UPDATES

അന്നവര്‍ അവരുടെ ഭാഷയില്‍ പറഞ്ഞത് ഇന്നവര്‍ ഇംഗ്ലീഷില്‍ പറയുന്നു; അട്ടപ്പാടിയിലെ ഈ വിപ്ലവം അത്ര നിശബ്ദമല്ല

‘ണാമ് സൈനിക് സ്‌കൂളിതി പഠിക്കാ പോകേമ്. ണാമ് അട്ടേപ്പാടി തിറുന്ത് വറ്‌ഗേമ്. എമുക്ക് ഇതി പഠിക്കാക്ക് കെടാത്താതി എമുക്ക് സന്തോസമുണ്ട്. ണാമ് എത്തനി കഷ്ടപ്പെട്ടാലും ണാമ് അതി പഠിത്ത്‌റ്‌പോം.’

‘ണാമ് സൈനിക് സ്‌കൂളിതി പഠിക്കാ പോകേമ്. ണാമ് അട്ടേപ്പാടി തിറുന്ത് വറ്‌ഗേമ്. എമുക്ക് ഇതി പഠിക്കാക്ക് കെടാത്താതി എമുക്ക് സന്തോസമുണ്ട്. ണാമ് എത്തനി കഷ്ടപ്പെട്ടാലും ണാമ് അതി പഠിത്ത്‌റ്‌പോം. എമുക്ക് ഓരോറ് ആസേഗ ഉണ്ട്. എമുക്ക് ഡോക്ടറാഗോണ്, എമുക്ക് ഐഎഎസ് ആഗോണ് മില്‍ട്ടറിതി പോഗോണ്… എമുക്ക് കെടേത്ത ഈ അവസറ യെമുത്ത് യൂറിതി ഇരുക്ക തമ്പികള്‍ക്കും തങ്കേമാര്‍ക്കും കെടയ്‌ക്കോണെന്ന് ആസൈ ഉണ്ട്. എമുക്കും എമ്ത്ത് യൂറുകോര്‍ക്കും കെട്‌ക്കേണ്ടത് നല്ല പഠിപ്പ് കെടയ്‌ക്കോണ്. അത്ക്കതേ നീവിറി എമ്മേ സഹായിക്കോണ്’

2016 ജൂണില്‍ ഇലഞ്ഞിയിലുള്ള ബാബു മാത്യുവിന്റെ വീട്ടില്‍വച്ച് കണ്ടപ്പോള്‍ വിഷ്ണുവും ഹരിയും മിഥിനും ബിനുരാജും ശിവകുമാറും അനീഷും ഒറ്റസ്വരത്തില്‍ പറഞ്ഞ ഈ കാര്യങ്ങള്‍ പെട്ടെന്ന് നമുക്ക് മനസിലാകണമെന്നില്ല. അതവരുടെ ഊരുഭാഷയാണ്, അട്ടപ്പാടിയുടെ ഭാഷ. വ്യക്തമായി പറയാനറിയാത്ത മലയാളത്തേക്കാള്‍ അവര്‍ക്ക് പറയാന്‍ എളുപ്പവും ഇഷ്ടവുമായിരുന്ന ഭാഷ.

എന്നാല്‍ ഇന്നവര്‍ മലയാളം മാത്രമല്ല, ഇംഗ്ലീഷും പറയുന്നു, സ്ഫുടമായി. ഇംഗ്ലീഷില്‍ കത്തെഴുതുന്നു…ആശയങ്ങളും ചിന്തികളും പങ്കുവയ്ക്കുന്നു. അട്ടപ്പാടിയുടെ വിജയഗാഥ തന്നെയാണിത്. ഈ കുട്ടികളിലൂടെ അട്ടപ്പാടിയുടെ യഥാര്‍ത്ഥ മാറ്റം സാധ്യമായി തുടങ്ങിയിരിക്കുകയാണ്.

