സര്‍ക്കാര്‍ വക അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്ന ഇരകളായ കുട്ടികള്‍ക്ക് സ്വാഭാവിക നീതിയാണ് നിഷേധിക്കപ്പെടുന്നു എന്നതാണ് വാസ്തവമെങ്കില്‍ പണം ചെലവാക്കി ഇത്തരം ഷെല്‍ട്ടര്‍ ഹോമുകള്‍ നിലനിര്‍ത്തിപോരണോ എന്ന് ഗൗരവമായി ചിന്തിക്കണം
ബഹുമാനപ്പെട്ട സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറോട്,
നമ്മുടെ കേരളം എല്ലാകാര്യത്തിലും നമ്പര്‍ വണ്‍ എന്നാണ് പറയുന്നത്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളോടും താരതമ്യപ്പെടുത്തിയാണ് നമ്മള്‍ മുമ്പന്മാരാണ് എന്ന് നമ്മള്‍ തന്നെ തീരുമാനിച്ചിരിക്കുന്നത്. അതില്‍ അല്‍പ്പമല്ലാത്ത യാഥാര്‍ത്ഥ്യമുണ്ടെന്നു സമ്മതിക്കാം. പക്ഷേ, നമ്മളീ കുറ്റപ്പെടുത്തുന്ന ഉത്തരേന്ത്യന്‍ മോഡലുകളുടെ പകര്‍പ്പുപോലെ ഈ കേരളത്തിലും പല സംഭവങ്ങളും നടന്നു വരുന്നുണ്ടെന്നത് അതിനേക്കാള്‍ വലിയ യാഥാര്‍ത്ഥ്യമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ കാര്യമാണ് കേരളത്തില്‍ നടക്കുന്ന ബാലലൈംഗിക ചൂഷണങ്ങള്‍. നിയമങ്ങളും നിയമ സംവിധാനങ്ങളുമൊക്കെ പലതുണ്ട് ഇവിടെ. എന്നാല്‍ ഇവയില്‍ എന്തൊക്കെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നത് വലിയൊരു ചോദ്യമാണ്.
കുട്ടികള്‍ക്കെതിരേയുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ കൂടി വരുന്നുണ്ട് കേരളത്തില്‍. കഴിഞ്ഞാഴ്ച എടപ്പാള്‍ തിയേറ്ററില്‍ നടന്ന സംഭവം തന്നെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അറിഞ്ഞതിനെക്കാള്‍ അറിയാതെ പോകുന്ന പീഡനസംഭവങ്ങള്‍ ഏറെയാണ്. അതവിടെ നില്‍ക്കട്ടെ, പക്ഷേ പുറത്തുവന്ന, കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പീഡനങ്ങളില്‍ നിയമം എത്രകണ്ട് നടപ്പാക്കപ്പെടുന്നുണ്ടെന്നത് ഉത്തരം പറയേണ്ട ചോദ്യം തന്നെയാണല്ലോ!
പീഡകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും നമ്മുടെ പൊലീസും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും വരുത്തുന്ന വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാല്‍ ഏറെയുണ്ട്. എന്നാല്‍ അതിലും രൂക്ഷമായതല്ലേ, ഇരകള്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നത്. സംരക്ഷിക്കേണ്ടവര്‍ തന്നെ അവരെ കൈയ്യൊഴിയുന്നത്.
സാമൂഹ്യ നീതി വകുപ്പിന് നേരിട്ട് ഇടപെടാനും ഫലം ഉണ്ടാക്കാനും കഴിയുന്ന ചില സംവിധാനങ്ങളുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ശിശുക്ഷേമ സമിതി, ബാലാവകാശ കമ്മീഷന്‍, ചൈല്‍ഡ് ലൈന്‍ പോലുള്ളവ. ഈ സംവിധാനങ്ങള്‍ തന്നെ കുട്ടികളുടെ നീതിക്കും സുരക്ഷിതത്വത്തിനും വിഘാതം സൃഷ്ടിക്കുന്ന നടപടികള്‍ ചെയ്തു വരുന്നുവെന്നത് പകല്‍പോലെ തെളിഞ്ഞിട്ടുള്ള വസ്തുതകളാണ്. അക്കാര്യത്തില്‍ കാര്യക്ഷമമായ എന്ത് നടപടിയാണ് സാമൂഹ്യ നീതി വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വകുപ്പ് മന്ത്രിയായ ശൈലജ ടീച്ചറോട് ചോദിക്കുന്നത്.
തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ ഒരു തീരുമാനം മന്ത്രി അറിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇടുക്കി സ്വദേശിയായ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസ്. ഇടുക്കി ശിശുക്ഷേമ സമിതിയാണ് കുട്ടിയുടെ ഉത്തരവാദിത്വം ആദ്യം ഏറ്റെടുത്തത്. ആ കേസില്‍ പ്രതികളിലൊരാള്‍ കുട്ടിയുടെ അമ്മ തന്നെയാണ്. ഈ കുട്ടിയെ ഇടുക്കി സിഡബ്ല്യുസി മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ പോകാന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യശ്രമം നടത്തി. പിന്നീട് ജില്ല കളക്ടര്‍ സിഡബ്ല്യുസി തീരുമാനം ചലഞ്ച് ചെയ്യുകയുണ്ടായി. തുടര്‍ന്നാണ് കുട്ടിയെ തിരുവനന്തപുരം സിഡബ്ല്യുസിയുടെ കീഴില്‍ കൊണ്ടുവരുന്നത്. അവര്‍ കുട്ടിയെ തിരുവനന്തപുരം നിര്‍ഭയ ഹോമില്‍ പാര്‍പ്പിച്ചു വരികയായിരുന്നു. ഈ കുട്ടിയുടെ സഹോദരിയുടെ വിവാഹനിശ്ചയവും വിവാഹവുമായി ബന്ധപ്പെട്ട് കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ പരാതി തിരുവനന്തപുരം ശിശുക്ഷേമ സമിതി അംഗീകരിച്ച് ഓഡര്‍ ഇറക്കി. 16-05-2018 മുതല്‍ 22-05-2018 വരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊടുക്കാനാണ് ഉത്തരവ്. മാതാപിതാക്കളില്‍ മാതാവ് പ്രതിയായ കേസിലെ ഇരയും സാക്ഷിയുമാണ് കുട്ടി. മുന്‍പ് കുട്ടിയെ വീട്ടില്‍ താമസിപ്പിച്ചപ്പോള്‍ ആത്മഹത്യ ശ്രമം കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതുമാണ്. അങ്ങനെയുള്ളപ്പോഴാണ് ഏഴു ദിവസത്തോളം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിടുന്നത്. സഹോദരിയുടെ വിവാഹം പ്രധാനപ്പെട്ടത് തന്നെ. പക്ഷേ, അതിലും വലുതല്ലേ ആ കുട്ടിയുടെ സുരക്ഷിതത്വം. ഇനി ഇങ്ങനെയൊരു തീരുമാനം ശിശുക്ഷേമ സമിതി എടുക്കുന്നതിനു മുമ്പ് ആ കുട്ടിയുടെ അഭിപ്രായം ചോദിക്കുന്നതില്‍ നിയമപ്രശ്‌നം ഒന്നുമില്ലല്ലോ? കുട്ടിക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകുന്നതില്‍ വിമുഖതയുണ്ടോ എന്നൊന്ന് ചോദിച്ചറിയാമല്ലോ! (മുമ്പ് ഇതുപോലെ അമ്മയോടൊപ്പം പറഞ്ഞയച്ച ഇരയായ കുട്ടി പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തപ്പെട്ട സംഭവത്തിനൊന്നും അധികം പഴക്കമില്ല).
ആദ്യം കുട്ടിയെ 17-ആം തീയതി മുതല്‍ വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെ എതിര്‍ത്തവര്‍ ഒരാഴ്ചത്തേക്ക് വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും ചടങ്ങ് നടക്കുന്ന ദിവസം ഹോമിലെ ഉത്തരവാദിത്വപ്പെട്ടവരുടെ സാന്നിധ്യത്തോടെ വീട്ടില്‍ എത്തിക്കാമെന്നും പറഞ്ഞപ്പോള്‍ അതു മറികടക്കാന്‍ നടത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് 16 ന് തന്നെ(ബുധനാഴ്ച) കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊടുക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് സിഡബ്ല്യുസിയില്‍ നിന്നും ഉണ്ടായത്.
ഇനി പറയുന്ന കാര്യമാണ് മന്ത്രി കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. മാതാപിതാക്കള്‍ക്കൊപ്പം തനിക്ക് പോകേണ്ടതില്ലെന്നാണ് ആ കുട്ടി പറഞ്ഞത്. കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം ഒരാഴ്ചത്തേക്ക് വിട്ടുകൊടുക്കാന്‍ സിഡബ്ല്യുസി ഓഡര്‍ ഇട്ടശേഷമാണ് കുട്ടി പറയുന്നത് തനിക്ക് പോകേണ്ടെന്ന്. എന്നാല്‍ പിന്നീട് കുട്ടിക്കുമേല്‍ ഉണ്ടായ സ്വാധീനത്തിനു പുറത്താണ് ഇപ്പോള്‍ കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയ്യാറായിരിക്കുന്നതെന്നാണ് വിവരം.
