിക്കുന്നത്. വിഴിഞ്ഞം പോർട്ടിന്റെ നിർമാണം വൻതോതിലുള്ള നാശനഷ്ടങ്ങൾ ആണ് ഇപ്പോഴേ തിരുവനന്തപുരം കൊല്ലം തീരദേശ മേഖലയിൽ വരുത്തിയിട്ടുള്ളത്. വിഴിഞ്ഞത്തു നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ബാധിക്കപ്പെടുന്നത് പൂന്തുറ, വലിയതുറ, മരിയനാട്, അഞ്ചുതെങ്ങ് എന്നീ പ്രദേശങ്ങളാണ്. തീരവും വീടും ആണ് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ചെറിയ കടൽ ക്ഷോഭം പോലും വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. മുതലപൊഴിയിൽ ഒരു ചെറിയ കൃത്രിമ തുറമുഖം നിര്‍മ്മിച്ചതിലൂടെ തീരത്തു ഉണ്ടായ ആഘാതം കൊണ്ട് ഏഴായിരത്തോളം വീടുകൾ ആണ് തകർന്നത് എന്ന അദ്ദേഹം കൂട്ടി ചേർത്തു.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ ഉണ്ടായ കടൽ ക്ഷോഭത്തിൽ തിരുവനന്തപുരം കൊല്ലം തീരമേഖലയിൽ 500 ഓളം വീടുകൾ ആണ് നഷ്ടപ്പെട്ടത് എന്ന് മിനി മോഹൻ എന്ന സാമൂഹിക പ്രവർത്തക പറഞ്ഞു. വീട് നഷ്ടപ്പെട്ടവരെ പല സ്കൂളുകളിലാണ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 21നു ശനിയാഴ്ച രാത്രിയിൽ വീട് നഷ്ടപ്പെട്ടവർ താമസ സൗകര്യം ലഭിക്കാതെ തിരുവനന്തപുരത്തു എയർപോർട്ട് റോഡ് ഉപരോധിക്കുകയുണ്ടായി. 2011 ലെ തീരദേശ നിയന്ത്ര ഉത്തരവ് പ്രകാരം എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്ന് കഴിഞ്ഞ ഒരു വർഷമായി ചർച്ച ചെയ്തു നിർദേശങ്ങൾ തയാറാക്കികൊണ്ടിരിക്കുമ്പോൾ ആണ് പുതിയ തീരദേശനിയന്ത്ര ഉത്തരവ് ഇറങ്ങുന്നത് എന്ന് മിനി കൂട്ടി ചേർത്തു.

ജനങ്ങളോട് സംസാരിക്കാതെ ആണ് പുതിയ തീരദേശ നിയന്ത്ര ഉത്തരവ് ഇറക്കിയതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ആയ സജു ലീൻസ് പറഞ്ഞു. നിലവിലെ നിയമം പ്രകാരം ചില തീരദേശ നിയന്ത്ര മേഖലകളിൽ 200 മീറ്ററിനുള്ളിൽ ഉള്ള സ്ഥലങ്ങളിൽ വീട് നിർമാണം സാധിക്കില്ല. അങ്ങനെ നിർമിച്ചാൽ തന്നെ വീടിനു പഞ്ചായത്തിൽ നിന്നും രേഖകൾ കിട്ടില്ല. പുതിയ തീരദേശ നിയന്ത്ര ഉത്തരവ് നടപ്പിൽ വന്നാൽ എല്ലാവര്‍ക്കും വീട് നമ്പർ കിട്ടും എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മത്സ്യത്തൊഴിലാളികളെ പറ്റിക്കുന്നത് എന്ന് സജു ആരോപിച്ചു. ഇപ്പോൾ 50 മീറ്റർ ആക്കിയതുകൊണ്ട് എല്ലാവർക്കും നിർമ്മാണ പ്രവർത്തനങ്ങൾ സാധിക്കും എന്നാണ് മത്സ്യത്തൊഴിലാളികളെ ധരിപ്പിച്ചിരിക്കുന്നത് എന്ന് സജു പറഞ്ഞു.

