UPDATES

ബീഫ് രാഷ്ട്രീയം

ഹിന്ദുത്വയുടെ അടുപ്പുകല്ലില്‍ നിസഹായരായ മനുഷ്യര്‍ വെന്തു തുടങ്ങുന്നുണ്ട്

ഗോമാതാ സ്‌നേഹമെന്ന പരുന്തിന് പറന്ന് പൊങ്ങാന്‍ പറ്റാത്ത വിധം ഉദ്ധരിച്ച് നില്‍ക്കുന്ന പണക്കൂമ്പാരമാണ് മാംസകയറ്റുമതി ബിസിനസിന്റേത്

‘ആ രാജാവും ആ രാജധാനിയും ആ രാജസദസും അവിടത്തെ സ്തുതിപാഠകരും അവര്‍ പാടിയിരുന്ന പാട്ടും ആരുടെ പ്രഭാവം കൊണ്ട് നശിച്ചുവോ, ആ കാലത്തിന് പ്രണാമം’- ഭര്‍ത്തൃഹരി.

ഈ രാജാവും സ്തുതിപാഠകരും അവരുടെ പാട്ടുകളും കാലക്രമത്തില്‍ ഇല്ലാതാകും. അപ്പോള്‍ ലോകം അവശേഷിക്കുകയാണെങ്കില്‍ ഫാഷിസമാണിതന്നറിഞ്ഞുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ അത് സ്വീകരിച്ച വിചിത്ര രാജ്യമായി ചരിത്രം ഇന്ത്യയെ കണക്കാക്കും.

നമ്മള്‍ കണക്കുകളില്‍ തോറ്റ ജനതയാണ്. ജനാധിപത്യത്തിന്റെ ഉള്‍പ്പിരിവുകള്‍ ശക്തമായിട്ടുള്ള പാര്‍ട്ടിയാണെങ്കിലും അഴിമതിയെന്നത് അവകാശം പോലൊന്നാണ് എന്ന് കരുതിയിരുന്ന കോണ്‍ഗ്രസിനെയാണ് നമ്മള്‍ ഭരണഘടനക്ക് കാവല്‍ നില്‍ക്കാന്‍ പലകുറിയേല്‍പ്പിച്ചത്. നമുക്ക് വേറെ വഴിയില്ലായിരുന്നു. മടുത്തുപോയൊരു ജനത പകരം ലഭിച്ചതെന്താണെന്ന് നോക്കാതെ കൂടുതല്‍ എതിര്‍ ശബ്ദമുയര്‍ത്തിയവര്‍ക്ക് 2014-ല്‍ വോട്ടു ചെയ്തു. അവരെ തെറ്റുപറയാന്‍ പറ്റില്ല. പക്ഷേ അപ്പോഴും ജാഗ്രതയോടെ എതിര്‍ത്ത 65 ശതമാനമുണ്ടായിരുന്നു; മഹാഭൂരിപക്ഷം. പക്ഷേ സംഘപരിവാരം ഒറ്റക്കെട്ടും എതിര്‍ ശബ്ദങ്ങള്‍ ചിതറിയതുമായിരുന്നു. നമ്മള്‍ ചിതറിയ ജനതയാണ്. ഭാഷയും ജാതിയും സ്വാഭാവികമല്ലാത്ത രാഷ്ട്രനിര്‍മ്മിതിയുമൊക്കെയായി നമ്മളൊരു ഏച്ചുകെട്ടിയ ജനത. ചിതറാന്‍ കാരണങ്ങള്‍ കാത്തു നിന്ന ജനത.

ഇപ്പോള്‍ നമ്മളെ ബന്ധിപ്പിക്കുന്ന ഒരു കാരണമുണ്ട്. കശ്മീരിലെ ഇന്ത്യാക്കാരാകേണ്ടി വന്ന മനുഷ്യരേയും ഇന്ത്യാക്കാരുടെ  നിരന്തരപരിഹാസത്തിന് ഇരയാകുന്ന മണിപ്പൂരിലേയും നാഗലാന്റിലേയും അരുണാചലിലേയും മനുഷ്യരേയും നിറവും ഭാഷയും പെരുമാറ്റവും കൊണ്ട് ഇന്ത്യാക്കാര്‍ മദ്രാസികളാക്കി അകറ്റിയ തെന്നിന്ത്യക്കാരേയും ഒരുമിപ്പിക്കുന്ന ഒരു കാരണം. നമ്മളുടെ ജീവിതത്തെ വെല്ലുവിളിക്കുന്ന ഒരു സര്‍ക്കാരാണ് ഈ രാജ്യം ഭരിക്കുന്നത്. നമ്മുടെ വിശ്വാസത്തെ, ഭക്ഷണശീലത്തെ, ശീലങ്ങളെ, ഞങ്ങളെ, പൊതുവേ നമ്മളെ, വെറുക്കുന്ന സര്‍ക്കാര്‍.

