UPDATES

സംഘപരിവാര്‍ അപഹസിച്ചത് എന്റെ മലയാളിസ്വത്വത്തെ/പ്രായത്തെ; ജെഎന്‍യു മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി എഴുതുന്നു

പ്രതിഷേധം കുറ്റമാണെങ്കില്‍, ഞങ്ങളെ കുറ്റവാളികളെന്ന് വിളിക്കുന്നതില്‍ സന്തോഷമേയുള്ളൂ.

ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാര്‍ച്ച് 23നു പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കുകയും തുടര്‍ന്ന് സംഘപരിവാര്‍ ട്രോള്‍ ആര്‍മിയുടെ നവമാധ്യമ അധിക്ഷേപങ്ങള്‍ക്ക് വിധേയനാവുകയും ചെയ്ത ജെഎന്‍യുവില്‍ കനേഡിയന്‍ സ്റ്റഡീസില്‍ പി എച്ച് ഡി വിദ്യാര്‍ത്ഥിയായ അജിത്ത് ഇ എ തന്റെ ബ്ലോഗില്‍ എഴുതിയ കുറിപ്പ്.

ഏതെങ്കിലും കാര്യത്തില്‍ രാഷ്ട്രീയമായി ഇടപെടുമ്പോള്‍ എന്റെ വ്യക്തിപരമായ പശ്ചാത്തലം ചര്‍ച്ചയുടെ കേന്ദ്രമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ എന്റെ വ്യക്തിത്വത്തിന്റെ എല്ലാ ഘടകങ്ങളും, എന്റെ വ്യക്തിപരമായ കാര്യങ്ങളടക്കം സംഘ പരിവാര്‍ അപഹസിക്കാനുള്ള വസ്തുതകളാക്കി മാറ്റിയതുകൊണ്ട്, ഞാനെന്ന വ്യക്തിയും എന്റെ സാമൂഹ്യ പശ്ചാത്തലവും തന്നെയാണ് ഈ മറുപടിയില്‍ കേന്ദ്രസ്ഥാനത്ത് വരേണ്ടത് എന്നു ഞാന്‍ കരുതുന്നു.

മാര്‍ച്ച് 23-നു ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ- ജെ എന്‍ യു- വിദ്യാര്‍ത്ഥി യൂണിയനും അധ്യാപക സംഘടനയും (JNUTA) ചേര്‍ന്ന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഒരു ജാഥ സംഘടിപ്പിച്ചു. ഡല്‍ഹിയിലെ തിരക്കേറിയ തെരുവുകളിലൂടെ ഏതാണ്ട് 7 കിലോമീറ്റര്‍, പോലീസ് നിദേശങ്ങള്‍ പാലിച്ചുകൊണ്ട് ജാഥ സമാധാനപരമായി നീങ്ങി.

മറ്റ് നൂറുകണക്കിനാളുകളെപ്പോലെ അതിന്റെ മുദ്രാവാക്യങ്ങളുടെ ശരിയിലുള്ള വിശ്വാസത്തോടെ ഞാനും ജാഥയില്‍ ചേര്‍ന്നു. ഞങ്ങളുടെ സര്‍വകലാശാലയുടെ അസ്തിത്വത്തിന്റെ പ്രശ്നം കൂടാതെ നീതിക്കു വേണ്ടിയുള്ള തീക്ഷ്ണമായ ആവശ്യമായിരുന്നു അതില്‍.

പകുതിക്ക് വെച്ച് ആളൊഴിഞ്ഞ ലേക് പാര്‍ക് റോഡില്‍, പൊലീസ് ഞങ്ങളെ തടഞ്ഞു. ഒരു പ്രകോപനവും കൂടാതെ ഞങ്ങളെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു. ഞങ്ങള്‍ക്ക് മേല്‍ അക്രമം അഴിച്ചുവിടാന്‍ ഞങ്ങളെ ആളൊഴിഞ്ഞ വഴിയിലേക്ക് കൊണ്ടുപോയി ചതിക്കുകയായിരുന്നു പൊലീസ് ചെയ്തത്.

