UPDATES

ജാതിയും മതവുമില്ല: മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് എംബി രാജേഷും വിടി ബല്‍റാമും

പൊതുവിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത പ്രസംഗങ്ങളിലും ചര്‍ച്ചകളിലും ഫേസ്ബുക്കിലും മാത്രമല്ല, പ്രവൃത്തിയിലും ഉണ്ടെന്ന് വ്യക്തമാക്കുകയാണ് എംബി രാജേഷും വിടി ബല്‍റാമും.

ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ഇല്ല എന്ന രേഖപ്പെടുത്തിയ ശേഷം മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്ത വിശേഷങ്ങള്‍ രണ്ട് ജനപ്രതിനിധികള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പാലക്കാട് എംപിയായ എംബി രാജേഷും തൃത്താല എംഎല്‍എ വിടി ബല്‍റാമും. രണ്ടാമത്തെ മകള്‍ പ്രിയദത്തയെ ഒന്നാം ക്ലാസില്‍ ചേര്‍ത്ത കാര്യമാണ് രാജേഷ് പറയുന്നത്. പാലക്കാട് മണപ്പുള്ളിക്കാവ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് രാജേഷിന്റെ മകളെ ചേര്‍ത്തിരിക്കുന്നത്. മൂത്ത മകള്‍ നിരഞ്ജനയെ ഇത്തരത്തില്‍ പാലക്കാട് ഗവ.മോയന്‍സ് ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ത്ത കാര്യവും രാജേഷ് പറയുന്നു. ജാതിയും മതവും ചോദിച്ചുള്ള കോളങ്ങളില്‍ ഇല്ല എന്ന് രേഖപ്പെടുത്തി മക്കളെ സ്കൂളില്‍ ചേര്‍ത്തതില്‍ അഭിമാനമുണ്ടെന്നും രാജേഷ് എടുത്ത് പറഞ്ഞു.

രാജേഷിനും ബല്‍റാമിനും അഭിനന്ദനങ്ങളോടെ ഒരു വിയോജനകുറിപ്പ്; ജാതിക്കോളം ഒഴിവാക്കാന്‍ എന്തുകൊണ്ട് ഒരു ദളിത് രക്ഷിതാവിന് കഴിയില്ല

തീര്‍ത്തും വ്യക്തിപരമായ കാര്യമാണെങ്കിലും സാമൂഹ്യമായ ഉള്ളടക്കം ഉള്ളതിനാലാണ് ഇക്കാര്യം പങ്കുവയ്ക്കുന്നതെന്ന് രാജേഷ് പറയുന്നു. എംപിമാര്‍ക്ക് കേന്ദ്രീയ വിദ്യാലയങ്ങളിലുള്ള പ്രത്യേക കോട്ട വേണ്ടെന്ന് വച്ചു. കേന്ദ്രീയ വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്കൂളുകള്‍ ആണെങ്കിലും മലയാളം പഠിക്കാന്‍ അവിടെ നിര്‍വാഹമില്ല. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ പ്രേരണയായ ഘടകങ്ങളാണ്. ഒപ്പം വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പൊലീസ് മര്‍ദ്ദനത്തിന്റെയും ജയില്‍ വാസത്തിന്റെയും ഓര്‍മ്മകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തില്‍ തന്നെ പഠിപ്പിക്കണമെന്ന നിര്‍ബന്ധത്തിന് പിന്നിലുണ്ടെന്നും എംബി രാജേഷ് പറയുന്നു.