അമിതമായി ടൂറിസം മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും കൊണ്ടുവരാൻ ആണ് പുതിയ നിയമം എന്ന് ഈ വിഷയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അഡ്വക്കേറ്റ് വിനിൽ പറഞ്ഞു. ഇത് മത്സ്യമേഖലകളിലെ ജീവനോപാധി കണക്കിലെടുക്കാതെയും കടലിലെ ആവാസവ്യവസ്ഥയുടെ സംരക്ഷണം കണക്കിലെടുക്കാതെയുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കമാണ് എന്ന് വിനിൽ ആരോപിച്ചു. തീരപരിപാലന വിജ്ഞാപനം മാറി മറിയുമ്പോൾ നമ്മുടെ തീരത്തെ അവസ്ഥയിലും അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കുന്നത് കാണാതെ പോകരുത്. തീരം കൃത്രിമമായി കൂടിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം കൊല്ലം ജില്ലകളിൽ വൻ നാശനഷ്ടങ്ങൾ ആണ് ഉണ്ടാക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുപക്ഷെ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖല മത്സ്യ ബന്ധനമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. 32.87 ലക്ഷം ച.കി.മീ.ആകെ ഭൂമിയുള്ള ഇന്ത്യയിൽ 8129 കി.മീ. തീരദേശ മേഖലയാണ്. ലോകത്തിലെ ആകെ മത്സ്യ ഉത്പാദനത്തിന്റെ 6.3% ഈ തീരദേശ മേഖലയിൽ നിന്നുമാണ്. രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനത്തിലെ 1.1%വും കാര്‍ഷിക ഉത്പാദനത്തിന്റെ 5.15% ആണ് ഇത്.

എന്നാൽ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏകദേശം ഒന്നരക്കോടിയോളം വരുന്ന ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക നിലവാരം ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു ചോദ്യമായി നില്ക്കുകയാണ്.

ഇത് ഇന്ത്യ ആകെയുള്ള അവസ്ഥയാണെങ്കിലും ലോകത്തിനു തന്നെ വികസന മാതൃകയാക്കാന്‍ വെമ്പൽ കൊള്ളുന്ന കേരളത്തിലെ ഇതേ ജന വിഭാഗത്തിന്റെ അവസ്ഥ പറയാതിരിക്കുന്നത് ഉചിതമല്ല എന്നു തോന്നുന്നു. ഇന്ത്യലെ ആകെ സമുദ്ര തീരത്തിന്റെ 7.5% കേരളത്തിലാണ്. കേരള തീരത്തിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന 590കി.മീ. ദൂരത്തിൽ നീണ്ടുകിടക്കുന്ന കടൽ തീരത്തും 222കി.മി. ഉള്‍നാടന്‍ തീരത്തും 11.33 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയാണ്. സംസ്ഥാനത്തെ ജനസാന്ദ്രതയുടെ കണക്കനുസരിച്ച് ഒരു ചതുരശ്രകി.മീ 819 പേര്‍ ആണെങ്കില്‍ കടല്‍ തീരത്തുള്ള 73 ലക്ഷം ജനങ്ങള്‍ ഒരു ഒരുചതുരശ്രകി.മീ. ചുറ്റളവില്‍ 2167 പേര്‍ എന്ന നിലയിലാണ് താമസിക്കുന്നത്. ഇത്രയും ജനം കടലിനെ മാത്രം ആശ്രയിച്ചാണ് ജീവിതം തള്ളിനീക്കുന്നത്. ഇതില് 3.86 ലക്ഷം പേര്‍ നേരിട്ട് മത്സ്യം പടിച്ചുവിറ്റും മറ്റുള്ളവര്‍ അനുബന്ധ തൊഴിലിലും ഏര്‍പ്പെട്ടിരിക്കുന്നവരും ആണ്.
.
നിയന്ത്രണത്തെക്കാളും അനുയോജ്യമായതു “സരക്ഷണം” എന്നു പറയുന്നതാകും കൂടുതൽ ശരി. അങ്ങനെയായാൽ തീരദേശ വാസികളുടെ ജീവനും ഉപജീവനത്തിനും സരക്ഷണം ഉറപ്പുവരുത്തുന്ന തീരമേഖല നിയന്ത്രണം എന്നത് ഈ വിജ്ഞാപനത്തിലൂടെ സാധ്യമാക്കണം. അതാണു തീരദേശവാസികള്‍ മുന്നോട്ടു വയ്ക്കുന്നത് എന്ന് സജു ലീന്‍സ് പറഞ്ഞു.