പോലീസിന്റെ ക്രൂരതകള്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് നേരെ നടന്നത്, ഇന്നിപ്പോള്‍ എല്ലാവര്‍ക്കുമറിയാം. മാധ്യമ പ്രവര്‍ത്തകരെപ്പോലും വെറുതെ വിട്ടില്ല. പിന്നീട് മാധ്യമ പ്രവര്‍ത്തകയോട് മാപ്പ് പറയാന്‍ നീരാബന്ധിതരായ ഡല്‍ഹി പൊലീസ് പറഞ്ഞ വിചിത്രമായ വിശദീകരണം, തങ്ങള്‍ അവരെ വിദ്യാര്‍ത്ഥിനിയാണെന്ന് തെറ്റിദ്ധരിച്ചു മര്‍ദ്ദിച്ചു എന്നാണ്.

അന്ന് വിദ്യാര്‍ത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് പൊലീസ് തീരുമാനിച്ചിരുന്നത് എന്നു ഇതില്‍ നിന്നും തെളിയുന്നു.

ഈ നരനായാട്ടിനെതിരെ ഉയര്‍ന്ന പൊതുജനരോഷത്തെ തുടര്‍ന്ന് പൊലീസ് അന്നത്തെ ചില ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പരസ്യമാക്കി. എന്നാലിത് അവരുടെ ക്രൂരതകളെ മൂടിവെക്കുന്നവയായിരുന്നു.

പൊലീസ് പരസ്യപ്പെടുത്തിയ ഒരു ദൃശ്യത്തില്‍ ഞാനുമുണ്ട്. അക്രമത്തിന്റെ വിദൂരച്ഛായ പോലുമുള്ള ഒന്നിലും ഞാന്‍ ഇടപെടുന്നില്ല എന്നു അതില്‍ വ്യക്തമാണ്. രണ്ടുവശത്തു നിന്നും പോലീസുകാര്‍ തള്ളിപ്പിടിച്ച ബാരിക്കേഡിനിടയില്‍ പെട്ട് വേദനിച്ചു പുളയുന്ന ഒരു സഹപാഠിയെ രക്ഷിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

തീര്‍ച്ചയായും, മന:സാക്ഷിയുള്ള മറ്റേതൊരു വിദ്യാര്‍ത്ഥിയെയും പോലെ ഞാനും പൊലീസ് അതിക്രമത്തിനെതിരെ പ്രതികരിച്ചു. ശ്വാസം മുട്ടി മരിക്കാന്‍ പോയ ഒരു സഹപാഠിയെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് എന്നെ ലക്ഷ്യം വെക്കാനുള്ള കാരണം.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഈ ദൃശ്യം വ്യാപകമായി പ്രചരിപ്പിക്കുന്നു. 2015- ലെ എബിവിപി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയും അവരുടെ ബൌദ്ധിക് വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത തലവനുമായ ഗൌരവ് ഝാ ഈ ദൃശ്യത്തില്‍ നിന്നും എന്നെ തിരിച്ചറിയുകയും എന്റെ വ്യക്തി വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, ഫേസ്ബുക് ഐഡി, സംസ്ഥാനം (കേരളം), പഠന വിശദാംശങ്ങള്‍ എന്നിവയടക്കം ട്വിറ്ററില്‍ പരസ്യമാക്കുകയും ചെയ്തു.

ഇതിനെത്തുടര്‍ന്ന് എന്റെ സ്വത്വത്തെ അധിക്ഷേപിക്കുന്ന വിധത്തില്‍ നിരവധി ട്വീറ്റുകളാണ് വരുന്നത്.

എന്തുകൊണ്ടാണ് ഗൌരവ് ഝാ എന്റെ മലയാളി സ്വത്വത്തെ എടുത്തുകാട്ടിയതെന്ന് അപ്പോഴെനിക്ക് മനസിലായില്ല. പക്ഷേ ശേഷം വന്ന ട്വീറ്റുകളില്‍ നിന്നും എനിക്കത് ബോധ്യമായി. സംഘപരിവാറിനെ പല്ലും നഖവുമുപയോഗിച്ചു ചെറുക്കുന്ന അഭിമാനകരമായ ചരിത്രമുള്ള കേരളം അവരുടെ കണ്ണിലെ കരടായി തുടരുകയാണ്.