ഈ കുട്ടികള്‍ ആരാണെന്നല്ലേ, അട്ടപ്പാടിയിലെ വിവിധ ഊരുകളിലുള്ള ആദിവാസി കുട്ടികള്‍. കേരളം ഇന്നും ഒരിരുണ്ട നാടായി മാറ്റി നിര്‍ത്തുന്ന അതേ അട്ടപ്പാടിയിലെ കുട്ടികള്‍. ആദിവാസിക്കും ജയ അരിയും നോട്ടുബുക്കും പേനകളും സൗജന്യം നല്‍കുന്നതില്‍ തീരുന്ന ഉന്നമനപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഇന്നും സ്‌കൂളും വിദ്യാഭ്യാസവുമെല്ലാം അന്യമായി പോകുന്ന കുറെ കുട്ടികളുണ്ടവിടെ. ഒരു സ്‌കൂള്‍ നിര്‍മിച്ച് അവിടെ അധ്യാപകരെയും നിയമിച്ചാല്‍ തീര്‍ന്നു തങ്ങളുടെ ഉത്തരവാദിത്വം എന്നു കരുതുന്ന ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്നൊരുക്കുന്ന ഈ കറുത്ത സാഹചര്യങ്ങള്‍ക്കിടയിലാണ് മേല്‍പ്പറഞ്ഞ കുട്ടികളെക്കുറിച്ച് കേരളം കേള്‍ക്കേണ്ടത്. ഇവര്‍ ഇന്നു തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഹരി, അനീഷ്,ബിനുരാജ്, ശിവകുമാര്‍,വിഷ്ണു,മണികണ്ഠന്‍,മിഥിന്‍,പ്രതീഷ്,അരുണ്‍, അമല്‍, സൂര്യ. ആദിവാസി ബാലന്മാരെന്നല്ല, കേഡറ്റ് എന്നു ചേര്‍ത്താണ് ഇവരിന്ന് അറിയപ്പെടുന്നത്.

ഒരു വര്‍ഷം മുമ്പ്, സൈനിക് സ്‌കൂള്‍ പ്രവേശനത്തിനു മുന്നോടിയായി ഇലഞ്ഞിയില്‍വച്ചു കണ്ടപ്പോള്‍ ആ കുട്ടികള്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു; ഉറച്ച ശബ്ദത്തോടെ; ഇനിമുതല്‍ ഞങ്ങള്‍ ഇഗ്ലീഷും ഹിന്ദിയുമൊക്കെ പഠിക്കും. അപ്പോ എല്ലാ ഭാഷേം ഞങ്ങക്ക് അറിയാന്‍ പറ്റും. പറഞ്ഞതില്‍ അവര്‍ വിജയിച്ചു എന്നതിനു തെളിവാണ് കഴിഞ്ഞ മാസം ബാബു മാത്യുവിനും ഭാര്യ ലിറ്റിക്കും വന്ന എഴുത്ത്. ഒരു ഡ്രൈവറാവുകയാണ് ഏറ്റവും വലിയ കാര്യമെന്നു കരുതിയ, സ്‌കൂളില്‍ പോകുന്നതിനും മലയാളം ഉള്‍പ്പെടെ അവരുടേതാല്ലാത്ത ഭാഷകള്‍ പഠിക്കുന്നതിനും വിമുഖത പറഞ്ഞിരുന്ന ആ കുട്ടികള്‍ ബാബുവിനും ലിറ്റിക്കും കത്തെഴുതിയിരിക്കുന്നത് ഇംഗ്ലീഷിലാണ്. ആ കത്തില്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ ആ കുട്ടികളില്‍ ഉണ്ടാക്കിയിരിക്കുന്ന മാറ്റങ്ങളാണ് കാണിക്കുന്നത്; തങ്ങള്‍ ഇവിടെ ഏറെ സന്തുഷ്ടരാണെന്നും സൈനിക് സ്‌കൂള്‍ അന്തരീക്ഷവും പഠനവും ഏറെ ആസ്വദിക്കുന്നുണ്ടെന്നുമവര്‍ പറയുന്നു. മറ്റു കുട്ടികളുമായി ഇടപഴകുന്നതിലും അവര്‍ വിജയിച്ചിരിക്കുന്നു.സ്‌കൂളിന്റെ അന്തരീക്ഷവുമായി തങ്ങള്‍ ഇണങ്ങിച്ചേര്‍ന്നെന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. വരുന്ന ക്രിസ്തുമസിന് തങ്ങള്‍ അവധിക്കു വരുമെന്നും അപ്പോള്‍ അഹാഡ്‌സില്‍ നടക്കുന്ന കാമ്പില്‍ പങ്കെടുക്കുമെന്നുമവര്‍ പറയുന്നു. തങ്ങളെ പരുവപ്പെടുത്തിയതുപോലെ ഇനിയും തങ്ങളുടെ അനിയന്മാരെ സഹായിക്കണമെന്നാണവര്‍ ബാബുവിനോടും ലിറ്റിയോടും പറയുന്നത്. ഒപ്പം ഒരാവശ്യവും മുന്നോട്ടുവയ്ക്കുന്നു; അടുത്ത ബാച്ചിലേക്ക് കുറഞ്ഞത് ആറുപേരെയെങ്കിലും അവരുടെ ഊരില്‍ നിന്നും സൈനിക് സ്‌കൂളിലേക്ക് വരാന്‍ സഹായിക്കണമെന്ന്. തങ്ങളുടെ അനുഭവങ്ങളും പഠിച്ച പാഠങ്ങളും പുതിയ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാനും തയ്യാറാണെന്നു കൂടി ഇവര്‍ പറയുമ്പോള്‍, കത്തുവായിച്ച് ഏറെ സന്തോഷിക്കുകയാണ് ബാബുവും ലിറ്റിയും. അവര്‍ ഈ കത്തെഴുതിയ വിലാസം തന്നെ രസമാണ്. litty w/o babu mathew, project shine,agali ahads,attappady, palakkad district agali po, 678581. അവര്‍ പ്രായോഗികമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവാണത്. മലയാളം എഴുതാനോ ശരിയായി സംസാരിക്കാനോ അറിയാതിരുന്ന കുട്ടികളായിരുന്നു അവരെന്ന് ഓര്‍ക്കണം. അതുകൊണ്ട് തന്നെ ഈ കത്ത് അവരെഴുതുമ്പോള്‍ അതിനേറെ പ്രാധാന്യമുണ്ട്.

