UPDATES

ട്രെന്‍ഡിങ്ങ്

സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിക്കുന്നു: പ്രകോപനം ദീദിയും വിനയനും; ചീഫ് എഡിറ്ററോട് വിയോജിപ്പുള്ളവര്‍ക്ക് പിരിഞ്ഞു പോകാം

ഞാന്‍ ദിലീപിനെ അറിയില്ല. സ്‌ക്രീനില്‍ കണ്ട പരിചയം മാത്രമേയുള്ളൂ. ഇയാള്‍ക്ക് പി.ആര്‍ ഏജന്‍സിയുണ്ടോ, എന്താണ് ഇയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്, ഇതൊന്നും എനിക്കറിയില്ല.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാ കുറ്റത്തിന് വിചാരണ നേരിടുന്ന നടന്‍ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയാണ്. ഒരുവട്ടം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടുവട്ടം ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇത് നിര്‍ണായകമാണ്. മുമ്പില്ലാത്ത വിധം സിനിമാ മേഖല, മാധ്യമ രംഗത്ത് നിന്നും ഒക്കെ ദിലീപിന് പിന്തുണയേറിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ജാമ്യാപേക്ഷ കോടതി പരിഗണനയ്‌ക്കെടുക്കുന്നത് എന്നതാണ് പ്രാധാന്യമുള്ള കാര്യം. ഈ സാഹചര്യത്തില്‍ ദിലീപിന് വിവിധ മേഖലകളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും, അതിനെതിരെയുള്ള വാദങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റും ശക്തമാണ്. ദിലീപിന് ലഭിക്കുന്ന പിന്തുണയ്ക്കും സഹതാപ തരംഗത്തിനുമെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അത്തരമൊന്ന് എന്ന വിമര്‍ശനം ഉയര്‍ന്നതാണ് കഴിഞ്ഞ ദിവസം സൗത്ത് ലൈവ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനം. ഈ ലേഖനത്തിനെതിരെ പല മേഖലകളില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. മദനിയോടും യേശുക്രിസ്തുവിനോടും ഉപമിച്ചുകൊണ്ട് തുടരുന്ന ലേഖനത്തില്‍ വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് രചിക്കുന്നത് നീതിനിഷേധത്തിന്റെ മഹാ ഇതിഹാസമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് ലേഖനത്തില്‍ പറയുന്നു. സൗത്ത്‌ ലൈവിലെ മാധ്യമപ്രവര്‍ത്തകരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ പിന്നീട് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ ഈ ലേഖനം എഴുതാനിടയായ സാഹചര്യത്തെക്കുറിച്ചും അതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വിശദാംശങ്ങളേയും കുറിച്ച് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

‘എഡിറ്റോറിയല്‍ എഴുതാനിടയായ സാഹചര്യം ഞാന്‍ അതില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനം (ആ വാക്ക് ഉപയോഗിക്കുന്നത് ശരിയാണെങ്കില്‍) രണ്ട് പേരുടെ പ്രസ്താവനകളാണ്. ഒന്ന്, സംവിധായകന്‍ വിനയന്റേത്. സ്വന്തം മകനാണെങ്കില്‍ പോലും ജയിലില്‍ കിടന്നാല്‍ പോയിക്കാണില്ല എന്ന പ്രസ്താവന വന്നിരുന്നു. മറ്റൊരാള്‍ ദീദി ദാമോദരന്‍. ഇതെന്താ ജയിലില്‍ തീര്‍ഥയാത്രയാണോ എന്ന ചോദ്യം അവര്‍ ചോദിച്ചിരുന്നു. ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത്, അയാളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നത് തെറ്റാണോ എന്ന ചോദ്യമാണ് ഞാന്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. കൂട്ടത്തില്‍ സാന്ദര്‍ഭികമായ ചില കാര്യങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ.