ഞാന്‍ മലയാളിയാണ് എന്നറിഞ്ഞതോടെ ബിജെപി അനുകൂലികള്‍ക്ക് എന്നെ ഭീഷണിപ്പെടുത്താനും അപഹസിക്കാനും കൂടുതല്‍ ആവേശമായി. എന്റെ ഭാവിജീവിതം തന്നെ തകര്‍ക്കാന്‍ പോന്ന തരത്തില്‍ എന്നെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പങ്കുവെക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്താകും?

ഞാനും ഝായും ജെഎന്‍യുവില്‍ ഒരേ സെന്ററിലാണ് പഠിക്കുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അതൊന്നു ഞാനൊരിക്കലും വ്യക്തിപരമായി കണ്ടിട്ടില്ല. ഇപ്പോഴുമില്ല.

മറിച്ച് അയാള്‍ക്കൂടി ഭാഗമായ ‘വെറുപ്പിന്റെ രാഷ്ട്രീയം’ എന്തുകൊണ്ട് ശരിയല്ല എന്നു ഉറക്കെ പറയുകയാണ് ചെയ്തത്. ഈ വെറുപ്പിന്റെ രാഷ്ട്രീയക്കാര്‍ എന്റെ വെള്ളത്തലമുടിയെ അപഹസിക്കുകയും എന്റെ ശരീരത്തെവരെ കളിയാക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് ഞാന്‍ തുടങ്ങുന്നത്.

എനിക്ക് 32 വയസായി. ജെഎന്‍യുവില്‍ മൂന്നാം വര്‍ഷ പി എച്ച് ഡി വിദ്യാര്‍ത്ഥിയാണെന്ന് പറയാന്‍ എനിക്കൊരു ലജ്ജയുമില്ല. അതെന്റെ സ്വപ്നമാണ്, അറിവ് നേടുന്നതിനുള്ള ആ കടുത്ത ആഗ്രഹം എന്നില്‍ ഇപ്പോഴുമുണ്ട്. എന്റെ ചുറ്റുപാടുകള്‍ ഒട്ടും സമൃദ്ധമായിരുന്നില്ല. അച്ഛനമ്മമാര്‍ പ്രൊഫസര്‍മാരോ വൈസ് ചാന്‍സലര്‍മാരോ ആയിരുന്നില്ല. ജീവിതകാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ എന്തെന്നറിയാത്ത ദിവസ കൂലിപ്പണിക്കാരായിരുന്നു അവര്‍.

മിക്ക സമയത്തും എനിക്കാവശ്യമായ പാഠപുസ്തകങ്ങള്‍ പോലും വാങ്ങിച്ചുതരാനുള്ള സാമ്പത്തിക ശേഷി അവര്‍ക്കില്ലായിരുന്നു. മറ്റുള്ളവയെക്കുറിച്ചൊന്നും പറയുകയേ വേണ്ട. ഉന്നത വിദ്യാഭ്യാസത്തിലേക്ക് എളുപ്പം എത്തിക്കുന്ന ഒരു തരത്തിലുള്ള സാമൂഹ്യ, സാമ്പത്തിക മൂലധനവും എനിക്കില്ലായിരുന്നു. പകരം ജീവിതം മുഴുവന്‍ ഞാന്‍ നേരിട്ടത്, എന്റെ ജാതിസ്വത്വത്തിന്റെ പേരിലുള്ള ഹീനവും നിന്ദ്യവുമായ അധിക്ഷേപങ്ങളായിരുന്നു.

