UPDATES

പ്രമോദ് പുഴങ്കര

കാഴ്ചപ്പാട്

ഫലശ്രുതി

പ്രമോദ് പുഴങ്കര

നീതിയെന്ന മായാമൃഗം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാടുകളില്‍ നിന്നിറങ്ങി ഹിന്ദുരാഷ്ട്രത്തിന്റെ ആശ്രമവാടത്തില്‍ നിലവിളിക്കുമ്പോള്‍

ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ എത്രയോ വ്യാപൃതമായ തലത്തിലാണ് ഈ ഹിന്ദുരാഷ്ട്ര പദ്ധതി ഇപ്പോഴുള്ളത്.

സംഘപരിവാറിന്റെ ഹിന്ദുത്വ തീവ്രവാദികള്‍ ബാബറി മസ്ജിദ് കല്ലോടു കല്ല് തകര്‍ത്തിട്ട് കാല്‍ നൂറ്റാണ്ടു കഴിയുമ്പോള്‍ ദുര്‍ബലമായൊരു ശബ്ദത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക് നീതി എന്നു പിറുപിറുക്കുകയാണോ? ലാല്‍ കൃഷ്ണ അദ്വാനിയെന്ന കറകളഞ്ഞ ഹിന്ദു രാഷ്ട്രവാദി രാമക്ഷേത്രത്തിനായി രഥം തെളിച്ച വഴികളില്‍, മുറിഞ്ഞുവീണ മനുഷ്യ ശരീരങ്ങള്‍ ഖബറുകളില്‍ നിന്നും നീതി എന്ന് ഞെരുങ്ങിവിളിക്കുകയാണോ?

1992 ഡിസംബര്‍ 6-നു ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റം പുന:സ്ഥാപിച്ച് വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും വലിയൊരളവോളം സാമൂഹ്യജീവിതത്തിന്റെയും ഗതിമാറ്റിവിട്ട ഒരു ദുരന്തത്തിന്റെ സാമൂഹ്യവിചാരണയ്ക്ക് വീണ്ടും കളമൊരുങ്ങുന്നുണ്ട്.

ബാബറി മസ്ജിദ് തര്‍ക്കത്തിന്റെ നാള്‍വഴികള്‍ ഇന്നിപ്പോള്‍ വളരെ എളുപ്പത്തില്‍ തെരഞ്ഞെടുക്കാവുന്ന കൊല്ലങ്ങളും തിയതികളുമായി നമ്മുടെയൊക്കെ പക്കലുണ്ട്. രഥയാത്രയുടെ തേരാളി ഇന്ത്യന്‍ രാഷ്ട്രപതിയാകാന്‍ തനിക്കുള്ള അവസരം തട്ടിപ്പോയെന്ന വൃഥാവിലാപത്തില്‍ നിശബ്ദനായിരിക്കുന്നു. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം നിയമനിര്‍മ്മാണങ്ങളായി രൂപപ്പെടുന്നു. ക്ഷുദ്ര, സങ്കുചിത ദേശീയത പാഠപുസ്തകങ്ങളാകുന്നു, ആളുകള്‍ അനുസരണയോടെ ദൈനംദിന ജീവിതത്തിലേക്ക് മടങ്ങുന്നു, പ്രതിഷേധങ്ങള്‍ ദുര്‍ബലമാകുന്നു, ആള്‍ക്കൂട്ടങ്ങള്‍ പേശികള്‍ പെരുപ്പിക്കുന്നു, ഹിന്ദുക്കള്‍ക്ക് മതം ഒരലങ്കാരവും മുസ്ലീങ്ങള്‍ക്ക് മതം ഒരു ഭാരവുമാകുന്നു, ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതി പ്രഖ്യാപിത ലക്ഷ്യമാക്കിയ സംഘപരിവാര്‍ സംഖ്യാബലത്തില്‍ വെല്ലുവിളികളില്ലാതെ രാജ്യം ഭരിക്കുന്നു.

