UPDATES

ട്രെന്‍ഡിങ്ങ്

സ്റ്റീഫന്‍ ഹോക്കിങ് അര നൂറ്റാണ്ടിലേറെ കാലം അതിജീവിച്ചതിന് പിന്നിലെ ആ രഹസ്യം

അമയോട്രോപ്പിക് ലാറ്ററല്‍ സ്ക്ളീറോസിസ് എത്ര മാരകമാണ് എന്നത് പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടാണ്. ആര്‍ക്ക് വേണമെങ്കിലും ഈ രോഗം വരാം.

ഏപ്രില്‍ 20, 2009ല്‍ ഡോക്ടര്‍മാര്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ച ആ നിമിഷം എത്തി. രോഗത്തെ കീഴ്പ്പെടുത്തി ഇന്ന് ലോകത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ജീവിക്കുന്ന ഭൌതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് മരണത്തിന്റെ വക്കിലാണ്. കേംബ്രിഡ്ജ് സര്‍വകലാശാലയാണ് ഈ വിവരം പുറത്തുവിട്ടത്. ഇരുപത്തൊന്നാം വയസില്‍ അമയോട്രോപ്പിക് ലാറ്ററല്‍ സ്ക്ളീറോസിസ് (ALS) എന്ന രോഗം ബാധിച്ച ഹോക്കിംഗ് “ഗുരുതരാവസ്ഥയിലാണെന്നും” “പരിശോധനകള്‍ നടന്നുവരികയാണെന്നും” ഒക്കെ വാര്‍ത്തകള്‍ വന്നു. പത്രങ്ങള്‍ മരണാനന്തരക്കുറിപ്പുകളുടെ ശൈലിയിലുള്ള ലേഖനങ്ങള്‍ എഴുതി. സമയത്തെ ഇത്ര മനോഹരമായി വിശദീകരിച്ച മനുഷ്യന്റെ സമയം അവസാനിച്ച പോലെയായിരുന്നു.

എന്നാല്‍ തീര്‍ത്തും സ്വാഭാവികമായ ഒരു കാര്യം പോലെ ഹോക്കിംഗ് അതിനെ അതിജീവിച്ചു. 2015 ഫെബ്രുവരി മാസം ടെറെന്‍സ് മക്കോയ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതി.

ഇപ്പൊള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഹോക്കിംഗിന് സാധിക്കേണ്ടതല്ല. ദൈവം ഉണ്ടോ എന്ന് സന്ദേഹിക്കാന്‍ ഈ എഴുപത്തിമൂന്നുകാരന് കഴിയേണ്ടതല്ല. കൃത്രിമബുദ്ധിയെപ്പറ്റിയോ സ്വയം നശിപ്പിക്കാന്‍ മനുഷ്യനുള്ള കഴിവിനെപ്പറ്റിയോ ചിന്തിക്കേണ്ടതല്ല. ദശാബ്ദങ്ങള്‍ തന്നെ ചുമന്ന വീല്‍ചെയറില്‍ ഇരുന്ന് സ്വന്തം ജീവിതസമരങ്ങളുടെ സിനിമ കാണാന്‍ ബ്രിട്ടന്റെ അക്കാദമി അവാര്‍ഡ് ചടങ്ങിലും പോകേണ്ടതല്ല. പക്ഷെ അയാള്‍ പോയി.

എഎല്‍എസ് എത്ര മാരകമാണ് എന്നത് പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടാണ്. ആര്‍ക്ക് വേണമെങ്കിലും ഈ രോഗം വരാം. ആദ്യം മസിലുകളെ തളര്‍ത്തുകയാണ് ചെയ്യുക, പിന്നീട് പരാലിസിസ് സംഭവിക്കുകയും പതിയെ സംസാരശേഷിയും ഭക്ഷണം ഇറക്കാനുള്ള കഴിവും ശ്വാസം എടുക്കാനുള്ള കഴിവും ഇല്ലാതാകും. ഈ രോഗം ബാധിച്ച ഒരാളുടെ ആയുസ് ഏതാണ്ട് രണ്ടുമുതല്‍ അഞ്ചു വര്‍ഷം വരെയാണ് എന്നാണു എ എല്‍എസ് ഫൌണ്ടേഷന്‍ പറയുന്നത്. അമ്പത് ശതമാനം പേര്‍ മാത്രമാണ് മൂന്നുവര്‍ഷത്തിനപ്പുറം ജീവിക്കുന്നത്. ഇരുപത് ശതമാനം പേര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും. അവിടുന്ന് പിന്നെ മുന്നോട്ടു പോയവര്‍ ഏറെ ചുരുക്കമാണ്. അഞ്ച്ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമേ രണ്ടു ദശാബ്ദം പിന്നിടാറുള്ളൂ.

