UPDATES

ഞാന്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കില്ല? സാലറി ചലഞ്ചിനോട് നോ പറയേണ്ടി വന്ന ഫോറസ്റ്റ് വാച്ചറായ ആദിവാസി സ്ത്രീ സംസാരിക്കുന്നു

ഗഡുക്കളായിട്ടാണെങ്കില്‍ പോലും ഒരു മാസത്തെ ശമ്പളം കൊടുക്കേണ്ടി വരുന്നത് ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റില്ല…ഞങ്ങളുടെ ജീവിതം താളം തെറ്റിപ്പോകും…ക്ഷമിക്കുക.

പ്രളയ ബാധിത കേരളത്തിന്റെ പുനരുജ്ജീവനത്തിനു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം പത്തു ഗഡുക്കളായി പിരിച്ചെടുക്കുക എന്നത്. ഇതൊരു നിര്‍ബന്ധിത പിരിവല്ല. കൊടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് കൊടുക്കാം, തയ്യാറല്ലാത്തവര്‍ക്ക് അതിനുള്ള കാരണം എഴുതി നല്‍കിക്കൊണ്ട് സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ മാറി നില്‍ക്കാം. സര്‍ക്കാരിന്റെ ഈ സാലറി ചലഞ്ച് ഇതിനകം വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി കഴിഞ്ഞു. പ്രശ്‌നം കോടതി കയറുക വരെ ചെയ്തു. അനുകൂലമായും പ്രതികൂലമായും ഈ ഉദ്യമത്തോട് പ്രതികരിക്കുന്നവര്‍ക്ക് അവരവരുടേതായ വാദങ്ങള്‍ ഉണ്ട്. എന്നാല്‍ തന്റെ സഹജീവികളെ സഹായിക്കാന്‍ വേണ്ടിയുള്ള ഈ ഉദ്യമത്തില്‍ പങ്കാളിയാകാന്‍ മനസ് കൊണ്ട് ആഗ്രഹിക്കുകയും എന്നാല്‍ ചുറ്റുപാടുകളുടെ സമ്മര്‍ദ്ദത്താല്‍ സാലറി ചലഞ്ചില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നവരുടെ നിസ്സഹായവസ്ഥ വ്യത്യസ്തമാണ്. കൊടുക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടല്ല, ഗഡുക്കളായിട്ടാണെങ്കില്‍ പോലും അതുണ്ടാക്കുന്ന ബാധ്യത തങ്ങളുടെ ജീവിതത്തെ മൊത്തത്തില്‍ ബാധിക്കുമെന്നും അതുകൊണ്ട് മാറി നില്‍ക്കുകയേ വഴിയുള്ളൂവെന്നും ആത്മസങ്കടത്തോടെ പറയുന്നവരില്‍ ഒരാളാണ് ഫോറസ്റ്റ് വാച്ചറായി ജോലി നോക്കുന്ന ഇരുള വിഭാഗത്തില്‍പ്പെട്ട ആദിവാസി സ്ത്രീയായ കാളി. അട്ടപ്പാടി നായ്ക്കരപ്പടി സ്വദേശിയായ കാളി സാലറി ചലഞ്ചില്‍ പങ്കാളിയാകാന്‍ കഴിയില്ലെന്ന് എഴുതി നല്‍കിയിട്ടുണ്ട്. എന്തുകൊണ്ട് തനിക്കങ്ങനെ എഴുതി നല്‍കേണ്ടി വന്നതെന്നും കാളി പറയുകയാണ്.

ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ഫോറസ്റ്റ് വാച്ചര്‍ ആയി ജോലി നോക്കുന്ന ഒരാളാണ് ഞാന്‍. ആകെ ശമ്പളത്തില്‍ പിടുത്തവും പിന്നെ ബാങ്ക് ലോണുകളുടെ അടവും എല്ലാം കഴിഞ്ഞ് കൈയില്‍ കിട്ടുന്നത് പത്തു പതിമൂവായിരം രൂപയാണ്. ഈ കാശ് കൊണ്ട് കഴിയേണ്ടത് അഞ്ചു പേരാണ്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ചുപോയൊരു സ്ത്രീയാണ് ഞാന്‍. ഒരു മകന്‍ ഉണ്ട്. അവന്‍ ഡിഗ്രി കഴിഞ്ഞു നില്‍ക്കുകയാണ്. അമ്മയില്ലാത്ത ഒരു പെണ്‍കുട്ടിയേയും ഞാന്‍ വളര്‍ത്തുന്നുണ്ട്. അവള്‍ ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. രോഗാവസ്ഥയിലുള്ള എന്റെ ചേച്ചിയേയും അവരുടെ ഭര്‍ത്താവിനേയും സംരക്ഷിക്കേണ്ടതും ഞാനാണ്. ഇത് കൂടാതെ ഊരിലും മറ്റുമായി പല കുടുംബങ്ങളേയും സഹായിക്കേണ്ടതായും വരുന്നുണ്ട്. ഇതെല്ലാം നടത്തിക്കൊണ്ടു പോകേണ്ടത് എന്റെ വരുമാനം കൊണ്ടാണ്. അതില്‍ നിന്നും ഗഡുക്കളായിട്ടാണെങ്കില്‍ പോലും സര്‍ക്കാരിലേക്ക് തിരിച്ചു കൊടുക്കേണ്ടി വന്നാല്‍ എല്ലാം താളം തെറ്റും. നൂറു രൂപയുടെ വ്യത്യാസം വന്നാല്‍ പോലും എല്ലാം തകിടം മറിയുന്ന അവസ്ഥയാണ് എന്റേത്. അതുകൊണ്ടാണ് സാലറി ചലഞ്ചിലേക്ക് ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ പറ്റില്ലെന്ന് എനിക്ക് എഴുതിക്കൊടുക്കേണ്ടി വന്നത്.

ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചു വന്നരൊളാണ് ഞാന്‍. ഇല്ലായ്മകളും പട്ടിണിയും ദാരിദ്ര്യവുമൊക്കെ ഒത്തിരിയനുഭവിച്ച ഒരു ആദിവാസി സ്ത്രീയാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ എനിക്ക് നന്നായി മനസിലാകും. കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായ നാശനഷ്ടങ്ങളും ജനങ്ങളുടെ അവസ്ഥയുമൊക്കെ നന്നായി മനസിലാകും. ഇല്ലാത്തവര്‍ക്ക് കൊടുക്കാന്‍ സന്തോഷമേയുള്ളൂ. പക്ഷേ, നിവൃത്തിയില്ലാതെ പോകുന്നു. ഒരു ദിവസത്തെ ശമ്പളം എല്ലാവരും കൊടുത്ത് സര്‍ക്കാരിലേക്ക് ഒരു തുക ഏല്‍പ്പിക്കണമെന്നു പറഞ്ഞപ്പോള്‍ വലിയ സന്തോഷത്തോടെ നല്‍കിയതാണ്. പക്ഷേ, ഒരു മാസത്തെ ശമ്പളം ഓരോ മാസവും ഗഡുക്കളായി നാലഞ്ചും ദിവസത്തെതായി കണക്കുക്കൂട്ടി നല്‍കേണ്ടി വന്നാല്‍ എന്റെ ബഡ്ജ്റ്റ് തകരും. ഞങ്ങള് പിച്ചക്കാരായി പോകും. വെറുതെ പറയുന്നതല്ല, ഒരു നീക്കിയിരിപ്പും ഇല്ലാതെ, സമ്പാദ്യങ്ങളൊന്നും ഇല്ലാതെ, കടം വാങ്ങാതെയും കൈനീട്ടാതെയും മനസമാധാനത്തോടെ കഴിഞ്ഞു പോകാന്‍ മാത്രമാണ് ഞങ്ങള്‍ക്ക് പറ്റുന്നത്. ഓരോ രൂപയും വളരെ സൂക്ഷിച്ച് ചെലവാക്കിയാണ് ഇങ്ങനെയെങ്കിലും പോകുന്നത്. ഒരു ചായ കുടിക്കാന്‍ തോന്നുമ്പോള്‍ പോലും, വേണോ, പത്തുരൂപ കാശ് വെറുതെ കളയണോ അത് കൈയില്‍ പിടിച്ചാല്‍ അത്രയും ആയല്ലോ എന്നാണ് ആലോചിക്കാറ്. അതാണ് അവസ്ഥ.