പാലില്‍ നിന്നും ഇറച്ചിയില്‍ നിന്നും പശു വിമുക്തയാകുന്നു. പശുപ്രായത്തിലുള്ള ജനാധിപത്യം അയവിറക്കുന്ന മൃഗമായി അമറുന്നു. ഗോ മാതാവാകുന്നു. ഗോവധം ജീവപര്യന്തം തടവായി മാറുന്നു. അതുവരെയെത്തിയാല്‍ ഭാഗ്യവാന്മാര്‍, അല്ലെങ്കില്‍ പെരുവഴിയില്‍ നീതി നടപ്പാക്കുന്ന ഹിന്ദുത്വ ആള്‍ക്കൂട്ടം തല്ലിക്കൊന്നു കെട്ടിത്തൂക്കുന്നു. നീതിയെന്ന മായാമൃഗം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാടുകളില്‍ നിന്നുമിറങ്ങി ഹിന്ദുരാഷ്ട്രത്തിന്റെ ആശ്രമവാടത്തിന് മുന്നില്‍ നിലവിളിക്കുന്നു. ഹാഹാ! മേ വിധിബലം പാഹിമാം ദയാനിധേ!

1949-ലെ രാത്രിയില്‍ ബാബറി മസ്ജിദിലേക്ക് ഒളിച്ചുകടത്തിയ ഒരു ഇക്ഷ്വാകുവംശ രാജാവിന്റെ വിഗ്രഹം ഹിന്ദു തീവ്രവാദികള്‍ 2017-ലും ഭദ്രമായി സൂക്ഷിക്കുന്നുണ്ട്. 1980-ലെ ശ്രീ രാം ജാനകി രഥ യാത്ര, 1986-ലെ ഏകാത്മത യാത്ര (ഗംഗ, ഹരിദ്വാര്‍, കന്യാകുമാരി, രാമേശ്വരം) പിന്നെ കടന്നുവന്ന അദ്വാനിയുടെ രഥയാത്രയെന്ന രക്തയാത്ര: ഈ രാജവംശത്തിനുചുറ്റും സംഘപരിവാരം നെയ്തെടുത്ത ഹിന്ദുരാഷ്ട്ര സ്വപ്നം അതിന്റെ യുക്തിസഹമായ പൂര്‍ണതയിലേക്ക് നടന്നടുക്കുകയാണെന്ന് അവര്‍ക്ക് തോന്നാന്‍ കാരണങ്ങളുണ്ട്.

സംഘപരിവാറിന്റെ മുസ്ലീം ‘അപരനിര്‍മ്മിതി’ ഭരണകൂട സ്വഭാവമായി മാറുകയാണ്. മുസ്ലീം എന്നത് ഒരു അധിനിവേശ അക്രമി സംഘം എന്ന പ്രചാരണം പതുക്കെ മായുകയാണ്. കാരണം അധികാരത്തിന്റെ പരിസരങ്ങളില്‍ നിന്നും ഇന്ത്യന്‍ മുസ്ലീമിനെ, മുസ്ലീം എന്ന സ്വത്വരൂപത്തില്‍ ഇടപെടുന്നതില്‍ നിന്നും ഒഴിവാക്കുന്ന പ്രക്രിയ സംഘപരിവാര്‍ ഏതാണ്ട് വിജയകരമായി നടപ്പാക്കിയിരിക്കുന്നു. ഒരു മതേതര രാഷ്ട്രീയ പ്രക്രിയ ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി, മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ദുര്‍ബ്ബലമാകുന്നതും ഭൂരിപക്ഷവര്‍ഗീയതയുടെ അധികാരപ്രയോഗത്തിന്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ പുറന്തള്ളപ്പെടുന്നതും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. അതുകൊണ്ട് മുസ്ലീം സ്വത്വവാദം ഈ രീതിയില്‍,   ദുര്‍ബലമാകുന്നത് മതേതര ചേരിക്ക് ആശ്വാസം നല്‍കുന്നില്ല. എന്നുവെച്ച് മുസ്ലീം പൌരോഹിത്യത്തിന്റെ ചുലാമില്‍ കയറ്റി അതിനെ ശക്തിപ്പെടുത്താനുള്ള ചരിത്രഭാരം ഏറ്റെടുക്കേണ്ടതുമില്ല. കാരണം ആ വഴിക്കല്ല ഹിന്ദുത്വ പ്രത്യയശാസ്ത്ര അജണ്ടയ്ക്കെതിരായ സമരങ്ങളുടെ ഭാവി.