"

"</p

അട്ടപ്പാടിയുള്‍പ്പെടെയുള്ള ആദിവാസി ഊരുകളില്‍ യഥാര്‍ത്ഥത്തില്‍ എന്തുതരത്തിലുള്ള സാമൂഹികോന്നമന പ്രവര്‍ത്തനങ്ങളാണ് നമ്മുടെ ഔദ്യോഗികസംവിധാനങ്ങള്‍ ചെയ്യുന്നതെന്ന് പരിശോധിക്കണം. നമ്മള്‍ എഴുതി തള്ളിയിട്ടിരിക്കുന്ന ഒരു ജനതയാണ് ആദിവാസികളിന്നും. അരിയോ തുണിയോ കൊടുത്തുകൊണ്ടല്ല, ആദിവാസിയെ പരിപോഷിപ്പിക്കേണ്ടത്. പൊതുസമൂഹത്തിലേക്ക് ഇടപഴകാന്‍ അവര്‍ക്കിടയിലുള്ള തടസം ഇല്ലാതാക്കണമെങ്കില്‍ ആദ്യം മികച്ച വിദ്യാഭ്യാസം നല്‍കണം. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നല്ല, അത് ഫലം ഇച്ഛിച്ചുള്ളതാണോ എന്നതിലാണ് സംശയം.

അട്ടപ്പാടിയില്‍ പ്രധാനമായും മൂന്നുവിഭാഗങ്ങളാണുള്ളത്; ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍. ഇവര്‍ക്കെല്ലാം ഇവരുടേതായ ഭാഷകളുണ്ട്. സ്‌കൂളുകളില്‍ വരുന്ന കുട്ടികള്‍ പരസ്പരം സംസാരിക്കുന്നത് അവരവരുടെ ഭാഷയിലാണ്. പലപ്പോഴും അധ്യാപകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നതും ഭാഷയാണ്. മലയാളം അവര്‍ക്ക് അത്ര പെട്ടെന്നു ദഹിക്കുന്ന ഒന്നല്ല. അട്ടപ്പാടിയില്‍ മേഖലയില്‍ അറ് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുണ്ട്. അണ്‍എയ്ഡഡ് സ്‌കൂളുകള്‍ വേറെയും .എന്നിരുന്നാലും സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ കുറവ്. സ്‌കൂളില്‍ ചേര്‍ക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഇടയില്‍വച്ച് പഠനം ഉപേക്ഷിക്കുകയാണ്. മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മ, തങ്ങളുടെ കുട്ടികള്‍ കൃത്യമായി സ്‌കൂളുകളില്‍ പോകുന്നുണ്ടോ, പഠിക്കുന്നുണ്ടോ എന്നു തിരക്കുന്ന മാതാപിതാക്കള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ആദിവാസി മേഖലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ഇതെല്ലാം പ്രധാന തടസ്സങ്ങളാണ്. എന്നാല്‍ ഈ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി കൈമലര്‍ത്തുകയല്ല വേണ്ടതെന്നാണ് ബാബു മാത്യുവും ലിറ്റിയും പറയുന്നത്. കുട്ടികളിലൂടെയാണ് മാറ്റം സംഭവിപ്പിക്കാന്‍ നമുക്കെളുപ്പം. അവരില്‍ വിദ്യാഭ്യാസാവബോധം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കൊപ്പം നില്‍ക്കണം. മാറി നില്‍ക്കുകയല്ല, അവരെ ഒപ്പം കൂട്ടുക, അവര്‍ക്കൊപ്പം നടന്നുവേണം പുതിയ വഴികളിലേക്ക് അവരെ കൊണ്ടുവരാന്‍. നമുക്ക് സാധിച്ചതും അതാണ്.

