UPDATES

ട്രെന്‍ഡിങ്ങ്

ഝാര്‍ഖണ്ഡില്‍ ആദിവാസികളെ ‘ഹിന്ദു’ക്കളാക്കാന്‍ സംഘപപരിവാര്‍; ബീഫ് പ്രധാന ആയുധം

ബംജ്രംഗദള്‍ പ്രവര്‍ത്തകര്‍ ആളുകളെ മര്‍ദ്ദിക്കുകയും അവരുടെ കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്യുന്നത് സാധാരണമായിരിക്കുകയാണ്

ഗോവധത്തിന്റെയും ബീഫ് ഭക്ഷിക്കുന്നതിന്റെയും പേരില്‍ ഝാര്‍ഖണ്ഡിലെ ആദിവാസി വിഭാഗങ്ങളുടെ വിശ്വാസങ്ങളിലും ഉപജീവനമാര്‍ഗ്ഗങ്ങളിലും കടന്നുകയറാന്‍ അവിടുത്തെ ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനും അതുവഴി ബിജെപിക്ക് രാഷ്ട്രീയ ലാഭം ലഭിക്കുന്ന രീതിയില്‍ അവര്‍ക്കിടയിലേക്ക് തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുമാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത്. ഇതിനായി ബലപ്രയോഗത്തിലൂടെ ഗോവധം നിരോധനം പോലെയുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനും അവര്‍ ശ്രമിക്കുന്നു. 2000ല്‍ ആദിവാസിക്ഷേമത്തിനായി രൂപംകൊണ്ട ഒരു സംസ്ഥാനത്താണ് ഇത് സംഭവിക്കുന്നതെന്നത് വലിയ വിരോധാഭാസമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബീഫ് കഴിക്കുന്നു എന്നാരോപിച്ച് മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ മാധ്യമ ശ്രദ്ധ നേടുമ്പോഴും ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ആരോപണമുണ്ട്.

ജാംഷഡ്പൂരിലെ ഒരു വനിത കോളേജില്‍ നാടക അധ്യാപകനായി പ്രവര്‍ത്തിക്കുന്ന ജീത്രായ് ഹന്‍സ്ദയുടെ അനുഭവം സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്ക് നല്ല ഉദാഹരണമാണ്. ‘സഖാക്കളെ, ജാംഷഡ്പൂരില്‍ എവിടെ നിന്നാണ് ബീഫ് വാങ്ങാന്‍ പറ്റുന്നത് എന്ന് ആര്‍ക്കെങ്കിലും പറഞ്ഞുതരാമോ? ഒരു ബീഫ് മേള നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എന്ന ഹന്‍സ്ദയുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുകയാണ്. ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിനെ പോലെയുള്ള സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തി. ഝാര്‍ഖണ്ഡിലും രാജ്യത്തെമ്പാടും പടര്‍ന്നു പിടിക്കുന്ന ബീഫ് അപസ്മാരത്തിനെതിരെയായിരുന്നു ഹന്‍സ്ദയുടെ പോസ്റ്റ്. ഒരു സന്താള്‍ വംശജന്‍ എന്ന നിലയില്‍ ബീഫ് കഴിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഹന്‍സ്ദ ചൂണ്ടിക്കാട്ടുന്നു. സന്താള്‍ വംശജര്‍ ഇന്ത്യക്കാരാണെങ്കില്‍ അവരെ ഹിന്ദു ആചാരങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന ഒരു നിയമവും ഉണ്ടാവാന്‍ പാടില്ല.

2005ലാണ് ഝാര്‍ഖണ്ഡില്‍ ഗോവധ നിരോധന നിയമം നിലവില്‍ വന്നത്. അനധികൃതമായി പശുവിനെ കശാപ്പ് ചെയ്യുന്നവര്‍ക്കും കടത്തുന്നവര്‍ക്കും പത്തുവര്‍ഷം ശിക്ഷയായിരുന്നു നിയമത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. അന്ന് രാജ്യത്തെ ഏറ്റവും കടുത്ത ഗോസംരക്ഷണ നിയമമായിരുന്നു ഇത്. നിയമം പാസാക്കുന്ന സമയത്ത് അതിന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ തങ്ങള്‍ മനസിലാക്കിയിരുന്നില്ലെന്ന് ഹോ സമുദായത്തിലെ അംഗവും ആദിവാസിക്ഷേമത്തിനായുള്ള സര്‍ക്കാരിതര സംഘടനയായ ബിന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് സ്റ്റഡി ആന്റ് ആക്ഷനിലെ അംഗവുമായ റായിമുള്‍ ബാന്ദ്ര ചൂണ്ടിക്കാട്ടുന്നു. ബീഫ് എല്ലായ്പ്പോഴും ഭക്ഷണത്തിന്റെ ഭാഗമായിരുന്നുവെന്നും വിലക്കുറഞ്ഞ ഇറച്ചിയായതിനാല്‍ തന്നെ ഭൂരിപക്ഷം ആദിവാസികളും അത് കഴിക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ ഇത് ഭക്ഷണത്തിന്റെ മാത്രം പ്രശ്‌നമല്ലെന്ന് ജീത്രായ് ഹന്‍സ്ദ പറയുന്നു. സന്താള്‍ ഉല്‍സവമായ ദോസോണിന്റെ ഭാഗമായി കന്നുകാലികളെ കുരുതി കൊടുക്കാറുണ്ട്. മുണ്ട വിഭാഗത്തില്‍ പെട്ടവരും കന്നുകാലികളെ ബലികൊടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ ബീഫിനെതിരായ ഏതൊരു ആക്രമണവും തങ്ങളുടെ സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്നും ഹന്‍സ്ദ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ആചാരങ്ങള്‍ തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജീത്രായ് ഹന്‍സ്ദ

