UPDATES

ആലപ്പാടിനെ പൊക്കിയെടുക്കുന്ന ട്രോള്‍ ഗറില്ലാ പോരാളികള്‍; ഇവരാണ് പിന്നില്‍

ആറ് പതിറ്റാണ്ടോളമായി കരിമണല്‍ ഖനനം തുടരുന്ന പ്രദേശമാണ് ആലപ്പാട്

“കാവ്യയുടെ വീഡിയോ കണ്ടാണ് ആലപ്പാട്ടേക്ക് വരുന്നത്. ആദ്യം ഒന്ന് സംശയിച്ച് നിന്നെങ്കിലും പിന്നീട് നേരിട്ട് വന്നുകണ്ട് കാര്യങ്ങള്‍ അറിയണമെന്ന് തോന്നി. കാരണം രക്ഷിക്കാന്‍ പറയുന്നത്, ജനിച്ച നാട്ടില്‍ മരിക്കാന്‍ അനുവദിക്കണമെന്ന് പറയുന്നത്, മത്സ്യത്തൊഴിലാളികളാണ്. മത്സ്യത്തൊഴിലാളികളെ കേരളം എങ്ങനെ മറക്കും. ആലുവയിലെ പ്രളയത്തില്‍ ഒലിച്ച് പോവുന്നതിനിടെയാണ് എന്നെ അവര്‍ ബോട്ടിലേക്ക് പിടിച്ചുകയറ്റിയത്. മരിച്ച് പോവുമെന്ന് ഉറപ്പിച്ച, വെള്ളത്തില്‍ മുങ്ങി ഒരു അത്താണിയില്ലാതെ ഇരുന്ന എന്നെപ്പോലുള്ള എത്രയോ മനുഷ്യരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയവരാണ് അവര്‍. അതുകൊണ്ട് അവര്‍ ഒരു കാര്യത്തിനായി ആവശ്യപ്പെടുമ്പോള്‍ വരാതിരിക്കാന്‍ കഴിഞ്ഞില്ല. ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്ന നന്ദിയുള്ളവരാണ് മലയാളികള്‍ എന്നാണ് ഇപ്പഴും എന്റെ വിശ്വാസം. ഞാനും ഇവിടെ വന്നിട്ടുള്ള പലരും അങ്ങനെ എത്തിയവരാണ്. ഇവിടെ എത്തി കാര്യങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടപ്പോള്‍ സമരത്തില്‍ ഞാനും ചേര്‍ന്നു. മുപ്പത് ദിവസം ഇവരോടൊപ്പം ഞാനുമുണ്ടാവും. നിരാഹാരവും കിടക്കും”, സേവ് ആലപ്പാട് സമരത്തില്‍ എന്തുകൊണ്ട് പങ്കാളിയാവുന്നു എന്നതിനുള്ള മുഹമ്മദ് ഫയസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മലപ്പുറം സ്വദേശിയായ, എറണാകുളത്തെ ഐടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മുഹമ്മദ് ഫയസിന് പ്രായം 23.

ചെറിയഴീക്കല്‍ സമരപ്പന്തലിന് മുന്നില്‍ വന്നിറങ്ങിയപ്പോള്‍ ഇത് തന്നെയാണോ ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ, സേവ് ആലപ്പാട് എന്ന കാമ്പയിനുമായി, നിരാഹാര സമരമിരിക്കുന്നയിടം എന്ന് ആദ്യമൊന്ന് സംശയിച്ചു. സാധാരണഗതിയില്‍ കേരളം കണ്ട സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി 17 മുതല്‍ 25 വരെ പ്രായമുള്ള ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഒരു നിരയാണ് അവിടെ കണ്ടത്. തലമുതിര്‍ന്നവര്‍ ചുരുക്കം. നിരാഹാരമിരിക്കുന്നതുള്‍പ്പെടെ സമരപ്പന്തലിലും പുറത്തുമായി നില്‍ക്കുന്നത് ആലപ്പാട് നിന്നും കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും എത്തിയിട്ടുള്ള യുവാക്കളുടെ/യുവതികളുടെ കൂട്ടങ്ങള്‍. ചെന്നവഴിയേ കണ്ടത് ഫയസിനെ. മൂന്ന് ദിവസമായി ഫയസ് ആലപ്പാടെത്തിയിട്ട്. പിന്നീട് അവിടെ കണ്ടതും കേട്ടതുമെല്ലാം പലയിടങ്ങളില്‍ നിന്നായി സോഷ്യല്‍ മീഡിയയിലെ വീഡിയോകളും പ്രചരണങ്ങളും കണ്ടെത്തിയവരുടെ സമരത്തോടുള്ള ഐക്യപ്പെടലായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ ഏര്‍ത് ലിമിറ്റഡ്  (ഐ.ആർ.ഇ.എൽ) ഉം, കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്  (കെ.എം.എം.എൽ) ഉം കരിമണല്‍ ഖനനം നടത്തുന്ന ആലപ്പാട്ട് നിന്ന് കാവ്യ എന്ന പെണ്‍കുട്ടി ഒരു വീഡിയോ ഷെയര്‍ ചെയ്തത് ഒന്നരയാഴ്ചകള്‍ക്ക് മുമ്പാണ്. കരിമണല്‍ ഖനനം തകര്‍ത്തെറിഞ്ഞ ഒരു പ്രദേശത്തെ രക്ഷിക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു ആ വീഡിയോ. കേരളത്തെ പ്രളയത്തില്‍ നിന്ന് രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കായി കേരളം കൈകോര്‍ക്കണമെന്ന് ആ പതിനേഴു വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. വീഡിയോ വൈറല്‍ ആയി. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ ബഹുഭൂരിപക്ഷം വരുന്ന മലയാളികളും ആ വീഡിയോ കണ്ടു, ഷെയര്‍ ചെയ്തു. അതില്‍ പിന്നീട് കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം ആലപ്പാടിന്റെ പുറകെ പാഞ്ഞു. സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് വന്നാലും അതിനടിയില്‍ സേവ് ആലപ്പാട് എന്ന ഹാഷ്ടാഗ് കമന്റ് ചെയ്യപ്പെട്ടു. ഈ ഹാഷ്ടാഗ് പ്രചരണത്തിന് പിന്നില്‍ എന്താണ്?

