UPDATES

വൈറല്‍

കെകെ രമയെ തെറി വിളിക്കുന്ന ഭക്തജന നുണയന്മാരേ, നാണമില്ലേ നിങ്ങള്‍ക്ക്?: സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന

യജമാനന്മാർ കൊട്ടാൻ പറയുമ്പോൾ കൊട്ടുകയും നിർത്താൻ പറയുമ്പോൾ നിർത്തുകയും ചെയ്യുന്ന ഇവരെ കുറിച്ചെന്തു പറയാൻ. സ്വന്തം കാലിന്നടിയിലെ മണ്ണൂർന്നു പോകുന്നതറിയാതെ നടക്കുന്നവർക്ക് പ്രകൃതി മുന്നറിയിപ്പ് നൽകിയ പ്രളയം പോലൊരു പ്രളയം വരുന്നുണ്ട്.

ആര്‍എംപി നേതാവ് കെകെ രമയെ സോഷ്യല്‍ മീഡിയയില്‍ അസഭ്യം വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന സിപിഎം അനുഭാവികള്‍ക്കും സൈബര്‍ ഗുണ്ടകള്‍ക്കുക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എസ്എഫ്ഐ നേതാവും സൈമണ്‍ ബ്രിട്ടോയുടെ ഭാര്യയുമായ സീന ഭാസ്കര്‍. കെകെ രമയെ അധിക്ഷേപിക്കുന്നവരുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമായി അറിയാം എന്നും നുണ പ്രചാരണങ്ങളും ട്രോളുകളും അധിക്ഷേപങ്ങളുമായി നിറഞ്ഞുനില്‍ക്കുന്ന ഇത്തരം ഭക്തജന സംഘങ്ങളുടെ യഥാര്‍ത്ഥ മുഖം, പാര്‍ട്ടിയെക്കൊണ്ട് സ്വന്തം കാര്യം നടത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ കാണാമെന്നും സീന പറയുന്നു. സൈമൺ ബ്രിട്ടോയും താനുമൊക്കെ പാർട്ടിയിലുണ്ടൊ? ബ്രിട്ടോ SFI ആയിരുന്നില്ല, കുത്തു കൊണ്ടതിന് ശേഷം പാർട്ടി ഏറ്റെടുക്കുകയായിരുന്നു, – ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നവരുണ്ട്. ഇവരോട് ഒന്നേ പറയാനുള്ളൂ – സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയാത്തവരെ അതറിയിക്കാനായി ഒരു പ്രളയം വരുന്നുണ്ട് എന്നും സീന ഭാസ്കര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സീന ഭാസ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

സഖാവ് കെ.കെ രമയെ ചീത്ത വിളിയ്ക്കാനും ട്രോളാനും ആർക്കാണ് യോഗ്യത. ഭക്തജനങ്ങൾ കാലാനുസൃതമായി വരും പോകും. അക്കൂട്ടത്തിലുള്ളവർ രമ ആരായിരുന്നു എന്തായിരുന്നുവെന്നറിയണം. കേവലമൊരു വീട്ടമ്മയായിരുന്നില്ല രമ. പാർട്ടി കുടുംബാംഗമായ രമയും ഞാനും ഒരുമിച്ച് SFI സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്നു. കേരളത്തിലെ കാലലയങ്ങളെ ചോരക്കളമാക്കിയ സമര പോരാട്ടങ്ങളിലെ സജീവ പോരാളികളായിരുന്നു ഞങ്ങൾ. വിളനിലം, മെഡിക്കോസ് സമരങ്ങൾ… ഈ സമരങ്ങളിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച് ജയിലറയ്ക്കുള്ളിലിടുകയും വിദ്യാർത്ഥിനികൾ സമരം ഏറ്റെടുത്ത് നടത്തുകയും ചെയ്തപ്പോൾ കോഴിക്കോട് ജില്ലയിൽ ഐതിഹാസികമായ സമരത്തിന് നേതൃത്വം നൽകിയത് സ. കെ.കെ രമയായിരുന്നു. ഈ ട്രോളുന്നവർ പാർട്ടിയെ കൊണ്ട് സ്വന്തം കാര്യം നടത്താൻ സാധിയ്ക്കാതെ വരുമ്പോൾ ; അപ്പോൾ അറിയാം യഥാർത്ഥ സ്നേഹവും മുഖവും…