അദ്വാനിയടക്കമുള്ളവരുടെ വിചാരണ നടക്കുന്നത് ഇങ്ങനെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി നടത്തുന്ന ഈ ആഭ്യന്തര അപര നിര്‍മ്മിതി ഒരു സ്വീകാര്യമായ ഭരണകൂട ഭാഷയായി മാറുന്ന കാലത്താണ്. അത് ഹിന്ദുത്വവാദികള്‍ക്കും മതേതര പക്ഷത്തിനും പല സാധ്യതകളാണ് നല്‍കുന്നത്.

ബാബറി മസ്ജിദ് പൊളിച്ചതിന്റെ വിചാരണ ബിജെപിയെ സംബന്ധിച്ച് ആന ചെരിഞ്ഞാലും ജീവിച്ചാലും പന്തീരായിരം എന്ന പോലത്തെ ഒരു കളിയാണ്. കാരണം പള്ളി പൊളിച്ചതാണ് ശരിയെന്ന രാഷ്ട്രീയം  സംഘപരിവാര്‍ ഭരണകൂട ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തുകഴിഞ്ഞു. ഇനിയിപ്പോള്‍ രണ്ടുവര്‍ഷം കൊണ്ട് അദ്വാനിയെയും കൂട്ടരെയും വെറുതെ വിട്ടാല്‍ അതിനു നിയമം നല്കിയ അംഗീകാരം. ശിക്ഷിച്ചാലോ, കൊട്ടാരത്തില്‍ കുതിരപ്പന്തിക്കടുത്ത് വിശ്രമമുറി അനുവദിച്ച പഴയ സേനാനായകന്റെ വീരചരിതത്തില്‍ രണ്ടുവരികൂടി കൂട്ടിച്ചേര്‍ത്ത് സംഘസൂതന്‍മാര്‍ പാടും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രഥരഥ്യകളില്‍ ആര്‍ക്കും ചേതമില്ലാതെ ഒരിത്തിരി രക്തം കൂടി.

19-ആം നൂറ്റാണ്ടില്‍ തന്നെ മുസ്ലീങ്ങളാണ് ഇന്ത്യയിലെ ഹിന്ദുക്കളുടെ എല്ലാ ദുര്‍ഗതിക്കും കാരണമെന്ന വാദം വേരുപിടിക്കുന്നത് കാണാം. വിഷ്ണു കൃഷ്ണ ചിപ്ലുങ്കര്‍, പ്രതാപ് നാരായണ്‍ മിശ്ര, സ്വാമി ശ്രദ്ധാനന്ദ തുടങ്ങിയ എഴുത്തുകാര്‍ ജാതി സമ്പ്രദായവും സതിയും ബാലവിവാഹവും വരെ മുസ്ലീങ്ങളെ അതിജീവിക്കാനുള്ള ഹിന്ദു തന്ത്രങ്ങളായി വ്യാഖ്യാനിച്ചിരുന്നു.

ആര്‍ എസ് എസ് – ഹിന്ദുരാഷ്ട്രവാദി എം എസ് ഗോള്‍വാര്‍ക്കര്‍ 1939-ല്‍, മുസ്ലീം വംശഹത്യ ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് സൂചിപ്പിച്ചു, “ജര്‍മ്മന്‍ ദേശീയാഭിമാനമാണ് ഇപ്പോഴത്തെ സംസാരവിഷയം. ദേശത്തിന്റെയും സംസ്കാരത്തിന്റെയും ശുദ്ധി സംരക്ഷിക്കാന്‍ സെമിറ്റിക് വംശങ്ങളെ – ജൂതന്മാരെ അടിച്ചമര്‍ത്തിക്കൊണ്ട് ജര്‍മ്മനി ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. ദേശീയാഭിമാനം അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപത്തിലാണ് ഇവിടെ പ്രകടമാകുന്നത്. വ്യത്യസ്തതയുള്ള വംശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഒന്നായിപ്പോകാന്‍ അസാധ്യമാണെന്ന് ജര്‍മ്മനി കാണിക്കുന്നു… ഹിന്ദുസ്ഥാനില്‍ നമ്മള്‍ക്ക് പഠിക്കാനുള്ള, ഗുണം ചെയ്യുന്ന വിലപ്പെട്ട ഒരു പാഠമാണത്.”