ആറ് പതിറ്റാണ്ടോളമായി കരിമണല്‍ ഖനനം തുടരുന്ന പ്രദേശമാണ് ആലപ്പാട്. പല ഘട്ടങ്ങളിലായി സമരങ്ങളും നടന്നു. പതിനഞ്ച് വര്‍ഷത്തിലധികമായി സമരങ്ങള്‍ വരികയും ഇല്ലാതാവുകയും ചെയ്തു. കഴിഞ്ഞ നവംബറില്‍ തുടങ്ങിയ ഇപ്പോഴത്തെ സമരം പോലും ചര്‍ച്ചയായതുമില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതല്‍ അഴിമുഖം ഈ വിഷയത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരുന്നു:

  1. ആലപ്പാട്: ഒരു ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്; കാത്തിരിക്കുന്നത് കടല്‍ ഇരച്ചു കയറുന്ന മഹാദുരന്തം
  2. ആലപ്പാട് ഗ്രാമം കടല്‍ വിഴുങ്ങുന്നുന്നതിനു മുമ്പ് ജനങ്ങള്‍ അവസാന പോരാട്ടത്തിന് തയാറെടുക്കുകയാണ്
  3. ആലപ്പാട്ടെ കടലെടുക്കാത്ത അവസാന തുണ്ട് ഭൂമിയില്‍ അവര്‍ സമരം തുടങ്ങി; കരിമണലെടുക്കുന്ന ജീവിതങ്ങള്‍
  4. ആലപ്പാടിന്റെ തൊട്ടടുത്താണ് പൊന്മന; ഇന്ന് കടലെടുത്ത വീടുകള്‍, സ്കൂളുകള്‍; ഈ ഗ്രാമത്തെ ഖനനം തകര്‍ത്തതിങ്ങനെ

അതേസമയം, മുഖ്യധാരാ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഈ സമരത്തോട് മുഖം തിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ പോലും മുഖംതിരിച്ച് നിന്ന സമയത്ത് വലിയ തോതില്‍ ഹാഷ്ടാഗുകളും പോസ്റ്ററുകളും പ്രചരിക്കപ്പെട്ടു. എന്തുകൊണ്ടാണ് വളരെ പെട്ടെന്ന് ആലപ്പാട് എന്ന വിഷയം ഇത്രയധികം പ്രാധാന്യത്തോടെ ഉയര്‍ന്ന് വന്നത്? ആലപ്പാട് എന്ന സ്ഥലത്തിന്റെ വിഷയങ്ങള്‍ അതിന്റെ പ്രാധാന്യത്തോടെ തന്നെ അറിയാമായിരുന്നിട്ടും പെട്ടെന്ന് ലഭിച്ച പ്രചാരത്തെ പലരും സംശയത്തോടെയാണ് കണ്ടിരുന്നത്. ആലപ്പാട് എന്താണ്, അവിടുത്തെ പ്രശ്‌നങ്ങള്‍ എന്താണ് എന്ന് അന്വേഷിക്കുന്നതോടൊപ്പം എങ്ങനെയാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ തോതിലുള്ള പ്രചരണങ്ങള്‍ ഉണ്ടായത് എന്ന് അന്വേഷിക്കുക കൂടിയായിരുന്നു ലക്ഷ്യം. പൊതുമേഖലയില്‍ നടക്കുന്ന ഖനനത്തെ ഇല്ലാതാക്കാന്‍ നടക്കുന്ന സമരമാണിതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയടക്കം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാരുണ്ടെന്നും അവരാണ് വലിയ തോതില്‍ പ്രചരണങ്ങള്‍ നടത്തുന്നതെന്നും പൊതുമേഖലയില്‍ നിന്ന് ഖനനം സ്വകാര്യ കമ്പനികള്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള നീക്കമാണ് ഇതെന്നുമുള്ള പ്രചരണങ്ങളും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ശക്തി പ്രാപിച്ചു. സേവ് ആലപ്പാട്, സ്‌റ്റോപ്പ് മൈനിങ് എന്ന കാമ്പയിനും ഹാഷ്ടാഗുകള്‍ക്കും എതിരെ പലരും സമൂഹമാധ്യമങ്ങളിലും മറ്റും അഭിപ്രായങ്ങള്‍ പങ്കുവച്ചു. പെട്ടെന്ന് സമരത്തിനും ‘സേവ് ആലപ്പാടി’നും ലഭിച്ച സ്വീകാര്യതയെ പലരും ചോദ്യം ചെയ്തു. എങ്ങനെയാണ് ഈ പ്രചരണം ആരംഭിക്കുന്നത്? എപ്പോഴാണ് അത് പൊതുജനം ഏറ്റെടുക്കുന്നതും വ്യാപകമായി പ്രചരിക്കപ്പെട്ടതും? ആരാണ് അതിന് പിന്നില്‍? അഴിമുഖം നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ട ചില കാര്യങ്ങള്‍ ഇങ്ങനെ:

അന്വേഷണത്തിന്റെ ഭാഗമായി ആദ്യം സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയുടെ ഉടമമായ പ്ലസ് ടു വിദ്യാര്‍ഥിനി കാവ്യയോടാണ്. താന്‍ പോലും പ്രതീക്ഷിക്കാതിരിക്കെ കേരളത്തിലെ യുവത്വങ്ങള്‍ ആ വീഡിയോ ഏറ്റെടുക്കുകയായിരുന്നു എന്ന് കാവ്യ പറയുന്നു. ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്കും ഒരു സമൂഹമാധ്യമത്തില്‍ നിന്ന് മറ്റ് പല സമൂഹമാധ്യമങ്ങളിലേക്കും ഷെയര്‍ ചെയ്യപ്പെട്ടതിന് പിന്നില്‍, ആലപ്പാടിന് ഇപ്പോള്‍ കിട്ടിയിരിക്കുന്ന പ്രചരണത്തിന് പിന്നില്‍ കേരളത്തിലെ യുവാക്കളാണെന്നും കാവ്യ പറയുന്നു. കാവ്യയുടെ വാക്കുകളിലേക്ക്: “ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നയാളല്ല. പ്ലസ്ടുവിന് ഹ്യുമാനിറ്റീസിന് പഠിക്കുന്ന ഞാന്‍ ജ്യോഗ്രഫിയും പൊളിറ്റിക്‌സും പഠിക്കുമ്പോള്‍ ആലോചിക്കുന്നത് എന്റെ നാടിനെക്കുറിച്ച് തന്നെയാണ്. ഖനനം എങ്ങനെ നടത്താമെന്നും, ഏത് രീതിയില്‍ നടത്തിയാല്‍ അത് പ്രദേശത്തെ ബാധിക്കാതെ നടത്താമെന്നുമെല്ലാം പഠിച്ചപ്പോഴാണ് എന്റെ നാട്ടില്‍ എന്താണ് നടക്കുന്നതെന്നത് ചിന്തിക്കുന്നത്. അതുപോലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ് ജനാധിപത്യ രാജ്യത്തെ ജനപ്രതിനിധികള്‍. എന്നാല്‍ അവരെല്ലാം കയ്യൊഴിഞ്ഞ അവസ്ഥയിലായിരുന്നു ആലപ്പാട്. അപ്പഴാണ് എന്താണ് ചെയ്യാന്‍ പറ്റുക എന്നാലോചിച്ചത്. വീഡിയോ പോസ്റ്റ് ചെയ്യുന്നത് അങ്ങനെയാണ്. അതിന് മുമ്പ് ഹാഷ്ടാഗുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. രതീഷ് എന്നയാള്‍ സേവ് ആലപ്പാടിന്റെ പ്രചരണത്തിനായി കയ്യും കാലും കെട്ടി കടലില്‍ നീന്തി. എന്നാല്‍ അതൊന്നും വേണ്ടത്ര ജനശ്രദ്ധയിലേക്ക് എത്തിയില്ല. അധികമാരും അറിഞ്ഞുമില്ല, പ്രചാരണം ലഭിച്ചുമില്ല. പക്ഷെ വീഡിയോ വൈറല്‍ ആയി. ഒട്ടും പ്രതീക്ഷിച്ചതല്ല. ബാക്കി പോസ്റ്റുകള്‍ പോലെ അതും തള്ളിക്കളയുമെന്നാണ് കരുതിയത്. അതിന് സോഷ്യല്‍ മീഡിയ തന്നെയാണ് പ്രവര്‍ത്തിച്ചത്. പക്ഷെ യങ് ജനറേഷന്‍ അത് ഏറ്റെടുത്തു. പ്രളയകാലത്ത് ഏറ്റവും ആക്ടീവ് ആയിരുന്നത് സോഷ്യല്‍ മീഡിയകള്‍ ആയിരുന്നു. അതുപോലെ ഇപ്പോള്‍ ആലപ്പാടിന് വേണ്ടിയും യംഗ്‌സ്റ്റേഴ്‌സ് ധാരാളം രംഗത്തിറങ്ങിയിരിക്കുകയാണ്. പിന്നെ, എതിരെയുള്ള പ്രചരണങ്ങള്‍.. അതിന് ഞങ്ങള്‍ക്ക് മറുപടിയുണ്ട്. ഞങ്ങളോട് ചോദിക്കട്ടെ. പറഞ്ഞുകൊടുക്കാം. പൊതുമേഖല ചെയ്താലും സ്വകാര്യ സ്ഥാപനം ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്. പിന്നെ എന്നെപ്പോലെ വോട്ടവകാശം പോലുമില്ലാത്ത ഒരു പെണ്‍കുട്ടിയെ ഇറക്കി വീഡിയോ ഇറക്കി പ്രചരിപ്പിച്ചിട്ട് ആര്‍ക്കെങ്കിലും ലാഭം ഉണ്ടാവുമെന്നോ, ഞാന്‍ ആരുടെയെങ്കിലും കാശ് വാങ്ങി ഇത് ചെയ്യുമെന്നോ ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണെന്ന് മാത്രമേ പറയാനുള്ളൂ. എംടെക്കും ബിടെക്കും കഴിഞ്ഞവര്‍ മത്സ്യബന്ധനത്തിന് പോവുന്ന നാടാണ് ഞങ്ങളുടേത്. അതുകൊണ്ട് മത്സ്യത്തൊഴിലാളികളായവര്‍ക്ക് വിവരമില്ലെന്ന് മാത്രം ആരും ധരിക്കണ്ട. ആരും പ്രേരിപ്പിച്ചിട്ടും ആര്‍ക്ക് വേണ്ടിയുമല്ല ഞങ്ങള്‍ സമരം ചെയ്യുന്നത്. ഞങ്ങള്‍ക്ക് വേണ്ടി തന്നെയാണ്. ഇനിയുള്ള തലമുറയല്ലേ ഇവിടെ ജീവിക്കണ്ടത്. അതുകൊണ്ട് യുവതലമുറ സമരത്തിനിറങ്ങുകയും പ്രചാരണം നടത്തുകയും ചെയ്യുന്നു.” [‘ജനിച്ച മണ്ണില്‍ തന്നെ മരിക്കാന്‍ അനുവദിക്കണം’: ഈ പെൺകുട്ടിയുടെ അഭ്യർത്ഥന കേരളത്തിലെ ഒരു ഗ്രാമത്തിന് വേണ്ടിയാണ്]

