UPDATES

ഓഫ് ബീറ്റ്

‘മസാലദോശയുടെ ആശാന്‍’ എന്ന് ന്യൂയോര്‍ക്ക് ടൈംസ് വിളിച്ച പി രാജഗോപാലിന്റെ ജീവിതം ഇനി ജയിലില്‍

വിചാരണ കോടതി 10 വര്‍ഷം കഠിനതടവിനാണ് ശിക്ഷിച്ചത്. ഇത് ചോദ്യം ചെയ്ത് രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ 2009ല്‍ മദ്രാസ് ഹൈക്കോടതി വിധിച്ചത് ജീവപര്യന്തം തടവ്.

2014 മേയ് ഏഴിന് ന്യൂയോര്‍ക്ക് ടൈംസ് മാഗസിനില്‍ വന്ന ആര്‍ട്ടിക്കിളിന്റെ പേര് Masala Dosa to Die for എന്നതാണ്. doyen of Masala Dosa എന്നാണ് ശരവണ ഭവന്‍ ഹോട്ടല്‍ ഉടമ പി രാജഗോപാലിനെ ന്യയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്. എന്നാല്‍ ജൂലായ് ഏഴ് മുതല്‍ 71കാരനായ രാജഗോപാല്‍ ജയിലിലായിരിക്കും. ശിഷ്ടകാലം അവിടെ ചിലവഴിക്കും. ശരവണഭവന്‍ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മദ്രാസ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ഇന്ന് ശരിവച്ചിരിക്കുന്നു. ആരോഗ്യ കാരണങ്ങളാല്‍ കീഴടങ്ങാന്‍ ജൂലായ് ഏഴ് വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ ശൃംഘലയുടെ അധിപന്റെ വലിയ പതനമാണിത്.

1947ല്‍ മദ്രാസ് പ്രവിശ്യയിലെ തൂത്തുക്കുടി ജില്ലയില്‍ പുന്നയാടി ഗ്രാമത്തിലാണ് രാജഗോപാലിന്റെ ജനനം. 1973ല്‍ ചെന്നൈയിലെത്തിയ രാജഗോപാല്‍ കെകെ നഗറില്‍ ഒരു ചെറിയ സ്റ്റേഷനറി കട തുടങ്ങി. 1981ല്‍ കെകെ നഗറില്‍ തന്നെ ഒരു ചെറിയ ഹോട്ടല്‍. ഈ ചെറിയ ഹോട്ടലില്‍ നിന്നാണ് ഇന്ന് കാണുന്ന ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഘലയിലേയ്ക്ക് പി രാജഗോപാല്‍ വളരുന്നത്. രാജഗോപാല്‍ പിന്നീട് ‘അണ്ണാച്ചി’ എന്നും അറിയപ്പെട്ട് തുടങ്ങി. ദക്ഷിണേന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കും ഏറെ പ്രിയപ്പെട്ട മസാലദോശയുടെ ലോകപ്രശസ്തരായ നിര്‍മ്മാതാക്കളായി മാറി ശരവണ ഭവന്‍. ചെന്നൈ നഗരത്തില്‍ മാത്രം 8000 ജീവനക്കാരുണ്ട് ശരവണ ഭവന്.

രണ്ട് ഭാര്യമാരുണ്ട് രാജഗോപാലിന്. രണ്ട് മക്കളും – പിആര്‍ ശിവകുമാറും ആര്‍ ശരവണനും. ഒരു മകന്റെ പേരാണ് ഹോട്ടല്‍ ശൃംഘലയ്ക്കും. ജീവജ്യോതി എന്ന യുവതിയെ മൂന്നാമത്തെ ഭാര്യയാക്കാനുള്ള ശ്രമമാണ് രാജഗോപാലിനെ കൊലപാതകിയാക്കിയത്. ജീവജ്യോതിയുടെ അച്ഛന്‍ രാമസ്വാമി 1999 മുതല്‍ ശരവണ ഭവന്‍ ജീവനക്കാരനായിരുന്നു. ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറും ശരവണ ഭവന്‍ ജീവനക്കാരന്‍. ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ പ്രേരണ നല്‍കിയതാകട്ടെ ജ്യോതിഷവും അന്ധവിശ്വാസവും. ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ എല്ലാ ‘ഐശ്വര്യ’ങ്ങളും ഉയര്‍ച്ചയുമുണ്ടാകും എന്ന് ജോത്സ്യന്‍ രാജഗോപാലിനോട് പറഞ്ഞിരുന്നത്രേ.

രാമസ്വാമി ശരവണ ശരവണ ഭവനില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. രാമസ്വാമിയും കുടുംബവും ചെന്നൈയിലെത്തിയത് ശരവണ ഭവനിലെ ജോലിയുടെ ഭാഗമായിട്ടായിരുന്നു. സഹാദരനെ കണക്ക് പഠിപ്പിക്കാനെത്തിയ ട്യൂഷന്‍ മാസ്റ്റര്‍ പ്രിന്‍സ് ശാന്തകുമാറുമായി ജീവജ്യോതി പ്രണയത്തിലാവുകയും 1999ല്‍ ഇരുവരും രാമസ്വാമിയുടെ എതിര്‍പ്പ് അവഗണിച്ച് 1999ല്‍ വിവാഹിതരാവുകയുമായിരുന്നു. പ്രിന്‍സ് ക്രിസ്ത്യാനി ആണ് എന്നതായിരുന്നു രാമസ്വാമിയുടെ എതിര്‍പ്പിന് കാരണം. മാസങ്ങള്‍ക്ക് ശേഷം ഇരുവരും ജീവജ്യോതിയുടെ അമ്മാവനേയും രാജഗോപാലിനേയും പണം കടമായി ആവശ്യപ്പെട്ട് സമീപിച്ചു. ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങാന്‍. ഈ സമയമാണ് രാജഗോപാലിന് ജീവജ്യോതിയോട് താല്‍പര്യം തുടങ്ങുന്നത്. എന്നാല്‍ രാജഗോപാലിന്റെ ആവശ്യത്തിന് ജീവജ്യോതി വഴങ്ങിയില്ല.