ഒറ്റ ഉത്തരവ് വഴി സര്‍ക്കാര്‍ ലെജിറ്റിമൈസ് ചെയ്യുന്നത്, നിയമപരമായ-ധാര്‍മ്മികമായ സാധുത നല്‍കുന്നത്, രാജസ്ഥാനിലും ബീഹാറിലും ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും ഗുജറാത്തിലും അങ്ങനെ സംഘപരിവാരത്തിന്റെ ഗുണ്ടാശക്തിയുള്ള എല്ലായിടങ്ങളിലും മുസ്ലീങ്ങളേയും ദളിതരേയും കൊന്നുതള്ളിയ, കൊല്ലലായിരുന്നു ഭേദമെന്ന് തോന്നിക്കും വിധം മര്‍ദ്ദിച്ച, അവരുടെ നികൃഷ്ട നീതികൊണ്ടും രീതികള്‍ കൊണ്ടും അപമാനിച്ച ഫാഷിസ്റ്റ് സേനയുടെ പ്രവര്‍ത്തികള്‍ക്കാണ്. അവര്‍ക്കുള്ള പുരസ്‌കാരമാണ്, പരസ്യ വേദിലുള്ള സ്വീകരണമാണ് പുതിയ ഉത്തരവ്. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ അഖ്‌ലാഖ് (സംഘികള്‍ക്ക് മനസിലാകാനാണെങ്കില്‍ പട്ടാളക്കാരന്റെ പിതാവ്) എന്ന മനുഷ്യനെ കൊന്നതിന്റെ പേരില്‍ ജയിലില്‍ പോയ സംഘികള്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ആര്‍എസ്എസ് അനുകൂല സംഘടനകള്‍ സ്വീകരണം നല്‍കിയില്ലേ, അതുപോലൊന്ന്.

ഈ ഉത്തരവിന്റെ ആനുകാലിക പ്രസക്തി ചെറിയ പെരുന്നാളാണ്. റംസാന്‍ കാലമാണ് വരുന്നത്. നോമ്പ് കാല വിഭവങ്ങളില്‍ മാട്ടിറച്ചി ഉണ്ടാകുമെന്നതല്ല, മറിച്ച് ഇന്ത്യയിലെ പാവപ്പെട്ട മുസ്ലീം ജനതയിലെ ഒരു വലിയ വിഭാഗം പണിയെടുക്കുന്ന ഇന്‍ഡസ്ട്രിയെ ആണ് ഒറ്റ ഉത്തരവില്‍ സംഘിസര്‍ക്കാര്‍ തകര്‍ത്തത്. ബീഫ് തിന്നാനുള്ളതല്ല, ജീവിക്കാനുള്ള ഉപാധിയായ, മനുഷ്യരെ അവരുടെ ജീവിതത്തെ ആഘോഷകാലത്ത് നിരായുധരാക്കുക, നിസഹായരും നിസ്വരുമാക്കുക, അവരുടെ അരക്ഷിതമായ ജീവിതത്തിലെ ചെറു സന്തോഷത്തെ പോലും തകിടം മറിക്കുക, അങ്ങനെ അപമാനിക്കപ്പെടുന്ന മനുഷ്യര്‍ ഏന്തുന്ന കലാപക്കൊടി  അവരുടെ തോളില്‍ കെട്ടിവയ്ക്കുക, അതിന്റെ പേരില്‍ അവരെ, അവരുടെ വിശ്വാസ വാഹകരെ എന്നെന്നേക്കുമായി ഇല്ലാതാക്കുക. ഇത്തരം തിരക്കഥകളില്ല ഈ ഉത്തരവിന് പിന്നിലെന്ന് വിശ്വസിക്കുന്ന നെയ്‌വിറ്റിയുള്ള നല്ലവരെ, നിങ്ങള്‍ക്ക് സംഘപരിവാരത്തെ കുറിച്ച് ഒന്നുമറിയില്ല. ലോകത്ത് ഇന്നുള്ളതില്‍ വച്ചേറ്റവും ശക്തമായ ഭീകരസംഘടനയെ കുറിച്ച് ഒരു ചുക്കുമറിയില്ല.