നിയമത്തിന്റെ നാൾ വഴികൾ
(കെന്നഡി ഗബ്രിയേല്‍ തയ്യാറാക്കിയ തീര നിയന്ത്രണ മേഖല- CRZഒരു വിശകലനത്തിൽ നിന്ന്)

1986: ഇന്ത്യന്‍ ഭരണഘടനയുടെ 253-ആം ഖണ്ഡിക അനുസരിച്ച് മെയ് 23-ന് അവതരിപ്പിച്ച് നവംബര്‍ 19നു പാര്‍ലമെന്റിന്‍റെ ഇരു സഭകളും പാസാക്കി. ഇതനുസരിച്ച് പ്രകൃതിയുടെ സംരക്ഷണം സമൂഹത്തിന്റെ സമഗ്രമായ വികസനത്തിനും മനുഷ്യ വിഭവ ശേഷിയെ കേന്ദ്രീകരിച്ചുള്ള സാമൂഹ്യ പുരോഗതിയ്ക്കും വേണ്ടിയുള്ളതാണ് എന്ന് സ്ഥാപിതമാക്കപ്പെട്ടു. Sec 3 (1)-ല്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. കൂടാതെ Sec-3(2-iv) -ൽ പരിസ്ഥിതിയുടെ നിലനില്‍പ്പിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ തടയുന്നതിനും അവരെ പുറത്താക്കുന്നതിനും യോഗ്യമായ മാസ്റ്റര്‍പ്ലാന്‍ പോലുള്ള പദ്ധതികള്‍ക്ക് രൂപം കൊടുത്തു നടപ്പിലാക്കാനും അധികാരം ഉണ്ടായിരിക്കുന്നതായി വ്യസ്ഥകള്‍ വച്ചു.

1991: തീര പരിപാലന വിജ്ഞാപനം 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 3 (1) ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് പരിസ്ഥിതി സംരക്ഷണത്തിനു വേണ്ട പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരിക്കുകയാണ്. ഫെബ്രുവരിയിൽ തീരമേഖല സംരക്ഷണത്തിനായി തീരസംരക്ഷണ വിജ്ഞാപനം ആദ്യമായി നിലവിൽ വന്നു.

CRZ Notification ലെ വ്യവസ്ഥകള്‍ അനുസരിച്ചു രാജ്യത്തിന്‍റെ കടല്‍ തീരത്തെ ഉയര്‍ന്ന വേലിയേറ്റ രേഖ (HTL) (തിരയടിച്ചു തീരത്തേയ്ക്ക് വരുന്നത് വരെയുള്ള തീരത്ത്) നിന്നും 500 മീറ്റര്‍ കരയിലുള്ള തീര നിയന്ത്രണമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. കടല്‍ത്തീരത്തെ ശക്തമായി സ്വാധീനിക്കുന്ന നദികള്‍, തോടുകള്‍, കനാലുകള്‍, നദിയുടെ നീരൊഴുക്കും എല്ലാം ഈ ഉയര്‍ന്ന വേലിയേറ്റ രേഖ (HTL) നിര്‍വ്വചനത്തിന്റെ കീഴിലാക്കി.

എന്നാൽ ഭൂപട നിര്‍മ്മിതിയുടെ സമയത്ത് ഇതിന്‍റെ കീഴിൽ വരുന്ന ഓരോന്നും പ്രത്യേകം പ്രത്യേകമായി പരിഗണിക്കുകയും അതാതു തീരത്തിന്‍റെ നീളം നിയന്ത്രണരേഖയ്ക്കുള്ളിലാക്കുകയും വേണം. എന്നിരുന്നാലും കുറഞ്ഞതു 100 മീറ്റര്‍ തീരത്തിന്‍റെയും നിയന്ത്രണം CRZ ദൂരപരിധിയില്‍പ്പെടുത്തി.