നികുതിദായകരുടെ പണം പാഴാക്കി, ഈ പ്രായത്തില്‍ ഞാനെന്താണ് ജെഎന്‍യുവില്‍ ചെയ്യുന്നത് എന്നാണ് ട്വിറ്ററില്‍ പലരും അമ്പരക്കുന്നത്. അവരുടെ ഉപരിവര്‍ഗ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്, ഇടയില്‍ മുറിഞ്ഞുപോകാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും സാധ്യമല്ല എന്നു മനസിലാക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

ബിരുദങ്ങള്‍ക്കിടയില്‍ കുടുംബം പുലര്‍ത്താന്‍ ജോലികള്‍ എടുക്കേണ്ടിവരും. അതിനിടയില്‍ കൊല്ലങ്ങള്‍ നഷ്ടമാകും. എന്റെ വിദ്യാഭ്യാസം തുടരാന്‍ എനിക്ക് പല ജോലികളും ചെയ്യേണ്ടിവന്നു. വീടുകള്‍ കയറി പുസ്തകം വില്‍പ്പന, വെല്‍ഡിങ് വര്‍ക് ഷോപ്പിലും വീഡിയോ ലൈബ്രറിയിലും സഹായി എന്നിവ അതില്‍ ചിലതാണ്. ഇതുപോലുള്ള പണികള്‍ ചെയ്താണ് ഒരു തവണ ഉപേക്ഷിക്കേണ്ടി വന്ന ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് കരുതിയ ബിരുദം ഞാന്‍ എടുത്തത്.

എന്റെ പ്രായത്തെ കളിയാക്കുകയും ‘ചാച്ച’ എന്ന് വിളിക്കുകയും ചെയ്യുമ്പോള്‍ അവര്‍ എന്നെ മാത്രമല്ല അധിക്ഷേപിക്കുന്നത്, ഈ രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയുമാണ്. സാമ്പത്തിക, തൊഴില്‍ സുരക്ഷ ഇല്ലാഞ്ഞിട്ടും, ഒരു അപകടത്തില്‍ പല കൈവിരലുകളും നഷ്ടപ്പെട്ടിട്ടും എന്റെ അച്ഛന്‍ സന്തോഷത്തിലാണ്, പ്രതീക്ഷയിലാണ്; എന്നില്‍ അദ്ദേഹം തന്റെ സ്വപ്നങ്ങള്‍ നിറമണിയുന്നത് കാണുന്നുണ്ട്.

എന്റെ പ്രായത്തെ അപഹസിക്കുമ്പോള്‍ സങ്കല്‍പ്പിക്കാനാകാത്ത വേദനകളിലും സ്വന്തം മക്കളെക്കുറിച്ച് സ്വപ്നം കാണുന്ന ആയിരക്കണക്കിന് അത്തരം മാതാപിതാക്കളെയാണ് നിങ്ങള്‍ നിന്ദിക്കുന്നത്.

എന്റെ അനുഭവം പങ്കുവെച്ചുകൊണ്ട്, ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളില്‍ സാമൂഹ്യ, സാമ്പത്തിക സുരക്ഷയുടെ പിന്‍ബലമില്ലാതെ പഠിക്കുന്ന, എന്നാല്‍ അനീതിക്കെതിരെയും ആത്മാഭിമാനത്തിന് വേണ്ടിയും ശബ്ദമുയര്‍ത്തുന്ന വ്യക്തികളെയാണ് ഞാന്‍ കാണിക്കാന്‍ ശ്രമിക്കുന്നത്.

ആര്‍എസ്എസിനും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗം എബിവിപിക്കും അവരുടെ ബ്രാഹ്മണ്യ മൂല്യ ബോധം വെച്ചുകൊണ്ട് ഞങ്ങളുടെ അസ്തിത്വത്തെപ്പോലും മനസിലാക്കാന്‍ കഴിയില്ല. ജെഎന്‍യു പോലുള്ള സ്ഥാപനങ്ങളിലെ ഞങ്ങളുടെ നിലനില്‍പ്പിനെയാണ് അവര്‍ ഭീഷണിപ്പെടുത്തുന്നത്.

‘ബേടീ ബചാവോ’ എന്ന മുദ്രാവാക്യം വിളിക്കുന്ന ഇപ്പോഴത്തെ ബിജെപി സര്‍ക്കാരിന് കീഴില്‍ ജെഎഎന്‍യുവില്‍ നടക്കുന്നത് 9 വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതിയില്‍ (ലൈഫ് സയന്‍സ് പ്രൊഫസര്‍ അതുല്‍ ജോഹ്രിക്കെതിരെ) ധാര്‍മികവും സാങ്കേതികവുമായി പിന്തുണയും നടപടിയും എടുക്കേണ്ട ഭരണസംവിധാനം ഒന്നും ചെയ്യാതിരിക്കുന്നതാണ്.