അതിനെല്ലാം മേലെയാണ് ഹോക്കിംഗ്. രണ്ടു ദശാബ്ദങ്ങള്‍ രണ്ടു തവണ പിന്നിട്ടു- ആദ്യം എണ്‍പത്തിമൂന്നിലും പിന്നെ രണ്ടായിരത്തിമൂന്നിലും. ഇപ്പോള്‍ വര്‍ഷം 2015. അതിജീവിക്കാനുള്ള ഹോക്കിംഗിന്റെ കഴിവ് കണ്ടു സത്യത്തില്‍ ഹോക്കിംഗിന് എഎല്‍എസ് തന്നെയാണോ എന്ന് സംശയിക്കുന്ന വിദഗ്ദ്ധരുമുണ്ട്. മറ്റുചിലര്‍ പറയുന്നത് ഹോക്കിങ്ങിനെപ്പോലെ മറ്റൊരാളെ അവര്‍ കണ്ടിട്ടില്ല എന്നാണ്.

സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

“ഹോക്കിംഗ് അസാധാരണനാണ്.” കിങ്ങ്സ് കോളേജ് ലണ്ടനിലെ ക്ലിനിക്കല്‍ ന്യൂറോളജി പ്രോഫസറായ നൈജല്‍ ലീ പറയുന്നു. “ഇത്രനാള്‍ ഈ രോഗം അതിജീവിച്ച മറ്റൊരാളെ എനിക്കറിയില്ല. സമയദൈര്‍ഘ്യം മാത്രമല്ല അതിശയിപ്പിക്കുന്നത്, രോഗം തന്നെ ഇല്ലാതായ അവസ്ഥയുണ്ട്. താരതമ്യേന സ്ഥിരമായ അവസ്ഥയിലാണ് ഹോക്കിംഗ്. ഇത്തരം സ്റ്റബിലൈസേഷന്‍ അത്യപൂര്‍വമാണ്.”

ഇത് അസാധാരണമായ ഒരു വിവരണമല്ല. ഒരു ദശാബ്ദം കഴിഞ്ഞ് 2012ല്‍ ഹോക്കിംഗ് എഴുപത് തികഞ്ഞപ്പോള്‍ പല ഗവേഷകരും അതിശയിച്ചു. കിങ്ങ്സ് കോളേജിലെ തന്നെ അന്മാര്‍ അല്‍ ചലാബി പറഞ്ഞത് “ഇത് അത്യപൂര്‍വമാണെന്നും ഇത്രനാള്‍ അതിജീവിച്ച മറ്റൊരാള്‍ ഇല്ലെന്നും ആണ്.”

അപ്പോള്‍ ഹോക്കിംഗിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് എന്താണ്? ഭാഗ്യമോ? അതോ ബുദ്ധിയുടെ സ്വഭാവം ഒരു ദുരന്തത്തെ മാറ്റിനിറുത്തുന്നതാണോ? ആര്‍ക്കും കൃത്യമായി അറിയില്ല. എന്തിന്, പ്രപഞ്ചം പ്രവര്‍ത്തിക്കുനതിനെപ്പറ്റി ദീര്‍ഘമായി സംസാരിക്കാന്‍ കഴിയുന്ന ഹോക്കിംഗിന് പോലും സ്വന്തം അക്കാദമിക വിജയങ്ങളെ കടത്തിവെട്ടി രോഗത്തെ തോല്‍പ്പിച്ചത് വിശദീകരിക്കാനാകുന്നില്ല.

എ എല്‍ എസുമായി ഹോക്കിങ്ങിന്റെ പോരാട്ടം ആദ്യം മുതല്‍ തന്നെ വ്യത്യസ്തമായിരുന്നു. ഈ വ്യത്യാസങ്ങള്‍ ഈ അതിജീവനത്തിനും ഭാഗികമായെങ്കിലും കാരണമാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സാധാരണഗതിയില്‍ ഈ അസുഖം വയസായവരിലാണ് വരിക. രോഗം കണ്ടെത്തുന്നത്തിന്റെ ശരാശരി പ്രായം അമ്പത്തഞ്ചുവയസാണ്- എന്നാല്‍ ഹോക്കിങ്ങിന് വളരെ ചെറുപ്പത്തില്‍ തന്നെ ഈ രോഗം കണ്ടെത്തി. ഒരു ഇടറിവീഴ്ചയിലൂടെയാണ് ഇത് ആരംഭിച്ചത്.

“ഓക്സ്ഫോര്‍ഡിലെ എന്റെ മൂന്നാം കൊല്ലത്തില്‍ കാരണമൊന്നുമില്ലാതെ ഒന്നു രണ്ടു തവണ വീണത് ഞാന്‍ ശ്രദ്ധിച്ചു”, ഹോകിംഗ് ഒരിക്കല്‍ എഴുതി. “എന്നാല്‍ ഞാന്‍ കേംബ്രിഡ്‌ജിലെത്തിയപ്പോഴാണ് എന്റെ അച്ഛന്‍ ഇത് ശ്രദ്ധിച്ചതും കുടുംബ ഡോക്ടറെ കാണിച്ചതും. അദ്ദേഹം എന്നെ ഒരു സ്പെഷലിസ്റ്റിനെ കാണിച്ചു. എന്റെ ഇരുപത്തൊന്നാം പിറന്നാള്‍ കഴിഞ്ഞയുടന്‍ ഞാന്‍ ആശുപത്രികളില്‍ ടെസ്റ്റുകള്‍ക്ക് പോയി. എനിക്ക് ഇങ്ങനെയൊരു അസുഖം ഉണ്ട് എന്നത് വലിയ നടുക്കമായിരുന്നു.”