ഇവിടെയാണ് മന്ത്രിതല ഇടപെടല്‍ നടക്കേണ്ടത്. കുട്ടിയുടെ താത്പര്യം പോലും ചോദിക്കാതെ, പ്രതിയായ ഒരാള്‍ക്കൊപ്പം ആ കുട്ടിയെ പറഞ്ഞു വിടാന്‍ (അതും ഏഴ് ദിവസം) ശിശുക്ഷേമ സമിതി തയ്യാറാകുമ്പോള്‍, ആ സംവിധാനം അതിന്റെ ഉദ്ദേശശുദ്ധിക്ക് തന്നെ കളങ്കം വരുത്തുകയല്ലേ?
ഇങ്ങനെയൊരു തീരുമാനം വന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശിശുക്ഷേമ സമിതി ചെയര്‍മാനെ ബന്ധപ്പെട്ടപ്പോള്‍ പറയുന്ന മറുപടി’ ആ കുട്ടി ഇരയാണ്, പ്രതിയല്ലെന്നും കുട്ടിക്ക് സ്വാഭാവിക നീതിക്ക് അര്‍ഹതയുണ്ടെന്നും അതുകൊണ്ടാണ് മാതാപിതാക്കള്‍ക്കൊപ്പം വിവാഹചടങ്ങുകളില്‍ സംബന്ധിക്കാന്‍ വിട്ടുകൊടുത്തതെന്നുമാണ്. കുട്ടിയെ സ്വധീനിക്കാന്‍ ശ്രമം നടക്കില്ലേ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി, സ്വാധീനിക്കാന്‍ എവിടെവച്ചും കഴിയില്ലേ, കോടതിയില്‍ വച്ചുപോലും സ്വാധീനിക്കാന്‍ കഴിയുമെന്നാണ്. കുട്ടി തിരിച്ചു വരാതിരിക്കുകയോ മറ്റെന്തെങ്കിലും അപകടം സംഭവിക്കുകയോ ചെയ്താലോ എന്ന ചോദ്യത്തിന് വളരെ ലാഘവത്തോടെ പറഞ്ഞത്, കേരള പൊലീസിന് പിടിക്കാന്‍ കഴിയാത്താതായിട്ട് സുകുമാര കുറുപ്പിനെ മാത്രമുള്ളൂവെന്നാണ്. അതായത് കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയാല്‍ പോലും അതിനു പിന്നിലുള്ളവരെ പൊലീസ് പിടിച്ചോളുമെന്ന്. ശരിയായിരിക്കാം, കേരള പൊലീസിന്റെ കഴിവ് വച്ച്, ആ കുട്ടിയെ നാളെ ആരെങ്കിലും കൊലപ്പെടുത്തിയാല്‍ അവരെ പിടികൂടിയിരിക്കും. അതല്ലല്ലോ വേണ്ടത് മന്ത്രീ, ആ കുട്ടി കൊല്ലപ്പെടാതിരിക്കുകയോ കാണാമറയത്തേക്ക് പോവുകയോ സംഭവിക്കാതെ തടയുകയല്ലേ, ശിശുക്ഷേമ സമിതിയുടേതാണെങ്കിലും സര്‍ക്കാരിന്റെയാണെങ്കിലും പ്രാഥമിക കടമ. എന്നാല്‍ തിരുവനന്തപുരം സിബ്ല്യുസി ചെയര്‍മാന്‍ പറയുന്നത് കുട്ടിക്ക് എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദികളെ പൊലീസ് പിടിച്ചോളുമെന്നാണ്. മറ്റൊരു കാര്യം കൂടി അദ്ദേഹം ഇങ്ങോട്ട് ചോദിച്ചിരുന്നു, ഇവിടെയുള്ള എല്ലാ പെണ്‍കുട്ടികളെയും സംരക്ഷിക്കാന്‍ പറ്റുമോ എന്ന്? സംരക്ഷിക്കണം, ഓരോ പെണ്‍കുട്ടിയേയും സംരക്ഷിക്കണം. അത് നിങ്ങളുടെ കടമയാണ്, ഉത്തരവാദിത്വമാണ്, ഈ സ്ഥാനം അതിനുള്ളതാണെന്ന് പറഞ്ഞു മനസിലാക്കിക്കാന്‍ മന്ത്രി തയ്യാറാകണം. നാളെ ആ കുട്ടിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടി വരുമെന്ന് മുന്നറിയിപ്പും കൊടുക്കണം; ശക്തമായ ഭാഷയില്‍ തന്നെ.