ഈ അദ്ധ്യാപകനെതിരെ ഒരു എഫ്ഐആര്‍ രേഖപ്പെടുത്താന്‍ ഡല്‍ഹി പൊലീസ് നാല് ദിവസമെടുത്തു. നിയമസംവിധാനത്തെ പരിഹാസ്യമാക്കിക്കൊണ്ട്, അയാളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുകപോലും ചെയ്തില്ല. ഒരൊറ്റ മണിക്കൂറിനുള്ളില്‍ 8 എഫ്ഐആറുകളിലും അയാള്‍ക്ക് ജാമ്യം കിട്ടി.

ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ഇറങ്ങിയത്.

നികുതിദായകരുടെ പണം പാഴാക്കുന്നതിന് ഞങ്ങളെ എപ്പോഴും കുറ്റപ്പെടുത്തുന്ന സംഘപരിവാര്‍ ഡല്‍ഹി പോലീസിന്റെ കേടുകാര്യസ്ഥതയ്ക്കും ഇതേ നികുതിദായകന്റെ പണം പാഴാവുന്നത് കാണുന്നില്ലേ? എന്തുകൊണ്ടാണ് ആര്‍എസ്എസുകാരുടെ രക്തം തിളയ്ക്കാത്തത്?

പകരം അവര്‍ പോലീസിനെ സഹായിക്കുകയും ഈ സമരത്തെ വഞ്ചിക്കുകയുമാണ് ചെയ്യുന്നത്.

ജെഎന്‍യു ഭരണസംവിധാനവും നികുതിദായകരുടെ പണം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. അത് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു പൊതുസ്ഥാപനമാണ്. പക്ഷേ പകരം നമ്മള്‍ കാണുന്നത്, ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം ഈ സര്‍വകലാശാലയില്‍ അട്ടിമറിക്കപ്പെടുന്നതാണ്. കഴിഞ്ഞ വര്‍ഷം സംവരണ വിഭാഗത്തില്‍ എംഫില്‍/ പിഎച്ച്ഡി പഠനത്തിന് വെറും വെറും 16 പേര്‍ക്കാണ് (SC 2, ST 1, OBC 13) പ്രവേശനം ലഭിച്ചത്.

ഇത് നികുതിദായകന്റെ പണത്തിന്റെ ദുരുപയോഗമല്ലേ, പക്ഷേ രക്തമൊന്നും ആര്‍ക്കും തിളയ്ക്കുന്നില്ല. എന്തുകൊണ്ടാണ് എന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ആവേശം എബിവിപി നേതാക്കള്‍ ഈ മനുഷ്യത്വ വിരുദ്ധമായ നീക്കത്തിനെതിരെ കാണിക്കാത്തത്? പകരം അധികൃതരുമായി ഒത്തുകളിച്ച് സമരത്തെ താറടിച്ചു കാണിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

സര്‍വകലാശാലയ്ക്ക് പൊതുഖജനാവില്‍ നിന്നും ധനസഹായം ഇല്ലായിരുന്നെങ്കില്‍ എനിക്ക് ജെഎന്‍യുവില്‍ പഠിക്കാന്‍ കഴിയുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. എന്നെപ്പോലുള്ള ആയിരക്കണക്കിനാളുകള്‍ക്ക് ലക്ഷകണക്കിന് രൂപ വായ്പയെടുത്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാനാകില്ല.

കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന് പകരം സ്വയംഭരണത്തിന്റെ മറവില്‍ സ്വാശ്രയ, സ്വകാര്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സര്‍വകലാശാലയുടെ വാതിലുകള്‍ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ മുന്നില്‍ എന്നെന്നേക്കുമായി അടയാന്‍ പോകുകയാണ്.