ആ പാഠം സംഘപരിവാര്‍ ഒരിക്കലും മറക്കുന്നില്ല. 2002-ല്‍ നരേന്ദ്ര മോദിയുടെ ഭരണ കാര്‍മികത്വത്തില്‍ സംഘപരിവാര്‍ ആയിരക്കണക്കിന് മുസ്ലീങ്ങളുടെ രക്തംകൊണ്ട് ആചാര്യന് ചാത്തമൂട്ടി.

മുസ്ലീങ്ങള്‍ എന്നാല്‍ സംസ്കാരത്തിന് പുറത്തുള്ളവരാണെന്ന ബോധം ഊട്ടിയുറപ്പിക്കുന്ന പദ്ധതികള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നുണ്ട്. മുസ്ലീങ്ങള്‍ മാത്രമല്ല, ഹിന്ദുരാഷ്ട്ര പദ്ധതിയുടെ ഭാഗമായ സങ്കുചിത ദേശീയതയെ അംഗീകരിക്കാത്തവരെല്ലാം ഇന്ത്യന്‍ രാഷ്ട്രീയ ചട്ടക്കൂടിലും ഇന്ത്യന്‍ സാംസ്കാരിക വ്യവഹാരങ്ങളിലും നിന്നു പുറന്തള്ളപ്പെടേണ്ടവരാണെന്ന ബോധം വ്യാപകമാവുകയാണ്. പശുവിറച്ചി തിന്നാന്‍ പാടില്ലെന്നും പശുവിനെ അറുത്താല്‍ ജീവപര്യന്തം തടവ് കിട്ടുമെന്നും ഒരു സര്‍ക്കാര്‍ നിയമം കൊണ്ടുവരുമ്പോള്‍ അത് ഭരണകൂടത്തിന് ഇടപെടാവുന്ന ഒരു മേഖലയാണോ എന്ന കാര്യത്തില്‍ നീതിന്യായ സംവിധാനങ്ങള്‍ക്കുപോലും സംശയം തോന്നാത്ത വിധത്തില്‍ ഹിന്ദുരാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്ര രക്തം ഇന്ത്യയുടെ ഭരണകൂട വ്യവസ്ഥയില്‍ ഒഴുകാന്‍ തുടങ്ങിക്കഴിഞ്ഞു.

അങ്ങനെ മുസ്ലീങ്ങളും സങ്കുചിത ഇന്ത്യന്‍/ഹിന്ദുത്വ ദേശീയതാവാദ വിരുദ്ധരും മുഖമില്ലാത്ത, സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വീകാര്യമായ ചട്ടക്കൂടുകള്‍ക്ക് പുറത്തുനില്‍ക്കുന്ന പാഴ്ച്ചെടികളായി മുദ്രകുത്തപ്പെടുന്നു. ഈ അജണ്ടയുടെ ഭാഗമായി ഇന്ത്യന്‍ സൈന്യം  പാകിസ്ഥാന്റെ കൈവശമുള്ള കാശ്മീരില്‍ ഒരു രാത്രി നടത്തിയ ഒരു നാടകീയമായ മിന്നലാക്രമണ നാടകത്തെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യേണ്ട ഗതികേടിലേക്ക് സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തൊട്ടുപിറ്റേന്ന് നിര്‍ബന്ധിതനായത് ഇതുകൊണ്ടാണ്. ദേശവും വംശവും ഒന്നാക്കുന്ന പണി സംഘപരിവാറിന്റെ നിര്‍ണായകമായ അജണ്ടയാണ്. ദേശം-വംശം-രാഷ്ട്രം എന്ന സമീകരണത്തില്‍പ്പെട്ടാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. നിങ്ങളുടെ രാഷ്ട്രീയ-സാംസ്കാരിക അസ്തിത്വം എന്നത് നിങ്ങളുടെ ഭൌമ അസ്തിത്വമാണ് എന്നു വരുന്നതോടെ മറ്റെല്ലാ ഭിന്നതകളെയും വൈവിധ്യങ്ങളെയും അത് ഒറ്റയടിക്ക് അപ്രസക്തമാക്കി പ്രഖ്യാപിക്കും. അതുകൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയ വ്യവഹാരത്തില്‍ ദേശാഭിമാനം ഒഴിച്ചുകൂടാനാകാത്ത ഒന്നായി പ്രത്യക്ഷപ്പെടുന്നത്.

