UPDATES

ട്രെന്‍ഡിങ്ങ്

‘പ്രിയനന്ദനന്‍ ഹിന്ദുക്കളെ മുറിവേല്‍പ്പിച്ച ആളാണ്. അയാള്‍ വരുകയാണെങ്കില്‍ അയാളെ ഞങ്ങള്‍ കത്തിക്കും’

ഒ വി വിജയന്‍ ഖസാക്കിന്റെ ഇതിഹാസം ആദ്യമായി വായിച്ചയിടം; കേരളത്തിന്റെ ഡല്‍ഹിയിലെ സംസ്‌കാരിക കേന്ദ്രം; മലയാളി സംഘപരിവാറുകാര്‍ അക്രമം അഴിച്ചുവിട്ടത് ഇവിടെയാണ്

സംവിധായകന്‍ പ്രിയനന്ദനന്‍ പങ്കെടുക്കുന്നുവെന്ന് ആരോപിച്ച് ഡല്‍ഹിയിലെ കേരള ക്ലബിന്റെ പരിപാടിയില്‍ സംഘപരിവാര്‍ അനുഭാവികളുടെയും ശബരിമല നാമജപ പ്രതിഷേധകാരുടെയും അതിക്രമം. വെള്ളിയാഴ്ച (മാര്‍ച്ച് 8) വൈകിട്ട് കോണാട്ട്‌പ്ലേസിലെ കേരള ക്ലബ് സാഹിതീസഖ്യം, പ്രിയനന്ദനന്റെ ‘സൈലന്‍സര്‍’ എന്ന സിനിമയുടെ ഭാഗമായിട്ട് സംഘടിപ്പിച്ച സംവാദ പരിപാടിയാണ് അലങ്കോലപെടുത്തിയത്. ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ സ്വീകരിച്ച നിലപാടും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവാദ കുറിപ്പും കാട്ടിയാണ് പരിപാടിയില്‍ പ്രശ്‌നമുണ്ടാക്കുകയും പ്രദര്‍ശനത്തിന് വച്ച കാര്‍ട്ടൂണുകള്‍ നശിപ്പിക്കുകയും ചെയ്തത്. സംഘാടകരെയും പരിപാടിക്കെത്തിയവരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റശ്രമമുണ്ടായി. ദേശീയചാനലിലെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകക്ക് നേരെയും പ്രതിഷേധകാര്‍ എത്തി.

വൈകിട്ട് 6.30ക്കായിരുന്നു പരിപാടി നിശ്ചിയിച്ചിരുന്നത്. പ്രിയനന്ദനന്‍ എഴുമണിയോടെ സംവാദത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ധാരണ.  5.30 ഓടെ അയ്യപ്പ നാമജപ പ്രതിഷേധം നടത്തുന്ന സംഘപരിവാര്‍ സംഘനകളോട് അനുഭാവമുള്ള ഒരു കൂട്ടം ആളുകളുടെ നേതൃത്വത്തിലുള്ള ഒരു സംഘം കേരള ക്ലബിലേക്ക് എത്തി. 40ഓളം ആളുകളായിരുന്നു എത്തിയത്. പരിപാടി 6.30ക്ക് തുടങ്ങി. തുടര്‍ന്ന് കേരള ക്ലബ് ജോയിന്റ് സെക്രട്ടറി എന്‍ രവീന്ദ്രന്‍ പ്രിയനന്ദനന്റ ഫ്‌ളൈറ്റ് ഡല്‍ഹിയില്‍ എത്താന്‍ വൈകുമെന്നും അതിനാല്‍ അദ്ദേഹം വരില്ലെന്നും അനൗണ്‍സ് ചെയ്തു. അനൗണ്‍സിന്റെ പിന്നാലെ സമയത്ത് സംഘ പരിവാര്‍ അനുകൂലികളും അയ്യപ്പ നാമജപ പ്രതിഷേധകാരും എഴുന്നേറ്റ് ബഹളം തുടങ്ങി. ശരണംവിളിയും അധിക്ഷേപ മുദ്രവാക്യങ്ങളുമുണ്ടായിരുന്നു. പ്രതിഷേധകാര്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച ഹാളില്‍ പ്രവേശിച്ച് ചില പടങ്ങള്‍ നശിപ്പിക്കുകയും തുടര്‍ന്ന് കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു.

കേരള ക്ലബിന്റെ പരിപാടിയില്‍ സംഘപരിവാര്‍ അനുഭാവികളുടെയും ശബരിമല നാമജപ പ്രതിഷേധകാരുടെയും അതിക്രമം വീഡിയോ കാണാം..

