UPDATES

ട്രെന്‍ഡിങ്ങ്

ഉപ്പള കൊലപാതകം; 2019ലേക്കുള്ള സംഘപരിവാര്‍ ഓപ്പറേഷന്റെ തുടക്കമോ?

ഒരു കലാപമോ, ലഹളയോ ഉണ്ടാക്കി എടുത്താൽ അതിന്റെ മറവിൽ വോട്ട് ഷിഫ്റ്റിംഗ് ഉണ്ടാക്കാൻ ബി ജെ പിക്കു വളരെ എളുപ്പമാണ് കാസര്‍ഗോഡ്

ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് പഠനം നടത്തിയ പ്രമുഖ പണ്ഡിതന്മാരില്‍പെട്ട പോള്‍ ബ്രാസ് അഭിപ്രായപ്പെടുന്നത് ഇവിടെയൊരു സുസ്ഥാപിതമായ കലാപ പ്രവര്‍ത്തനരീതി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. യാലെ സര്‍വകലാശാല നടത്തിയ മറ്റൊരു ശ്രദ്ധേയമായ പഠനം വ്യക്തമാക്കുന്നത് വര്‍ഗീയ കലാപങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരിക്കുമെന്നും ഇതില്‍ ബി.ജെ.പിയാണ് നേട്ടം കൊയ്യുന്നതെന്നുമാണ്. കാസർഗോഡ് ഉപ്പളയിൽ ഇന്ന് നടന്ന സി പി എം പ്രവര്‍ത്തകന്റെ കൊലപാതകം ലോക്സഭാ തെരഞെടുപ്പ് മുൻ നിർത്തിയുള്ള ബി ജെ പി – ആർ എസ് എസ് സഖ്യത്തിന്റെ സ്ഥിരം കലാപ ശ്രമങ്ങളിൽ ഒന്നാണെന്ന് സംശയിക്കാൻ കാരണങ്ങൾ ഏറെയുണ്ട്. കാസര്‍ഗോഡ് ഉപ്പളയ്ക്ക് സമീപം പ്രതാപ്‌നഗര്‍ സോംഗാലില്‍ ഇന്നലെ രാത്രിയാണ് ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദിഖ് (25) എന്ന സി പി എം പ്രവർത്തകൻ ബി ജെ പി- ആർ എസ് എസ് പ്രവർത്തകരാൽ കൊല്ലപ്പെട്ടത്.

2015 ജൂലൈ 9ന് രാവിലെ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, പൊതുവെ സമാധാനം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. ശശികലയുടെ പ്രസംഗം സംഗീതം പോലെ ആസ്വദിക്കുന്ന ചില സംഘപരിവാർ പ്രവർത്തകർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒഴിച്ചാൽ പൊതുവെ പ്രദേശം ശാന്തമാണ്. സ്‌കൂളിലേക്ക് തന്റെ സഹോദരിക്കൊപ്പം പൊതുനിരത്തിലൂടെ പോകുകയായിരുന്ന ഫഹദ് എന്ന എട്ടുവയസ്സുകാരനെ അയല്‍വാസിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വിജയന്‍ എന്നയാള്‍ പിന്നിലൂടെ വന്ന് വെട്ടിക്കൊലപ്പെടുത്തിയ വാർത്തയേക്കാൾ കേരള സമൂഹത്തിന്റെ പ്രസ്തുത വിഷയത്തോടുള്ള നിസ്സംഗതയാണ് ഏറെ ഞെട്ടിച്ചത്. ഫഹദിന്റെ പിതാവ് അബ്ബാസിനോടുള്ള വിരോധമാണത്രെ ആ ആര്‍എസ്എസുകാരനെ നിഷ്ഠുരമായ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അബ്ബാസ് സിപിഎം പ്രവര്‍ത്തകനുമാണ്.

കേരളം എന്നല്ല ഇന്ത്യയുടെ ചരിത്രത്തിൽ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ എട്ടു വയസ്സുകാരൻ കൊല്ലപ്പെട്ടതായി അറിവിലുണ്ടോ? രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുമ്പോൾ കഥ- കവിത- നാടകം രചിക്കുന്ന സാംസ്‌കാരിക നായകരും, അന്തിചർച്ചയ്ക്കു ടെലിവിഷൻ ചാനലിൽ വന്നിരിക്കുന്ന ചർച്ച തൊഴിലാളികളും ഫഹദിന്റെ കൊലപാതകത്തിനോട് പുലർത്തിയ നിശബ്ദതയുടെ കാരണം ഇന്നും അജ്ഞാതമാണ്.

