UPDATES

ട്രെന്‍ഡിങ്ങ്

സല്‍മാന്‍ ഖാന്‍ ഇന്നും ബോളിവുഡ് സൂപ്പര്‍സ്റ്റാറാണ്, ശ്രീറാം വെങ്കിട്ടരാമനും നാളെ പുല്ലുപോലെ ഊരിപ്പോരും; നീതിനടത്തിപ്പിലെ മുംബൈ-കേരള സാദൃശ്യങ്ങള്‍

നൂറുള്ള മെഹബൂബ് ഷെരീഫിനെ ഇപ്പോള്‍ ആരും ഓര്‍ക്കുന്നുപോലുമില്ല. രവീന്ദ്ര പാട്ടീല്‍ ഒരു ട്രാജഡി സ്റ്റോറിയായി ഇടയ്‌ക്കൊക്കെ ആവര്‍ത്തിക്കപ്പെടാറുണ്ട്.

2002 സെപ്തംബര്‍ 28 പുലര്‍ച്ചെയാണ് മുംബൈ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിക്ക് സമീപം റോഡിന്റെ നടപ്പാതയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മനുഷ്യരുടെ മേലേക്ക് ഒരു ടയോട്ട ലാന്‍ഡ് ക്രൂയിസര്‍ പാഞ്ഞു കയറിയത്. ആ അപകടത്തില്‍ നൂറുള്ള മെഹബൂബ് ഷെറീഫ് എന്നയാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരം സല്‍മാന്‍ ഖാന്‍. അപകടം നടന്നതിനു പിന്നാലെ സല്‍മാന്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കാറില്‍ സല്‍മാന് ഒപ്പമുണ്ടായിരുന്ന അംഗരക്ഷകനായ പോലീസുകാരന്‍ രവീന്ദ്ര പാട്ടീല്‍ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതോടെയുമാണ് സല്‍മാന്‍ സ്റ്റേഷനിലെത്തി കീഴടങ്ങുന്നത്. അപ്പോഴേക്കും അപകടം നടന്ന് എട്ടുമണിക്കൂര്‍ കഴിഞ്ഞിരുന്നു. സല്‍മാന്‍ കേസില്‍ ജാമ്യമെടുത്ത് പുറത്തിറങ്ങുകയും ചെയ്തു.

അമിതവേഗതയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് മന:പൂര്‍വമല്ലാത്ത നരഹത്യ (304 എ) ആയിരുന്നു പോലീസ് സല്‍മാനെതിരേ ചുമത്തിയത്. പരമാവധി രണ്ടുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റം. എന്നാല്‍ റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു സാധാരണക്കാരനെ വാഹനം കയറ്റിക്കൊന്നുവെന്ന ആരോപണവുമായി സല്‍മാനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പോലീസിന് ഈ കേസ് ഗൗരവത്തില്‍ എടുക്കേണ്ടതായി വന്നു. അവര്‍ സല്‍മാനെതിരേ കുറ്റകരമായ നരഹത്യയ്ക്ക് 304 (പാര്‍ട്ട് 2) ചുമത്തി. പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പ്.

2019 ഓഗസ്റ്റ് 3 പുലര്‍ച്ചെ, കൊല്ലത്ത് ഔദ്യോഗികാവിശ്യത്തിനു പോയശേഷം വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിത വേഗത്തില്‍ പാഞ്ഞെത്തിയ ഒരു വോക്‌സ് വാഗന്‍ വെന്റോ കാര്‍ ഇടിക്കുകയും ബഷീര്‍ തത്ക്ഷണം മരിക്കുകയും ചെയ്തു. കാര്‍ ഓടിച്ചിരുന്നത് സംസ്ഥാന സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്. ശ്രീറാമിനൊപ്പം വാഹനത്തില്‍ സുഹൃത്ത് വഫ ഫിറോസും ഉണ്ടായിരുന്നു. അപകടം ഉണ്ടാകുമ്പോള്‍ ശ്രീറാമായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് വഫ നല്‍കിയ മൊഴിയനുസരിച്ച് മ്യൂസിയം പോലീസ് ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ എടുത്തു. അപകടം നടന്ന് മൂന്നാം ദിവസം ശ്രീറാം വെങ്കിട്ടരാമന്‍ സിജെഎം കോടതിയില്‍ നിന്നും ജാമ്യം നേടി.

