UPDATES

ട്രെന്‍ഡിങ്ങ്

ദുരന്തത്തിലും വര്‍ഗ്ഗീയത; മലപ്പുറത്തിന് കൂടുതല്‍ മഴക്കെടുതി സഹായം നല്‍കി എന്ന പ്രചാരണവുമായി സംഘപരിവാര്‍

സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത മലപ്പുറത്തിന് 26 കോടി രൂപയും വലിയ രീതിയിൽ മഴക്കെടുതികൾ നേരിട്ട കോട്ടയം, ഇടുക്കി ജില്ലകൾക്ക് അതിന്റെ പകുതിയിൽ താഴെ ധനസഹായവുമാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് വാദം.

മഴക്കെടുതികളുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചതിൽ ജില്ല തിരിച്ചുള്ള കണക്കുകൾ വെച്ച് വർഗ്ഗീയപ്രചരണത്തിലാണ് സൈബർ ഇടത്തിലെ സംഘ്പരിവാർ അണികൾ. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത മലപ്പുറത്തിന് 26 കോടി രൂപയും വലിയ രീതിയിൽ മഴക്കെടുതികൾ നേരിട്ട കോട്ടയം, ഇടുക്കി ജില്ലകൾക്ക് അതിന്റെ പകുതിയിൽ താഴെ ധനസഹായവുമാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് വാദം. ഇത് സംബന്ധിച്ച പത്രവാർത്തകൾ പരിശോധിച്ചാൽ ഈ വാദത്തിൽ കഴമ്പുണ്ടെന്ന് തോന്നാം. പിണറായി സർക്കാരിന്റെ ന്യൂനപക്ഷപ്രീണനം എന്ന രീതിയിൽ ഈ പ്രചാരണത്തിന് വലതുപക്ഷ പാർട്ടികളുടെ അനുയായികൾ പോലും കൂട്ട് നിൽക്കുന്നുണ്

ഇനി ഇതിലെ വസ്തുതകൾ ഒന്ന് പരിശോധിക്കാം.

1. ഈ ഉയർന്ന ധനസഹായം മലപ്പുറത്തിന് നൽകാനുള്ള മാനദണ്ഡമെന്തായിരിക്കണം. അത് മനസിലാകണമെങ്കിൽ കഴിഞ്ഞ ഒരാഴ്ചക്കാലത്തെ പത്രറിപ്പോർട്ടുകളൊന്ന് പരിശോധിച്ചാൽ മതി. ജൂലൈ 13 മുതലുള്ള പത്രറിപ്പോർട്ടുകൾ ഈ പോസ്റ്റിനൊപ്പമുണ്ട് (ചിത്രങ്ങൾ 1-6) മലപ്പുറത്ത് നാശനഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന ഈ വാട്സപ്പ് ഫോർവേഡ് നുണബോംബ് പൊട്ടാൻ ആ വാർത്തകൾ ധാരാളമാണ്. കനത്ത മഴയും ചുഴലിക്കാറ്റും നിമിത്തം കനത്ത നാശനഷ്ടങ്ങൾ മലപ്പുറം ജില്ലയിൽ സംഭവിച്ചിട്ടുണ്ട്. അഞ്ഞൂറിലേറെ വീടുകൾ തകർന്നിരിക്കുന്നു, കൃഷിനാശം വ്യാപകമാണ്, കീഴാറ്റൂർ പഞ്ചായത്തിൽ മാത്രം 10 ലക്ഷം രൂപയുടെ കൃഷിനാശം റിപ്പോർട്ട് ചെയ്യുന്നു, ജൂലൈ 12 വരെ കണക്കാക്കിയ നഷ്ടം 12 കോടിയുടേതാണ്.

കാലവർഷക്കെടുതികളിൽ സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടവരിൽ 11 പേരും മലപ്പുറം സ്വദേശികളാണ്. ഇത്തരം നാശനഷ്ടങ്ങൾക്ക് പുറമെയാണ് തീരപ്രദേശത്തെ നഷ്ടങ്ങൾ. പൊന്നാനിയിൽ മൽസ്യബന്ധനമേഖലയിൽ മാത്രം 15 കോടി രൂപയുടെ നഷ്ടം കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിൽ സംഭവിച്ചിട്ടുണ്ട്, മലപ്പുറത്ത് കാറ്റ് കൊണ്ടുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അറിയാൻ കെ എസ് ഇ ബിയുടെ നഷ്ടക്കണക്കൊന്ന് പരിശോധിച്ചാൽ മതി (ചിത്രം 7). മറ്റ് ജില്ലകളിലെ നാശനഷ്ടങ്ങളുടെ ഇരട്ടിയിലേറെയാണ് ഇവിടുത്ത കണക്കുകൾ.കഴിഞ്ഞ 17ആം തിയതി വരെ ജില്ലയിൽ ആകെ 113 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്… അപ്പോഴാണ് അനുവദിച്ച 26 കോടിയുടെ പേരിൽ ചിലർ വംശീയ പ്രചരണം നടത്തുന്നത്.