കാഞ്ഞങ്ങാട് പ്രദേശത്തെ ഒട്ടേറെ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് വിജയന്‍ എന്ന ആര്‍എസ്എസ് പ്രവർത്തകൻ. ഈ കൊലപാതകം നടത്തുന്നതിനും ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ട്രെയിനില്‍ ബോംബ് ഭീഷണി മുഴക്കിയതിന് പൊലീസിന്റെ പിടിയിലായ ആളുമാണ് ഈ കുറ്റവാളി. ഫഹദിന്റെ പിതാവ് അബ്ബാസിനോടുള്ള ഇയാളുടെ വിരോധത്തിന്റെ കാരണം ഇയാള്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടതാണെന്നും വാർത്തകൾ ഉണ്ടായിരുന്നു. ശശികലയുടെ പ്രസംഗം ശബ്ദരേഖ പോലെ ആസ്വദിക്കും എന്ന് പ്രാസം ഒപ്പിക്കാൻ പറയുന്നതല്ല വിജയന്റെ മൊബൈൽ പരിശോധനയിൽ തെളിഞ്ഞതാണിത്.

സംഘപരിവാര്‍ പ്രത്യയശാസ്ത്രം ശത്രുപക്ഷത്ത് നിര്‍ത്തിയിട്ടുള്ള വിഭാഗങ്ങളാണ് കമ്യൂണിസ്റ്റുകാരും മുസ്ലീങ്ങളും. എന്നാല്‍ കമ്യൂണിസ്റ്റു പ്രവര്‍ത്തകനും മുസ്ലീം മതവിശ്വാസിയുമായ അബ്ബാസിനോടുള്ള ശത്രുതയും വിദ്വേഷവും തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ എട്ടുവയസ്സുകാരനായ മകനെ വധിക്കാനുള്ള മാനസികാവസ്ഥയില്‍ ഈ ആര്‍എസ്എസുകാരനെ എത്തിച്ചത് നിശ്ചയമായും അയാളിലുള്ള സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം മാത്രമാണെന്ന് കരുതുക വയ്യ.

പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയുടെ വധത്തിന് പിന്നിലും സംഘപരിവാർ തന്നെ ആയിരുന്നു. പള്ളിയിൽ ഉറങ്ങി കിടക്കുന്ന ഒരു സാധു മനുഷ്യനെ ക്രൂരമായി വെട്ടിക്കൊല്ലാൻ പ്രേരിപ്പിച്ചതിനു പിന്നിൽ കലാപം തന്നെ ആയിരുന്നു ലക്ഷ്യം എന്ന് പോലീസ് പിന്നീട് കണ്ടെത്തി. സി നാരായണൻ, അബ്ദുൽ ഷെരിഫ്, പി മുരളി തുടങ്ങിയ ഇടതുപക്ഷ പ്രവർത്തകരും കഴിഞ്ഞ വർഷങ്ങളിൽ കാസർഗോഡ് മാത്രം ബി ജെ പി / ആർ എസ് എസ് പ്രവർത്തകരാൽ കൊല്ലപ്പെട്ടവരാണ്.

ബംഗാളിലെ ബാസിര്‍ഘട്ട് കലാപത്തെ മാത്രം സംഗ്രഹിക്കുകയാണെങ്കില്‍ പ്രകോപനപരവും കുറ്റകരവുമായ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഒന്നാമതായെത്തുക. ഫേസ്ബുക്ക് പോസ്റ്റിലൂടെ, വാട്സാപ്പ് ഫോർവാഡിലൂടെ എളുപ്പത്തിൽ ഒരു കലാപം കേരളത്തിൽ സാധ്യം അല്ലെന്നു തിരിച്ചറിയാൻ ഉള്ള കഴിവൊക്കെ നിരന്തരം കേരളത്തിൽ വന്നു പോകുന്ന അമിത് ഷാക്ക് വരെ ബോധ്യപ്പെട്ട സംഗതി ആണ്. അപ്പോൾ നേരിട്ടുള്ള ഇത്തരം കൊലപാതകങ്ങളിലൂടെ കലാപം സൃഷ്ടിക്കുക എന്ന പോംവഴിയെ ഉള്ളു.

സുഹൃത്ത് ജിതിൻ ഗോപാലകൃഷ്ണന്റെ ഈ വിഷയത്തിലെ ശ്രദ്ധേയമായ ഒരു നിരീക്ഷണം കൂടി പങ്കു വെക്കുന്നു.