ചുരുങ്ങിയ പക്ഷം നിങ്ങളൊന്നെങ്കിലും അറിയണം. ഒരു ഭീകര സംഘടന സാംസ്‌കാരിക സംഘടനയാണ് എന്ന് പരസ്യമായി പറയുന്ന കവിയും കലാകാരന്മാരും സാമൂഹ്യതാരങ്ങളും ഉള്ള നാടാണിത്. സംഘപരിവാരത്തിന്റെ പശു അജണ്ടയ്ക്ക് ചരിത്രമുണ്ട്. ദീര്‍ഘമായ ഒരു ചരിത്രമുണ്ട് ഇതിന്. ഹൈന്ദവത എന്നത് ബ്രാഹ്മണിസമാണ് എന്നും ആ ബ്രാഹ്മണിസത്തിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കേണ്ട സമൂഹമാണ് ഇന്ത്യയിലെ ബഹുസ്വര സമൂഹമൊക്കെയും എന്ന് കരുതിപ്പോന്ന ഒരു ന്യൂനപക്ഷം വരുന്ന തീവ്രവാദികളുടെ നേതാവായ ദയാനന്ദ സരസ്വതി എന്നയാളാണ് ഈ പശു അജണ്ടയെ രാഷ്ട്രീയ അജണ്ടയാക്കി 1800-കളുടെ അവസാന ദശകങ്ങളില്‍ അവതരിപ്പിക്കുന്നത്. ഇന്നുള്ള സംഘപരിവാരത്തിന്റെ ആത്മീയ നേതൃത്വങ്ങളില്‍ പ്രധാനപ്പെട്ടയാളാണ് ഇന്ത്യയുടെ വിചിത്രമായ കരിക്കുലത്തില്‍ കീഴില്‍ സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്ന് നാം പഠിച്ചിട്ടുള്ള തീവ്രവാദി നേതാക്കളില്‍ പ്രമുഖനായ ദയാനന്ദ സരസ്വതി.

ദയാനന്ദ സരസ്വതിയുടെ ആര്യസമാജ് മൂവ്‌മെന്റ് ബ്രാഹ്മണിക്കല്‍ ഹെജിമണിയെ എതിര്‍ക്കുകയും ഹിന്ദുമതത്തെ പരിഷ്‌കരിക്കുകയും അതുവഴി വേദിക് കാല പാരമ്പര്യം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് നമ്മള്‍ പഠിച്ച് അന്തം വിട്ടിട്ടുണ്ട്. ഗോവധ നിരോധനത്തിന്, ഗോസംരക്ഷണത്തിന് പൊളിറ്റിക്കല്‍ മൂവ്‌മെന്റ് തുടങ്ങിയവരെയാണ് നാം വേദിക് കാല പുന:സ്ഥാപന-ആന്റി ബ്രാഹ്മണിക്കല്‍ എന്ന് വായിച്ചത്. വേദിക് കാലത്ത് പശു ജീവിതോപാധിയും അതുവഴി ഭക്ഷണവുമായിരുന്നുവെന്ന് അറിയാത്ത ഒരു ചരിത്ര കുതുകിയും ഉണ്ടാകില്ല. ഗവേഷണം എന്ന വാക്ക് ഗോവിനെ അന്വേഷിക്കലില്‍ നിന്ന് വന്നതുപോലെ പ്രധാനം. യാഗത്തിനും വിശുദ്ധ ചടങ്ങുകള്‍ക്കും ഗോമാംസം നിര്‍ബന്ധം, രാമനും അക്കാല ഇന്ത്യന്‍ മാതൃകകള്‍ക്കും പ്രിയപ്പെട്ട ഭക്ഷണമായിരുന്നു പശുവെന്ന് ഇതിഹാസകാല രചനകള്‍ സാക്ഷി. എന്നിട്ടും ആര്യസമാജം വഴി ദയാനന്ദ സരസ്വതി ഇന്ത്യന്‍ ജനതയുടെ ജീവിതമാര്‍ഗ്ഗവും ഭക്ഷണവുമായിരുന്ന പശുവിനെ വിശുദ്ധീകരിച്ചു. ദളിത് ജനതയുടെ ജീവിതോപോധിയായ എരുമയില്‍ നിന്നും പോത്തില്‍ നിന്നും വേര്‍തിരിച്ചു. ദളിതര്‍, മുസ്ലീങ്ങള്‍, ശൂദ്രര്‍ എന്നിങ്ങനെ പശുവിനെ, എരുമയെ തിന്നുന്ന മനുഷ്യരെ ഹൈന്ദവ വിശുദ്ധിയില്‍ നിന്നകറ്റി.