ഇത് മതവിവേചനത്തിനുള്ള ഒരു ഉപാധിയായും ഉപയോഗിക്കപ്പെടുന്നുണ്ട്. 2015ല്‍ ഗോവധ നിരോധന നിയമവും ആദിവാസി ആചാരങ്ങളും തമ്മിലുള്ള ഒരു സംഘര്‍ഷം ഒരു മുണ്ട വിഭാഗത്തിന്റെ ഗ്രാമത്തില്‍ നടന്നു. ദാംഗ്രി പൂജയുടെ (കന്നുകാലി പൂജ) ഭാഗമായി ഒരു കാളയെ ബലികൊടുക്കാന്‍ ഗ്രാമവാസികള്‍ ഒരുങ്ങിയപ്പോഴായിരുന്നു അത്. പ്രദേശത്തെ ഹിന്ദുക്കളുമായി ഇതുസംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ സ്ഥലത്തെ ബിജെപി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് എട്ട് ആദിവാസികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇവര്‍ക്കെതിരെ ഝാര്‍ഖണ്ഡ് ഗോവധ നിരോധന നിയമമാണ് ചുമത്തിയത്.

അതേ വര്‍ഷം തന്നെ സന്താള്‍ സമുദായത്തിനും സമാനമായ ഒരു സംഘര്‍ഷാവസ്ഥ നേരിടേണ്ടി വന്നു. കിഴക്കന്‍ സിംഗ്ബും ജില്ലയിലെ കാരാന്തി ഗ്രാമത്തിലെ ആദിവാസികള്‍ കന്നുകാലികളെ ബലി നല്‍കുന്നത് തടയാന്‍ ബിജെപി നേതാവും മുന്‍ ലോക്‌സഭ എംപിയും സന്താള്‍ വിഭാഗക്കാരനുമായ സല്‍ഖാന്‍ മുര്‍മു ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ദോസോണ്‍ ഉത്സവത്തിന് മൃഗബലി നടത്തിയാല്‍ ഗോവധ നിരോധന നിയമം പ്രയോഗിക്കുമെന്ന് മുര്‍മു ഭീഷണിപ്പെടുത്തി. എന്നാല്‍ ഗ്രാമവാസികള്‍ ഒറ്റക്കെട്ടായി നിന്ന് തങ്ങളുടെ ആചാരങ്ങള്‍ക്കനുസരിച്ച് ഉത്സവം നടത്താന്‍ തയ്യാറായതോടെ മുര്‍മുവിന്റെ ഭീഷണി വിലപ്പോയില്ല.

ആദിവാസികളുടെ ജീവനോപാധികള്‍ക്ക് നേരെ ബീഫിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെയും ഗൗരവത്തോടെ കാണണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാകൂര്‍ ജില്ലയില്‍ ജൂണ്‍ 25ന്, സ്ഥാപനത്തില്‍ വച്ച് ബീഫ് പാചകം ചെയ്തു എന്ന ആരോപണത്തിന്റെ പേരില്‍ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സ്വന്തം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അവര്‍ക്കെതിരെ പരാതി നല്‍കിയത്. ഫേസ്ബുക്കില്‍ ബീഫിനെ കുറിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ ജീത്രായ് ഹന്‍സ്ദയ്‌ക്കെതിരെ അദ്ദേഹത്തിന്റെ കോളേജ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തന്റെ പരമ്പര്യ ഭക്ഷണത്തിന്റെ പേരില്‍ കോളേജിന് എങ്ങനെ നടപടി സ്വീകരിക്കാനാവും എന്ന് ഹന്‍സ്ദ ചോദിക്കുന്നു. തനിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയുണ്ടെന്നും സര്‍വകലാശാല മുഴുവന്‍ കാവിവത്ക്ക\രിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഗ്രാമത്തില്‍ നിന്നും റാഞ്ചിയിലെ ചന്തയിലെത്തി തന്റെ ആടിനെ വില്‍ക്കാന്‍ സഹോദരന് ഭയമാണെന്ന് മുണ്ട വിഭാഗത്തില്‍പെട്ട ആശ സംഗ ചൂണ്ടിക്കാണിക്കുന്നു. ബംജ്രംഗദള്‍ പ്രവര്‍ത്തകര്‍ ആളുകളെ മര്‍ദ്ദിക്കുകയും അവരുടെ കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്യുന്നത് സാധാരണമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ തങ്ങള്‍ വളര്‍ത്തുന്ന ആടുകളെയും കോഴികളെയും ചന്തകളില്‍ കൊണ്ടുവന്ന് വില്‍ക്കാന്‍ ആദിവാസികള്‍ ഭയപ്പെടുന്നു.