ഇങ്ങനെ ഈ വംശത്തിലും ദേശീയതയുടെ രാഷ്ട്രീയത്തിലും പെടാത്തവരെ പുറത്താക്കുന്നതോടെ രാജ്യത്ത് അവരുടെ നിലനില്‍പ്പിനെ വളരെയെളുപ്പം അസാധ്യമാക്കാം. നിശബ്ദമായ ഒരു ജീവിച്ചുപോക്കിലേക്ക് അവരെ ഒതുക്കാം. സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ ഇത് ചെയ്യുന്നതിനെക്കുറിച്ച് പറയുന്നിടത്ത് Hanna Arendt പറയുന്നുണ്ട്, “…the human masses sealed off in them are treated as they no longer existed, as if what happened to them were no longer of interest to anybody, as if they were already dead and some evil spirit gone mad were amusing himself by stopping them for a while between life and death before admitting them to eternal peace.”

അങ്ങനെയാണ് മോദി ‘ദരിദ്രരായ മുസ്ലീങ്ങളെ കൂടി’ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞത്. വരൂ, ഹിന്ദുരാഷ്ട്രത്തില്‍ നിങ്ങള്‍ക്കും വരാമെന്ന്!

ബാബറി മസ്ജിദിന്റെ തകര്‍ന്നുവീണ താഴികക്കുടങ്ങള്‍ക്കും ഗോപുരങ്ങള്‍ക്കും അപ്പുറത്തേക്ക് ഭീമാകാരമായ കാല്‍വെയ്പ്പുകളോടെ ഹിന്ദുത്വ രാഷ്ട്രീയം സഞ്ചരിച്ചുകഴിഞ്ഞു. പള്ളി പൊളിച്ചതിനെ തുടര്‍ന്ന് രാജ്യത്തെങ്ങും നടന്ന വര്‍ഗീയകലാപങ്ങള്‍ക്ക് ഇന്നേവരെ ആരും ഉത്തരം പറഞ്ഞിട്ടില്ല. ബോംബെ നഗരത്തില്‍ തെരുവുകള്‍ കത്തിച്ചും മുസ്ലീങ്ങളെ കൊന്നൊടുക്കിയും അഴിഞ്ഞാടിയ ഹിന്ദുത്വ തീവ്രവാദികളെ ഓരോ ദിവസവും മുസ്ലീങ്ങളെ കൊല്ല് എന്നു പലതരത്തില്‍ പ്രോത്സാഹിപ്പിച്ച ബാല്‍ താക്കറെ എന്ന ഹിന്ദുത്വ കുറ്റവാളി ഔദ്യോഗിക ബഹുമതികളോടെ ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ജീവിതത്തില്‍ നിന്നും വിടവാങ്ങി. ബോംബെ അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങിവന്നെന്ന് പത്രങ്ങള്‍ ആഘോഷിച്ചു. കാരണം Hanna Arendt പറഞ്ഞ ജീവിച്ചോ മരിച്ചോ എന്നാരും തിരക്കാത്ത അപ്രസക്തരായ ‘അപര’ന്മാരായി മുസ്ലീങ്ങള്‍ മാറുകയായിരുന്നു. അതുകൊണ്ടാണ് ബോംബെയിലും ഗുജറാത്തിലുമൊന്നും കൊല്ലപ്പെട്ട മുസ്ലീങ്ങള്‍ക്കുള്ള നീതി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വ്യഥയല്ലാതായി മാറിയത്.