"</p

അട്ടപ്പാടിയിലെ ആദിവാസി കുട്ടികളെ സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം സൈനിക് സ്‌കൂള്‍ 1991 ബാച്ച് അലുമ്‌നി kazhaks’91 തയ്യാറാക്കിയ പ്രൊജക്ട് ഷൈന്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് kazhaks’91 ലെ അംഗം ബാബു മാത്യുവും ഭാര്യ ലിറ്റിയുംഅട്ടപ്പാടിയില്‍ എത്തിയത്. പ്രമുഖ സൈക്കോളജിസ്റ്റായ ബാബുവും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ലിറ്റിയും ബദല്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ഇടപെടലുകള്‍ നടത്തിവരുന്നവരാണ്. സോഷ്യോഇമോഷണല്‍ ലേണിംഗ് (എസ് ഇ എല്‍) എന്ന പ്രക്രിയയിലൂടെ വിദ്യാഭ്യാസം അതാവശ്യപ്പെടുന്ന കുട്ടിക്ക് അവനെ അടുത്തറിഞ്ഞ് പകര്‍ന്നു നല്‍കുക എന്നതാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം. അടിച്ചേല്‍പ്പിക്കേണ്ടതല്ല, അറിഞ്ഞു നല്‍കേണ്ട ഒന്നാണ് വിദ്യാഭ്യാസമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ ആള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് എക്‌സാമിന് പങ്കെടുക്കാന്‍ യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെ 24 കുട്ടികളെയാണ് ഇവര്‍ പരിശീലിപ്പിച്ചത്. അതില്‍ ഏഴു കുട്ടികള്‍ സൈനിക് സ്‌കൂളില്‍ പ്രവേശനം നേടി ചരിത്രം രചിച്ചു. രണ്ടാം ബാച്ചിലായി നാലുകുട്ടികള്‍ കൂടി സൈനിക് സ്‌കൂളില്‍ എത്തി. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്ന ബാബുവും ലിറ്റിക്കും തുടക്കസമയത്ത് 25 ല്‍ താഴെ കുട്ടികളെയാണ് കിട്ടിയതെങ്കിലും ഇന്ന് അഗളിയിലെ അഹാഡ്‌സിലെ പരിശീല ക്യാമ്പില്‍ നൂറിലേറെ കുട്ടികളാണ്. ഞങ്ങള്‍ക്കിതിന് സാധിക്കുമെങ്കില്‍ ഇവിടുത്തെ ഔദ്യോഗികസംവിധാനത്തിന് എത്രമാത്രം കാര്യക്ഷമമായി ഈ കുട്ടികളുടെ കാര്യത്തില്‍ ഇടപെടാമെന്നു ചിന്തിക്കൂ എന്നാണ് ബാബു മാത്യു ചോദിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ തെറ്റായ രീതിയാണ് നമ്മള്‍ കുട്ടികള്‍ക്ക് പകരുന്നത്. ഒരു കുട്ടിയെ നമുക്ക് ഭയപ്പെടുത്തി പഠിപ്പിക്കാം. പക്ഷെ അവന്‍/അവള്‍ യഥാര്‍ത്ഥ വിദ്യാഭ്യാസം നേടുന്നവനാകില്ല. കുട്ടികളുടെ മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ മനസിലാക്കണം. പുറം ലോകത്തിന്റെ സാധ്യതകള്‍ ഇവരെ പറഞ്ഞു മനസിലാക്കാന്‍ ആരും തയ്യാറാകുന്നില്ല. ആദിവാസികളെ അവരുടെ ഭാഷയില്‍ പഠിക്കാനും ജീവിക്കാനും അനുവദിക്കണമെന്നാണ് ചിലരുടെ ആവശ്യം. അതുകൊണ്ട് എന്താണ് നേട്ടം. ആ ഭാഷകള്‍ക്ക് ഒരു ലിപിയുണ്ടോ? ഇനി ലിപി ഉണ്ടാക്കി അവരെ അതേ ഭാഷയില്‍ പത്തുവരെയോ അല്ലെങ്കില്‍ പ്ലസ് ടു വരെയോ പഠിപ്പിക്കാം. അതു കഴിഞ്ഞാല്‍? അവര്‍ക്ക് ഒരു നല്ല ജോലിക്കായി ശ്രമിക്കാന്‍ ഇതുമതിയോ? അവര്‍ക്ക് എംബിബിഎസിനോ എഞ്ചിനിയറിംഗിനോ കമ്പ്യൂട്ടര്‍ സയന്‍സിനോ പഠിക്കാന്‍ അവവരുടെ ഭാഷ മതിയാകുമോ? അവരുടെ സംസ്‌കാരം നിലനിര്‍ത്താനാണ് പുറം ഭാഷകള്‍ പഠിപ്പിക്കരുതെന്ന് പറയുന്നതെങ്കില്‍ അതവരോട് ചെയ്യുന്ന ചതിയാണ്. മലയാളികള്‍ ഇംഗ്ലീഷും ഹിന്ദിയും മറ്റുഭാഷകളും പഠിച്ചതുകൊണ്ട് അവന്റെ സത്വം നഷ്ടപ്പെടുത്തിയിട്ടുണ്ടോ? ആദിവാസിക്ക് പുറം ലോകവുമായി സംവദിക്കണമെങ്കില്‍ അവന്റെ ഭാഷമതിയാകുമോ? ഇനി ഇതൊന്നും വേണ്ട, അവനെ അവന്റെ ലോകത്തു തനിച്ചു വിടുക എന്നാണ് പറയുന്നതെങ്കില്‍ നാളെ തന്നെ നമ്മളെല്ലാവരും അവരുടെ മണ്ണില്‍ നിന്നും എന്നന്നേക്കുമായി ഇറങ്ങണം. അതിനു തയ്യാറാണോ? സര്‍ക്കാരുകള്‍ കോടികളാണ് ആദിവാസി ക്ഷേമത്തിനായി ചെലവഴിക്കുന്നത്. എന്തുണ്ടായി? ആദിവാസിക്ക് ഇപ്പോഴും പ്രശ്‌നങ്ങളല്ലേ. ആദിവാസികളുടെ യഥാര്‍ത്ഥപ്രശ്‌നം എന്താണ്? അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള തിരിച്ചറിവ് ഇല്ല എന്നതാണ് അവര്‍ നേരിടുന്ന യഥാര്‍ത്ഥപ്രശ്‌നം. അവര്‍ക്ക് അവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. അവരുടെതെന്നു കരുതുന്ന പ്രശ്‌നങ്ങള്‍ പുറംലോകത്തെ മനുഷ്യന്‍ പറഞ്ഞുകൊടുക്കുന്നതാണ്, അതിനുള്ള പ്രതിവിധിയും അവന്‍ തന്നെ കണ്ടെത്തി കൊടുക്കുന്നു. ദീര്‍ഘനാളായി ഈ പ്രശ്‌നവിധികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നുവരെ അവയൊന്നും പൂര്‍ണപരിഹാരത്തില്‍ എത്തിയിട്ടില്ലെന്നുമാത്രം. അപ്പോള്‍ യഥാര്‍ത്ഥ ചികിത്സ എന്താണ്? ആദിവാസികളില്‍ വിദ്യാഭ്യാസം നല്‍കുക, അതിലൂടെ അവര്‍ അവരെ തിരിച്ചറിയും സ്വയം ചോദ്യം ചോദിക്കാന്‍ പഠിക്കുകയും ചെയ്യും.