മകന്‍ ഡിഗ്രി കഴിഞ്ഞിരിക്കുകയാണ്. അവനെ പി എസ് സി കോച്ചിംഗിന് വിടണം. ഒരു ക്ലാസിന് മുന്നൂറു രൂപയാണ് ചോദിക്കുന്നത്. മൂന്നോ നാലോ ക്ലാസാണ് മാസം കിട്ടുന്നത്. മണ്ണാര്‍ക്കാടൊക്കെ വിട്ട് നല്ല കോച്ചിംഗിന് ചേര്‍ക്കണമെങ്കില്‍ മാസം പത്തും പതിനയ്യായിരവും നല്‍കണം. ശമ്പളമായി കൈയിലെനിക്ക് ആകെ അത്രയും തുക കിട്ടുന്നില്ലെന്ന് ഓര്‍ക്കണം. എന്റെ മകന്റെ ഭാവിക്കു വേണ്ടി ചെയ്യാനുള്ളതുപോലും വേണ്ട പോലെ ചെയ്യാന്‍ കഴിയാത്ത ഒരമ്മയാണ് ഞാന്‍. അവന് ആവശ്യമായ വസ്ത്രങ്ങള്‍ വാങ്ങി നല്‍കാന്‍ പോലും ഞെരുക്കമാണ്. എന്റെ അവസ്ഥ മനസിലാക്കി അവന്‍ എനിക്കൊപ്പം നില്‍ക്കുന്നതാണ് ആശ്വാസം. പറയുമ്പോള്‍ സര്‍ക്കാര്‍ ജോലിക്കാരിയാണ്. പക്ഷേ, എല്ലാ സര്‍ക്കാര്‍ ജോലിക്കാരും ഒരുപോലെയല്ല. ഏതെങ്കിലും ഹോട്ടലില്‍ പോയി മക്കളുമായി ഭക്ഷണം കഴിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ, വേണ്ടെന്നു വയ്ക്കുകയാണ്. ഒരു സിനിമ കാണാന്‍ പോകാറില്ല, അത്രയും കാശ് കളയണ്ടല്ലോ എന്നോര്‍ക്കും. പുറത്ത് എവിടെയെങ്കിലും യാത്ര പോകുന്ന കാര്യവും ആലോചിച്ചിട്ട് ഉപേക്ഷിക്കുകയാണ്… നമ്മുടെ അവസ്ഥയില്‍ അതൊക്കെ അമിത ചെലവാണ്. ഒരു കണക്കുകൂട്ടലിന്റെ പുറത്താണ് ഒരു മാസത്തെ പോക്ക്. അതില്‍ എവിടെയെങ്കിലും കുറച്ച് ചെലവ് കൂടിയാല്‍ ആ ബാധ്യത തീര്‍ക്കാന്‍ കഴിയില്ല.

അമ്മയില്ലാത്ത ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തുന്നുണ്ടെന്നു പറഞ്ഞല്ലോ, അവള്‍ക്ക് വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും വസ്ത്രങ്ങള്‍ എടുത്തു കൊടുക്കണ്ടേ, അവളുടെ വിദ്യാഭ്യാസ ചെലവ് നോക്കണ്ടേ..അവള്‍ക്കായി എന്തെങ്കിലുമൊക്കെ കരുതി വയ്ക്കാന്‍ പോലും കഴിവില്ലാതെ പോവുകയാണ്. ആകെയുണ്ടെന്നു പറയാന്‍ ആയിരം രൂപയുടെ ഒരു ചിട്ടി പോസ്റ്റ് ഓഫിസില്‍ ചേര്‍ന്നതാണ്. അത് മുടക്കം വരാതെ അടയ്ക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്.