‘ട്രോളന്‍മാര്‍’ നല്‍കിയ ശ്രദ്ധ

കാവ്യയുടെ വീഡിയോ വൈറല്‍ ആവുന്നതിന് പിന്നിലും ഉണ്ട് കാര്യങ്ങള്‍. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന സമരങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ച വലിയ പ്രചാരങ്ങളുടേയും സ്വീകാര്യതയുടെയും കാരണങ്ങളും അത് തന്നെയാണെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യം. സമരസമിതി നേതാവ് കെ സി ശ്രീകുമാറിന്റെ വാക്കുകളില്‍ അതിലേക്കുള്ള സൂചനകളുണ്ടായിരുന്നു: “പൊതു ഖനന മേഖലയെ തകര്‍ക്കാനാണ് ഞങ്ങളുടെ സമരമെന്ന് പറയുന്നവരോട്, ഞങ്ങള്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. ഈ സമരം ഇപ്പോള്‍ നില്‍ക്കുന്ന തലങ്ങളിലേക്ക് എത്തിച്ചത് യുവാക്കളും സോഷ്യല്‍മീഡിയയുമാണ്. ട്രോളുകളായിരുന്നു ആയുധം. മാധ്യമങ്ങള്‍ പോലും തിരിഞ്ഞ് നോക്കാതിരുന്ന ഒരു സമയത്ത് സോഷ്യല്‍ മീഡിയ മാത്രമാണ് ഞങ്ങളെ സഹായിച്ചത്. ഇപ്പോള്‍ മാധ്യമങ്ങള്‍ എല്ലാം ആലപ്പാട്ടിലേക്കെത്തുകയാണ്. ഞങ്ങളെ കേള്‍ക്കാന്‍.’

പ്രളയ സമയത്ത് ട്രോള്‍ ഗ്രൂപ്പുകളുടെ സജീവമായ ഇടപെടല്‍ പരക്കെ പ്രശംസ പിടിച്ച് പറ്റിയ ഒന്നായിരുന്നു. അതേപോലെ ട്രോള്‍ ഗ്രൂപ്പുകളുടെ ഇടപെടലാണ് ആലപ്പാടിനെ ലോക ശ്രദ്ധയിലേക്കെത്തിച്ചതെന്ന് സമരത്തില്‍ പങ്കെടുക്കുന്നവരില്‍ പലരും അഭിപ്രായപ്പെട്ടു. ട്രോളുകളിലൂടെയാണ് ആലപ്പാടിനെ അറിഞ്ഞതെന്ന് പുറത്ത് നിന്ന് ഇവിടേക്കെത്തിയവരും പറയുന്നു. പിന്നീട് ആലപ്പാടുമായി ബന്ധപ്പെട്ട് വന്ന ട്രോളുകളിലേക്കായിരുന്നു അന്വേഷണം. അന്വേഷിച്ചപ്പോള്‍ രണ്ട് ദിവസം മുമ്പ് സമരപ്പന്തലില്‍ നിരാഹാരം കിടന്നത് ‘ഒരു ട്രോളന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോട്ടയം നെടുങ്കുന്നം സ്വദേശി അലന്‍ ടോണിയാണ് എന്നറിഞ്ഞു. അലന്‍ ആലപ്പാട് തന്നെ തുടരുകയാണ്. അലന്‍ പറയുന്നത്: “ഞാന്‍ ആറ് ട്രോള്‍ ഗ്രൂപ്പുകളില്‍ അഡ്മിന്‍ ആണ്. പ്രണയം ട്രോളിനോട് മാത്രം, ട്രോള്‍ ചുള്ളന്‍സ് യൂണിയന്‍, ട്രോള്‍ കമ്പനി, ട്രോള്‍ റിപ്പബ്ലിക്, സ്‌കൂള്‍-കോളേജ് ട്രോള്‍സ്, ട്രോള്‍സ് ഗാരേജ് ഇതൊക്കെയാണ് ഗ്രൂപ്പ്. അനുഭവത്തില്‍ ബോധ്യപ്പെട്ടതിന് ശേഷമാണ് ആലപ്പാട് വിഷയം ഈ ഗ്രൂപ്പുകളില്‍ ട്രോള്‍ ചെയ്യാന്‍ തുടങ്ങിയത്. കാവ്യയുടെ വീഡിയോ വന്നതിന് ശേഷം, നിരാഹാര സമരം കിടന്ന ശ്രീജിത്തിനെ അവതരിപ്പിച്ച പോലെ ട്രോളന്‍മാരുടെ ഗ്രൂപ്പുകള്‍ ചേര്‍ന്ന് സമൂഹത്തിന്റെ ശ്രദ്ധ കിട്ടുന്ന തരത്തില്‍ ശക്തമായി തന്നെ ഒരു കാമ്പയിന്‍ ആയിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ അത് നടന്നില്ല. പിന്നീട് ഇവിടെ വന്ന് മൈനിങ് ഏരിയ കണ്ടപ്പോള്‍ മനസ്സില്‍ കുത്തുന്നത് പോലെയായിരുന്നു. ട്രോളന്‍മാരുടെ പ്രതിനിധിയായി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിരാഹാരവും കിടന്നു. ഈ ആവശ്യത്തിന് വേണ്ടി പരമാവധി ഒരു ട്രോളന്‍ എന്ന നിലയില്‍ നില്‍ക്കുകയും ചെയ്യും. ഒരു കാര്യം ഉറപ്പിച്ച് പറയാം. സമരം ജനശ്രദ്ധയിലേക്കെത്തിക്കുന്നതില്‍ ട്രോളുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ട്രോളന്‍മാര്‍ക്ക് എന്തും സാധിക്കും. കഥയറിയാതെ ആട്ടം കാണുന്നവരാണ് ഞങ്ങള്‍ എന്നാണ് ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞത്. എന്നാല്‍ ഞാനൊക്കെ ഇവിടെ വന്ന് കണ്ടതിന് ശേഷമാണ് സമരത്തോടൊപ്പം നില്‍ക്കുന്നത്. പ്രളയ സമയത്ത് ഫേസ്ബുക്ക് കണ്‍ട്രോള്‍ റൂം ആക്കിയവരാണ് ട്രോളന്‍മാര്‍. അന്ന് ഞങ്ങളെ അഭിനന്ദിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങളെ കഥയറിയാതെ ആട്ടംകാണുന്നവര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ശ്രീജിത്തിന്റെ വിഷയം ഇത്രയും ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ഞങ്ങള്‍ ട്രോളന്‍മാര്‍ തന്നെയാണ്. മത്സ്യത്തൊഴിലാളികള്‍, അവര്‍ നമുക്ക് വേണ്ടി ഇറങ്ങിയവരാണ്. അപ്പോള്‍ അവര്‍ക്ക് വേണ്ടി നന്ദിയുള്ള കേരള ജനത മുഴുവന്‍ ഇറങ്ങും. അതുകൊണ്ട് തന്നെയാണ് ട്രോളുകളും പെട്ടെന്ന് പടര്‍ന്ന് പിടിച്ചത്. കാവ്യയുടെ വീഡിയോ വൈറല്‍ ആക്കിയതും ട്രോളന്‍മാരാണ്. പുഞ്ചിരി ആഗ്രഹിക്കുന്നവരാണ് ട്രോളന്‍മാര്‍. മറ്റുള്ളവര്‍ പുഞ്ചിരിക്കുന്നത് കാണാനായി ഞങ്ങളിത് തുടരും.”