ഇത് ജെഎന്‍യുവിനെയും മറ്റ് സര്‍വകലാശാലകളെയും ഉപരിവര്‍ഗക്കാര്‍ മാത്രം പഠിക്കുന്ന ‘അഗ്രഹാരങ്ങളാ’ക്കി മാറ്റും. പതിവുപോലെ എബിവിപിക്ക് ഇതിലൊന്നും പറയാനില്ല.

ഈ സമരം വലിയൊരു സമരത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിന് മേലെയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സാമൂഹ്യനീതിക്കും ലിംഗനീതിക്കും വേണ്ടിയുള്ള വിശാലമായ സമരമാണിത്.

എല്ലാത്തിനും മേലെ, ഈ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാഗമായി നിന്ന് വിദ്യാഭ്യാസ സമ്പ്രദായത്തെ സംരക്ഷിക്കാന്‍ പോരാടുന്നതിന് പകരം സമരത്തെ ഒറ്റുകൊടുക്കുകയാണ് സംഘപരിവാര്‍. എന്നാല്‍ സ്വാതന്ത്ര്യ സമരകാലം തൊട്ടേ ഒറ്റിന്റെയും ചതിയുടെയും ചരിത്രമുള്ള സംഘപരിവാര്‍ അത് ചെയ്യുന്നതില്‍ അത്ഭുതമില്ല.

ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഒരാള്‍ നിശബ്ദനായിരിക്കുക, പ്രതിഷേധിക്കാതിരിക്കുക?

നിലനില്‍പ്പ് എന്നത് ഞങ്ങള്‍ക്ക് ദൈനംദിന സമരമാണ്.

ലൈംഗിക പീഡന പരമ്പരകളിലെ കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുമ്പോള്‍, സംവരണം കശാപ്പ് ചെയ്യപ്പെടുമ്പോള്‍, സര്‍വകലാശാലകള്‍ ഉപരിവര്‍ഗത്തിന് മാത്രം പ്രാപ്യമാകുമ്പോള്‍, ലിംഗനീതിയുടെയും സാമൂഹ്യനീതിയുടെയും അടിസ്ഥാന തത്വങ്ങള്‍ വരെ ലംഘിക്കപ്പെടുമ്പോള്‍ എങ്ങനെയാണ് ഞങ്ങള്‍ പ്രതിഷേധിക്കാതിരിക്കുക?

പ്രതിഷേധം കുറ്റമാണെങ്കില്‍, ഞങ്ങളെ കുറ്റവാളികളെന്ന് വിളിക്കുന്നതില്‍ സന്തോഷമേയുള്ളൂ.

ഒരു സർവ്വകലാശാലയെ തകർക്കുന്ന വിധം

ഇത് മാധ്യമ പ്രവര്‍ത്തനമല്ല; വഞ്ചനയാണ് – ഫ്രൈഡേ റിവ്യു

ഞങ്ങളിത് പ്രതീക്ഷിച്ചതാണ്; ഈ ഭരണകൂടം ഞങ്ങളെത്തേടി വരുമെന്ന്‍

ജെഎന്‍യു: ഇനി സമരമല്ലാതെ വഴിയില്ല; ജയിലല്ലാതെ നിറയ്ക്കാന്‍ ഇടവും

ജെഎന്‍യുവിലെ സംഘപരിവാര്‍ ‘ദൗത്യം’ തുടരുന്നു: ചെറുത്തുനില്‍പ്പും ഇല്ലാതാവുന്നോ?

എബിവിപിയെ ചൊടിപ്പിച്ച കനയ്യ കുമാറിന്റെ ചോദ്യങ്ങള്‍

ജെഎന്‍യു പിടിക്കാനുള്ള സംഘപരിവാര്‍ ശ്രമം തകൃതി; പ്രവേശന മാനദണ്ഡങ്ങള്‍ പൊളിച്ചടുക്കി

മി. വി.സി; എന്തുപഠിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കറിയാം, എങ്ങനെ യുദ്ധം ചെയ്യണമെന്ന് പട്ടാളക്കാര്‍ക്കും

ജെഎന്‍യു: ഒടുവില്‍ ഹിന്ദുത്വ ഇന്ത്യയുടെ അദൃശ്യയുദ്ധം വെളിവാക്കപ്പെടുകയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