കഴിഞ്ഞ ദിവസം അഴിമുഖം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത( ആ കുഞ്ഞുങ്ങള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാലോ? മലപ്പുറം ശിശു ക്ഷേമ സമിതിയുടെ നടപടി എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടണം)കൂടി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താം. തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന ആതേ കര്‍ത്തവ്യലംഘനം മലപ്പുറത്ത് നടന്നതിനെക്കുറിച്ചാണ്. നമ്മള്‍ എന്തോ വലിയ സംഭവം എന്ന മട്ടില്‍ കൊണ്ടു നടക്കുന്ന ഒന്നാണ് ബാലലൈംഗിക പീഡകര്‍ക്കെതിരേ ചുമത്തുന്ന പോക്‌സോ നിയമം. ആ നിയമം അനുശാസിക്കുന്നത് അറുപത് ദിവസം കൊണ്ട് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ്. എന്നാല്‍ മങ്കട പൊലീസ് സ്റ്റേഷനില്‍ 2017 സെപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോഴും പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. അറുപതു ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കേണ്ടിടത്ത് കഴിഞ്ഞ എട്ടു മാസത്തോളമായി അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂവെന്ന്. ഏഴും പത്തും വയസുള്ള രണ്ട് പിഞ്ചു പെണ്‍കുട്ടികളാണ് മന്ത്രീ പീഡിപ്പിക്കപ്പെട്ടത്. അതും കുട്ടികളുടെ മൊഴിയില്‍ അച്ഛനും അമ്മയ്ക്കുമെതിരേ പരാതിയുണ്ടായിട്ടും. പൊലീസിന്റെ കാര്യത്തില്‍ ഇടപെടാന്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്ക് അവകാശമില്ലായിരിക്കും. പക്ഷേ, ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് മതിയായ സംരക്ഷണം കൊടുക്കുകയും കേസിന്റെ മോണിറ്ററിംഗിന് അധികാരമുള്ളതുമായ ശിശുക്ഷേമ സമിതിയുടെ മേല്‍ മന്ത്രിക്കും വകുപ്പിനും ഇടപെടാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലല്ലോ? മലപ്പുറം ശിശുക്ഷേമ സമിതി ഇക്കാര്യത്തില്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ എങ്ങനെയൊക്കെയാണ് ചെയ്യുന്നതെന്ന് മന്ത്രിക്ക് അന്വേഷിക്കാവുന്നതാണ്. കേസില്‍ ഒരാളെപോലും പിടികൂടുകയോ 164 എടുക്കുകയോ ചെയ്യാത്തിടത്ത് ആ കുട്ടികളെ നിര്‍ഭയ ഷെല്‍റ്റര്‍ ഹോമില്‍ നിന്നും കുട്ടികളുടെ മുത്തച്ഛന്റെ കൂടെ വിടാന്‍ തീരുമാനം എടുത്തിരിക്കുന്നു സിഡബ്ല്യുസി(അതും ചെയര്‍മാന്റെ വിയോജിപ്പോടെ).
കുട്ടികള്‍ക്ക് നിര്‍ഭയ ഹോം ഒരു തടവറയാണെന്നൊക്കെയാണ് ബഹുമാനപ്പെട്ട സിഡബ്ല്യുസി അംഗങ്ങള്‍ പറയുന്നത്. കുട്ടികള്‍ക്ക് (അവര്‍ ഇരകളാണെന്ന് ഓര്‍ക്കണം) നിര്‍ഭയില്‍ നില്‍ക്കുന്നതിനെക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെടുക ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണെന്നുമാണ് അവര്‍ പറയുന്നത്. അതായത് സര്‍ക്കാര്‍ വക അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്ന ഇരകളായ കുട്ടികള്‍ക്ക് സ്വാഭാവിക നീതിയാണ് നിഷേധിക്കപ്പെടുന്നതെന്ന്. അതാണ് വാസ്തവമെങ്കില്‍ പണം ചെലവാക്കി ഇത്തരം ഷെല്‍ട്ടര്‍ ഹോമുകള്‍ നിലനിര്‍ത്തിപോരണോ എന്ന് ഗൗരവമായി ചിന്തിക്കണം മന്ത്രി!