ആദിവാസി മേഖലകളിലേക്ക് കടന്നുകയറുന്നതിനായി ബിജെപി ജാതിക്കാര്‍ഡ് കളിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായന്ന് ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയുടെ പ്രതിനിധി ബിനീത് മുണ്ട പറയുന്നു. ക്രിസ്തീയ വിഭാഗത്തിലേക്ക് മതം മാറിയ ആദിവാസികളും അല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ചൂഷണം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും ബിജെപി ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. ഈ വിഭാഗീയത മുതലെടുത്തുകൊണ്ട് ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുണ്ട ചൂണ്ടിക്കാട്ടുന്നു. ഈ ലക്ഷ്യം നേടുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ഇപ്പോള്‍ ബീഫ് ഉപയോഗിക്കപ്പെടുന്നു. ബിജെപിയുടെ ഇടപെടല്‍ ശക്തമായതോടെ ചില ആദിവാസി സമൂഹങ്ങള്‍ ഇപ്പോള്‍ ഹൈന്ദവവത്ക്കരിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ ഇപ്പോള്‍ ബീഫ് കഴിക്കുന്നത് നിറുത്തിയെന്നും ബിന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് സ്റ്റഡി ആന്റ് ആക്ഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗോപി ഘോഷ് പറയുന്നു. ആദിവാസികള്‍ക്കിടയില്‍ ഹിന്ദുത്വ ആചാരങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഉത്തമോദാഹരണമാണ് സംസ്ഥാനത്ത് ബിജെപിയുടെ ഭരണം. 16 വര്‍ഷത്തെ ചരിത്രത്തില്‍ ബിജെപി മുഖ്യമന്ത്രിമാരാണ് പത്തുവര്‍ഷവും സംസ്ഥാനം ഭരിച്ചത്.

ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രം രൂപീകരിക്കപ്പെട്ട ഒരു സംസ്ഥാനത്തിലേക്ക് എങ്ങനെയാണ് വരേണ്യവര്‍ഗ്ഗ താത്പര്യങ്ങള്‍ കടന്നുകയറിയത് എന്നതിനുള്ള ഉദാഹരണമാണ് ബീഫിന്റെയും മറ്റ് മാംസങ്ങളുടെയും നിരോധനത്തിന് ലഭിക്കുന്ന ഊന്നല്‍. ഝാര്‍ഖണ്ഡ് ഒരു ആദിവാസി സംസ്ഥാനമാണെന്നും തങ്ങളുടെ സംസ്‌കാരവും ഭക്ഷണവും ആഘോഷങ്ങളും ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തമാണെന്നും അതുകൊണ്ട് തന്നെ ബീഫ് കഴിക്കുന്നതില്‍ ഹിന്ദുക്കള്‍ക്കുള്ള വിലക്ക് തങ്ങളുടെ പേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജംഷഡ്പൂര്‍ പട്ടണത്തിന് സമീപമുള്ള ക്രാന്തി മേഖലയിലെ പ്രാദേശിക ആദിവാസി നേതാവ് കെസി മാര്‍ഡി വിശദീകരിക്കുന്നു. ആദിവാസി വിശ്വാസങ്ങളുമായി ഏറ്റുമുട്ടുന്ന ഇത്തരം ഒരു നിയമം അഞ്ചാം പട്ടികയില്‍ പെട്ട ഒരു പ്രദേശത്ത് എങ്ങനെയാണ് നടപ്പിലാക്കുക എന്ന് ദശമദ് ഹന്‍സ്ദ ചോദിക്കുന്നു. ആദിവാസി വിശ്വാസങ്ങളുമായി ഏറ്റുമുട്ടുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങള്‍ ആദിവാസി മേഖലകളില്‍ പ്രയോഗിക്കുന്നതിന് മുമ്പ് മതിയായ ഭേദഗതികള്‍ വരുത്തണമെന്നാണ് ഭരണഘടനയുടെ അഞ്ചാം വകുപ്പ് അനുശാസിക്കുന്നത്.

ബീഫ് നിരോധനം പല ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണെന്ന് കെസി മാര്‍ഡി ചൂണ്ടിക്കാട്ടുന്നു. വെളിയില്‍ നിന്നുള്ളവര്‍ക്ക് ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ സാധിക്കുന്ന രീതിയില്‍ ചോട്ടാനാഗ്പൂര്‍ കുടികിടപ്പു നിയമം ഭേദഗതി ചെയ്ത കാര്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘ഞങ്ങള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ഒരു സംസ്ഥാനത്ത് വച്ച് ഞങ്ങള്‍ അന്യരുടെ ആക്രമണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്,’ എന്ന് അദ്ദേഹം പറഞ്ഞു നിറുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