1994: S.O. 595 (E) dated 18th August, 1994 ബിബി വോറാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ വേലിയേറ്റ തീരത്തോട് ചേര്‍ന്നുള്ള അമ്പതു മീറ്റര്‍ വെള്ളത്തിനു മീതെപോലും നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനുള്ള ഭേദഗതി വരുത്തിയെങ്കിലും പിന്നീട് ബഹു. സുപ്രീം കോടതി അതു തള്ളുകയായിരുന്നു.

1997: S.O. 73 (E) dated 31th January, 1997 ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിൽ തീരമണൽ ഖനനത്തിനുവേണ്ട അനുമതി നേടിയെടുത്തുകൊണ്ട് ഭേദഗതി ഉത്തരവിറക്കി. S.O. 494 (E) dated 9th July, 1997 ജുലൈ 9നു തുറമുഖങ്ങളുടെ പരിധിയ്ക്കുള്ളിൽ തുറമുഖ വികസത്തിനുള്ള പ്രവര്‍ത്തനത്തിനു വേണ്ട അനുമതി നേടി.

1998: S.O. 334 (E) dated 20th April, 1998,
S.O. 873 (E) dated 30th September, 1998
26-11-1998-ലെ വിജ്ഞാന പ്രകാരം Kerala Coastal Zone Management Authority- KCZMA നിലവില്‍വന്നു. (നീണ്ട ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം) S.O. 1122 (E) dated 29th December, 1998

2000: S.O. 730 (E) dated 4th August, 2000 തീര നിയന്ത്രണ മേഖലയിലെ എണ്ണ-പ്രകൃതി വാതക സ്രോതസ്സുകളില്‍ നിന്നും ഖനനത്തിനുള്ള അനുമതി കൊടുത്തു കൊണ്ടു ഭേദഗതിയായി.S.O. 900 (E) dated 29th September 2000.

2001: ഏപ്രിൽ-12 നു വന്ന ഭേദഗതി. Dr. V.Rajagopalan -Joint Secretary-GoI- പുറപ്പെടുവിച്ചത് പ്രകാരം. മേൽ സൂചിപ്പിച്ച വിജ്ഞാപന പ്രകാരം വിലക്കു നേരിടേണ്ടി വന്ന പൊതുമേഖല സ്ഥാപനമായ അറ്റോമിക് ഊര്‍ജ്ജ വിഭാഗം ദില്ലി ഹൈക്കൊടതിയിൽ റിട്ട് കൊടുത്തതിന് പ്രകാരം ഉണ്ടായതാണു ഈ ഭേദഗതി. ഈ വിജ്ഞാപനത്തിന്റെത രണ്ടാം ഖണ്ഡത്തില് ഉള്‍പ്പെടുത്തിടുത്തിയിരിക്കുന്ന നിരോധിത പ്രവര്‍ത്തനങ്ങളുടെ പട്ടികയിൽ അറ്റോമിക് ഊര്‍ജ്ജ വിഭാഗത്തിന്റെ പ്രകൃതി വാതക ഗ്യാസ് നിര്‍മ്മാണണ കമ്പനിയെ ഒഴിവാക്കി. ഉയര്‍ന്ന വേലിയേറ്റ രേഖയിൽ (HTL) നിന്നും 500 മീറ്റര്‍ ദൂരപരിധിയിൽ ഒരുതരത്തിലുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കുന്നതല്ല. എന്നാൽ ഉയര്‍ന്ന വേലിയേറ്റ രേഖയ്ക്കും (HTL) താഴ്ന്ന വേലിയേറ്റ രേഖയ്ക്കും (LTL) ഇടയ്ക്കുള്ള പ്രദേശങ്ങളില്‍ അറ്റോമിക് ഊര്‍ജ്ജ വിഭാഗം അനുബന്ധത്തിലെ പട്ടികയിൽ 12-ല്‍ പറഞ്ഞിരിക്കുന്നവ (ഉയര്‍ന്ന വേലിയേറ്റ രേഖ (HTL) നും താഴ്ന്ന വേലിയേറ്റരേഖ (LTL) ഇടയ്ക്കുള്ള പ്രദേശങ്ങളിൽ, പൈപ്പ് ലൈന്‍ ഉപയോഗിച്ചുള്ള ട്രാന്‍സ് മീറ്ററുകള്‍ സ്ഥാപിക്കാനും വേണ്ട ഇളവുകള്‍, കല്‍ക്കത്തയിലെ സുന്ദര്‍ബന്‍ പ്രദേശത്തെ സാമൂഹ്യവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍, ഡിസ്പെന്‍സറി, കളിസ്ഥലങ്ങള്‍, റോഡുകള്‍, പാലങ്ങളുടെ നിര്‍മ്മാണണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി നേടിയെടുക്കുകയും ഈ നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തു.