 

പ്രതിഷേധക്കാര്‍ വലിച്ചു കീറിയ കാര്‍ട്ടൂണുകളില്‍ ഒന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഭാഷ് കെ. കെ. ഹാസ്യ കൈരളിക്ക് മുഖചിത്രമായി വരച്ചതായിരുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറിലെ ഭൂമി ഏറ്റെടുക്കല്‍ വിവാദ സമയത്തായിരുന്നു ഈ കാര്‍ട്ടൂണ്‍ എത്തിയത്. വി എസിന്റെ ജെസിബി യും തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയും ചര്‍ച്ചയാക്കി സുഭാഷ് വരച്ച കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള കാര്‍ട്ടൂണിന്റെ 100 വര്‍ഷം പ്രമാണിച്ച് ഓള്‍ ഇന്ത്യ മലയാളി അസോസിയഷന്റെ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ സുഭാഷിന്റെ ഈ കാര്‍ട്ടൂണ്‍ ഉണ്ടായിരുന്നു. 2018 നവംബര്‍ 1ന് ഇന്ത്യയിലെ 30 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച കാര്‍ട്ടൂകളുകളുടെ ഡല്‍ഹിയിലെ വേദി കേരള ക്ലബായിരുന്നു. അന്ന് തുടങ്ങിയ പ്രദര്‍ശനം ഇപ്പോഴും തുടരുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കേരള ക്ലബിലെ ഒരു മെമ്പര്‍ അഴിമുഖം പ്രതിനിധിയോട് പറഞ്ഞത്, ‘പ്രിയനന്ദനെപോലുള്ള ഒരാളെ നിങ്ങള്‍ ക്ഷണിച്ചില്ലെ.. അയാള്‍ ഹിന്ദുക്കളെ മുറിവേല്‍പ്പിച്ച ആളാണ്. പ്രിയനന്ദനന്‍ ഇവിടെ കാലുകുത്തിയാല്‍ അയാളെ ശരിയാക്കി കളയും. അയാള്‍ വരുകയാണെങ്കില്‍ അയാളെ ഞങ്ങള്‍ കത്തിക്കും. ഈ രീതിയിലായിരുന്നു അവരുടെ സംസാരം. അതിന് ശേഷം സംവാദ വേദിയിലേക്ക് അവര്‍ ഇരച്ച് കയറാന്‍ ശ്രമിക്കുകയും അവിടുത്തെ ഹാളില്‍ കുറച്ച് നാളുകളായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന കാര്‍ട്ടൂകള്‍ക്ക് നേരെ അടുക്കുകയും ചെയ്തു. പ്രദര്‍ശിപ്പിച്ചിരിക്കുന്ന കാര്‍ട്ടൂണുകളില്‍ ചിലത് ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നതും, ഹിന്ദു വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതുമാണ്. അതിനാല്‍ ഇതെല്ലാം ഇവിടെ നിന്ന് മാറ്റണമെന്ന് ആവിശ്യപ്പെട്ട് പ്രതിഷേധകാര്‍ അതില്‍ ഒന്നു രണ്ടെണ്ണം വലിച്ചു കീറുകയും ചെയ്തു.

പ്രിയനന്ദനനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ തന്നെ കേരള ക്ലബ് ഭാരവാഹികളെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും അവര്‍ പരിപാടി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നില്‍ സംഘപരിവാര്‍ ബന്ധമുള്ള മലയാളികള്‍ തന്നെയാണ്. ഇവര്‍ തന്നെയാണ് ശബരിമല വിഷയത്തില്‍ സംസ്ഥാനമന്ത്രിമാരെ വഴിയില്‍ തടഞ്ഞും കേരള ഹൗസിനുനേരെ കല്ലെറിഞ്ഞതും ശരണംവിളി പ്രതിഷേധങ്ങള്‍ നടത്തിയതുമൊക്കെ. ഇന്നലെ ഇവിടെ എത്തിയ സംഘത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നത് രാധാകൃഷ്ണന്‍ വാരണേിക്കല്‍ എന്ന നാമജപ പ്രതിഷേധങ്ങള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ആളായിരുന്നു.  അതിനിടിയില്‍ പണിക്കേഴ്‌സ് ട്രാവലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറും കേരള ക്ലബിന്റെ വൈസ് പ്രസിഡന്റും കൂടിയായ ബാബു പണിക്കര്‍ രണ്ടു ദിവസം മുമ്പ് സ്ഥാനം രാജിവച്ചിരുന്നു. പ്രിയനന്ദനനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിതിനെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനം രാജിവച്ചതെന്നാണ് കരുതുന്നത്.