ബാല്‍ താക്കറെയില്‍ നിന്നും നരേന്ദ്ര മോദിയിലെത്തുമ്പോള്‍, ഒരു മാഫിയ തലവനെപ്പോലെ വര്‍ഗീയ വ്യാപാരം നടത്തിയ ഒരാളില്‍ നിന്നും മുസ്ലീങ്ങള്‍ക്ക് ഖബറിടമുണ്ടെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശ്മശാനമെവിടെ എന്നാക്രോശിക്കുന്ന ഒരു പ്രധാനമന്ത്രിയിലേക്കുള്ള ദൂരം ഇന്ത്യ സ്വാഭാവികമെന്നോണം നടന്നു തീര്‍ത്തിരുന്നു. ഈ സ്വാഭാവികതയാണ് ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സംഘപരിവാറിന്റെ ആസ്തി. അത് തെരഞ്ഞെടുപ്പുവിജയങ്ങള്‍ മാത്രമല്ല.

മൂലധന ഭീകരതയുടെ കാര്‍ക്കശ്യമുള്ള നടത്തിപ്പുകാരാകാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് സംഘപരിവാര്‍ ഇന്ത്യന്‍ മുതലാളിത്ത-ഭൂപ്രഭു വര്‍ഗത്തെ ബോധ്യപ്പെടുത്തിയതോടെ രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴിയും എളുപ്പമായി. മണ്ഡല്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ വടക്കേ ഇന്ത്യയിലെ ബ്രാഹ്മണ-സവര്‍ണ-ധനിക വിഭാഗങ്ങള്‍ക്ക് വേണ്ടി കമണ്ഡല്‍ രാഷ്ട്രീയം പുറത്തെടുത്ത ബിജെപി അതിവേഗം അവരുടെ സ്വന്തം കക്ഷിയായി മാറി. കോണ്‍ഗ്രസിന്റെ മധ്യ-വലതുകക്ഷി എന്ന നിലയ്ക്കുള്ള പതനമാകട്ടെ ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ തങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതരായ സംരക്ഷകരെ തേടാന്‍ പ്രേരിപ്പിച്ചു. ബിജെപിയുടെ ഹിന്ദുരാഷ്ട്രത്തില്‍ അവര്‍ക്ക് പരാതിയില്ല. മൂലധനാഭീകരതയുടെ വിളയാട്ടം ഉറപ്പാക്കിയാല്‍ മാത്രം മതിയായിരുന്നു. അത് മോദി ഭംഗിയായി ചെയ്തുകൊടുക്കുന്നുമുണ്ട്. അങ്ങനെ രാഷ്ട്രീയാധികാരം, സാമ്പത്തികാധികാരം എന്നിവയ്ക്കൊപ്പം പൊതുബോധ നിര്‍മ്മിതിയിലെ മേധാവിത്തവും നേടുന്നതോടെ ഹിന്ദു രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തിനുള്ള കാഹളം പരസ്യമായി മുഴങ്ങും. ഇപ്പോള്‍ കേള്‍ക്കുന്നത് ആ കാഹളത്തിനുള്ള ഒരുക്കങ്ങളാണ്, തയ്യാറെടുപ്പുകളാണ്, പോരാട്ടങ്ങളാണ്. ഹിന്ദുരാഷ്ട്രനിര്‍മ്മാണത്തിന്റെ പ്രത്യക്ഷ രൂപങ്ങള്‍ എന്താണെന്ന് അത്രയും കാലം കാത്തിരുന്നുകണ്ടേ മനസിലാക്കൂ എന്നുള്ളവര്‍ക്ക് അങ്ങനെയുമാകാം.