തുടര്‍ന്ന് ഇന്ത്യന്‍ ബ്രാഹ്മണിക്കല്‍ ഹൈന്ദവതയെ കൂട്ടിച്ചേര്‍ക്കാനുള്ള എളുപ്പമാര്‍ഗ്ഗമായി പശു മാറി. 1893-ല്‍ ഹരിദ്വാറിലും നാഗ്പൂരിലും വാരണാസിയിലും പശു സംരക്ഷണത്തിന് മഹാസമ്മേളനങ്ങള്‍ നടന്നു. ഉത്തര്‍പ്രദേശിലെ അസംഗഢില്‍ മൂന്ന് ദിവസം നീണ്ട വംശീയ സംഘര്‍ഷത്തിന്റെ കാരണമായിരുന്നു പശു. രണ്ട് പതിറ്റാണ്ടിന് ശേഷം രൂപം കൊണ്ട സംഘപരിവാരത്തിന് വ്യാപിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം സൃഷ്ടിച്ച ഒരു വലിയ അജണ്ടയായിരുന്നു; അതായത് നമ്മുടെ തമാശ മാതാവല്ല ‘പശു’ എന്നതാണ് ചരിത്രം. ഒരു നൂറ്റാണ്ടിലധികമായി ഇപ്പോഴും ന്യൂനപക്ഷമായ ഹൈന്ദവ തീവ്രവാദികള്‍ ക്ഷമയോടെ തലമുറ തലമുറ കൈമാറി പടരുന്ന വംശവിദ്വേഷത്തിന്റെ, അതുവഴി സൃഷ്ടിക്കാന്‍ അവര്‍ സ്വപ്‌നം കാണുന്ന സവര്‍ണ്ണ ഹൈന്ദവ ദേശത്തിന്റെ ഉപകരണമാണ് പശു. അവരുടെ പൂര്‍വ്വികള്‍ മുമ്പ് തിന്നിരുന്നത്, അവരുടെ പൂര്‍വ്വികര്‍ ബൗദ്ധ ചിന്താവ്യാപനത്തിന് തടയിടാന്‍ അവരുടെ ആദര്‍ശങ്ങളില്‍ നിന്ന് ഊറ്റിയെടുത്ത് സ്വന്തമാക്കി വെടക്കാക്കിയ മാംസ അജണ്ട.

പല ഘട്ടത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ചചെയ്തിട്ടുണ്ട് ഗോവധ നിരോധനവും അതുമായി ബന്ധപ്പെട്ട അജണ്ടകളും. പാര്‍ലമെന്റില്‍ ബില്ലായി വന്നിട്ടുണ്ട്. വടക്ക് കിഴക്കു നിന്നുള്ള എം.പിമാരും തെന്നിന്ത്യന്‍ എം.പിമാരും ഒറ്റക്കെട്ടായി നിന്ന് എതിര്‍ത്തിട്ടുണ്ട്. മേഘാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി സ്വന്തം സര്‍ക്കാരിനോട്‌, ഈ ബില്ലുമായി ബ്രഹ്മപുത്രക്കിപ്പുറത്തു വന്നാല്‍ ഞങ്ങള്‍ നേരിടുക സമാധാനത്തിന്റെ ഭാഷയിലാകില്ല, ഞങ്ങളുടെ ചീപ് പ്രോട്ടീന്‍ ഞങ്ങളുടെ അവകാശമാണ് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലുള്ള ബഹുസ്വരത ബി.ജെ.പിയിലില്ല. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ കിരണ്‍ റിജ്ജു എന്ന അരുണാചലുകാരന്‍ ഗോവധ നിരോധന അജണ്ടയുമായി വടക്ക് കിഴക്കന്‍ ദേശത്തയ്ക്ക് വരേണ്ട എന്ന് പണ്ട് പറഞ്ഞിട്ടുണ്ട്. ഇനി പറയുക നിങ്ങളുടെ പശുവിനെ നിങ്ങളെടുത്തോ, ചുരുങ്ങിയ പക്ഷം ഞങ്ങളുടെ പോത്തുകളേയും എരുമകളേയും തിരികെ തരിക എന്നാകും. അങ്ങനെയാണ് മുദ്രവാക്യങ്ങളെ ഫാഷിസ്റ്റ് ഭരണകൂടം ലഘൂകരിക്കുക. നമ്മള്‍ നിത്യോപയോഗ വില കുതിച്ചുയരുന്നതിന് കുറിച്ച് ഇപ്പോള്‍ സംസാരിക്കാറില്ല. കാരണം സര്‍ക്കാരിനോട് നമുക്ക് ലാര്‍ജര്‍ പരാതികളുണ്ട്. നമ്മള്‍ നിത്യേനയെന്നോളം കൂടുന്ന പെട്രോളിയം വിലയെ കുറിച്ചോര്‍ത്ത് ഹര്‍ത്താല്‍ നടത്താറില്ല. കാരണം നിലനില്‍ക്കാനും ആഹ്വാനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം നിലനിര്‍ത്താനാണ് നാമിന്ന് സമരം ചെയ്യുന്നത്.