2. മലപ്പുറത്ത് പെയ്ത മഴ കുറവാണെന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സഹായം കിട്ടിയെന്ന വാദം സംഘികൾ നിരത്തുന്നത്. അധികമായി ലഭിച്ച മഴ മാത്രമല്ല മാനദണ്ഡമാക്കിയതെന്ന് മനസിലാകാൻ ഇതോടൊപ്പമുള്ള ചിത്രം 8 പരിശോധിച്ചാൽ മതി (ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ നിന്നും). ഒരു ശതമാനം മാത്രം അധികം മഴ ലഭിച്ച തിരുവനന്തപുരത്തിന് പത്ത് കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. അപ്പോൾ മാനദണ്ഡം പെയ്ത മഴ മാത്രമല്ല, അതുണ്ടാക്കുന്ന നഷ്ടങ്ങൾ കൂടിയാണ്.

3. ഈ ആരോപണത്തിന് റവന്യൂ മന്ത്രി നൽകിയ വിശദീകരണം എന്താണ്. അത് കൂടി നോക്കാം,

“ഓരോ ജില്ലയിലെയും റവന്യൂ അധികൃതർ കണക്കാക്കി നൽകിയ നാശനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ധനസഹായം നൽകിയിരിക്കുന്നത്. ജനസംഖ്യ കൂടിയ മലപ്പുറത്തിന് നൽകിയ സഹായവുമായി മറ്റ് ജില്ലകൾക്ക് ലഭിച്ച സഹായത്തെ തട്ടിച്ച് നോക്കുന്നതിൽ അർത്ഥമില്ല എന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിനനുസരിച്ച് കൂടുതൽ സഹായങ്ങൾ പ്രഖ്യാപിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു…
നിലമ്പൂർ മുതൽ പൊന്നാന്നി വരെ വ്യാപിച്ച് കിടക്കുന്ന മലപ്പുറം ജില്ലയിൽ എല്ലാ പ്രദേശങ്ങളും ജനസാന്ദ്രമാണ്. അങ്ങനെയുള്ള മലപ്പുറത്ത് ഒരു പ്രകൃതിക്ഷോഭം സൃഷ്ടിക്കുന്ന കെടുതികൾ വർദ്ധിച്ചതാകും. ജനസാന്ദ്രതയിൽ മലപ്പുറവുമായി താരതമ്യം പോലും ചെയ്യാൻ കഴിയാത്ത ഇടുക്കിയുമായൊക്കെയാണ് ഈ വിഷയത്തിൽ തട്ടിച്ചുനോക്കുന്നത്”.

കഴിഞ്ഞ മന്ത്രിസഭായോഗം നടന്നത് 18നാണ്, അത് വരെയുള്ള കണക്കുകൾ വെച്ചാണ് ധനസഹായം നിശ്ചയിച്ചിട്ടുണ്ടാകുക, 15,16 തിയതികളിൽ ചുഴലിയൊക്കെ വീശിയ മലപ്പുറത്തിന് ആ കണക്കുകളിൽ പ്രാമുഖ്യം കിട്ടുന്നത് സ്വാഭാവികമാണ്. വെള്ളം കയറിക്കിടക്കുന്ന കോട്ടയം, ആലപ്പുഴ ജില്ലകളിലൊക്കെ കണക്കെടുപ്പുകൾക്ക് ഇനിയും സമയം വേണ്ടി വരും. ആ ജില്ലകളിലെ നഷ്ടങ്ങൾക്കും ആനുപാതികമായ പരിഹാരങ്ങൾ പ്രഖ്യാപിക്കപ്പെടുക തന്നെ ചെയ്യും.

നഷ്ടപരിഹാരനടപടികൾ കാര്യക്ഷമമായും വേഗത്തിലും കൈക്കൊള്ളുന്ന സർക്കാർ നടപടികളെ അംഗീകരിക്കുന്നതിന് പകരം കണക്കുകൾ മുറിച്ചെടുത്ത് വർഗ്ഗീയവാദികൾ നടത്തുന്ന വംശീയപ്രചരണങ്ങൾ ജനം തിരിച്ചറിയേണ്ടതുണ്ട്. ദുരന്തമുഖത്തും അന്യമതവിദ്വേഷം നടത്താൻ നടക്കുന്ന സംഘപരിവാർ അണികൾ നമ്മുടെ നാടിനു തന്നെ അപമാനമാണ്. ഓഖി സഹായമായി കേരളത്തിന് നക്കാപ്പിച്ച തന്നിട്ട് ഗുജറാത്തിന് 1000 കോടി കൊടുത്തപ്പോൾ ഒരക്ഷരം മിണ്ടാത്തവരാണ് ഇപ്പോൾ താരതമ്യവുമായി വരുന്നത്!!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നിപ വൈറസ്: വംശീയ പ്രചരണവുമായി കുമ്മനത്തിന്റെ അനുയായിയായ ബിജെപി മാധ്യമ സെക്രട്ടറി

മിലാഷ് സി എന്‍

മിലാഷ് സി എന്‍

സർക്കാർ ഉദ്യോഗസ്ഥനും, നവമാധ്യമ പ്രവർത്തകനുമാണ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