ഇന്ത്യയിലെ പരിമിതമായ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സ്ഥാപന രൂപങ്ങളെ ഇക്കാലത്ത് സംഘപരിവാര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നത് ഒരു പ്രശ്നമാണ്. ഇത്തരം തെരഞ്ഞെടുപ്പ് ജനാധിപത്യ രൂപങ്ങളെ നശിപ്പിക്കുക എന്നത് ആദ്യഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ ഫാഷിസം ചെയ്യുന്ന പണിയല്ല. മറിച്ച് തെരഞ്ഞെടുപ്പുകളിലൂടെ പോലും അധികാരം പിടിക്കാം എന്നുള്ള അവസരത്തിലാണ് അവര്‍ ജനാധിപത്യ രൂപങ്ങളെ നേരിട് ആക്രമിക്കുക. ഇതൊരു തരത്തില്‍ വൈരുദ്ധ്യമാണ്. എന്നാല്‍ അതിനൊരു യുക്തിയുണ്ട്. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം സാമൂഹ്യമായി സ്വീകാര്യമാവുകയും അതിനെ ബഹുജനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു അവസരത്തില്‍ മാത്രമേ ഈ ആക്രമണം അവര്‍ക്ക് നടത്താനാകൂ. ഹിറ്റ്ലര്‍ അധികാരത്തില്‍ എത്തിയത് അന്നത്തെ ജര്‍മ്മനിയില്‍ ജനാധിപത്യ സംവിധാനത്തിലൂടെയായിരുന്നു. ഇനിയൊരു തെരഞ്ഞെടുപ്പു നടന്നാലും ഹിറ്റ്ലര്‍ തന്നെ ജയിക്കും എന്ന അവസ്ഥയിലായിരുന്നു അയാള്‍ അതിഭീകരമായ ജനാധിപത്യ നിഷേധം അഴിച്ചുവിട്ടത്. ഒരു പ്രത്യയശാസ്ത്ര സംവിധാനം ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് ഇങ്ങനെ സാമൂഹ്യ ബലത്തിന്റെ തറയില്‍ നിന്നാണ്. വെറും അധികാര പ്രമത്തരായ ഭരണാധികാരികള്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ച് ഇഷ്ടമില്ലാത്തവരെ വെടിവെച്ചുകൊല്ലുന്നതും ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര അധീശത്വത്തിന്റെ രാഷ്ട്രീയാധികാര പ്രയോഗവും തമ്മിലുള്ള കാതലായ വ്യത്യാസങ്ങളിലൊന്ന് ഇതാണ്. “സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ഉപയോഗിക്കുന്നതും ദുരുപയോഗിക്കുന്നതും അവയെ ഇല്ലാതാക്കാനാണ്,” എന്ന് Hanna Arendt പറയുന്നുണ്ട്.

ഇതിനുള്ള നിലമൊരുക്കലില്‍ പ്രധാനപ്പെട്ട ഒരു വഴി ജനാധിപത്യത്തിന്റെ ഉദാര, മതേതര സ്വഭാവത്തെ ഉപയോഗശൂന്യമാക്കുക എന്നതാണ്. നെഹ്റൂവിയന്‍ രാഷ്ട്രീയം എന്ന് വിളിക്കാവുന്ന (നെഹ്റൂവിയന്‍ സോഷ്യലിസം എന്ന് വിളിക്കുന്നത് സോഷ്യലിസത്തോടും നെഹ്റുവിനോടും ചെയ്യുന്ന പാതകമായിരിക്കും) ഒരു ഭൂതകാലത്തെ അവമതിക്കുകയും അക്കാലത്തെ പിന്തിരിപ്പന്‍ മൂല്യങ്ങള്‍ക്കൊപ്പം നിന്നിരുന്നവരെ പുനരാനയിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ തന്ത്രം ഇതിന്റെ ഭാഗമാണ്. ഇതില്‍ സംഘപരിവാര്‍ ഇന്ത്യയില്‍ നേരിടുന്ന വെല്ലുവിളി അവര്‍ക്ക് ഇന്ത്യയുടെ കൊളോണിയല്‍ വിരുദ്ധ സമരചരിത്രത്തില്‍ വെറും വഞ്ചനാപരമായ പങ്കുമാത്രമാണ് ഉള്ളത് എന്നാണ്. എന്നാല്‍ ഇതിനെ മറികടക്കാനുള്ള ഒരു വഴി ചരിത്രത്തില്‍ നിന്നും അതിന്റെ രാഷ്ട്രീയസമരത്തെ ചോര്‍ത്തിക്കളയുക എന്നാണ്. ഇങ്ങനെ രാഷ്ട്രീയസമരത്തെ ചോര്‍ത്തുന്ന പണിക്ക് വേണ്ടത് വര്‍ത്തമാനകാലത്തെ അരാഷ്ട്രീയവത്കരിക്കുക എന്നതാണ്. അരാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു വര്‍ത്തമാനകാലസമൂഹത്തിന്റെ ഓര്‍മ്മകളില്‍ രാഷ്ട്രീയസമരത്തിന്റെ ചരിത്രത്തിന് ഇരിപ്പുറപ്പിക്കാനാവില്ല, അവ സ്വാഭാവികമായും ഉച്ചാടനം ചെയ്യപ്പെടും. അങ്ങനെ രാഷ്ട്രീയം കൈമോശം വന്ന ചരിത്രത്തില്‍ ബാക്കിയുള്ളത് വലതുപക്ഷത്തിന്റെ ഭാവനാനിര്‍മ്മിതികള്‍ക്ക് എളുപ്പം നിറയാവുന്ന ശൂന്യസ്ഥലികളായിരിക്കും; ഇത്തരം ശൂന്യസ്ഥലികളുടെ നിര്‍മ്മാണമാണ് ഇന്ത്യയില്‍ നടക്കുന്ന ഒരു ഹിന്ദുരാഷ്ട്ര പ്രവര്‍ത്തനം.

ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ എത്രയോ വ്യാപൃതമായ തലത്തിലാണ് ഈ ഹിന്ദുരാഷ്ട്ര പദ്ധതി ഇപ്പോഴുള്ളത്. ഇന്ത്യയിലെ മൂലധന താത്പര്യങ്ങള്‍ എല്ലാം ഇതിനൊപ്പമാണ്. അതുകൊണ്ട് ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഹിന്ദു ഹൃദയ സാമ്രാട്ടായാല്‍ മാത്രം മതി. വാജ്പേയി കാലത്ത് അത്ര മതിയായിരുന്നില്ല. അതുകൊണ്ടാണ് ലോഹപുരുഷന്‍ അദ്വാനിയായിരുന്നിട്ടും പരസ്യമായി മദ്യപിക്കുകയും ചിലതരം ഉദാരവാദ തട്ടിപ്പുകള്‍ കവിതയാക്കി മൂളുകയും ചെയ്യുന്ന ഹിന്ദുത്വ നേതാവ് വാജ്പേയിയെ സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടിയത്.

ഇന്നിപ്പോള്‍ അത്തരം ആകുലതകളെ കയ്യൊഴിയാവുന്ന സാമൂഹ്യസ്വീകാര്യത തങ്ങള്‍ക്ക് ലഭിച്ചുതുടങ്ങി എന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് ആയിരക്കണക്കിന് മുസ്ലീങ്ങളുടെ വംശഹത്യക്കും  വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സംശയകരമായ പങ്കിനും കാരണക്കാരനെന്ന് ആരോപണം നേരിടുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമ്പോള്‍ യോഗി ആദിത്യനാഥ് അടുത്ത തലമുറ ഹിന്ദുരാഷ്ട്ര നേതാവായി പരിശീലിപ്പിക്കപ്പെടുന്നത്.

നീതിയുടെ മായാമൃഗം ആര്‍ക്കുവേണ്ടിയാണ് നിലവിളിക്കുന്നത്? കാല്‍നൂറ്റാണ്ടിനിപ്പുറം ആയിരക്കണക്കിന് മനുഷ്യര്‍, മുംബൈയില്‍, ഗുജറാത്തില്‍, കാന്ധമാലില്‍ എല്ലാം ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ആകുലപ്പെടുത്താതെ മരിച്ചുവീണു. രഥത്തിനടിയില്‍പ്പെട്ട പട്ടിക്കുട്ടികളോട് കൊല്ലപ്പെട്ട മനുഷ്യരെ ഉപമിക്കുന്ന ഒരാള്‍ പ്രധാനമന്ത്രിയായി. നീതി എന്ന സങ്കല്‍പ്പം രൂപം മാറാന്‍ തുടങ്ങി. ബലവാന്‍ നീതി വ്യാഖ്യാനിക്കുകയല്ല, ബലവാന്‍ തന്നെയാണ് നീതി എന്നായി.

രൂപം മാറിയ ബലവാന്റെ നീതിമാനാണോ അതോ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആരൂഢത്തില്‍ കെട്ടിവെച്ച ഭരണഘടനയോലകളിലെ നീതിസങ്കല്‍പ്പമാണോ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉമാഭാരതിയും അടക്കമുള്ള ഹിന്ദുത്വ തീവ്രവാദികളെ വിചാരണ ചെയ്യാന്‍ പോകുന്നത്? ഏത് നീതിയുടെ മായാമൃഗമാണ് നിലവിളിക്കുന്നത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