അശ്രദ്ധമായി അമിതവേഗതയില്‍ വഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് (304എ) ആയിരുന്നു ശ്രീറാം വെങ്കിട്ടരാമനെതിരേ പോലീസ് ആദ്യം ചുമത്തിയത്. പരമാവധി രണ്ടുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റം. എന്നാല്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ കുറ്റകരമായ നരഹത്യയ്ക്ക് 304 (പാര്‍ട്ട് 2) ചുമത്തി. പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പ്.

ഈ രണ്ട് സംഭവങ്ങളും, നടന്ന സ്ഥലങ്ങളും വ്യത്യസ്തമാണെങ്കിലും രണ്ടു പ്രതികളേയും ബന്ധിപ്പിക്കുന്ന ഒരു ഘടകമുണ്ടായിരുന്നു; രണ്ടുപേരും സ്വാധീനമുള്ളവര്‍. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലായിരുന്നു സല്‍മാന് സ്വാധീനവും അധികാരബന്ധങ്ങളും ഉണ്ടായിരുന്നതെങ്കില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ഇവരാല്‍ കൊല്ലപ്പെട്ട നൂറുള്ള മെഹബൂബ് ഷെറിഫും കെ.എം ബഷീറും വെറും സാധാരണക്കാരും.

മുംബൈയിലും കേരളത്തിലുമായി നടന്ന രണ്ട് അപകടങ്ങള്‍ ഈ രാജ്യത്ത് അധികാരവും സ്വാധീനവുമുള്ളവരെയും സാധാരണക്കാരെയും എങ്ങനെയാണ് സമൂഹത്തില്‍ തരംതിരിക്കുന്നതെന്നു കൂടി വ്യക്തമാക്കുന്നുണ്ട്.

2002 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ, 2016-ല്‍ വന്ന വിധിയില്‍ സല്‍മാന്‍ ഖാനെ പൂര്‍ണമായി കുറ്റവിമുക്തനാക്കി. 2019 ല്‍ നടന്ന കേസില്‍ എന്നാണ് വിധി വരുന്നതെന്ന് അറിയില്ലെങ്കിലും സല്‍മാന് കിട്ടിയ അതേ ‘ആനുകൂല്യങ്ങള്‍’ തന്നെ ശ്രീറാമിനും കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സല്‍മാന്‍ കേസിന്റെ നാള്‍ വഴികളും ശ്രീറാം കേസിന്റെ ഇതുവരെയുള്ള വികാസങ്ങളും നിരീക്ഷിച്ചാല്‍ സംശയങ്ങള്‍ മാറും.

ആദ്യം സല്‍മാന്‍ കേസിലേക്ക്

ഒരു ബാറില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത് മദ്യപിക്കുകയും മദ്യലഹരിയില്‍ തന്നെ വേഗത്തില്‍ വാഹനമോടിച്ചു വരികയും ചെയ്താണ് സല്‍മാന്‍ ഒരാളുടെ മരണത്തിന് കാരണമായ അപകടം ഉണ്ടാക്കിയതെന്നു തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു വിചാരണ കാലയളവില്‍ (2013 ല്‍. അതായത് കേസിനാസ്പദമായ സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്കു ശേഷം) പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം സല്‍മാനെതിരേ 304 (പാര്‍ട്ട് 2) ചുമത്തിയത്. 304 (പാര്‍ട്ട് 2) കുറ്റകരമായ നരഹത്യ (Culpable homicide) ആണ് (മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമല്ലെങ്കിലും നിങ്ങളുടെ പ്രവര്‍ത്തി മൂലം ഒരാള്‍ക്ക് മരണം സംഭവിച്ചേക്കാമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആ പ്രവര്‍ത്തി ചെയ്യുന്നതിനാണ് കുറ്റകരമായ നരഹത്യ എന്നു പറയുന്നത്. ഇത് കൊലപാതകത്തിന്റെ നിര്‍വചനത്തില്‍ വരുന്നില്ല).