ഈ കേസില്‍ അകപ്പെട്ട പ്രതികള്‍ ചെയ്തത് ഏറ്റവും ഹീനമായ കൃത്യമാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ പോലീസാണ് പറയുന്നത് ഇയാള്‍ പ്രതിയാണെന്ന്. അത് തെളിയിക്കപ്പെടുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. അതിനുമുമ്പേ ആ തടവുകാരനെ ഒറ്റപ്പെടുത്തുക,അയാളെ നിന്ദിക്കുക, വിശ്വാസ്യത തകര്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരു സമൂഹം സംഘടിതമായി ചെയ്യുമ്പോള്‍ അതില്‍ ചില അപകടങ്ങളുണ്ട്. ആ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. പലരും ആരോപിച്ചത് പോലെ സ്ത്രീ വിരുദ്ധതയോ, ഇരയെ മറന്നുകൊണ്ട് പ്രതിയെ സഹായിക്കുന്ന നിലപാടോ അതിലില്ല. ഏത് ഹീനമായ കേസില്‍ അകപ്പെട്ടയാളാണെങ്കിലും, നിര്‍ഭയ കേസാണെങ്കിലും ജിഷാ വധക്കേസ് ആണെങ്കിലും, അവര്‍ക്കെല്ലാം നിയമം നല്‍കുന്ന പരിരക്ഷ ഉറപ്പാക്കണം. നമ്മുടെ നിയമസംവിധാനവും അതാണ്. അങ്ങനെയൊരു സദുദ്ദേശത്തോടെ ചില ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണുണ്ടായത്.

/

‘പോലീസ് പറയുന്നത് വിശ്വസിക്കരുത്’
‘ഞാന്‍ ആ പറഞ്ഞത് ഒരു പൊതുതത്വമാണ്. ഈ കേസ് തന്നെയെടുത്താല്‍ ദിലീപ് ആണ് ഇതിന്റെ ആസൂത്രകന്‍ എന്ന് പോലീസ് പറയുന്നു. പോലീസ് അതിന്റേതായ ചില തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുന്നു. പക്ഷെ അത് കോടതി അപ്പാടെ വിശ്വസിക്കുന്നില്ല. പോലീസ് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡില്‍ വളരെ കൃത്യമായി പറയുന്നുണ്ട്. അതോടൊപ്പം പോലീസ് പറയുന്ന കാര്യങ്ങള്‍ എപ്രകാരമാണ് കോടതിയില്‍ സ്വീകരിക്കേണ്ടതെന്നും പറയുന്നുണ്ട്. ഓരോ ഘട്ടത്തിലും വിദഗ്ദ്ധമായ പരിശോധനയ്ക്ക് പ്രോസിക്യൂഷന്‍ തെളിവുകള്‍ വിധേയമാക്കപ്പെടുന്നുണ്ട്. ഏറ്റവും ഒടിവില്‍ സംശയാതീതമായി തെളിയിക്കപ്പെടണം. എത്ര നല്ല പോലീസ് ആണെങ്കിലും പോലീസ് പറയുന്നത് കോടതി മുഖവിലക്കെടുക്കുന്നില്ല എന്നല്ലേ അതെല്ലാം പറയുന്നത്. അപ്പോള്‍, പോലീസ് പറയുന്നത് വിശ്വസിച്ചുകൊണ്ട് പൊതു സമൂഹം മുഴുവന്‍ ഒരു വ്യക്തിക്കെതിരെ ആക്രോശിക്കാന്‍ തുടങ്ങിയാല്‍, അത് പോലീസിന് വലിയ രീതിയിലുള്ള പ്രോത്സാഹനമായിത്തീരും. ആ പ്രോത്സാഹനം പലതരത്തിലുള്ള നീതിനിഷേധങ്ങള്‍ക്ക് കാരണമാവും.

നിയമത്തിന്റെ മുന്നിലും സഹാനുഭൂതിയുടെ കാര്യത്തിലും ദിലീപ് വ്യത്യസ്തനല്ല. ഏതൊരു സാധാരണ വ്യക്തിയേയും പോലെ ദിലീപിനേയും കാണണം. പക്ഷേ ദിലീപിന് അതിനപ്പുറത്തേക്ക് ഒരു അവസ്ഥയുണ്ട്. അതുകൊണ്ടാണ് ദിലീപിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിഞ്ഞത്. ഈ സംഭവത്തില്‍ നേരിട്ട് ഇടപെട്ടയാളല്ല ദിലീപ്. ഗൂഢാലോചനയുണ്ട് എന്ന് സംശയം വന്നു. ആ ഗൂഢാലോചനയുടെ ഉപജ്ഞാതാവ് ദിലീപ് ആണെന്ന് പോലീസ് പറയുന്നു. അത് തെളിയിക്കട്ടെ. അതില്‍ തടസ്സങ്ങളൊന്നുമില്ല. തെളിയിക്കപ്പെട്ടാല്‍ കുറ്റകൃത്യം നിര്‍വഹിച്ച വ്യക്തിക്കൊപ്പം ശിക്ഷ ആസൂത്രകനും കിട്ടും. അതില്‍ സംശയമില്ല. 20 വര്‍ഷം തടവാണ് ലഭിക്കുക. ഈ കേസിലെ യഥാര്‍ഥ പ്രതികള്‍ക്ക് ആ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പ്രോസിക്യൂഷന് കഴിയണം. പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ തെളിവുകള്‍ ശരിയായ രീതിയില്‍ വരണം. ഒരാളെ ഏതെങ്കിലും കാരണവശാല്‍ സംശയിക്കുന്നു, പ്രതിയാക്കുന്നു. ഒരുപക്ഷേ, അതിന് പിന്നില്‍ മറ്റുചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായേക്കാം. നമുക്കത് അറിയില്ല. എന്തും സാധ്യമാണ്. അവിടെയാണ് നമുക്കൊരു ജാഗ്രത ആവശ്യമായി വരുന്നത്. പോലീസ് പറയുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ ശരിയായ വഴിയിലൂടെ തന്നെയാണോ എന്ന് നിരീക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമുണ്ട്. അതിന്റെ ഭാഗമായി ചിലത് ഞാന്‍ പറഞ്ഞു. അത്രേയുള്ളൂ.