2002: SO.550 (E), dated 21st May, 2002 – IT യെയും മറ്റു സേവന മേഖലകളേയും അന്തരീക്ഷ മലിനീകരണമില്ലാത്ത വിഭാഗമെന്നു കണ്ടു CRZ-ലെ പ്രത്യേക സാമ്പത്തിക മേഖലയായി തിരിക്കണമെന്ന ഭേദഗതി വരുത്തി അനുമതി തേടി. ഇതു കണക്കിലെടുത്തു ചില സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായുള്ള അനുമതിയായി കരുതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി.

2002: S.O.110 (E), dated 19th October, 2002 – Non Conventional Energy യ്ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാത്തതു കാരണം ആന്‍ഡമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് സമൂഹങ്ങള്‍ ഭക്ഷ്യ എണ്ണ, ധാന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഗൊഡൌണുകള്‍ക്കുള്ള അനുമതി തേടി വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ട ഭേദഗതികള്‍ വരുത്തി.

2003: S.O.460 (E), dated 22nd April 2003, – അഞ്ചുകോടിയിലധികം വരുന്ന പദ്ധതികള്‍ക്കുള്ള ക്ലിയറന്‍സ് വേണമെന്നതു പരിഷ്കരിച്ചു, CZMA യുടെ പക്കല് നിന്നും ക്ലീയറന്സ്, വേണ്ട എന്നുതീരുമാനിച്ചു. S.O.636 (E), മേയ് 30 നു ലക്ഷദ്വീപിലെ CRZ-I ലെ നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കിക്കൊണ്ടു ഭേദഗതി വരുത്തി. S.O.725 (E), ജൂണ്‍ 24 നു CRZ-I ഇൽ ഹാര്ബZറിലേയ്ക്കുള്ള ഗതാഗത സൗകര്യങ്ങള്‍ക്കായ് അനുവദിച്ചുകൊണ്ടു ഭേദഗതി വരുത്തി.

2004: S.O.838 (E), ജൂലൈ-24നു സമഗ്ര തീര പരിപാലന മാനേജ്മെന്‍റ് പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ CRZ-I 200 മീറ്ററില്‍ നിന്നും 50 മീറ്ററാക്കി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഭേദഗതി വരുത്തി.

2004:ജൂലൈയില്‍ പ്രസിദ്ധ ശാസ്ത്രജ്ഞന്‍ പ്രൊഫ. സ്വാമിനാഥന്‍ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു.