ബഹുമാനപ്പെട്ട മന്ത്രി, അങ്ങ് ഈ വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം നടന്ന കേസ് ആണല്ലോ കൊട്ടിയൂര്‍ പീഡനം. ഒരു ക്രിസ്ത്യന്‍ വൈദികന്‍ പ്രതിയായ കേസ്. ആ വൈദികനെ വയനാട് ശിശുക്ഷേമ സമിതി ഏതുവിധമാണ് സഹായിച്ചതെന്ന് വാര്‍ത്തകളിലൂടെയെങ്കിലും അറിഞ്ഞു കാണമല്ലോ. ആ സമിതി പിരിച്ചുവിടേണ്ട സാഹചര്യം തന്നെ വന്നില്ലേ. ഇത്തരത്തില്‍ പിരിച്ചുവിടപ്പെട്ടതും ആരോപണവിധേയരായവര്‍ നേതൃത്വം നല്‍കുന്നതുമായ ശിശുക്ഷേമ സമിതികളാണല്ലോ കേരളത്തില്‍ കൂടുതലും. കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ചെയര്‍മാന്‍ വരെ ഇപ്പോഴും ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ തുടരുന്നുണ്ട്.
കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി രൂപീകരിച്ചിരിക്കുന്ന സമിതികള്‍, അവയേതുമാകട്ടെ, സിഡബ്ല്യുസിയോ ചൈല്‍ഡ് ലൈനോ ബാലാവകാശ കമ്മിഷനോ അങ്ങനെ ഏതും; ഈ സമതികളെല്ലാം അവയുടെ കടമകള്‍ മറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അതിനവരെ അനുവദിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നാണ് അഭ്യര്‍ത്ഥന.
സര്‍ക്കാരിന് പൂര്‍ണമായ അധികാരമോ, നിയന്ത്രണമോ ശിശുക്ഷേമ സമിതിപോലുള്ള സംവിധാനങ്ങള്‍ക്കുമേല്‍ ഇല്ലെന്നറിയാം. എങ്കിലും സിഡബ്ല്യുസി അംഗങ്ങളേയും ബാലാവകാശ കമ്മിഷന്‍ അംഗങ്ങളേയും മറ്റും തെരഞ്ഞെടുക്കുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങളും പരിശോധനകളും നടത്താവുന്നതല്ലേ. അനാഥാലയം നടത്തിയ പരിചയമോ രാഷ്ട്രീയബന്ധങ്ങളോ മാത്രം മാനദണ്ഡങ്ങളാക്കാതിരുന്നാല്‍ മതി.
അഭയകേന്ദ്രങ്ങളില്‍ എത്തുന്ന സിഎന്‍സിപി(child in need of care and protection) ആയ ഇരകളില്‍ കൂടുതല്‍ പേരും എസ് സി/എസ് ടി, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണെന്നത് മറച്ചുവയ്‌ക്കേണ്ടാത്ത വാസ്തവമാണ്. സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വം ഈ കുട്ടികളുമേല്‍ കാണിക്കണം. എന്നാല്‍ ഈ കുട്ടികള്‍ ഇരകളാകപ്പെട്ട കേസുകളില്‍ എത്രയെണ്ണത്തില്‍ നീതി നടപ്പാക്കപ്പെട്ടിട്ടുണ്ട്? സ്വാഭാവിക നീതിയുടേയും മറ്റ് പേര് പറഞ്ഞ് പ്രതികളായ മാതാപിതാക്കള്‍ക്കൊപ്പമോ, പ്രതികളുടെ സാന്നിധ്യമുള്ള ഇടങ്ങളിലേക്കു തന്നെയോ പറഞ്ഞു വിടപ്പെട്ടിട്ടുള്ള കുട്ടികളുടെ പിന്നീടുള്ള അവസ്ഥ എന്തായി തീര്‍ന്നിട്ടുണ്ട്? ഈവക കാര്യങ്ങളിലൊക്കെ സാമൂഹ്യക്ഷേമ വകുപ്പിന് അന്വേഷിക്കാനും വിശദീകരണം ചോദിക്കാനുമൊക്കെയുള്ള അധികാരമില്ലേ? അത് നടക്കുന്നുണ്ടോ മന്ത്രി എന്നാണ് ചോദ്യം.
കൃത്യമായൊരു പരിശോധന ഇത്തരം സമിതികളുടെ കാര്യത്തില്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണോ? ആരോപണവിധേയരോ കുട്ടികളുടെ താത്പപര്യങ്ങള്‍ക്ക് വിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നവരോ ആയ സിഡബ്ല്യുസി ചെയര്‍മാന്‍/അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും പുറത്താക്കാനും അങ്ങയുടെ വകുപ്പ് ആര്‍ജ്ജവം കാണിക്കണം. അതല്ല, ഇങ്ങനെയൊക്കെ അങ്ങ് നടന്നുപോട്ടെ എന്നാണെങ്കില്‍ കേരളം നമ്പര്‍ വണ്‍ എന്നൊക്കെ പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്!!!