ഞാനെന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞതുകൊണ്ട് സര്‍ക്കാരിന്റെ ഉദ്യമത്തെ ഒരിക്കലും തള്ളിപ്പറയുകയല്ല. അതൊരു നല്ല കാര്യം തന്നെയാണ്. എല്ലാം പോയവരെ സഹായിക്കാന്‍ അല്ലേ സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നത്. അതില്‍ എനിക്കും സന്തോഷമേയുള്ളൂ. സര്‍ക്കാര്‍ പിടിച്ചു പറിക്കുകയാണെന്ന് ഞാനൊരിക്കലും പറയില്ല. കൊടുക്കാന്‍ നിവൃത്തിയുണ്ടായിരുന്നെങ്കില്‍ ഒരു മടിയും കൂടാതെ കൊടുത്തേനെ. പക്ഷേ, നമ്മുടെയൊക്കെ അവസ്ഥ എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും പോലെയല്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന പേരില്‍ എല്ലാവരേയും ഒരുപോലെ കാണുമ്പോള്‍ ഞങ്ങളെ പോലുള്ളവരുടെ അവസ്ഥകള്‍ മനസിലാക്കാതെയും പോവുകയാണ്. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരേയും ഞങ്ങളെപ്പോലെ താഴെക്കിടയിലുള്ള ജോലിക്കാരെയും ഒരേപോലെ സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ കാണുന്നത്. ഞങ്ങളെ പോലെ ബുദ്ധിമുട്ടുകള്‍ ഒരുപാട് അനുഭവിക്കുന്നവരും സര്‍ക്കാര്‍ ജോലിക്കാരായി ഉണ്ടെന്നു മനസിലാക്കി, എല്ലാവരില്‍ നിന്നും ഒരുപോലെ പിരിക്കാതെ ഒരു തരംതിരിവ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് എന്റെ അഭിപ്രായം. വലിയൊരു ഉദ്യോഗസ്ഥന്റെ ഒരു ദിവസത്തെ ശമ്പളവും എന്നെപ്പോലൊരാളുടെ ഒരു ദിവസത്തെ ശമ്പളവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ആ വ്യത്യാസം മനസിലാക്കാതെ എല്ലാം ഒരുപോലെ കാണുന്നതാണ് പ്രശ്‌നം.