എങ്ങനെയാണ് ഫാഷിസത്തിന്റെ ഈ അജണ്ടകളെ കാപിറ്റലിസം ഉപയോഗിച്ചത്, ഉപയോഗിക്കുന്നത് എന്നറിയണമോ? മറിച്ചു നോക്കൂ ചരിത്ര രേഖ. 66-ലെ ഗോവധ നിരോധന പ്രക്ഷോഭവും ഇന്ദിരാ ഗാന്ധിയുടെ ബാങ്ക് ദേശസാത്കരണ നീക്കവുമായുള്ള ബന്ധമോര്‍ത്താന്‍ മതി. ഇന്ദിരാ ഗാന്ധിയുടെ സോഷ്യലിസ്റ്റ് അജണ്ടകളോടുള്ള കാപിറ്റലിസ്റ്റ് എതിര്‍പ്പാണ് അവരുടെ മാനസ പുത്രരായ ഗോസംരക്ഷക ഹിന്ദു തീവ്രവാദ ലോകത്തെ പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്താന്‍ തീപ്പന്തവും കല്ലുകളും വടികളുമായി അയച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജിന്റെ വീടും ആകാശവാണി കെട്ടിടവും തീവച്ച് മുന്നേറിയ ആ വൈലന്റ് മോബിനെതിരായ പോലീസ് വെടിവയ്പാകും ഇന്ത്യന്‍ ചരിത്രത്തിലെ ന്യായീകരിക്കാവുന്ന പോലീസ് ആക്ഷനുകളില്‍ പ്രഥമസ്ഥാനത്തുള്ളത്. (തീര്‍ച്ചയായും വ്യക്തിപരമായ, തികച്ചും സബ്ജക്റ്റീവ് ആയ നിലപാടാണ്).

ദാ നോക്കൂ. സ്ലോട്ടര്‍ ഹൗസുകള്‍ നിലനില്‍ക്കും, നിത്യജീവിതത്തില്‍ നിലനില്‍ക്കുന്ന ചെറുകിട അറവുശാലകള്‍ പൂട്ടിയാലും. കാരണം സ്ലോട്ടര്‍ ഹൗസുകള്‍, അതുവഴിയുള്ള മാംസകയറ്റുമതി ഇന്ത്യയില്‍ ഹിന്ദുക്കള്‍ ചെയ്യുന്ന ഇടപാടാണ്. കാരണം ബിസിനസ് ചെയ്യുന്നത് അവരാണല്ലോ, അവരാണല്ലോ സമ്പദ്‌വ്യവസ്ഥയും ഭരണവും ഇവിടെ കുറേ കാലമായി നിയന്ത്രിക്കുന്നത്. ഗോമാതാ സ്‌നേഹമെന്ന പരുന്തിന് പറന്ന് പൊങ്ങാന്‍ പറ്റാത്ത വിധം ഉദ്ധരിച്ച് നില്‍ക്കുന്ന പണക്കൂമ്പാരമാണ് മാംസകയറ്റുമതി ബിസിനസിന്റേത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പ്രമുഖ ബിജെപി നേതാക്കളില്‍ പലരും പശുവിറച്ചി ലോകത്തിന് വിറ്റാണ് അതിസമ്പന്നത നിലനിര്‍ത്തുന്നത്. അവരെ നിയമസംരക്ഷണയില്‍ നിര്‍ത്തിയേ ഫാഷിസ്റ്റ് നിയമങ്ങള്‍ നടപ്പിലാകൂ. കാരണം ഫാഷിസം ലക്ഷ്യം വയ്ക്കുന്ന ഇരകള്‍ തികച്ചും ദൃശ്യരാണ്. മുസ്ലീങ്ങള്‍, ദളിതര്‍, കമ്മ്യൂണിസ്റ്റുകള്‍, മിഷനറിമാര്‍, വിദ്യാഭ്യാസ-സാമൂഹ്യ പ്രവര്‍ത്തര്‍ എന്നിങ്ങനെ നമുക്കറിയാവുന്നവരാണ്, എളുപ്പത്തില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടാവുന്നവരാണ് ഇരകള്‍.