പിന്നീട് ദമ്പതികളെ പിരിക്കാനായി ശ്രമം. പ്രിന്‍സിന് എയ്ഡ്‌സ് ഉണ്ട് എന്ന് വരെ ഒരു ഡോക്ടറെ കൊണ്ട് പറയിച്ചു. ജീവജ്യോതിക്ക് രാജഗോപാല്‍ സ്വര്‍ണവും മൊബൈല്‍ ഫോണുമടക്കം സമ്മാനമായി നല്‍കിക്കൊണ്ടിരുന്നു. ശല്യം തുടര്‍ന്നാല്‍ താന്‍ പൊലീസിനെ സമീപിക്കുമെന്ന് 2001ല്‍ ജീവജ്യോതി രാജഗോപാലിനെതിരെ മുന്നറിയിപ്പ് നല്‍കി. 2001ലായിരുന്നു ഇത്. പൊലീസിനെ താന്‍ പണം കൊടുത്ത് ഒഴിവാക്കും എന്ന് രാജഗോപാല്‍ പറഞ്ഞു. തന്റെ രണ്ടാം ഭാര്യയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് തന്നെ വിവാഹം കഴിക്കുന്നത് എന്നും അവരിപ്പോള്‍ രാജ്ഞിയുടെ ജീവിതമാണ് ജീവിക്കുന്നത് എന്നും രാജഗോപാല്‍ പറഞ്ഞു. നിങ്ങളുടെ ഭാര്യയെ ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്ന് പ്രിന്‍സിനോടും രാജഗോപാല്‍ പറഞ്ഞു.

രാജഗോപാലിന്റെ ശല്യം സഹിക്കാനാവാതെ ചെന്നൈ വിടാന്‍ പ്രിന്‍സും ജീവജ്യോതിയും തീരുമാനിച്ചപ്പോള്‍ പ്രിന്‍സിനെ രാജഗോപാലിന്റെ ഗുണ്ടകള്‍ ആക്രമിച്ചു. പൊലീസില്‍ പരാതിപ്പെട്ട ദമ്പതികളെ രാജഗോപാലിന്റെ ഗുണ്ടകള്‍ നിരന്തരം ഉപദ്രവിച്ചു. 2001 ഒക്ടോബറില്‍ പ്രിന്‍സ് ശാന്തകുമാറിനേയും ജീവജ്യോതിയേയും രാജഗോപാലിന്റെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി. ജീവജ്യോതിയെ പിശാച്ബാധ ഒഴിപ്പിക്കാന്‍ എന്ന് പറഞ്ഞ് ഒരു ഗ്രാമത്തിലേയ്ക്കാണ് കൊണ്ടുപോയത്. ഒക്ടോബര്‍ 26ന് പ്രിന്‍സിനേയും ജീവജ്യോതിയേയും കുടുംബാംഗങ്ങളേയും തിരുച്ചെന്തൂരിലേയ്ക്ക് കൊണ്ടുപോയി. യാത്രക്കിടെ വഴിയില്‍ വച്ച് പ്രിന്‍സിനെ മാത്രം ഇവരില്‍ നിനിന് വേര്‍പിരിച്ച് കൊണ്ടുപോവുകയും കൊല്ലുകയും ചെയ്തു.

കൊടൈക്കനാല്‍ വനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രിന്‍സ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് കൊലപാതകമാണ് എന്ന് ബോധ്യമായത്. ഡാനിയേല്‍, കര്‍മഗം, സക്കീര്‍ ഹുസൈന്‍, കാശി വിശ്വനാഥന്‍, പാട്ട് രാജന്‍ തുടങ്ങി എട്ട് വാടകക്കൊലയാളികളെയാണ് പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്താന്‍ രാജഗോപാല്‍ അയച്ചത് എന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രാജഗോപാലിനെതിരെ 18 വര്‍ഷം നീണ്ട നിയമയുദ്ധത്തില്‍ ജീവജ്യോതിക്ക് ഏറെ കഷ്ടപ്പാടും നഷ്ടങ്ങളുമുണ്ടായി. സഹോദരന്‍ അടക്കമുള്ളവര്‍ എതിരായി.

2004ലാണ് വിചാരണ കോടതി പ്രിന്‍സ് ശാന്തകുമാരന്‍ കൊല കേസില്‍ രാജഗോപാലിനെ ശിക്ഷിച്ചത്. 10 വര്‍ഷം കഠിനതടവിനാണ് ശിക്ഷിച്ചത്. ഇത് ചോദ്യം ചെയ്ത് രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ 2009ല്‍ മദ്രാസ് ഹൈക്കോടതി വിധിച്ചത് ജീവപര്യന്തം തടവ്. 2009ല്‍ ആരോഗ്യകാരണങ്ങളാല്‍ രാജഗോപാലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മറ്റ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയ്‌ക്കെല്ലാം കുറ്റം ചുമത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