2005: ഏപ്രിലില്‍ അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായും ശക്തമായ ശാസ്ത്രീയ നയങ്ങളിലൂടെ വേണം തീര പരിപാലനം സാധ്യമാക്കാന്‍ എന്നു നിര്‍ദ്ദേശിച്ചു. ശാസ്ത്രീയമെന്നതു അദ്ദേഹം തന്നെ വ്യക്തമാക്കി. ഭൂമിശാസ്ത്രം അല്ലെങ്കിൽ പരിതസ്ഥിതി ശാസ്ത്രം പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് തീരത്ത് ജീവിക്കുന്ന ജനതയുടെയും അവരുടെ ഉപജീവനത്തിന്റെയും സംരക്ഷണവും. ഈ പദ്ധതികളിലൂടെ രണ്ടു ഘടകങ്ങള്‍ക്കുമുള്ള സുസ്ഥിരമായ സേവനം (Sustainable Services) ലക്ഷ്യമാക്കണം. അവ്യക്തമായ ഉയര്‍ന്ന വേലിയേറ്റ രേഖ പോലുള്ളവയുടെ ശാസ്ത്രീയ രേഖകള്‍ ഉയര്‍ന്ന ജനപങ്കാളിത്തത്തിന് പ്രാധാന്യം നല്‍കേണ്ടതാണ്.

2009: ജൂണ്‍ മാസം സ്വാമിനാഥന്റെ നേതൃത്വത്തിൽ നാലംഗ കമിഷനെ വീണ്ടും നിയോഗിക്കുകയും ലഭിച്ച പരാതികളെല്ലാം കണക്കിലെടുത്ത് ഒരു അവസാന രൂപം കൊടുക്കുന്നതിനുള്ള ഉത്തരാവാദിത്തം ഏല്പിക്കുകയും ചെയ്തു. നിലവിലുള്ള സോണുകളുടെ വിഭജനത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി.

പ്രധാനമായും
CRZ-I- പരിസ്ഥിതി ലോല പ്രദേശം,
CRZ-II – ഇതിനോടകം നിര്‍മ്മിതതമായ മുനിസിപ്പൽ പ്രദേശങ്ങള്
CRZ-III-ഗ്രാമീണ മേഖല
CRZ-IV Aquatic Area- ജല സമ്പര്‍ക്ക പ്രദേശങ്ങള്‍
CRZ-V പ്രത്യേക പരിഗണന കിട്ടിയിട്ടുള്ള പ്രദേശങ്ങള്‍, അതായത് നേരത്തെ ഉണ്ടായിരുന്ന നാലാം സോണിനെ അഞ്ചാം സോണായി പരിഗണിക്കുകയും ഇവയ്ക്കു പ്രത്യേക ദ്വീപ് സംരക്ഷണ മേഖല വിജ്ഞാപനം -2010 (March) കൊണ്ടുവരുകയും ചെയ്തു.

2010: 1991 ലെ നിയമത്തെ ചില ഭേദഗതികള്‍ക്ക് വിധേയമാക്കി സമഗ്രമായ കാഴ്ച്ചപ്പാടോടുകൂടെ പുതിയ ഒരു വിജ്ഞാപനത്തിന് തയാറാകണമെന്ന് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദ്ദേശ പ്രകാരം 30 മെയ് 2010നു പ്രീ-ഡ്രാഫ്റ്റ് അവതരിപ്പിക്കുകയും അതിന്മേൽ ചര്‍ച്ച നടത്തി അവസാന രൂപം ഉണ്ടാക്കുകയും ചെയ്തു.

2011: ജനുവരി 6നു പുതുക്കിയ CRZ Notification നിലവിൽ വന്നു. ഇതിലെ വ്യവസ്ഥകള്‍ അവതരിപ്പിക്കുന്നതു തന്നെ ചില മാനദണ്ഡങ്ങള്‍ പരിഗണിച്ചതായി സൂചിപ്പിച്ചുകൊണ്ടാണ്. വിജ്ഞാപനത്തിൽ തന്നെ തീരദേശവാസികളുടെ ഉപജീവന സുരക്ഷയെ മുന്‍നിര്‍ത്തി തീരദേശ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനു തുടക്കം കുറിക്കുകയാണു എന്നും തീര പരിസ്ഥിതിയെ ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പരിരക്ഷിക്കുന്നതോടൊപ്പം സുസ്ഥിരമായ വികസനത്തിനു വേണ്ടിയും സാധ്യമാകുന്ന ചട്ടക്കൂടാണ് ഇതെന്ന് പ്രഖ്യാപിക്കപ്പെട്ടു.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