എന്നാല്‍ അലന്‍ ടോമിയുള്‍പ്പെടുന്ന നിരവധി ട്രോള്‍ ഗ്രൂപ്പുകള്‍ അവസാന നാളുകളില്‍ എത്തിച്ചേര്‍ന്നവരാണ്. ഇതിന് തുടക്കക്കാര്‍ വേറെയായിരുന്നു. ട്രോള്‍ ആലപ്പാട് എന്ന പേരില്‍ ഒന്നര-രണ്ട് വര്‍ഷത്തിന് മുമ്പ് ഉണ്ടാക്കിയ ട്രോള്‍ ഗ്രൂപ്പ് ആയിരുന്നു സേവ് ആലപ്പാട് കാമ്പയിനിന് തുടക്കമിട്ടത്. ഏതാണ്ട് ഒന്നര വര്‍ഷം മുമ്പ് തന്നെ സേവ് ആലപ്പാട് ഹാഷ്ടാഗില്‍ ട്രോളുകളുണ്ടാക്കി ഇടാറുണ്ടായിരുന്നെങ്കിലും പക്ഷെ വേണ്ടപോലെ ആളുകളിലേക്ക് അതെത്തിയില്ല. പിന്നീട് നടന്ന കാര്യങ്ങള്‍ ട്രോള്‍ ആലപ്പാട് അഡ്മിന്‍ ഹരിയാണ് പറഞ്ഞത്: “ഞാന്‍ ഈ നാട്ടുകാരനാണ്. മൈനിങ് നടക്കുന്ന വെള്ളനാതുരുത്തുകാരന്‍. ഞാനും അഡ്മിനായ ഒരു ഗ്രൂപ്പ് ആണ് ട്രോള്‍ ആലപ്പാട്. ഇതുവഴി ട്രോളുണ്ടാക്കി നാട്ടിലെ പല കാര്യങ്ങളും നടന്നിട്ടുണ്ട്. റോഡിന്റെ അവസ്ഥ, നാട്ടിലെ മറ്റ് കാര്യങ്ങള്‍, പ്രളയം, ഓഖി തുടങ്ങി എല്ലാ കാര്യങ്ങളിലും ട്രോള്‍ ഇറക്കി കൂടുതല്‍ പേരുടെ ശ്രദ്ധയിലേക്ക് ഞങ്ങള്‍ എത്തിക്കും. ട്രോള്‍ ആലപ്പാടിന് 12,000 അംഗങ്ങള്‍ ഉണ്ട്. ഒന്നര-രണ്ട് വര്‍ഷക്കാലമായി ട്രോളുണ്ടാക്കുന്നുണ്ട്. അതിനൊപ്പം സേവ് ആലപ്പാട് കാമ്പയിനും ഇടാറുണ്ട്. ഇതിനിടെ ടൗണ്‍ ബേസ്ഡ് ആയുള്ള ഏറ്റവും വലിയ ഗ്രൂപ്പുകളില്‍ ഒന്നായ ട്രോള്‍സ് കരുനാഗപ്പള്ളി ഞങ്ങളെ പിന്തുണച്ച് ട്രോളുകള്‍ ഇടാന്‍ തുടങ്ങി. അവര്‍ ഏറ്റെടുത്തതോടെ കുറച്ച് റീച്ച് കൂടി.

കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ പബ്ലിക് ഹിയറിങ് വിളിച്ച് ചേര്‍ത്തിരുന്നു. സാധാരണ ഹിയറിങ്ങിന് പോയാല്‍ നാട്ടുകാരുടെ പ്രതിനിധികളായി വളരെ ചുരുക്കം പേരേ ഉണ്ടാവൂ. സീറ്റുകളിലെല്ലാം കമ്പനിയുടെ ആളുകള്‍ നിറഞ്ഞിരിക്കും. പക്ഷെ ഇത്തവണ അതുണ്ടാവരുതെന്ന ഉദ്ദേശത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. വിദേശത്തുള്ളവരും നാട്ടുകാരും എല്ലാം ചേര്‍ന്ന ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു. ഹിയറിങ് ദിവസം ഇവിടുത്തെ നാട്ടുകാര്‍, പ്രത്യേകിച്ച് യുവാക്കള്‍ അവിടെ നിറഞ്ഞു. ജനപിന്തുണ ഉണ്ടാവുമെന്ന കാര്യത്തില്‍ ഉറപ്പായി. പിന്നീട് നവംബര്‍ ഒന്നിന് നിരാഹാര സമരം ആരംഭിക്കുന്നു. സമരം ആരംഭിച്ചതിന് ശേഷം വലിയ റീച്ചുള്ള ട്രോള്‍ കൊയ്‌ലോണിലേക്ക്, ട്രോള്‍ ആലപ്പാട് ഉണ്ടാക്കിയ ട്രോളുകള്‍ ഇട്ടുനല്‍കുമായിരുന്നു. മുമ്പും പല തവണ ശ്രമിച്ചതാണ്. അഡ്മിന്‍മാരുടെ സഹായം തേടിയിരുന്നു. പക്ഷെ എന്തോ ഭാഗ്യത്തിന് നവംബര്‍ അവസാനവും- ഡിസംബര്‍ ആദ്യത്തിലുമായി അവര്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പാണ് ട്രോള്‍ കൊയ്‌ലോണ്‍. കേരളത്തിലെ ആദ്യ ട്രോള്‍ ഗ്രൂപ്പും ആണ്. അവര്‍ ഞങ്ങളെ വിളിച്ച് വിശദമായി വിവരങ്ങള്‍ എടുത്തു. അവര്‍ ആലപ്പാടിന് വേണ്ടി മാത്രമായി പിന്നീടുള്ള ദിവങ്ങള്‍ നീക്കി വച്ചു. ഞങ്ങളുടെ കാര്യം പറഞ്ഞുള്ള ട്രോളുകളും ഹാഷ്ടാഗുകളും മാത്രമേ ട്രോള്‍ കൊയ്‌ലോണ്‍ കുറച്ച് ദിവസങ്ങളായി കൊടുക്കുന്നുള്ളൂ. അവിടെ നിന്നാണ് പിന്നീട് ട്രോള്‍ കേരള ഈ കാമ്പയിന്‍ ഏറ്റെടുക്കുന്നത്. 4-5 ലക്ഷത്തിനിടക്ക് വ്യൂവേഴ്‌സുള്ള ട്രോള്‍ ഗ്രൂപ്പാണ്. കാവ്യയുടെ വീഡിയോ വൈറലായതിന് പിന്നില്‍ ആ ഗ്രൂപ്പായിരുന്നു. വീഡിയോക്ക് ശേഷം ഐസിയു ഉള്‍പ്പെടെ കേരളത്തിലെ മറ്റ് പ്രമുഖ ട്രോള്‍ ഗ്രൂപ്പുകളും ആലപ്പാടിനായി ശബ്ദിക്കാന്‍ തുടങ്ങി. ബൈക്ക് റൈഡര്‍ അരുണ്‍ സ്‌മോക്കിയുടെ നേതൃത്വത്തില്‍ അറുന്നൂറോളം റൈഡര്‍മാര്‍ ആലപ്പാട്ടെത്തി. നമ്മള്‍ ആവശ്യപ്പെട്ട പ്രകാരമാണെങ്കിലും ടൊവീനോ സപ്പോര്‍ട്ട് ചെയ്ത് കമന്റ് തന്നു. ആവശ്യപ്പെട്ടാലും തള്ളിക്കളയും എന്നായിരുന്നു കരുതിയത്. പക്ഷെ അദ്ദേഹം അത് ചെയ്തു. പിന്നീട് ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു പരിചയക്കാരന്‍ വഴി സണ്ണി വെയിനിനെക്കൊണ്ട് പ്രതികരിപ്പിച്ചു. സണ്ണിച്ചനും നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തു. അങ്ങനെ ഇതിന് കൂടുതല്‍ പബ്ലിസിറ്റി കിട്ടി. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ ഏറ്റവും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടത് ആലപ്പാട്ടെ മത്സ്യത്തൊഴിലാളികളാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 3000 രൂപ പോലും വേണ്ടെന്ന് വച്ചാണ് ഇവിടെയുള്ളവര്‍ പോന്നത്. പിന്നെ, യുവാക്കളാണ് സമരത്തില്‍ കൂടുതലും ഇറങ്ങുന്നത്. നമ്മുടെ പൂര്‍വ്വികര്‍ ചെയ്ത തെറ്റ് തിരുത്താനായാണ് കൊച്ചുപിള്ളേര്‍ ഇറങ്ങിയിരിക്കുന്നത്.”

വ്യാപകമായി ഷേര്‍ ചെയ്യപ്പെട്ട ട്രോള്‍ കൊയിലോണിന്റെ ഒരു വീഡിയോ

ട്രോള്‍ കൊയിലോണ്‍ ട്രോള്‍ കാമ്പയിന്‍ ഏറ്റെടുത്ത് നാലോ അഞ്ചോ ആഴ്ചകളില്‍ കൂടുതലായിട്ടില്ല. ട്രോള്‍ കേരള ഏറ്റെടുത്തിട്ട് രണ്ടാഴ്ച കഴിയുന്നു. ഈ രണ്ട് കൂട്ടരുടേയും കടന്നുവരവും ഈ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ കാമ്പയിനും നോക്കിയാല്‍ യാഥാര്‍ഥ്യം മനസ്സിലാവുമെന്ന് ട്രോളന്‍മാര്‍ പറയുന്നു. ഇതേ അഭിപ്രായമാണ് സമരം ചെയ്യുന്നവര്‍ക്കും.