2010 മെയില്‍ കെമിക്കല്‍ അനലിസ്റ്റ് നടത്തിയ പരിശോധനയില്‍ സല്‍മാന്റെ ശരീരത്തില്‍ 62 മില്ലി ഗ്രാം ആല്‍ക്കഹോള്‍ അശം കണ്ടെത്തിയതും പ്രോസിക്യൂഷന്‍ വാദത്തെ ശരിവച്ചു. കൂടാതെ അപകട സമയത്ത് വാഹനത്തില്‍ ഒപ്പം ഉണ്ടായിരുന്ന അംഗരക്ഷകന്‍ രവീന്ദ്ര പാട്ടില്‍ നല്‍കിയ മൊഴിയിലും സല്‍മാന്‍ ഖാന്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്നു പറയുന്നുണ്ടായിരുന്നു. ഒരു പോലീസുകാരന്‍ കൂടിയായ പാട്ടില്‍, രാത്രിയില്‍ അമിതമായി മദ്യപിച്ച് വഹാനമോടിക്കുന്നത് അപകടമാണെന്നു മുന്നറിയിപ്പ് നല്‍കിയിട്ടും സല്‍മാന്‍ അവഗണിക്കുകയായിരുന്നു. പാട്ടീലിനെ കൂടാതെ അപകടത്തില്‍ പരിക്കേറ്റവരില്‍ മൂന്നുപേരും സല്‍മാനെതിരേ മൊഴി നല്‍കി. സല്‍മാനെതിരേ മൊഴി നല്‍കിയതിന്റെ പേരില്‍ രവീന്ദ്ര പാട്ടീലിനെതിരേ വലിയ സമ്മര്‍ദ്ദങ്ങള്‍ പോലീസിന്റെ ഭാഗത്തു നിന്നു തന്നെയുണ്ടായി. കള്ളമൊഴി നല്‍കിയെന്നാരോപിച്ച് പാട്ടീലിനെ പോലീസ് സേനയില്‍ നിന്നും പുറത്താക്കി. ഒടുവില്‍ ദാരിദ്ര്യത്തിലും ഒറ്റപ്പെടലിലും ജീവിതം ദുസ്സഹമായി തീര്‍ന്ന പാട്ടീല്‍ ക്ഷയരോഗബാധിതനായി മരിക്കുകയും ചെയ്തു. പക്ഷേ മരിക്കും വരെ തന്റെ മൊഴിയില്‍ രവീന്ദ്ര പാട്ടീല്‍ ഉറച്ചു നിന്നു.

വിചാരണ വര്‍ഷങ്ങള്‍ നീണ്ടു. സല്‍മാനാകാട്ടെ കോടതിയില്‍ ഹാജരാകാനേ തയ്യാറായില്ല. ഇതിന്റെ പേരില്‍ ജഡ്ജിയുടെ വിമര്‍ശനം വന്നതിനു പിന്നാലെയാണ് സല്‍മാന്‍ കോടതിയില്‍ എത്തുന്നത്. ഇക്കാലത്തിനിടയില്‍ കേസിന്റെ വിചാരണക്കിടയില്‍ പല ട്വിസ്റ്റുകളും സംഭവിച്ചു. അപകട സമയത്ത് സല്‍മാനായിരുന്നില്ല താനായിരുന്നു വാഹനമോടിച്ചതെന്നു പറഞ്ഞ് ഡ്രൈവര്‍ അശോക് സിംഗ് മുംബൈ സെഷന്‍സ് കോടതിയില്‍ കുറ്റസമ്മതം നടത്തി. അപകടത്തില്‍ പരിക്കേറ്റവരും സംഭവത്തില്‍ സല്‍മാനെതിരേ ആദ്യം മൊഴി നല്‍കുകയും ചെയ്ത സാക്ഷികളും കൂറുമാറി. മറ്റ് ചില സാക്ഷികളും പ്രതിക്കനുകൂലമാകുന്ന തരത്തില്‍ മൊഴി നല്‍കി. താനായിരുന്നു അപകടം ഉണ്ടായപ്പോള്‍ വാഹനമോടിച്ചതെന്ന ഡ്രൈവറുടെ മൊഴി സ്വീകരിക്കാതിരുന്ന മുംബൈ സെഷന്‍സ് കോടതി, പ്രോസിക്യൂഷന്‍ സല്‍മാനെതിരേ ചുമത്തിയ എട്ടു കുറ്റങ്ങളും നിലനില്‍ക്കുന്നതാണെന്നും വ്യക്തമാക്കി. രവീന്ദ്ര പാട്ടീലിന്റെ മൊഴി പ്രധാന തെളിവായി കോടതി സ്വീകരിച്ചു. 2015 മേയില്‍ (അപകടം നടന്ന് 13 വര്‍ഷങ്ങള്‍ക്കു ശേഷം) സെഷന്‍സ് കോടതി സല്‍മാനെ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

