UPDATES

ട്രെന്‍ഡിങ്ങ്

സംഘപരിവാറുകാരേ, പ്രളയത്താൽ മുറിപ്പെട്ട ഒരു ജനതയുടെ നെഞ്ചിൽ കയറി നിന്നാണ് നിങ്ങള്‍ നൃത്തം ചെയ്യുന്നത്

ഒരു കമ്മ്യൂണിസ്റ്റ് – ഇസ്‌ലാമിക ഗൂഢാലോചനയുടെ ഭാഗമാണ് കേരളത്തിനുള്ള യു എ ഇ സഹായം എന്നൊരു പ്രചാരണവും കുറുവടി സേന നടത്തുന്നുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

കേരളത്തെ പ്രളയം വിഴുങ്ങിയ നാൾ മുതൽ തുടങ്ങിയ സംഘപരിവാറുകാരുടെ ആഭാസ നൃത്തം തുടരുക തന്നെയാണ്. അതിന്റെ ഭാഗം തന്നെയാണ് യു എ ഇ കേരളത്തിന് നല്‍കുമെന്ന് പറയപ്പെടുന്ന 700 കോടിയുടെ സഹായവുമായി ബന്ധപ്പെട്ടു നടക്കുന്ന കോലാഹലവും.

യു എ ഇ ഭരണകൂടം കേരളത്തിനു സഹായമേ പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു ആദ്യ പ്രചാരണം. യു എ ഇയുടെ സഹായ വാഗ്‌ദാനത്തിനു നന്ദി അറിയിച്ചുകൊണ്ട് ആദ്യം ട്വീറ്റ് ചെയ്തത് പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു എന്ന് വ്യക്തമായതോടെ 700 കോടി എന്ന് യു എ ഇ ഭരണകൂടം പറഞ്ഞിട്ടില്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമായി. അതിനു കരുവാക്കിയത് ഇന്ത്യയിലെ യു എ ഇ സ്ഥാനപതിയെയും. ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ സഹായ വാഗ്ദാനത്തിന്റെ കാര്യം യു എ ഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന ആവർത്തിക്കുന്നുണ്ടെങ്കിലും സഹായധനം എത്രയെന്നു യു എ ഇ ഭരണകൂടം പറഞ്ഞിരുന്നില്ലെന്ന അദ്ദേഹത്തിന്റെ മറുപടിയിൽ തൂങ്ങിയാണ് ഇപ്പോഴത്തെ കളി.

700 കോടിയുടെ യു എ ഇ സഹായം സംബന്ധിച്ച വാർത്ത യു എ ഇ പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പ്രസ്തുത വാർത്ത യു എ ഇ ഭരണകൂടം ഇതേവരെ നിഷേധിച്ചിട്ടില്ല എന്ന കാര്യം രാഷ്ട്രീയ തിമിരം ബാധിച്ച സംഘികൾ ബോധപൂർവം മറച്ചുപിടിക്കുകയാണ്. ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും യു എ ഇ സഹായത്തിന്റെ കാര്യം അദ്ദേഹത്തെ അറിയിച്ച പ്രവാസി വ്യവസായി എം എ യൂസഫലിയെയും പ്രതികൂട്ടിൽ നിറുത്താനാണ് സംഘികൾ ഇപ്പോഴും ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇന്നലെ നടത്തിയ പത്രസമ്മേളത്തിലും യു എ ഇ സഹായത്തിന്റെ കാര്യം തന്നെ അറിയിച്ചത് യൂസഫലി ആണെന്ന് ആവർത്തിക്കുകയുണ്ടായി. യു എ ഇ രാജകുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന യൂസഫലിയെ എന്തിനു അവിശ്വസിക്കണം എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. വിവാദത്തോടു യൂസഫലി ഇതുവരെയും പ്രതികരിച്ചിട്ടില്ല. യു എ ഇയിലും ഇന്ത്യയിലും വ്യവസായം നടത്തുന്ന ഒരാൾ എന്ന നിലയിൽ അദ്ദേഹം മൗനം തുടരാനാണ് സാധ്യത.

സത്യത്തിൽ കേന്ദ്ര സർക്കാർ വെറും 600 കോടി മാത്രം അനുവദിച്ചപ്പോൾ ഒരു നൂറുകോടി കൂടി കൂട്ടി 700 കോടിയൊക്കെ പ്രഖ്യാപിക്കാൻ ആരാടാ ഈ യു എ ഇ എന്ന തോന്നലിൽ നിന്നു പൊട്ടിപ്പുറപ്പെട്ട ഒന്നായി കൂടി വേണം ഈ വിവാദത്തെ കാണാൻ. യു എ ഇ സഹായം കേരളത്തിനു നേരിട്ട് സ്വീകരിക്കാൻ കഴിയുമോ എന്ന ചോദ്യത്തിൽ നിന്നാരംഭിച്ച വിവാദം ഇപ്പോൾ എത്തിനിൽക്കുന്നത് വിദേശ സഹായം വാങ്ങുന്നത് ഇന്ത്യയുടെ പോളിസിക്ക് വിരുദ്ധമാകയാൽ കേന്ദ്രം യു എ ഇ സഹായം വാങ്ങി കേരളത്തിനു നൽകില്ലെന്നും വേണമെങ്കിൽ ഏതെങ്കിലും എൻ ജി ഒ മുഖേന ഈ സഹായം ലഭ്യമാക്കാമെന്നും എന്നിടത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ഇങ്ങു താഴെ കേരള ബി ജെ പി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള വരെ ഇക്കാര്യം ഇപ്പോൾ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്.

ഇതിനിടയിലും ഒരു കമ്മ്യൂണിസ്റ്റ് – ഇസ്‌ലാമിക ഗൂഢാലോചനയുടെ ഭാഗമാണ് കേരളത്തിനുള്ള യു എ ഇ സഹായം എന്നൊരു പ്രചാരണവും കുറുവടി സേന നടത്തുന്നുണ്ട്. കേരളത്തിലുള്ളവർ ബീഫ് തീനികളാണെന്നും ആയതിനാൽ കേരളത്തിലെ ജനങ്ങളെ സഹായിക്കരുതെന്നുമൊക്കെ പ്രചരിപ്പിക്കുന്ന ഇത്തരം അധമ മനസ്സുകൾ ഒരു കാര്യം ഓർത്താൽ നന്ന്. അതായത് പ്രളയത്താൽ മുറിപ്പെട്ട ഒരു ജനതയുടെ നെഞ്ചിൽ കയറി നിന്നാണ് അവർ നൃത്തം ചെയ്യുന്നതെന്ന്.

അനുതാപം; മോദി രാഷ്ട്രീയത്തിന്റെ മുഖ്യ ശത്രു

ഒരു പ്രകൃതിദുരന്തത്തെ രാഷ്ട്രീയനാടകമാക്കി നിങ്ങൾ മാറ്റുമ്പോൾ മലയാളികൾ രാഷ്ട്രീയം സംസാരിക്കരുതെന്ന് എങ്ങനെയാണ് പറയാൻ കഴിയുക?

‘ആ എഴുന്നൂറ് കോടി’: വാഴവെട്ടുന്ന ‘സംഘ’ ഗായകർ

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