യുദ്ധ തന്ത്രത്തിന്റെ അങ്ങേയറ്റത്തു നിന്ന് നശീകരണ വാസനയുമായി നിര്‍മ്മാജ്ജനത്തിനിറങ്ങിയ സര്‍ക്കാരിനോടാണ് നമ്മള്‍ എതിരിടേണ്ടത്. യഥാര്‍ത്ഥ ഫാഷിസ്റ്റ് സര്‍ക്കാരിനോട്. നാളെ നമ്മുടെ മൂക്കിന്റെ അളവെടുത്ത് കോണ്‍സണ്‍ട്രേഷന്‍ കാമ്പുകളിലേയ്ക്ക് അയയ്ക്കാന്‍ തിടുക്കം കൂട്ടുന്ന സര്‍ക്കാരിനോട്. നമുക്കാരും തുണയുണ്ടായില്ല. രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കാന്‍ പോകുന്ന സര്‍ക്കാരിന് ഭരണഘടന പുല്ലാണ്. അംബേദ്കര്‍ നിര്‍മ്മിതമായതുകൊണ്ടുകൊണ്ട് സവര്‍ണ്ണഹൈന്ദവ, സംഘ അജണ്ടയുടെ ഏറ്റവും വെറുക്കപ്പെട്ട വസ്തുക്കളില്‍ ഒന്നാണ് ഇന്ത്യന്‍ ഭരണഘടന. അത് കശക്കിയെറിയാന്‍ ജനാധിപത്യം തന്നെ അവര്‍ക്ക് കണക്കിന്റെ പിന്‍ബലം നല്‍കിയിട്ടുണ്ട്. നീതിയും ന്യായവും നാം പ്രതീക്ഷിക്കേണ്ടതു പോലുമില്ല. ഭക്ഷണകാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ നിലപാടൊന്നും പ്രകാശസ്ഫുരണമായി കാണേണ്ടതില്ല. പുരാണവിശ്വാസപ്രകാരം രാമന്‍ ജനിച്ച സ്ഥലമായതുകൊണ്ട് രാമജന്മഭൂമിയിലാണ് ബാബ്‌രി പള്ളി നിലനില്‍ക്കുന്ന സ്ഥലമെന്ന് കണ്ടെത്തിയ അതേ കോടതിയിലെ പുതിയ ബഞ്ചാണ്. ഭക്ഷണത്തിലല്ല, മൃഗനന്മയിലാണ് ഞങ്ങളിടപെടുന്നത് എന്ന് പറഞ്ഞാല്‍ കോടതി കൈയ്യടിക്കും. ദേശീയതയും ഹൈന്ദവതയും ഫാഷിസ്റ്റ് കാലത്ത് കോടതിയുടെയും അജണ്ടയാകും. നമ്മള്‍ പരാജയപ്പെടും. ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒരേയൊരു വഴി ഒരുമിച്ച് നില്‍ക്കലാണ്; പക്ഷേ നമ്മള്‍ ചിതറിയവരാണ്.

ഇൗ ആശയപ്രകാശനമൊന്നും അധികകാലം നീണ്ടുനില്‍ക്കില്ല. പക്ഷേ അവസാന സ്വാതന്ത്ര്യത്തില്‍ ഉറക്കെ ആക്രോശിച്ചില്ലെങ്കില്‍ നമ്മള്‍ തോല്‍പ്പിക്കപ്പെട്ട ജനതയല്ല, സ്വയം തോറ്റ ജനതയാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