പക്ഷെ ഔദ്യോഗികമായി അദ്ദേഹം അറിയിച്ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് രാജി വച്ചതെന്നാണ്. ഡല്‍ഹിയിലെ നാമജപ പ്രതിഷേധങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു ബാബു പണിക്കരും. ശബരിമല വിഷയത്തിന് പിന്നാലെ ഡല്‍ഹിയിലെ മലയാളി കൂട്ടായ്മകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് മുന്‍പന്തയില്‍ നില്‍ക്കുന്നത് സംഘപരിവാര്‍ ആനുഭാവികളായ മലയാളികളാണ്. ഇന്നലെ നടന്ന സംഭവങ്ങളും ഇതിന്റെ ഭാഗമാണ്. ഡല്‍ഹിയിലെ എല്ലാ മലയാളികളും വരുന്നയിടമാണ് കേരള ക്ലബ്. ഇത്രയും കാലം പരിപാടിക്ക് ഓന്നും വരാത്ത ഒരു വലിയ വിഭാഗം ആളുകളാണ് ഇന്നലെ ഇവിടെ സംഘര്‍ഷത്തിന് വന്നത്.’ അദ്ദേഹം പറഞ്ഞുനിര്‍ത്തി.

ഡല്‍ഹിയിലെ മലയാള മാധ്യമപ്രവര്‍ത്തകന്‍ പികെ മണികണ്ഠന് നേരെയും കൈയ്യേറ്റ ശ്രമമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് മണികണ്ഠന്‍ പ്രതികരിച്ചത്, ‘പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വയോധികനെ പ്രതിഷേധകാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടാണ് ഞാന്‍ അതിനിടയില്‍ എത്തുന്നത്. വയോധികന്റെ പേര് ഓര്‍മ്മയില്ല അദ്ദേഹം അവരോട് (പ്രതിഷേധക്കാര്‍) പറഞ്ഞത് നിങ്ങള്‍ പ്രതിഷേധിക്കേണ്ടത് ഇങ്ങനെയല്ല. നിങ്ങള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍ പ്രതിഷേധം നടത്തി മടങ്ങിപോകണം. നിങ്ങള്‍ പരിപാടി അലങ്കോലപ്പെടുത്തരുത, ഇവിടെ സംഘര്‍ഷമുണ്ടാക്കരുത് എന്നാണ്. ഇത് അവരെ ചൊടിപ്പിച്ചു.

തുടര്‍ന്ന് അദ്ദേഹത്തിന് നേരെ കൈയേറ്റ ശ്രമമുണ്ടാകുന്നത് കണ്ടതിനെ തുടര്‍ന്നാണ് ഇടപെട്ടത്. അരമണിക്കൂറിലേറെ പ്രശ്‌നമുണ്ടായിരുന്നു. കേരള ക്ലബ് ഇതുപോലെയുള്ള പരിപാടികള്‍ സംഘടിപ്പിട്ടാല്‍ ഞങ്ങള്‍ ഇനിയും വരും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഭീഷണി നടത്തിയാണ് അവര്‍ മടങ്ങിയത്. കേരള ക്ലബില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ ഡല്‍ഹിയിലെ മലയാളികളില്‍ പലരെയും വേദനിപ്പിച്ചിട്ടുണ്ട്. കേരള ക്ലബ് എന്ന പറയുന്നത് ഡല്‍ഹിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു പോരുന്നതാണ് ഒരു മലയാളി സംസ്‌കാരിക കേന്ദ്രമാണ്.

ഒ വി വിജയന്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ കൈയെഴുത്ത് പ്രതി അദ്യമായി വായിച്ചത് ഈ കേരള ക്ലബിലെ കൂട്ടായ്മയില്‍ വച്ചാണ്. എല്ലാ വെള്ളിയാഴ്ചകളിലും ഡല്‍ഹിയിലെ സാഹിത്യകാരന്മാരെയും സംസ്‌കാരികപ്രവര്‍ത്തകരെയും കൂട്ടി സംവാദം സംഘടിപ്പിക്കാറുണ്ട് കേരള ക്ലബ്. എം മുകുന്ദനും, സനല്‍ ഇടമറുകും ഭാരവാഹികളായ ഇരുന്നിട്ടുള്ള കേരള ക്ലബിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഓം ചേരി എന്‍എന്‍ പിള്ളയാണ്. അങ്ങനെയുള്ള കേരള ക്ലബിന്റെ വേദിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായത് ഒട്ടും നല്ലതല്ല.’ എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