"</p

അഹാഡ്‌സില്‍ ആദ്യമെത്തുന്ന സമയത്ത് കുട്ടികളോട് വലുതാകുമ്പോള്‍ ആരാകാനാണ് ഇഷ്ടമെന്നു ചോദിച്ചാല്‍, എല്ലാവരുടെ ലക്ഷ്യം ഡ്രൈവറാവുകയെന്നതായിരുന്നു. വളരെ അഭിമാനത്തോടെയാണതു പറയുന്നത്. അവരുടെ ഉള്ളില്‍ ഡ്രൈവറാണ് വലിയവന്‍. അവര്‍ കാണുന്നത് അതുമാത്രമാണ്. പുറംലോകത്തെ തൊഴില്‍ സാധ്യതകളെ കുറിച്ച് അവര്‍ അജ്ഞരായിരുന്നു. അവര്‍ക്ക് പലതും അറിയില്ല. അരും പറഞ്ഞുകൊടുക്കുന്നില്ല. ഇപ്പോഴവര്‍ക്ക് ലോകത്തെ കുറിച്ച് പൊതുധാരണ വന്നു കഴിഞ്ഞു. അവരിപ്പോള്‍ ഓരോ സ്വപ്‌നം കാണുന്നുണ്ട്. വിഷ്ണുവും മിഥുനും പറയുന്നത് അവര്‍ക്ക് ഡോക്ടറാവണമെന്നാണ്. ഹരിയുടെയും അനീഷിന്റെയും ലക്ഷ്യം കളക്ടര്‍മാരാണ്. ശിവകുമാറും ബിനുരാജുമാണ് മിലട്ടറി ഉദ്യോഗസ്ഥരാകാന്‍ കൊതിക്കുന്നത്. ഏറെ പരിതാപകരമായൊരു ജീവിതസാഹചര്യത്തില്‍ നിന്നായിരുന്നു ശിവകുമാര്‍ വന്നത്. പലപ്പോഴും വീട്ടില്‍ ചെന്ന് അവനെ വിളിച്ചുകൊണ്ടു വരേണ്ടി വന്നിരുന്നു. ഏറെ ദയനീയമായിരുന്നു അവന്റെ വീട്ടിലെ അവസ്ഥ. കുട്ടിയേയും അതു ബാധിച്ചിരുന്നു. പഠനത്തില്‍ നിന്നും അവനെ പിന്നോട്ടടിപ്പിക്കുന്നത് ഇത്തരം സാഹചര്യങ്ങളായിരുന്നു. ഇന്നിപ്പോള്‍ ശിവകുമാര്‍ ഞങ്ങളുടെ അഭിമാനമാണ്. സൈനിക് സ്‌കൂളില്‍ നടന്ന കായികമേളയില്‍ ബെസ്റ്റ് ജൂനിയര്‍ അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എത്രമാത്രം സന്തോഷം തരുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഈ മാറ്റമാണ് നമ്മള്‍ കാണേണ്ടത്. ഇനിയും അട്ടപ്പാടിയില്‍, അട്ടപ്പാടിയില്‍ മാത്രമല്ല, കേരളത്തിലെ വിവിധ ആദിവാസി ഊരുകളില്‍ ഇതുപോലെ ധാരാളം കുട്ടികളുണ്ട്. അവരിലും ഈ മാറ്റം കൊണ്ടുവരണം. സര്‍ക്കാര്‍ അതിനുവേണ്ടി ശ്രമിക്കണം.

ഇത്തരം ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ ഉണ്ടാകുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണാം. അതിനിടയില്‍ വരുന്ന ഇത്തരം വാര്‍ത്തകളിലാണ് പ്രതീക്ഷയുള്ളത്. കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ പ്രവേശനം നേടിയ കുട്ടികളെക്കൂടാതെ ആദിത്യന്‍, കാര്‍ത്തിക്, മണികണ്ഠന്‍, സന്ധ്യ, പ്രിന്‍സി എന്നീ കുട്ടികളും പ്രൊജക്ട് ഷൈനിന്റെ ഭാഗമായി മലമ്പുഴ ജവഹര്‍ നവോദ്യയില്‍ പഠിക്കുന്നുണ്ട്. കില( കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍)യാണ് ഇപ്പോള്‍ പ്രൊജക്ട് ഷൈനിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നത്. ഈ പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാനും കില തയ്യാറെടുക്കുകയാണ്.

ഊരുകളിലെ കാട്ടുവഴികളില്‍ നിന്നും ഈ പതിനൊന്നു കുട്ടികള്‍ സ്വപ്‌നങ്ങളുടെ ആകാശത്തേക്ക് പറക്കുകയാണ്. കൂടെ വരാന്‍ അവര്‍ തങ്ങളുടെ കൂട്ടത്തിലുള്ളവരേയും ക്ഷണിക്കുന്നു. ഈ കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും അട്ടപ്പാടയില്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരിക…അവരിലൂടെ മാത്രമെ അത് സാധ്യമാകൂ എന്നും ഇപ്പോള്‍ വ്യക്തമാണ്…നമുകക്കവരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാം…

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