ചില കാര്യങ്ങള്‍ ചര്‍ച്ചയാവുന്നത് അറിയപ്പെടുന്ന ചിലയാളുകള്‍ അതില്‍ അകപ്പെടുമ്പോഴാണ്. അബ്ദുള്‍ നാസര്‍ മദനിയെ മുന്‍ നിര്‍ത്തി നമ്മള്‍ ചര്‍ച്ചകള്‍ നടത്തി. ആ കേസില്‍ തന്നെ അറിയപ്പെടാത്ത നിരവധിയാളുകളുണ്ട്. മദനി 33-ാമത്തെ പ്രതിയാണ്. ബാക്കി അറിയപ്പെടാത്ത എത്രയോ പ്രതികള്‍, അവരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പക്ഷെ എല്ലാവരുടേയും പേരുകള്‍ മുന്‍ നിര്‍ത്തി ചര്‍ച്ച ചെയ്യാന്‍ നമുക്കാവില്ല. ആയിരക്കണക്കിനാളുകള്‍ വിചാരണയില്ലാതെയും ശരിയായ വിചാരണയില്ലാതെയും നമ്മുടെ ജയിലുകളില്‍ കഴിയുന്നുണ്ട്. ഒരു സമൂഹം ശ്രദ്ധിക്കുന്ന, വാര്‍ത്താ പ്രാധാന്യമുള്ള കേസ് വരുമ്പോഴാണ് ഇതെല്ലാം ചര്‍ച്ചയാവുന്നത്. ദിലീപിന്റെ കാര്യത്തില്‍ മാത്രം ഇത്ര ഉത്കണ്ഠ എന്ന് പറയുന്നതില്‍ കാര്യമില്ല. കാരണം മറ്റേതെങ്കിലും സാധാരണ കേസിനെക്കുറിച്ചാണ് അഭിപ്രായം പറഞ്ഞതെങ്കില്‍ ഒരു ചര്‍ച്ചയുമുണ്ടാവില്ല. ഒരു വക്കീല്‍ എന്ന നിലക്ക് എത്രോ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും പറയുന്നു. അതൊന്നും ചര്‍ച്ചയാവില്ല. ഇത് ചര്‍ച്ചയായത് ദിലീപ് ആയതുകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ പറയുന്നത് എന്താണ് ഇതിന് പിന്നിലുള്ളത്, മറ്റെന്തെങ്കിലും സമ്മര്‍ദ്ദമുണ്ടോ, ദിലീപിനെതിരെ ഗൂഢാലോചനയുണ്ടോ എന്നെല്ലാം അറിയേണ്ടതുണ്ട്. പോലീസിന്റെ കണ്ണുതുറപ്പിക്കാന്‍, അവര്‍ ഒന്ന് ജാഗ്രത്താവാന്‍ പറയുന്ന കാര്യങ്ങളാണ്’.