എല്ലാ തെളിവുകളും സാക്ഷി മൊഴിയും എതിരായിരുന്നിട്ടും ആ കേസില്‍ നിന്നും സല്‍മാന്‍ പൂര്‍ണമായി കുറ്റവിമുക്തനാകുന്ന കാഴ്ച്ചയായിരുന്നു അധികം വൈകാതെ കാണാന്‍ കഴിഞ്ഞത്. സെഷന്‍സ് കോടതി വിധിക്കെതിരെ സല്‍മാന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച മുംബൈ ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കി. സല്‍മാനെതിരേ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ക്ക് കഴിയുന്നില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.താന്‍ മദ്യപിച്ചിരുന്നില്ലെന്നും ബാറില്‍ പോയിരുന്നെങ്കിലും അവിടെ നിന്നും പച്ചവെള്ളം മാത്രമാണ് കുടിച്ചതെന്നും താന്‍ പണമടച്ച ബില്ലുകള്‍ താന്‍ കഴിച്ച മദ്യത്തിന്റെതായിരുന്നില്ലെന്നും മറ്റുള്ളവര്‍ക്ക് വാങ്ങിക്കൊടുത്തതാണെന്നുമുള്ള സല്‍മാന്റെ വാദം കോടതിയില്‍ അംഗീകരിക്കപ്പെട്ടു. സ്വന്തം ജീവിതം തന്നെ കൊടുത്ത് സല്‍മാനെതിരായി ഉറച്ചു നിന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴിയും ഹൈക്കോടതി വിശ്വാസത്തില്‍ എടുത്തില്ല. അപകട സമയത്ത് താനല്ല വണ്ടിയോടിച്ചതെന്നും ഡ്രൈവര്‍ ആയിരുന്നുവെന്നും അപകടം നടന്നപ്പോള്‍ താന്‍ ഡ്രൈവര്‍ സീറ്റിലൂടെ പുറത്തേക്കിറങ്ങുക മാത്രമാണ് ചെയ്തതെന്നും സല്‍മാന്‍ പറഞ്ഞു. അപകടം നടന്നശേഷം വണ്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. 15 മിനിട്ടോളം അപകട സ്ഥലത്ത് ചെലവഴിച്ചു. അപകട വിവരം പോലീസിനെ അറിയിക്കാന്‍ താന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഡ്രൈവര്‍ പോലീസില്‍ വിവരം പറയുന്നത്. തന്നോട് സഹായികള്‍ നിര്‍ദേശിച്ചത് അനുസരിച്ചു മാത്രമാണ് അപകടസ്ഥലത്ത് നിന്നും പോയത്. ആ സമയത്ത് ഒരാള്‍ മരിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ല. പിന്നീട് സുരക്ഷ ഗാര്‍ഡ് പറയുമ്പോഴാണ് മരണ വിവരം അറിയുന്നത്. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നും സല്‍മാന്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിച്ച ഹൈക്കോടതി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം സല്‍മാനെ ശിക്ഷിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ബോളിവുഡ് സൂപ്പര്‍ സ്റ്റാറിനെ വെറുതെ വിടുകയായിരുന്നു.

