UPDATES

ട്രെന്‍ഡിങ്ങ്

ഒരു ഹിന്ദുത്വ മുതലാളിത്ത ഭരണകൂടം നിങ്ങളോട് വേറെന്ത് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്?

എസ്ബിഐയുടെ മാത്രമല്ല, ഇത് മുതലാളിത്തത്തിന്‍റെ പരീക്ഷണമാണ്, എത്രത്തോളം ജനങ്ങളുടെ ഭാഗത്ത്‌ നിന്നും റെസിസ്റ്റന്‍സുണ്ടാവുമെന്ന ഒരു ലിറ്റ്മസ് ടെസ്റ്റ്.

ആമസോണ്‍ ഒരു തരം സര്‍വീസ് ചാര്‍ജും ഇല്ലാതെ കടയില്‍ കിട്ടുന്നതിനേക്കാള്‍ എത്രയോ വിലകുറച്ച് അതിവേഗം സാധനങ്ങള്‍ വീട്ടില്‍ തരാന്‍ തുടങ്ങിയ സുഖത്തിലാണ് അവരുടെ സ്ഥിരം കസ്റ്റമറായത്. പുറത്തു മുന്നൂറു രൂപ വിലയുള്ള പുസ്തകം ആമസോണില്‍ നൂറ്റിയമ്പത് രൂപയ്ക്ക് കിട്ടിയതിന്‍റെ ലാഭസന്തോഷം കാണുന്നവരോടൊക്കെ പങ്കുവച്ചിട്ടുണ്ട്, രണ്ടു ദിവസം ഒരു പുസ്തകം വൈകിയതിന് നൂറുരൂപ ഗിഫ്റ്റ് ഗാര്‍ഡ് തന്ന ആമസോണ്‍ എന്ത് മണ്ടന്മാരാണ് എന്ന് കരുതിയിട്ടുണ്ട്

പതുക്കെയാണ് അവരാ കളിമാറ്റിയത്.

ഡെലിവെറി ചാര്‍ജ് അമ്പതു രൂപ വേണമെന്നായി. പിന്നീടങ്ങോട്ട് അമ്പതുരൂപയില്‍ കുറവുള്ള സാധനം വാങ്ങിയാലും അമ്പതുരൂപ ഡെലിവറിയ്ക്ക് കൊടുക്കേണ്ടി വന്നു. അവസാനം അവര് പറഞ്ഞു, നിങ്ങളിങ്ങനെ കഷ്ടപ്പെടരുത്; അഞ്ഞൂറ് രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് പ്രൈം മെമ്പര്‍ഷിപ്പ് എടുത്താല്‍ ഫ്രീ ആയി സാധനം വീട്ടിലെത്തിക്കാം എന്ന്, ആദ്യകാലത്ത് ഫ്രീയായി തന്ന അതേ സേവനത്തിന് ഒരു കൊല്ലം അഞ്ഞൂറെന്ന വിലയിട്ട് മുന്നില്‍ വയ്ക്കുമ്പോഴും, ശരി ഞാന്‍ സമ്മതിച്ചിരിയ്ക്കുന്നു എന്ന് പറയേണ്ടുന്ന രീതിയിലേക്ക് ആമസോണ്‍ എന്നെ ഓണ്‍ലൈന്‍ ഉപഭോക്താവാക്കി മാറ്റിയിട്ടുണ്ട്. പുറത്തെ പുസ്തകക്കടയില്‍ അന്വേഷിച്ച്, തിരഞ്ഞ്, മറ്റൊരു മനുഷ്യനോടു ചോദിച്ച്, വിലകൊടുത്തു പുസ്തകം വാങ്ങിക്കുന്ന ഒരു ശീലത്തെ പാടെ ആമസോണ്‍ ഇല്ലാതാക്കിയിരിക്കുന്നു എന്നും, വീട്ടിലെ കസേരയില്‍ ഇരുന്നു പുസ്തകം വാങ്ങിക്കാന്‍ അവരെന്ത് കണ്ടീഷന്‍ പറഞ്ഞാലും അംഗീകരിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് ഞാന്‍ എന്നുമുള്ള തിരിച്ചറിവായിരുന്നു അത്.

500 mb കൊണ്ട് ഒരു മാസം ജീവിച്ചവരെയാണ് ദിവസവും ഒരു ജിബിയെങ്കിലും വേണമെന്ന നിലയിലേക്ക് സൗജന്യം കൊടുത്ത് എത്തിച്ചത്. പിന്നെയാണ് സൗജന്യം മാറി മാസം മുന്നൂറെന്നാക്കിയത്. അങ്ങനെ തന്നെയാണ് ജനങ്ങളുടെ ശീലത്തെ മുഴുവനങ്ങു മാറ്റിയത്.

ഈ വെയിലത്ത്‌ ഓട്ടോറിക്ഷയില്‍ കുലുങ്ങി കുലുങ്ങി യാത്ര ചെയ്ത്, അവരുടെ വായില്‍തോന്നിയ വിലയും കൊടുത്തതിനേക്കാള്‍ എത്രയോ ലാഭവും, സൗകര്യവും ഊബര്‍ ടാക്സിയല്ലേ എന്ന് തന്നെയാണ് അവര്‍ നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. അതിനാണവര്‍ ഒരു ടാക്സിക്കാരനും തരാന്‍ കഴിയാത്ത വിലയിളവ് തരുന്നത്. ഇളവിനുമേല്‍ പിന്നയും ഓഫര്‍ തരുന്നത്, സുരക്ഷിതരായും, എസിയില്‍ വെയില്കൊള്ളാതെയും പോകാമെന്ന് പറയുന്നത്. പതുക്കെ പതുക്കെ ടാക്സിക്കാരും ഓട്ടോക്കാരും പൂട്ടിപ്പോവുമ്പോഴാണ്, അല്ലെങ്കില്‍ ഊബര്‍ ഇല്ലാതെ പറ്റില്ലെന്ന നമ്മുടെ സുഖങ്ങളോടുള്ള അടിമബോധത്തില്‍ എത്തുമ്പോഴാണ് അവര്‍ വിലകൂട്ടുന്നത്; വിലകൂട്ടുകയാണ് എന്ന് തോന്നിക്കുക പോലും ചെയ്യാതെ, അതിലും കുറഞ്ഞ കാശിനല്ലേ ഓട്ടോറിക്ഷയില്‍ പോയിരുന്നത് എന്ന ഓര്‍മ്മ പോലും ബാക്കിയാക്കാതെ അവര്‍ വിലകൂട്ടിക്കൊണ്ടിരിക്കും.