രാജേഷിന്റെ പോസ്റ്റ്‌: വ്യക്തിപരമായ വിശേഷങ്ങൾ അത്യപൂർവ്വമായേ ഞാനിവിടെ പങ്കുവക്കാറുള്ളൂ.എന്നാൽ, ഇനി പറയാൻ പോകുന്ന വിശേഷം വ്യക്തിപരമാണെങ്കിലും ഒരു സാമൂഹിക ഉള്ളടക്കം കൂടി ഉള്ളതാണ് എന്നതുകൊണ്ട് ഇവിടെ പറയുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. രണ്ടാമത്തെ മകൾ പ്രിയദത്ത(തങ്കി)യെ പാലക്കാട് ഈസ്റ്റ് യാക്കര (മണപ്പുള്ളിക്കാവ്) ഗവ.എൽ.പി.സ്‌ക്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തു. മൂത്ത മകൾ നിരഞ്ജന (കുഞ്ഞു)യെ ഗവ.മോയൻസ് ഗേൾസ് ഹയർസെക്കന്ററി സ്‌ക്കൂളിൽ എട്ടാം ക്ലാസ്സിലും. കേന്ദ്രീയ വിദ്യാലയയിൽ എം.പി.മാരുടെ മക്കൾക്ക് പ്രത്യേകമായുള്ള ക്വാട്ട വേണ്ടെന്നു വച്ചിട്ടാണ് സർക്കാർ സ്‌ക്കൂളിൽ തന്നെ കുട്ടികളെ ചേർക്കാൻ തീരുമാനിച്ചത്. (കേന്ദ്രീയ വിദ്യാലയവും സർക്കാർ സ്‌ക്കൂളാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവിടെ മലയാളം പഠിപ്പിക്കാൻ നിർവ്വാഹമില്ല.) എം.പി.യെന്ന നിലയിൽ അനേകം പേർക്ക് അവർ മികച്ചതെന്ന് കരുതുന്ന സ്വകാര്യവിദ്യാലയങ്ങളിലെ പ്രവേശനത്തിന് ശുപാർശ കത്ത് കൊടുത്തിട്ടുണ്ട്. അതിനും പുറമേ കേന്ദ്രീയ വിദ്യാലയത്തിൽ എം.പി. ക്വാട്ടയിലുള്ള പത്ത് സീറ്റിലേക്ക് മറ്റ് കുട്ടികൾക്ക് പ്രവേശനവും നൽകാറുണ്ട്. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സർക്കാർ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാൻ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കാൻ പ്രേരണയായ ഘടകങ്ങളാണ്. ഒപ്പം വിദ്യാർത്ഥി പ്രവർത്തകനായിരുന്ന കാലം മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പോലീസ് മർദ്ദനത്തിന്റെയും ജയിൽ വാസത്തിന്റെയും ഓർമ്മകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ പഠിപ്പിക്കണമെന്ന നിർബന്ധത്തിന് പിന്നിലുണ്ട്. ഒരു കാര്യം പ്രത്യേകം ചേർക്കട്ടെ. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ‘ഇല്ല’ എന്നാണ് രേഖപ്പെടുത്തിയത്. പന്തിഭോജനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരമൊരു കാര്യം ചെയ്യാനായതിൽ അഭിമാനിക്കുന്നു.

ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷരത്തിന്റെയും അ റിവിന്റെയും പ്രകാശ ലോകത്തേക്ക് ആദ്യം പടികടന്നെത്തുന്ന ഈ പ്രവേശനോത്സമാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ ഏറ്റവും ജനകീയ ഉത്സവം. ജാതിയുടെയും മതത്തിന്റെയും പരിവേഷമില്ലാത്ത, എല്ലാവർക്കും ഒന്നിച്ചാഘോഷിക്കാവുന്ന അറിവുത്സവം. ആദ്യമായി സ്‌ക്കൂളിൽ പോകുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ.

വാൽക്കഷണം: എണ്ണൂറോളം പേരാണ് കേന്ദ്രീയ വിദ്യാലയത്തിലെ 10 സീറ്റിനായി സമീപിച്ചത്. കിട്ടാത്ത പലർക്കും എന്നോട് നീരസം തോന്നിയിട്ടുണ്ടാവും. ഇത് വായിക്കുമ്പോൾ അതൽപ്പം കുറയുമെന്ന് വിചാരിക്കുന്നു.

മകന്‍ അദ്വൈത് മാനവിനെ വീടിനടുത്തുള്ള അരീക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ചേര്‍ത്ത കാര്യമാണ് വിടി ബല്‍റാം പറയുന്നത്. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ഇല്ല എന്ന് രേഖപ്പെടുത്തിയതായും മകന് പ്രായപൂര്‍ത്തിയാകുമ്പോള്‍ അവന് ഇഷ്ടപ്പെട്ട മതം വേണമെങ്കില്‍ തിരഞ്ഞെടുക്കാമല്ലോ എന്നും വിടി ബല്‍റാം പറയുന്നു. ഫേസ്ബുക്കില്‍ വീഡിയോയും ബല്‍റാം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത പ്രസംഗങ്ങളിലും ചര്‍ച്ചകളിലും ഫേസ് ബുക്കിലും മാത്രമല്ല, പ്രവൃത്തിയിലും ഉണ്ടെന്ന് വ്യക്തമാക്കുകയാണ് എംബി രാജേഷും വിടി ബല്‍റാമും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