ഇനി ശ്രീറാം കേസിലേക്ക്…

കവടിയാറില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം തന്റെ സുഹൃത്തിനെ വണ്ടിയുമായി വരാന്‍ വിളിച്ചു വരുത്തിയ ശേഷം ആ വാഹനം തന്നെ അമിതവേഗതയില്‍ ഓടിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്, ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിപ്പിക്കുന്നത്. ഈ സമയം ശ്രീറാം മദ്യപിച്ചിരുന്നതായി വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെയും മറ്റു രണ്ട് സാക്ഷികളുടെയും മൊഴിയുണ്ട്. എന്നാല്‍ ശ്രീറാമിനെ സമയബന്ധിതമായി രക്തപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. രക്തപരിശോധന പ്രതി തന്നെ ഇടപെട്ടു തടഞ്ഞു. പിന്നീട് രക്ത പരിശോധന നടത്തുന്നത് അപകടം നടന്ന് ഒമ്പതു മണിക്കൂറിനു ശേഷം. ഈ രക്ത സാംപിള്‍ ആണ് കെമിക്കല്‍ ലാബില്‍ എത്തിക്കുന്നത്. അവിടെ നിന്നുള്ള പരിശോധന ഫലത്തില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യം ഇല്ല. കേസില്‍ നിര്‍ണായകമായ വിരലടയളങ്ങള്‍ ശേഖരിക്കുന്നതിലും പോലീസ് വീഴ്ച്ച വരുത്തുന്നു. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നില്‍ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ല. നിരവധി വീഴ്ച്ചകള്‍ തുടക്കത്തിലെ തന്നെ ഉണ്ടായ കേസില്‍ അപകടം നടന്ന് മൂന്നാം ദിവസം തന്നെ ശ്രീറാം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം നേടുന്നു. ശ്രീറാമിന് ജാമ്യം നല്‍കിയ സിജെഎം കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ഹൈക്കോടതി ജാമ്യം റദ്ദ് ചെയ്യാന്‍ വിസമ്മതിക്കുന്നു. പോലീസിന്റെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞു വിമര്‍ശിക്കുന്നു.

മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം ഇപ്പോള്‍ തള്ളിപ്പോയിരിക്കുന്നു. 304 (പാര്‍ട്ട് 2) ചുമത്തിയത് നിലനില്‍ക്കാന്‍ സാധ്യതയില്ലാതായിരിക്കുന്നു. ഇനി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടാല്‍ 304 എ ചുമത്താം. ശക്തമായ തെളുകള്‍ ഉണ്ടെങ്കില്‍ മാത്രമാണ് മനഃപൂര്‍വമല്ലാത്ത നരഹത്യ കേസുകളില്‍ തടവ് ശിക്ഷ കിട്ടുന്നത്. ഇവിടെ തെളിവുകളെല്ലാം ദുര്‍ബലമാണ്. സാക്ഷിമൊഴികള്‍ ശ്രീറാമിന് എതിരേ നില്‍ക്കുമെന്ന് കരുതുകയും പ്രയാസം. അങ്ങനെ വന്നാല്‍ അശ്രദ്ധയോടെ വണ്ടിയോടിച്ചു എന്ന കുറ്റം മാത്രമായി പിഴ ശിക്ഷയില്‍ എല്ലാം അവസാനിക്കും. ശ്രീറാം പൂര്‍ണസ്വതന്ത്രനാകും.

നൂറുള്ള മെഹബൂബ് ഷെരീഫിനെ ഇപ്പോള്‍ ആരും ഓര്‍ക്കുന്നുപോലുമില്ല. രവീന്ദ്ര പാട്ടീല്‍ ഒരു ട്രാജഡി സ്റ്റോറിയായി ഇടയ്‌ക്കൊക്കെ ആവര്‍ത്തിക്കപ്പെടാറുണ്ട്. സല്‍മാന്‍ ഖാന്‍ ബോളിവുഡിന്റെ സുല്‍ത്താനായി വിലസുന്നുണ്ട്. ശ്രീറാമിനും തന്റെ സെലിബ്രിറ്റി ലൈഫ് തുടരാം. ബഷീര്‍ കുറച്ചു പേരുടെയെങ്കിലും മനസില്‍ തുടര്‍ന്നേക്കാം; ഇത്രയുമാണ് ഇതുവരെയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്.

Read Azhimukham: ശിശുഭവന്‍റെ കെയര്‍ടേക്കറാകാന്‍ ശിക്ഷിക്കപ്പെട്ട കണ്ടക്ടര്‍ക്ക് മികച്ച സേവനത്തിന് ചൈല്‍ഡ് ലൈന്‍ വക അനുമോദനം; അന്ന് തന്നെ മൂന്നാം ക്ലാസുകാരനെ രണ്ടു കിലോമീറ്റര്‍ അകലെയിറക്കി മറ്റൊരു സ്വകാര്യബസ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