എന്റെ മാത്രം അവസ്ഥയല്ല ഞാന്‍ പറയുന്നത്. ഞങ്ങള് മുപ്പത്തിനാലോളം പേരുണ്ട് ഇതേ ജോലിയില്‍. ഏതാണ്ട് എല്ലാവരുടേയും അവസ്ഥയിങ്ങനെ തന്നെയാണ്. ഈ മുപ്പത്തിനാലില്‍ ഇരുപത്തിനാലോളം പേര്‍ സ്ത്രീകളാണ്. ഒരു കുടുംബത്തിന്റെയല്ല, രണ്ടും മൂന്നു കുടുംബങ്ങളുടെ ഉത്തരവാദിത്വമാണ് അവരുടെയൊക്കെ ചുമലില്‍. എന്നെക്കാള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുണ്ട്. ഞങ്ങള്‍ക്ക് കിട്ടുന്ന ശമ്പളം ഞങ്ങള്‍ക്ക് വേണ്ടി മാത്രമല്ല ചെലവാക്കുന്നത്. എന്റെ കാര്യം തന്നെ നോക്കു, രണ്ടു മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെ മറ്റു കാര്യങ്ങള്‍, അസുഖബാധിതരായ ചേച്ചിയുടെയും ചേട്ടന്റെയും ചികിത്സകളും മരുന്നുകളും, ഭക്ഷണം… ഞാന്‍ പരമാവധി ചുരുങ്ങിക്കൂടിയാലും മറ്റുള്ളവരുടെ കാര്യങ്ങളില്‍ മറിനില്‍ക്കാന്‍ പറ്റുമോ? എനിക്ക് ജോലിക്ക് പോയി വരാന്‍ തന്നെ മാസം രണ്ടായിരം മൂവായിരം രൂപ വണ്ടിക്കൂലിയായി ചെലവാകും. ഇതൊക്കെ താളം തെറ്റിപ്പോയാല്‍ എന്താകും അവസ്ഥ.? കടം വാങ്ങിയാല്‍ പോലും ആ കടം കൂടിക്കൂടി വരികയേയുള്ളൂ…ഇപ്പോള്‍ ആരുടെ മുന്നിലും കൈനിട്ടാതെ പോകുന്നൂ എന്നത് മാറി കൈനീട്ടേണ്ടതായി വരും. അതൊക്കെ ആലോചിച്ചിട്ടാണ് സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കണമെന്ന് എഴുതിക്കൊടുത്തത്. ഞങ്ങളാരും വലിയ ശമ്പളക്കാരല്ല, ഞങ്ങള്‍ക്കൊന്നും നാളത്തേക്കായി ഒരു സമ്പാദ്യവും ഇല്ല. അന്നന്നത്തെ കാര്യം കഴിഞ്ഞു പോകാന്‍ മാത്രം കഴിവുള്ളവര്‍… ഇങ്ങനെയുള്ള എന്നെപ്പോലുള്ളവരാണ് സാലറി ചലഞ്ചില്‍ പെട്ടുപോകുന്നത്. ലക്ഷം വാങ്ങുന്നവരേയും പതിനായിരം വാങ്ങുന്നവരേയും സര്‍ക്കാര്‍ ഒരുപോലെയാണല്ലോ പിടിക്കുന്നത്. ആകെ കിടുന്ന ഈ പതിനായരത്തില്‍ രണ്ടും മൂന്നും കുടുംബങ്ങളാണ് കഴിഞ്ഞുപോകുന്നതെന്നും കിട്ടുന്നതില്‍ നിന്നും നൂറ രൂപ കുറഞ്ഞാല്‍ അത് പല മനുഷ്യജീവനുകളെയും ബാധിക്കുമെന്നും സര്‍ക്കാര്‍ മനസിലാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

രണ്ടും മൂന്നും കുടുംബങ്ങളൊക്കെ പോറ്റുന്നവരെന്നു പറഞ്ഞില്ലേ, അത് ഞങ്ങള്‍ സ്ത്രീകളായിട്ടുള്ളവരാണ്. മറ്റ് ആശ്രയങ്ങളൊന്നും ഞങ്ങള്‍ക്ക് ഇല്ല. കിട്ടുന്ന വരുമാനം കൊണ്ട് എല്ലാം നടത്തിക്കൊണ്ടു പോകാന്‍ പെടാപ്പാട് പെടുന്നവരാണ് ഞങ്ങളീ പെണ്ണുങ്ങള്‍. ആരുടെയും മുന്നില്‍ കൈനീട്ടേണ്ട ഗതികേട് വരുന്നില്ലെന്നതു മാത്രമാണ് ആശ്വാസം. വിഷമത്തോടെയാണെങ്കിലും വീണ്ടും പറയുന്നത് അത് തന്നെയാണ്; ഗഡുക്കളായിട്ടാണെങ്കില്‍ പോലും ഒരു മാസത്തെ ശമ്പളം കൊടുക്കേണ്ടി വരുന്നത് ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റില്ല…ഞങ്ങളുടെ ജീവിതം താളം തെറ്റിപ്പോകും…ക്ഷമിക്കുക.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