ട്രോള്‍ കേരള ഗ്രൂപ്പ് അഡ്മിന്‍ അജിപ്പന്‍ പറയുന്നത് അവസാനഘട്ടത്തിലെ അവരുടെ ‘ഓപ്പറേഷനെ’ക്കുറിച്ചാണ്: “ട്രോള്‍ കൊയിലോണ്‍ എടുത്തതിന് ശേഷമാണ് ആലപ്പാട് സംബന്ധിച്ച ട്രോള്‍സ് വ്യാപകമായി എത്തുന്നത്. മറ്റ് ഗ്രൂപ്പ് അഡ്മിനുകളും അത് കണ്ടിരുന്നു. എന്നാല്‍ ആ പ്രദേശത്തിന്റെ വിഷയമായതിനാല്‍ എങ്ങനെ ഇടപെടണമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു. ട്രോള്‍ ആലപ്പാടില്‍ നിന്നും മറ്റ് പല ഗ്രൂപ്പുകളില്‍ നിന്നും ട്രോള്‍ കേരള അത് ഏറ്റെടുക്കണമെന്ന തരത്തില്‍ ആവശ്യം വന്നിരുന്നു. പിന്നീട് ആലപ്പാട് സംബന്ധിച്ച ഡീറ്റെയ്ല്‍സ് എടുത്ത് അതെല്ലാം ചേര്‍ത്ത് ഞാന്‍ ഞങ്ങളുടെ അഡ്മിന്‍ ബാനറിലേക്ക് ഇട്ടു. വളരെയധികം ഹോംവര്‍ക്ക് ചെയ്താണ് ആലപ്പാട് ട്രോള്‍സ് ഞങ്ങള്‍ തുടങ്ങുന്നത്. ആദ്യം അവരുടെ പ്രോബ്ലംസ് എന്തെല്ലാമാണ് എന്ന് പഠിച്ചു. ആലപ്പാട്ടുകാരില്‍ നിന്ന് തന്നെ വിവിരങ്ങളെല്ലാം ശേഖരിച്ചു. പിന്നീട് ഞങ്ങളും സമാന്തരമായി ഒരു അന്വേഷണം നടത്തി. അതില്‍ ബോധ്യപ്പെട്ട കാര്യങ്ങളും അവര്‍ പറഞ്ഞ കാര്യങ്ങളും ഒന്ന് തന്നെയാണെന്ന് മനസ്സിലായതോടെ ഡിസംബര്‍ 25 കഴിഞ്ഞ് ഞങ്ങള്‍ ആ വിഷയം ഏറ്റെടുത്തു. ട്രോള്‍ കേരളയില്‍ സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് ഹാഷ്ടാഗോടെ ട്രോളുകള്‍ ഇട്ടുതുടങ്ങി. എന്നാല്‍ തുടക്കത്തില്‍ അതിന് വലിയ റീച്ച് ഉണ്ടായിരുന്നില്ല. ആളുകളിലേക്ക് കാര്യമായി എത്തിയില്ല. കൂടുതല്‍ ലൈക്ക്, ഷെയര്‍ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം ഞങ്ങളും ഒന്ന് സംശയിച്ചു. അതിനി തുടരണോ വേണ്ടയോ എന്ന്. പക്ഷെ ട്രോളുകള്‍, പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളില്‍ ആളുകള്‍ പെട്ടെന്ന് ഉണ്ടാവില്ല. അത് ഏതെങ്കിലും ഒരു പ്രദേശത്തെ കാര്യമെന്ന രീതിയില്‍ വ്യൂവേഴ്‌സ് തള്ളിക്കളയുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യാം. തുടര്‍ച്ചയായി വരുമ്പോള്‍ ആളുകള്‍ നോക്കാന്‍ തുടങ്ങും. ആദ്യം ലൈക്ക് ഇടും. പിന്നെയും കാണുമ്പോള്‍ ചിന്തിക്കും. പിന്നെ ലൈക്കും കമന്റും ഷെയറും വരും. ഇവിടെയും തുടര്‍ച്ചയായി ഒരേ ഹാഷ്ടാഗോടെ ട്രോളുകള്‍ പോയപ്പോള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അത് ലൈക്ക് ആയി, പിന്നീട് കമന്റ് ആയി, പിന്നീട് ഷെയറുകള്‍ ആയി. സര്‍പ്രൈസിങ്‌ലി ഡിസംബര്‍ അവസാന ആഴ്ചയില്‍ ട്രോളുകള്‍ക്ക് ഏഴായിരത്തിലധികം ഷെയറുകള്‍ വന്നു.

ഇതിനിടയില്‍ ഞങ്ങള്‍ ട്രോള്‍ തുടങ്ങിയ സമയത്ത് ഇത് ഫേക്ക് ആണെന്നും ആവശ്യമില്ലാത്ത പ്രൊട്ടെസ്റ്റ് ആണെന്നും തരത്തില്‍ നെഗറ്റീവ് കമന്റുകള്‍ പല ഗ്രൂപ്പുകളില്‍ നിന്നും വന്നു. അത് കണക്കിലെടുത്തില്ല. ആളുകള്‍ ഏറ്റെടുത്തു എന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ ട്രോളുകള്‍ ഇട്ടുകൊടുത്തുകൊണ്ടിരുന്നു. രാവിലെ അന്ന് പോവേണ്ട 15 ട്രോളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാറുണ്ട് ഞങ്ങള്‍. അതില്‍ ആറെണ്ണം ആലപ്പാട് വിഷയം മാത്രം കൈകാര്യം ചെയ്താല്‍ മതി എന്ന് തീരുമാനിച്ചു. അതിനൊപ്പം ഓരോ അരമണിക്കൂറിലും ആലപ്പാട് ട്രോളുകള്‍ കയറ്റിവിട്ടുകൊണ്ടിരുന്നു. ആലപ്പാട് ട്രോളുകള്‍ മാത്രം പോയ ദിവസങ്ങളുമുണ്ട്. അതിനൊപ്പം, കാണുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ആയി സേവ് ആലപ്പാട്, സ്‌റ്റോപ്പ് മൈനിങ് ഹാഷ്ടാഗ് കമന്റ് ചെയ്തും പ്രൊഫൈല്‍ പിക്ചറുകള്‍ക്കൊപ്പം ഹാഷ്ടാഗ് നല്‍കിയും ഞങ്ങള്‍ ഓരോരുത്തരും ആലപ്പാട്ടുകാര്‍ക്കൊപ്പം നിന്നു. അത്തരത്തില്‍ പോസിബിള്‍ ആയ കാമ്പയിനുകളെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഇന്‍ബോക്‌സുകളിലെല്ലാം ആളുകള്‍ സപ്പോര്‍ട്ട് ചെയ്ത് കമന്റ് ചെയ്യാന്‍ തുടങ്ങി. ശബരിമലയും, യുവതീപ്രവേശനവും എല്ലാം ഉണ്ടായിട്ടും ആലപ്പാട് ട്രോളുകള്‍ക്ക് റീച്ച് കിട്ടി. അതിനിടെയാണ് കാവ്യയുടെ വീഡിയോ വരുന്നത്. അത് ഞങ്ങള്‍ ഗ്രൂപ്പിലിട്ടു. അത് വലിയ തോതില്‍ ഷെയര്‍ ആയി. അതിന് ശേഷം കേരളത്തിലെ പ്രധാനപ്പെട്ട ട്രോള്‍ ഗ്രൂപ്പുകളെല്ലാം ഈ വിഷയം പ്രാധാന്യത്തോടെ ഏറ്റെടുത്തു. എല്ലാവരും സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് ഹാഷ് ടാഗോടെ ട്രോളുകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. എല്ലാ ഗ്രൂപ്പുകളുടേയും സപ്പോര്‍ട്ട് വന്നപ്പോള്‍ മീഡിയ അറ്റന്‍ഷനും കിട്ടി. ഇപ്പോള്‍ മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവന്‍ ആലപ്പാട്ടേക്കാണ്. അത്രയേ ഞങ്ങള്‍ക്കും ഉദ്ദേശമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഞങ്ങള്‍ ട്രോളുകളുടെ എണ്ണം കുറച്ചിരിക്കുകയാണ്. അവര്‍ പറയുന്നത് കേള്‍ക്കാനും അവര്‍ക്ക് പറയാനും മറ്റ് മാധ്യമങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ട് ഞങ്ങള്‍ അവര്‍ക്കൊപ്പം നിന്നു. ഇപ്പോള്‍ അവരെ കേള്‍ക്കാന്‍ പലരും എത്തുന്നതുകൊണ്ട് ട്രോളുകളുടെ എണ്ണം കുറച്ച് കുറച്ചിട്ടുണ്ട്. വല്ലപ്പോഴും മാത്രമേ ആലപ്പാട് ട്രോള്‍ ഇടുന്നുള്ളൂ. ഒരേ വിഷയം തന്നെ ആവര്‍ത്തിച്ച് ആളുകളെ വെറുപ്പിക്കരുതല്ലോ? ഇനി ഇവര്‍ക്ക് കിട്ടിയ മാധ്യമശ്രദ്ധയും ജനശ്രദ്ധയും കുറയുകയാണെങ്കില്‍ അപ്പോള്‍ ഞങ്ങള്‍ വീണ്ടും വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്യും.