ഒരു കാലഘട്ടത്തിൽ ഞങ്ങളൊക്കെ ഇന്ത്യയൊട്ടാകെ കാമ്പസുകളില്ലെല്ലാം SFI ഭൂരിപക്ഷമാക്കാനും, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം നടപ്പാക്കാനും അതുവഴി എല്ലാവരും തുല്യരാകണമെന്നും ആഗ്രഹിച്ച് പാർട്ടി പ്രവർത്തനം നടത്തിയവരാണ്. ഞാനിപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു. കെട്ടുപ്രായം കഴിഞ്ഞ് പുര നിറഞ്ഞ് കല്യാണം കഴിയ്ക്കാനുള്ള മോഹം കൊണ്ടല്ല സൈമൺ ബ്രിട്ടോയെ പോലൊരാളെ ജീവിതത്തിലേയ്ക്ക് സ്വീകരിച്ചത്. പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ സഖാക്കൾ… ജീവിച്ചിരിയ്ക്കുന്ന രക്തസാക്ഷികൾ… ഇവരെ ആദരിയ്ക്കുകയും സംരക്ഷിയ്ക്കേണ്ടുന്നതും ഓരോ പാർട്ടി വിശ്വാസിയുടേയും അതിലുപരി പാർട്ടി അംഗങ്ങളുടേയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവിൽ നിന്നുമാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തത്. ഇപ്പോൾ ഓരോരോ ഭക്തസംഘങ്ങൾ അവർ ആരാണെന്നും മറ്റുള്ളവർ എങ്ങനെയായിരുന്നുവെന്നുമറിയാതെ ട്രാളുകളിറക്കാനും നുണകൾ പ്രചരിപ്പിയ്ക്കാനും നടക്കുന്നു. നാണമില്ലെ ഇവറ്റകൾക്ക്…

ഇപ്പോൾ കേരളത്തിന്റെ പല ഭാഗത്തു ചെല്ലുമ്പോഴും സൈമൺ ബ്രിട്ടോയും ചേച്ചിയുമൊക്കെ പാർട്ടിയിലുണ്ടൊ? ബ്രിട്ടോ SFI ആയിരുന്നില്ല; കുത്തു കൊണ്ടതിന് ശേഷം പാർട്ടി ഏറ്റെടുക്കുകയായിരുന്നു തുടങ്ങി നിരവധി ചോദ്യങ്ങളും നുണപ്രചരണങ്ങളും നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ… പ്രചാരണം നടത്തിക്കോളൂ; സ്വന്തം കാലിന്നടിയിലെ മണ്ണൂർന്നു പോകുന്നതറിയാതെ നടക്കുന്നവർക്ക് പ്രകൃതി മുന്നറിയിപ്പ് നൽകിയ പ്രളയം പോലൊരു പ്രളയം വരുന്നുണ്ട്. അതിനെ നേരിടാൻ നുണകൾ കൊണ്ട് സാധിയ്ക്കില്ല…
അപ്പോഴും കുബുദ്ധിക്കാരായ നിങ്ങൾ ചെറുത്തു നിൽക്കാതെ പ്രളയത്തോടൊപ്പം ചേർന്നു നിൽക്കുമെന്നുറപ്പാണ്. ആ സമയത്തും നിങ്ങൾ ഫാസിസ്റ്റുകളായി ഞങ്ങളെ പോലുള്ളവരെ ട്രോളുമെന്നതിൽ സംശയമില്ല…ലാൽസലാം…

വർഗചേതന സ്വിച്ച് ഇടുമ്പോൾ കത്തുന്നതും സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കെടുന്നതുമല്ല. ചിലരൊക്കെ അങ്ങനെ വ്യാഖ്യാനിച്ചേയ്ക്കാം. യജമാനന്മാർ കൊട്ടാൻ പറയുമ്പോൾ കൊട്ടുകയും നിർത്താൻ പറയുമ്പോൾ നിർത്തുകയും ചെയ്യുന്ന ഇവരെ കുറിച്ചെന്തു പറയാൻ … ഹാ! കഷ്ടം!!!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