എടിഎം ഇല്ലാത്ത, എടിഎം ഉപയോഗിക്കനറിയാതിരുന്ന ജനങ്ങളാണ് നമ്മള്‍. ആവശ്യത്തിനുള്ള കാശൊക്കെ കയ്യില്‍ തന്നെ സൂക്ഷിച്ചു ജീവിച്ചിരുന്ന മനുഷ്യരാണ്. അവരെയാണ് എടിഎം എന്ന സുഖസൗകര്യത്തിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുപോയത്, അവര്‍ക്കാണ് ഏത് നിമിഷവും പണം ലഭ്യമാക്കി ഓരോ മൂലയ്ക്കും എടിഎം വന്നത്, നമുക്ക് എടിഎം ഇല്ലാതെ ജീവിയ്ക്കാനേ കഴിയാതായത്. എസ്ബിഐയുടെ മാത്രമല്ല ഇത് മുതലാളിത്തത്തിന്‍റെ പരീക്ഷണമാണ്, എത്രത്തോളം ജനങ്ങളുടെ ഭാഗത്ത്‌ നിന്നും റെസിസ്റ്റന്‍സുണ്ടാവുമെന്ന ഒരു ലിറ്റ്മസ് ടെസ്റ്റ്. ഒരു പക്ഷേ മോദി ഇടപെട്ട് ചാര്‍ജ് കുറച്ചെന്ന വാര്‍ത്തയിലേക്ക് ഈ സിറ്റുവേഷന്‍ താത്കാലികമായി നീങ്ങിയാലും, ഈ അവസ്ഥയും ആദ്യ പ്രതികരണങ്ങള്‍ കഴിഞ്ഞാല്‍ പെട്രോള്‍ വിലവര്‍ദ്ധനവ് പോലെ ഒരു കോളം വാര്‍ത്തപോലുമാവാത്ത സ്വാഭാവികമായ ഒന്നായി മാറുന്നത് കാണാം. ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍ കൂട്ടും, കസ്റ്റമറുടെ ഓരോവകാശങ്ങളും ഇല്ലാതാകും.

ഇതില്‍ വേറെയൊരു കളി കൂടി ഉണ്ടാവാന്‍ സാധ്യതയുണ്ട്. അങ്ങനെ ചാര്‍ജും ചാര്‍ജിനു മേലെ ചാര്‍ജുമായി എസ്ബിഐ സാധാരണ കസ്റ്റമറെ പുകച്ചു പുറത്താക്കുമ്പോഴാവും പേടിഎം അടക്കമുള്ള സൗകര്യ ബാങ്കുകള്‍ എല്ലാ സര്‍വീസും സൗജന്യമാണെന്ന് പറഞ്ഞു നമ്മളെ കാത്തു പുറത്തു നില്‍ക്കുന്നുണ്ടാവുക, ആ അങ്കലാപ്പിലാവും ആദ്യം കണ്ട സൗജന്യത്തിലേക്ക് നമ്മളോടുക. ആ ചിലന്തിവലയിലേക്കുള്ള വഴി തന്നെയാവണം എസ്ബിഐയും മറ്റു പൊതുമേഖലാ ബാങ്കുകളും ഈ വെട്ടിക്കൊണ്ടിരിക്കുന്നത്.

ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്ന ജനാധിപത്യമാണെങ്കിലും അതിനപ്പുറം ഇതെല്ലാം നിയന്ത്രിക്കുന്ന മുതലാളിമാരുണ്ട്, എകണോമിക്സ് ഒരു കാലത്തും ജനങ്ങളുടെ തീരുമാനപ്രകാരമായിരുന്നില്ല, എക്കണോമിക്സിന്‍റെ തീരുമാനങ്ങള്‍ ജനങ്ങള്‍ അറിയാറേയില്ല. സാമ്പത്തികമായി എന്ത് നയമാണ് നിങ്ങള്‍ സ്വീകരിക്കുന്നത് എന്ന് ചോദിച്ചു കൊണ്ട് മാത്രം പ്രതിനിധികളെ അധികാരത്തില്‍ എത്തിക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി.

പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്ക് അനുസരിച്ച്, പൊള്ളയായ വികസന മോഡല്‍ മുന്നില്‍ വച്ച് അധികാരത്തില്‍ വന്ന ഒരു ഹിന്ദുത്വ മുതലാളിത്ത ഭരണകൂടം നിങ്ങളോട് വേറെന്ത് ചെയ്യും എന്നാണു പ്രതീക്ഷിക്കുന്നത്?

അതെ നാളിതുവരെ നിലനിന്ന മനുഷ്യചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രം തന്നെയാണ്.

(അമല്‍ ലാല്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അമല്‍ ലാല്‍

അമല്‍ ലാല്‍

ഫ്രീലാന്‍സ് റൈറ്റര്‍, യാത്രികന്‍. എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