ഞങ്ങള്‍ക്ക് ഏതാണ്ട് നാല് ലക്ഷത്തിലധികം വ്യൂവേഴ്‌സ് ഉണ്ട്. അതിലൂടെയുള്ള പ്രചാരണം പ്രളയ സമയത്തും പലരും കണ്ടതാണ്. പ്രളയത്തിന് ശേഷമാണ് പല ട്രോള്‍ ഗ്രൂപ്പുകള്‍ക്കും ഇത്തരത്തില്‍ റീച്ച് വരുന്നതും. കാരണം ആ സമയത്ത് 24 മണിക്കൂറും പണിയെടുത്തവരാണ് ട്രോള്‍ ഗ്രൂപ്പുകള്‍. ഞങ്ങള്‍ ആലപ്പാട് ട്രോള്‍ ചെയ്യാന്‍ തുടങ്ങിയതിന് ശേഷം, കാവ്യയുടെ വീഡിയോ വന്നതിന് ശേഷം ആളുകളെല്ലാം ഇന്‍സ്റ്റഗ്രാമും ടിക്കിടോക്കും ഫേസ്ബുക്ക് ഗ്രൂപ്പുകളും എല്ലാം ഉപയോഗിച്ച് ആലപ്പാടിന് പിന്തുണ നല്‍കുന്നുണ്ട്. ആളുകള്‍ ഇങ്ങനെ ഏറ്റെടുക്കുമ്പോള്‍ ട്രോളന്‍ എന്ന നിലയില്‍ എനിക്ക് വലിയ സന്തോഷം തോന്നുന്നുണ്ട്. നമ്മുടെ ജോലികൊണ്ട് ഇത്രയെങ്കിലും സാധിച്ചല്ലോ?”

ആലപ്പാടും പൊന്‍മനയും ചുറ്റി തിരികെ സമരപ്പന്തലില്‍ വന്നപ്പോള്‍ അവിടുത്തെ തിരക്ക് കൂടിയിട്ടേയുള്ളൂ. ബൈക്ക് റൈഡേഴ്സ് ഗ്രൂപ്പിലെ ചിലര്‍ എത്തി ഐക്യദാര്‍ഢ്യം അറിയിച്ച് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ലൈവ് പോസ്റ്റ് ഇട്ട്, ‘സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ്’ എന്ന ഹാഷ് ടാഗ് ആവര്‍ത്തിച്ച് മടങ്ങുന്നു. പാലക്കാട് നിന്നെത്തിയ സുബോധ് എത്തി സമരക്കാരും നാട്ടുകാരും സംസാരിക്കുന്നതെല്ലാം ഫേസ്ബുക്ക് ലൈവ് ഇട്ടശേഷം, നേരിട്ട് ലൈവില്‍ വന്ന്, “നോക്കൂ, കേരളമേ, ഇത് മത്സ്യത്തൊഴിലാളികളാണ്. എനിക്കും നിങ്ങള്‍ക്കും ചവിട്ടുപടിയായവര്‍. നമ്മളെ ജീവിതത്തിലേക്ക് എത്തിച്ചവര്‍. അവര്‍ ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ്. നമ്മളേ ഉള്ളൂ അവര്‍ക്കൊപ്പം നില്‍ക്കാന്‍. അല്ലെങ്കില്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കണം. നില്‍ക്കില്ലേ? ഞാന്‍ നില്‍ക്കുന്നു. സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ്… ഞാന്‍ സുബോധ് പാലക്കാട്, എല്ലാവരും ഷെയര്‍ ചെയ്യുക”, എന്ന് പറഞ്ഞ് സമരക്കാരോടും യാത്ര പറഞ്ഞ് മടങ്ങുന്നു. പിന്നെയും നിരവധി പേര്‍, യുവാക്കള്‍ എത്തിക്കൊണ്ടേയിരിക്കുന്നു…

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