സ്റ്റീഫന്‍ ഹോക്കിംഗ്; കീഴടക്കാനാകാത്ത പ്രജ്ഞയുടെ പ്രതീകം/ഡോക്യുമെന്‍ററി

ജീവിതകാലം മുഴുവന്‍ അസുഖമായിരിക്കും എന്നായിരുന്നു ആദ്യകണ്ടെത്തലുകള്‍ സൂചിപ്പിച്ചതെങ്കിലും ജീവിതത്തിന്റെ അവസാനത്തില്‍ അസുഖം കണ്ടെത്തുന്നവരേക്കാള്‍ കൂടുതല്‍ കാലം അതിജീവിക്കാനുള്ള അവസരവും ഹോക്കിംഗിന് ലഭിച്ചു. “യുവരോഗികളില്‍ അതിജീവന സാധ്യത കൂടുതലാണ് എന്ന് ഞങ്ങള്‍ കണ്ടെത്തിയിരുന്നു. പല കേസിലും അത് പത്തുവര്‍ഷത്തിലേറെയുമായിരുന്നു”. നൈജല്‍ ലീ പറയുന്നു.

രണ്ടുതരത്തിലാണ് എ എല്‍എസ് പ്രവര്‍ത്തിക്കുനത് എന്നാണു പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ലിയോ മക്ക്ലസ്ക്കി പറയുന്നത്. ഒന്ന് ശ്വസിക്കുന്ന മസിലുകളെ ബാധിക്കുന്നു. അതുകൊണ്ടാണ് സാധാരണയായി ശ്വാസതടസം വന്നു രോഗികള്‍ മരിക്കുന്നത്. മറ്റൊന്ന് വിഴുങ്ങാനുള്ള മസിലുകളെ ബാധിക്കുന്നതാണ്, അതുകൊണ്ടാണ് ഡിഹൈഡ്രേഷനും പോഷകക്കുറവും ഉണ്ടാകുന്നത്. നിങ്ങള്‍ക്ക് ഇവ രണ്ടും ഇല്ലെങ്കില്‍ നിങ്ങള്‍ കൂടുതല്‍ കാലം ജീവിക്കും.

എന്നാല്‍ ഹോക്കിംഗ് ജീവിച്ചത്ര നാള്‍ ജീവിക്കുമോ? ജോലിയില്‍ കൂടുതല്‍ ശ്രദ്ധിച്ചതും വൈകല്യത്തെപ്പറ്റി ചിന്തിക്കാതെ വിട്ടതുമാണ് കാരണം എന്ന് ഹോക്കിംഗ് പറയുന്നു. അല്‍പ്പം കൂടുതല്‍ ശരീരാധ്വാനം വേണ്ട മേഖലകളിലായിരുന്നു ജോലിയെങ്കില്‍ ഇത് സാധിച്ചെന്ന് വരില്ല. “എനിക്കൊരു ജോലിയുണ്ട് എന്നതും എന്നെ ആളുകള്‍ നന്നായി നോക്കുന്നു എന്നതും കാരണമാണ്.” 2011 ള്‍ ഹോക്കിംഗ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. “തിയററ്റിക്കല്‍ ഫിസിക്സില്‍ ജോലി ചെയ്യുന്നത് ഭാഗ്യമാണ്, ഇവിടെ വൈകല്യം ഒരു വലിയ പ്രശ്നമല്ല.”

“ഈ രോഗമുള്ള ആളുകള്‍ക്ക് സ്വീകരിക്കാന്‍ പറ്റിയ ഏറ്റവും അവിശ്വസനീയമായ ഉദാഹരണമാണ് ഹോക്കിംഗ്”, മക്ക്ലസ്ക്കി പറയുന്നു.

പോപ്പുലര്‍ ശാസ്ത്രത്തിലെ വൈരുധ്യങ്ങളില്‍ ഒന്നാണ് ഇത്. ചെരിഞ്ഞ താടിയും ഉടഞ്ഞ തോളുമായി ഇരിക്കുന്ന ഹോക്കിങ്ങും നക്ഷത്രങ്ങളെ ലക്ഷ്യമിടുന്ന, താരതമ്യങ്ങളില്ലാത്ത ഹോക്കിംഗിന്റെ മനസും.

ജീവിക്കാന്‍ വേറെ ഗ്രഹം നോക്കിക്കോളൂ, 1000 കൊല്ലം കയ്യിലുണ്ട്; മാനവരാശിയോട് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