മദനിയും ക്രിസ്തുവും ദിലീപും
‘മദനിയുടെ കാര്യവും സക്കറിയയുടെ കാര്യവും ദിലീപിന്റെ കാര്യവും അതില്‍ പറഞ്ഞു. പക്ഷെ ഇതൊന്നും താരതമ്യങ്ങളല്ല. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്, ഇത്തരം കാര്യങ്ങളെല്ലാം സാധ്യമാണ് എന്ന് പറയാനാണ്. നമ്പി നാരായണന്റെ കാര്യമാണ് പറയുന്നതെങ്കില്‍ നമ്പി നാരായണനെപ്പോലെയാണോ ദിലീപ് എന്ന് ചോദിക്കാം. പക്ഷെ എല്ലാവരും ചേര്‍ന്ന് നമ്പി നാരായണനെ പ്രതിയാക്കി, വിസ്തരിച്ചു, ശിക്ഷിച്ചു. ഇപ്പോഴെന്താണ് സംഭവിച്ചിരിക്കുന്നത്? ഇത്തരം പേരുകള്‍ പറയുന്നത് ചില സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടിയാണ്. ദിലീപിനെ യേശുക്രിസ്തുവാക്കിയെന്നോ, മദനിയാക്കിയെന്നോ ഒക്കെ പറയുന്നത് ശരിയല്ല. അത് പറയുന്നവര്‍ക്കും അറിയാം അതങ്ങനെയല്ല പറയേണ്ടതെന്ന്. എന്നാല്‍ അവര്‍ അതങ്ങനെ തന്നെ പറഞ്ഞുകൊണ്ടിരിക്കും. അപ്പോള്‍ എന്നേക്കാള്‍ ദുരുദ്ദേശവും ഒരുപക്ഷേ അവര്‍ക്കുണ്ടായേക്കാം. ഓരോരുത്തര്‍ എന്തിന് വേണ്ടി പറയുന്നു, ആര്‍ക്ക് വേണ്ടി പറയുന്നു എന്ന് നമുക്കറിയില്ല.

എന്നെ സംബന്ധിച്ച്, ആ എഡിറ്റോറിയലില്‍ തന്നെ പറയുന്നുണ്ട്, ഗണേഷ്‌കുമാര്‍ പറഞ്ഞത് പോലെ ഉപകാര സ്മരണയല്ല ഇത്. ഞങ്ങള്‍ തമ്മില്‍ യാതൊരു ഇടപാടുമില്ല. ഞങ്ങള്‍ പരിചയക്കാര്‍ പോലുമല്ല. ചില വിഷയങ്ങളില്‍ ഞാന്‍ ഇടപെടാറുണ്ട്. അത് നിരന്തരം ഇടപെടും. ആ നിലപാടുകളില്‍ മാറ്റമില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ പലര്‍ക്കും മനസ്സിലാവാതെ പോവുന്നുണ്ട്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള വിഷയത്തില്‍ ഞാന്‍ ഒരു നിലപാടെടുത്തയാളാണ്. അതെന്റെ അഭിഭാഷക സുഹൃത്തുക്കള്‍ക്ക് ഒട്ടും മനസ്സിലായില്ല. അവിടെ ഞാന്‍ ഒറ്റപ്പെട്ടു. അനഭിമതനായി. എന്നത് പോലെ ഏത് വിഷയം പറയുമ്പോഴും അത് ഒരുപക്ഷേ പെട്ടെന്ന് സമൂഹത്തിന് മനസ്സിലാവില്ലായിരിക്കും. പക്ഷെ അത് പതിയെ മനസ്സിലാവും. ഒന്നും മനസ്സിലാക്കാന്‍ പ്രാപ്തിയില്ലാത്ത സമൂഹത്തിന്റെ മുന്നില്‍ ചില ചോദ്യങ്ങള്‍ എപ്പോഴും നമ്മള്‍ ഇട്ടുകൊണ്ടിരിക്കണം.