“ദക്ഷിണേന്ത്യയിൽ ഹിന്ദുത്വയുടെ രാഷ്ട്രീയ പരീക്ഷണശാലയാണ് മംഗലാപുരം ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ല. രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പര തന്നെയാണ് ഇവിടെ സംഘപരിവാർ ആസൂത്രണം ചെയ്തുപോന്നിട്ടുള്ളത്. പേജവാർ മഠവും വിശ്വഹിന്ദു പരിഷത്തും പ്രസരണം ചെയ്യുന്ന പൊളിറ്റിക്കൽ ഹിന്ദുത്വയുടെ ഹേറ്റ് ക്യാമ്പെയിനുകൾ കോസ്റ്റൽ ബെൽറ്റിലെ മതനിരപേക്ഷ ജീവിതത്തിൽ ഉയർത്തുന്ന വെല്ലുവിളിയെ ചെറുത്തുപോരുന്നത് സിപിഎം മാത്രമാണ്. സി പി എമ്മിന്റെ പ്രവർത്തകരെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇത് തന്നെയാണ്. ദക്ഷിണ കന്നഡ എംപിയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനുമായ നളിൻ കുമാർ കാട്ടിലിനാണ് കേരളത്തിലെ ബിജെപിയുടെ മുഖ്യചുമതല. ന്യൂനപക്ഷ വിശ്വാസികൾക്കെതിരെയുള്ള കാട്ടീലിന്റെ ഹേറ്റ് സ്പീച്ചുകൾ പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള കന്നഡദേശത്തെ കുറച്ചൊന്നുമല്ല വിഷലിപ്തമാക്കിയത്. മംഗലാപുരത്തെയും സമീപ പ്രദേശങ്ങളിലെയും സംഘ് ഓപ്പറേഷൻ കാസർഗോഡേക്കും പടർത്തുകയാണ് കാട്ടീലിന്റെ ലക്ഷ്യമെന്ന് പല ഘട്ടങ്ങളിലായുള്ള അയാളുടെ കേരളത്തിലെ പ്രസംഗങ്ങളിൽ നിന്നും വ്യക്തമായതാണ്. ബിജെപി പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ ശ്രീധരൻ പിള്ളയുടെ പേര് കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയ്ക്കായി നിർദ്ദേശിച്ച സ്റ്റേറ്റ് ഇൻ ചാർജ് നളിൻ കുമാർ കാട്ടീൽ കേരളത്തിലെ ബിജെപി ഓപ്പറേഷനുകളെ തുടർന്നങ്ങോട്ട് നിയന്ത്രിക്കുമെന്ന് പ്രതീക്ഷിച്ചതുമാണ്. കേരളത്തിൽ സംഘപരിവാറിന്റെ പുതിയ ഓപ്പറേഷന്റെ തുടക്കമാണ് ഇന്നലെ രാത്രി ഉപ്പളയിൽ കണ്ടത്.”.

കാസർഗോഡ് ജില്ലയെ സംബന്ധിച്ചു മറ്റൊരു ശ്രദ്ധേയമായ കാര്യം ബി ജെ പിക്ക് ഏറ്റവും വോട്ട് ശതമാനമുള്ള ജില്ലകളിൽ ഒന്നാണ് കാസർഗോഡ് എന്നതാണ്. കെ സുരേന്ദ്രൻ കുറഞ്ഞ ഭൂരിപക്ഷത്തിനു ആണ് കഴിഞ്ഞ നിയമസഭാ  തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. ഒരു കലാപമോ, ലഹളയോ ഉണ്ടാക്കി എടുത്താൽ അതിന്റെ മറവിൽ വോട്ട് ഷിഫ്റ്റിംഗ് ഉണ്ടാക്കാൻ ബി ജെ പിക്കു വളരെ എളുപ്പമാണ്. ഗുജറാത്ത് കലാപത്തിന് 16 വർഷത്തെ പഴക്കമുണ്ട്, ഇപ്പോഴും ഭരിക്കുന്നത് ബി ജെ പി ആണ്, അന്നത്തെ മുഖ്യമന്ത്രി ഇന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും. സംഘപരിവാർ ചിന്തകളാൽ അണു പ്രസരണം ഏൽക്കാത്ത തലച്ചോറുകൾക്കു ദൃഷ്ടാന്തം ഉണ്ട്.

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