/

‘ലൈംഗിക ആക്രമണം-പുരുഷന്റെ ഉദ്ദേശം അന്വേഷിക്കേണ്ടതില്ല’
‘ബലാത്സംഗത്തിന്റെ പ്രാഥമികമായ ഉദ്ദേശം എന്താണ്? ചരിത്രാതീത കാലം മുതല്‍, സ്ത്രീയും പുരുഷനും ഉണ്ടായ കാലം മുതല്‍ റേപ്പ് എന്തിന് വേണ്ടി നടത്തുന്നു എന്ന് ചോദിച്ചാല്‍ അതിന് ലൈംഗികമായ ഒരു കാരണം തന്നെയാണ്. അതിനപ്പുറത്തേക്കും കാരണങ്ങളുണ്ടാവാം. ആധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി, എതിരാളിയെ അപമാനിക്കുന്നതിനും അമര്‍ച്ച ചെയ്യുന്നതിനും വേണ്ടി, അങ്ങനെ പലകാരണങ്ങളുണ്ടാവാം. പക്ഷെ സാധാരണ ഗതിയില്‍ ലൈംഗിക സംതൃപ്തിക്കായി ഒരു പുരുഷന്‍ നടത്തുന്ന പ്രവൃത്തിയാണ്. അത് ക്വട്ടേഷന്‍ ആണ് എന്ന് പറയുമ്പോള്‍ അത് വിചിത്രമായ അവസ്ഥയാണ്. മറ്റൊരാള്‍ കൃത്യം നടത്തുകയും അതിന്റെ സന്തോഷം എനിക്കുണ്ടാവുകയും ചെയ്യുക എന്ന് പറഞ്ഞാല്‍ അത് വിചിത്രമായ സംഗതി തന്നെയാണ്. അതുകൊണ്ട് അവിടെ നല്ല മോട്ടീവ് ആവശ്യമുണ്ട്. പച്ചയായി പറഞ്ഞാല്‍, പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം, അത് ദിലീപിന് കിട്ടില്ല. അപ്പോള്‍ അതിന് വേണ്ടിയല്ല. സാധാരണഗതിയിലുള്ള ഉദ്ദേശമല്ല ഇതിന് പിന്നിലുള്ളത്. പോലീസ് പറയുന്നത് ശരിയാണെങ്കില്‍ ഒരു ഗൂഢാലോചനയുണ്ട്, മറ്റൊരാള്‍ക്ക് വേണ്ടിയിട്ടാണ് പ്രതി അത് ചെയ്തത്. അപ്പോള്‍ ഒരു മോട്ടീവ് ആവശ്യമുണ്ട്. ആ മോട്ടീവ് എന്തായിരുന്നു ഈ കേസില്‍ ഉള്ളത്? അതെല്ലാമാണ് ചോദ്യങ്ങള്‍.

ഞാന്‍ ഈ ചോദ്യം ചോദിച്ചതിനെ മറ്റൊരു രീതിയില്‍ കണാം. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങളെല്ലാം കേസിന്റെ വേളയില്‍ പ്രോസിക്യൂഷനോട് എതിര്‍ഭാഗം ചോദിക്കാനിരുന്ന ചോദ്യങ്ങളാണ്. അന്ന് ഈ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് ഉത്തരമുണ്ടാവില്ല. അതിനുള്ള ഉത്തരങ്ങള്‍ കൂടി ഇപ്പഴേ തേടിപ്പിടിച്ച്, പഴുതടച്ച്, കുറ്റമറ്റ രീതിയില്‍ ഒരു കുറ്റപത്രം തയ്യാറാക്കണമെന്നുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഞാന്‍ ആ ലേഖനത്തിലൂടെ പോലീസിന് നല്‍കിയിരിക്കുന്നത്. അല്ലെങ്കില്‍ ആ സമയത്ത് കേസ് ഇല്ലാതാവും. കേസ് ഇല്ലാതാവുകയെന്നതല്ലേ ആക്രമിക്കപ്പെട്ട യുവതിയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി. ഇപ്പോഴത്തെ താത്കാലിക ആവേശത്തിന്റെ പേരില്‍ അതിനിടവരരുത്.

കേരളത്തിലെ പൊതുസമൂഹം ജീവിക്കുന്നത് ഭയത്തിലാണ് എന്നതാണ് സമീപകാലത്ത് പല സംഭവങ്ങളിലൂടെയും ഞാന്‍ മനസ്സിലാക്കിയ ഒരു സത്യം. അവര്‍ക്ക് ഭയമാണ്. കേരളത്തില്‍ അഭിഭാഷക ശ്രേഷ്ഠര്‍ നിരവധിപേരുണ്ട്. ആരും ഒരു വിഷയം വന്നപ്പോള്‍ സംസാരിച്ചില്ല. ഏത് കാര്യം വരുമ്പോഴും സംസാരിക്കുന്നതിന് ജനത്തിന് ഭയമാണ്. അത് സംഘപരിവാറിനോടുള്ള ഭയം മാത്രമല്ല. ആശങ്കകളിലും ഭയത്തിലും പെട്ട് ജീവിക്കുന്ന ഒരു സമൂഹത്തിന് ഒരു ധൈര്യം കൊടുക്കുക, ആ ഉത്തരവാദിത്തം കൂടി ഞാന്‍ ഏറ്റെടുക്കുന്നുണ്ട്. സംസാരിക്കുമ്പോള്‍ തെറ്റിപ്പോയേക്കും. അതിനെന്താണ് കുഴപ്പം. ഇന്ന് ഒരു കാര്യം പറഞ്ഞ് തെറ്റിപ്പോയാല്‍ നാളെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഞാനത് തിരുത്തും. എനിക്കതില്‍ ഒരുതരത്തിലും ആക്ഷേപമുള്ളയാളല്ല. ഞാനൊരു പിടിവാശിക്കാരനല്ല. പക്ഷെ ആളുകള്‍ തുറന്നു സംസാരിക്കണം. ഏത് വിഷയത്തിലും അനുകൂലമായും പ്രതികൂലമായും സംസാരിക്കട്ടെ. തെറ്റും ശരിയും ഉണ്ടാവട്ടെ. അതിന് ആരെയും വേട്ടയാടേണ്ടതില്ല. അങ്ങനെ വേട്ടയാടുമ്പോള്‍, ഫാസിസത്തിനെതിരെയുള്ള നമ്മുടെ പ്രതിരോധം എന്നെല്ലാം പറയുന്നതിന് എന്ത് അര്‍ഥമാണുള്ളത്? ഞാന്‍ ചില ചോദ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. അതിന് എതിര്‍ ചോദ്യങ്ങള്‍ വയ്ക്കാം. യുക്തിസഹമായി അതിനെ ഖണ്ഡിക്കാം. സ്വീകരിക്കേണ്ടത് സ്വീകരിക്കാം. അങ്ങനയല്ലേ മുന്നോട്ട് പോവേണ്ടത്? അതിന് പകരം ഞങ്ങളാരും ഒന്നും പറയില്ല, ഞങ്ങള്‍ക്ക് ഭയമാണ്, ആരും ഒന്നും പറയാനും പാടില്ല, പോലീസ് പറയുന്നതെല്ലാം വിശ്വസിക്കണം-അങ്ങനെയൊന്നുമല്ല ഒരു സ്വതന്ത്ര സമൂഹം മുന്നോട്ട് പോവേണ്ടത്’.

സഹതാപതരംഗവും പി.ആര്‍.ഏജന്‍സികളും
‘ഇത്തരത്തില്‍ ആരോപിക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ല. എനിക്ക് ദിലീപുമായി യാതൊരു പരിചയവുമില്ല. ഞാന്‍ അറിയുന്ന ദിലീപ് ഇത് ചെയ്യില്ല എന്ന് അടൂര്‍ ഗോപാലകൃഷണന്‍ പറഞ്ഞു. ഞാന്‍ ദിലീപിനെ അറിയില്ല. എനിക്ക് മറ്റാരെയും പോലെ സ്‌ക്രീനില്‍ കണ്ട പരിചയം മാത്രമേയുള്ളൂ. സ്‌ക്രീനില്‍ കാണുന്ന ദിലീപിനെ എനിക്ക് ഇഷ്ടമാണ്. ഇയാള്‍ക്ക് പി.ആര്‍ ഏജന്‍സിയുണ്ടോ, എന്താണ് ഇയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്, ഇതൊന്നും എനിക്കറിയില്ല. ഞാന്‍ ദിലീപിനെ കുറ്റവിമുക്തനാക്കുന്നില്ല. ദിലീപ് കുറ്റം ചെയ്തിരിക്കാന്‍ ഇടയില്ല എന്ന് പറയുന്നവരുണ്ട്. ഞാന്‍ അക്കൂട്ടത്തിലില്ല. കുറ്റം ചെയ്തിരിക്കാന്‍ ഇടയില്ലെന്ന് എനിക്കെങ്ങനെ പറയാന്‍ കഴിയും? പക്ഷെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്ന ഒരു ചിത്രമുണ്ടല്ലോ, അതായത് കോടതിയില്‍ ഹാജരാക്കപ്പെട്ട രേഖകള്‍, കോടതിയുടെ വിധിന്യായങ്ങള്‍, എഫ്.ഐ.ആര്‍, ഇതെല്ലാം ഒരു അഭിഭാഷകനെന്ന നിലയില്‍ പരിശോധിച്ചതില്‍ നിന്ന് എനിക്കുണ്ടായ ചില സംശയങ്ങള്‍, അതാണ് പറഞ്ഞത്. ഇത് ആദ്യമായിട്ടല്ലല്ലോ? ഞാനെത്രയോ പേര്‍ക്ക് വേണ്ടി ഇടപെട്ടിരിക്കുന്നു. അത് കച്ചവടത്തിന്റെ ഭാഗമായിട്ടല്ല ചെയ്യുന്നതും. അന്യസംസ്ഥാന ജയിലുകളില്‍ പോലും കിടക്കുന്ന പാവപ്പെട്ട മനുഷ്യരുണ്ട്. എന്റെ ശ്രദ്ധയില്‍ പെടുന്ന കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറുമുണ്ട്. നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നയാളുമാണ്. എന്റെ നിലപാടുകള്‍ പലപ്പോഴും വ്യത്യസ്തമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പൊതുവെ സ്വീകരിക്കപ്പെടുന്ന നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകള്‍ പറയാറുമുണ്ട്. അതുകൊണ്ട് എനിക്കെതിരെ ദിലീപിന്റെ പി.ആര്‍ ഏജന്‍സിയാല്‍ സ്വാധീനിക്കപ്പെട്ടു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ഏറ്റവും കഠിനമായ ഒരു ആരോപണമായിരിക്കും. അത് ദയവുചെയ്ത് എന്റെ സുഹൃത്തുക്കള്‍ പറയരുത് എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്.’

പണമിടപാട് എന്ന ആരോപണവും മാധ്യമപ്രവര്‍ത്തകരുടെ എതിര്‍പ്പും
‘ദിലീപിന്റെ അഭിഭാഷകനും സൗത്ത്‌ ലൈവുമായി ബന്ധമുണ്ടെന്ന ആരോപണം, അതില്‍ കഴമ്പില്ല. അങ്ങനെയൊരു ബന്ധം ഇല്ല. സൗത്ത്‌ ലൈവ് എന്ന് പറയുന്നത് വലിയ ഘടാഘടികന്മാരുമായി ബന്ധമുള്ള സ്ഥാപനം പോലുമല്ല. വളരെ സാധാരണ രീതിയില്‍, ഓരോ മാസവും വളരെ കഷ്ടിച്ച് മുന്നോട്ട് പോവുന്ന സ്ഥാപനമാണ്. ഇവിടെ രാമന്‍പിള്ളയുടെ സ്വാധീനമോ, അദ്ദേഹവുമായി ബന്ധപ്പെട്ടയാളുകളുമായുള്ള സ്വാധീനമോ ഇല്ല. അന്വേഷണം നടത്താതെ തന്നെ അക്കാര്യം നിഷേധിക്കാന്‍ ചെയര്‍മാന്‍ എന്ന രീതിയില്‍ എനിക്ക് കഴിയും. സൗത്ത് ലൈവ് എന്നത് മറ്റ് മാധ്യമസ്ഥാപനങ്ങളെപ്പോലെയല്ല. മാനേജ്‌മെന്റിനോട് ചെറിയ വിയോജിപ്പ് കാണിച്ചാല്‍ ഗുവാഹത്തിയിലേക്ക് സ്ഥലംമാറ്റം, അതാണ് കേരളത്തിലെ മാധ്യമരംഗത്തെ പൊതുതത്വം. പക്ഷെ സൗത്ത് ലൈവ്, പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം എഡിറ്റര്‍മാര്‍ക്ക് കൊടുത്തിരിക്കുന്ന സ്ഥാപനമാണ്. ഞാന്‍ അതിന്റെ ചീഫ് എഡിറ്ററാണ്. പക്ഷെ അധികാരങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് എഡിറ്ററാണ് സാധാരണ ഗതിയില്‍ മാധ്യമസ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അടക്കമുള്ളവര്‍ അവിടെയുണ്ട്. അവരുടെ ഒരു കാര്യത്തിലും ഞാന്‍ ഇന്നേവരെ ഇടപെട്ടിട്ടില്ല. എനിക്ക് രാഷ്ട്രീയമായി അസൗകര്യമുണ്ടാക്കുന്ന വാര്‍ത്തകള്‍ അവര്‍ പലപ്പോഴും കൊടുക്കാറുണ്ട്. ചിലപ്പോഴൊക്കെ അത് മനപ്പൂര്‍വ്വമാണോ എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാന്‍ ഒരുവാക്ക് അവരോട് ചോദിക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഗുരുതരമായ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ അനാശാസ്യമായ പ്രവൃത്തി ചെയ്തു എന്ന് വാര്‍ത്ത വന്നപ്പോള്‍ മന്ത്രി ജി.സുധാകരന്‍ എന്ന് റിപ്പോര്‍ട്ട് ചെയ്ത സുഹൃത്തുക്കളാണ് അവിടെയുള്ളത്. ജി. സുധാകരന്റെ ഫോട്ടോയും കൊടുത്തു. ഞാന്‍ ഒരു ഷോകോസ് നോട്ടീസ് പോലും കൊടുത്തില്ല. അതെല്ലാം ഞാന്‍ ക്ഷമിച്ചു. ഞാന്‍ ഇടപെട്ട് ആ ഡാമേജ് പരിഹരിച്ചു. അങ്ങനെയുള്ള എന്നെക്കുറിച്ച് ഒരു രാഷ്ട്രീയ ആരോപണം അവര്‍ ഉന്നയിക്കാന്‍ പാടില്ല. ഞാനാണ് ചീഫ് എഡിറ്ററെങ്കില്‍, ഒരു എഡിറ്റര്‍ക്ക് അയാളുടെ പേര് വച്ച് എന്തും എഴുതുന്നതിനുള്ള അധികാരമുണ്ട്. അത് ആര്‍ക്കാണ് ചോദ്യം ചെയ്യാന്‍ കഴിയുക? ചീഫ് എഡിറ്റര്‍ എഴുതുന്ന ലേഖനം പ്രസിദ്ധപ്പെടുത്താന്‍ എക്‌സിക്യൂട്ടീവ് എഡിറ്റരും കൂട്ടരും വൈമുഖ്യം കാണിക്കുക, ഒടുവില്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുമ്പോള്‍ അത് പ്രസിദ്ധപ്പെടുത്തുക, എന്നിട്ട് പുറത്തുപോയി ഫേസ്ബുക്കില്‍ ചീഫ് എഡിറ്റര്‍ക്കെതിരെ ആക്ഷേപമുന്നയിക്കുക, അതൊന്നും ഒരു നല്ല കാര്യമല്ല. എനിക്ക് ചില തത്വങ്ങളൊക്കെയുള്ളയാളാണ്. ഞാനതിനെ ത്യാഗപൂര്‍വം മുറുകെപ്പിടിക്കുന്നയാളാണ്. കേരളത്തിലെ മറ്റേതെങ്കിലും മാധ്യമസ്ഥാപനങ്ങളിലായിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്ന ഒരു ഭവിഷ്യത്ത് എന്റെ സ്ഥാപനത്തിലുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് എന്റെ ഒരു ബലഹീനതയായി കാണേണ്ടതില്ല. ഞാന്‍ എല്ലാവരോടും വളരെ ഔദാര്യമായി പ്രവര്‍ത്തിക്കുന്നയാളാണ്. അവരൊന്നും സൗജന്യമായി പ്രവര്‍ത്തിക്കുന്നയാളുകളുമല്ല. കേരളത്തിലെ പൊതുനിലവാരമനുസരിച്ച് അവര്‍ക്ക് കിട്ടാവുന്നതിന്റെ അപ്പുറത്താണ് അവര്‍ക്ക് ഞങ്ങള്‍ കൊടുക്കുന്ന വേതനവും ആനുകൂല്യങ്ങളും. ചീഫ് എഡിറ്ററുടെ നിലപാടിനോട് വിയോജിപ്പുണ്ടെങ്കില്‍ അവര്‍ക്ക് പിരിഞ്ഞ് പോവാം. ഞാനും മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്തയാളാണ്. അഞ്ച് വര്‍ഷം പ്രസ് കൗണ്‍സില്‍ അംഗമായിരുന്നു. എനിക്ക് ഇക്കാര്യങ്ങള്‍ അറിയാം. ചീഫ് എഡിറ്റര്‍ നയം തീരുമാനിക്കും, അതിനോട് വിയോജിപ്പുള്ളവര്‍ക്ക് പിരിഞ്ഞുപോവാം. ചീഫ് എഡിറ്ററുടെ നയത്തോട് മാനേജ്‌മെന്റിന് വിയോജിപ്പുണ്ടായാല്‍ ചീഫ് എഡിറ്ററെ പിരിച്ചുവിടാം. ഇത് പല കേസുകളിലും സുപ്രീംകോടതിയും പ്രസ് കൗണ്‍സിലുമെല്ലാം പറഞ്ഞ കാര്യമാണ്. എന്റെ സൗമനസ്യങ്ങള്‍ ദൗര്‍ബല്യമായി കാണരുത് എന്നാണ് എന്റെ അപേക്ഷ.’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