UPDATES

സിനിമ

മോഹൻലാലിനെ മോശക്കാരനാക്കുന്നുവത്രേ! ആ പണി അദ്ദേഹം തന്നെ വൃത്തിയായി ചെയ്തുകൊണ്ടിരിക്കുന്നുണ്ടല്ലോ…

ഡോക്ടർ ബിജുവിനോട് ഉള്ള ചൊരുക്ക് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല എന്ന് നന്നായി അറിയാം . സവർണഫ്യൂഡൽ മാടമ്പി തമ്പുരാക്കന്മാർ അരങ്ങു വാഴുന്ന മലയാളസിനിമയുടെ ഉമ്മറത്തേക്ക് കയറി വന്ന് ആരോടും ചോദിക്കാതെ കസേര വലിച്ചിട്ടിരിക്കുകയല്ലേ, ധിക്കാരം! സുകൃതക്ഷയം! അല്ലാതെന്താ?

ഷാഹിന കെകെ

ഷാഹിന കെകെ

സംസ്ഥാന സിനിമാ അവാര്‍ഡിനായി സംഘാടക സമിതി കൂടിയ യോഗത്തില്‍ സാംസ്‌കാരിക മന്ത്രി എകെ ബാലനാണ് മുഖ്യാതിഥിയെ പ്രഖ്യാപിച്ചത്. അത്തരം ഒരു കീഴ്‌വഴക്കം സംസ്ഥാന ഫിലിം അവാര്‍ഡിന് ആവശ്യമില്ലെന്നും അവാര്‍ഡ് ദാന ചടങ്ങ് താര നിശയാക്കേണ്ടതില്ലെന്നും എത്രയോ നാളുകളായി സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇത്തരമൊരു നിവേദനം തയ്യാറാക്കുന്നതും സര്‍ക്കാരിന് നല്‍കുന്നതും. ഈ ഒരു ഉദ്യമത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ഡോക്ടർ ബിജു അടക്കം ഉള്ളവർ വലിയ രീതിയിൽ ഉള്ള ഓൺലൈൻ ഓഫ്‌ലൈൻ ആക്രമങ്ങൾക്കു ഇരയായി കൊണ്ടിരിക്കുകയാണ്, പ്രകാശ് രാജ് മുതൽ ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ വരെയുള്ളവർ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും മോഹൻലാലിനെതിരെയല്ല നിലപാട് എന്നും പറയുന്നു.

നിവേദനത്തിൽ ഒപ്പിട്ട മാധ്യമപ്രവർത്തക ഷാഹിന നഫീസയുടെ ഈ വിഷയത്തിലെ കുറിപ്പ് വായിക്കാം.

ഒരു ഉദാഹരണം പറയാം. എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവും. അതായത് ആഭ്യന്തരമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സമ്പൂർണ തോൽവിയാണെന്നും പണി അറിയാവുന്ന ആരെയെങ്കിലും ആ കസേര ഏൽപ്പിച്ചു മാറി നിൽക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും എനിക്ക് അഭിപ്രായമുണ്ടെന്ന് വെക്കുക. ആ അഭിപ്രായം ഞാൻ ഒരു വെള്ളകടലാസ്സിൽ എഴുതുന്നു. എന്നിട്ട് സമാനമായ അഭിപ്രായമുള്ള പലരോടും സംസാരിക്കുന്നു. അവരെല്ലാവരും ഈ പ്രസ്താവനയോട് സമ്പൂർണമായി യോജിച്ച് ആ കടലാസ്സിൽ ഒപ്പിടുന്നു. ശേഷം ഇതൊരു പരസ്യപ്രസ്താവനയായി പ്രസിദ്ധീകരിക്കുന്നു. പിണറായി വിജയനെ മോശക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചിലർ പരാതി കൊടുത്താലോ? ചുമ്മാ ചിരിപ്പിക്കരുത്. ഏതാണ്ടിതു പോലെയാണ്’അമ്മ’ യിലെയും ഫെഫ്കയിലെയും സാറന്മാർ ഇപ്പോൾ സർക്കാരിന് കൊടുത്തിട്ടുള്ള പരാതി. ഇത്തരമൊരു പരാതിക്ക്‌ സ്കോപ്പ് ഉണ്ട്, ‘അമ്മ’ യുടെയും ഫെഫ്കയുടെയും ഒക്കെ ബൈലോ അനുസരിച്ചാണ് ഈ ഇന്ത്യാമഹാരാജ്യം. പുലരുന്നതെങ്കിൽ. തത്കാലം അംബേദ്‌കർ എഴുതിവെച്ചിട്ടു പോയ ഭരണഘടനയാണ് ഈ രാജ്യത്തെ നിയമം. സമയം കിട്ടുമ്പോൾ സാറന്മാർ അടുത്തുള്ള പുസ്തകകടയിൽ കയറി ഓരോ കോപ്പി വാങ്ങൂ. എന്നിട്ട് ആരെക്കൊണ്ടെങ്കിലും വായിപ്പിക്കൂ.(സ്വന്തമായി ഇതൊക്കെ വായിച്ചു മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായിരുന്നെങ്കിൽ ഇവരൊക്ക ‘അമ്മ’ യും ഫെഫ്കയും ഒന്നും ആവില്ലായിരുന്നല്ലോ )

ആ പ്രസ്താവനയിൽ ഞാൻ ഒപ്പിട്ടിട്ടുണ്ട്. ഡോക്ടര്‍ ബിജു വിശദീകരിച്ചത് പോലെ അതൊരു നിലപാടാണ്. പിന്നെ വ്യക്തിപരമായി പറയുകയാണെങ്കിൽ അതിൽ പരാമർശിക്കുന്നത് മോഹൻലാലിനെ കുറിച്ചാണ് എന്ന ഉത്തമബോധ്യത്തോടെയാണ് ഞാൻ അതിൽ ഒപ്പ് വെച്ചത്. സംസ്ഥാനചലച്ചിത്ര അവാർഡ് നടത്തുന്നത് ‘അമ്മ’യുടെയും ഫെഫ്കയുടെയും ഭണ്ഡാരത്തീന്നെടുത്ത കാശ് കൊണ്ടല്ല. ഞാനടക്കമുള്ളവർ കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ്. അപ്പോൾ അഭിപ്രായം പറയും. അതിൽ ചൊറിഞ്ഞിട്ട് കാര്യമില്ല . മോഹൻലാലിനെ മോശക്കാരനാക്കുന്നുവത്രേ! ആ പണി അദ്ദേഹം തന്നെ വൃത്തിയായി ചെയ്തു കൊണ്ടിരിക്കുന്നുണ്ടല്ലോ, വേറെ ആർക്കും അതിനുള്ള അവസരം കിട്ടുമെന്ന് തോന്നുന്നില്ല. മോഹൻലാലിനെ ബഹിഷ്കരിക്കുന്നുവത്രെ! ബലാൽസംഗ കൊട്ടേഷൻ കേസിലെ പ്രതിക്കു വേണ്ടി പ്രാർത്ഥിക്കുന്നവരെയൊക്ക പിന്നെ നാട്ടുകാർ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമെന്നാണോ ‘അമ്മ ‘ യും ഫെഫ്കയുമൊക്ക കരുതിയത്. കൊല്ലാക്കൊല ചെയ്ത് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കുതറി മാറി കരുത്തോടെ തിരിച്ചു വന്ന് തലയുയർത്തിപ്പിടിച്ചു നിന്ന് പൊരുതുന്ന ആ പെൺകുട്ടിയെ വീണ്ടും തകർക്കാൻ ശ്രമിക്കുന്ന ഒരാളുടെയും സിനിമക്ക് എന്റെ പോക്കറ്റിൽ നിന്നും നയാപൈസ കിട്ടില്ല. എന്ന് മാത്രമല്ല, സാധ്യമായ എല്ലാ വേദികളിലും ഇവരെയൊക്ക തുറന്ന് കാട്ടാൻ ശ്രമിക്കുകയും ചെയ്യും.

സംയുക്തപ്രസ്താവനയിൽ ഡോക്ടർ ബിജുവിന്റെ പങ്ക് അന്വേഷിക്കുമെന്നൊക്ക ചില ഓൺലൈൻ കൂലിയെഴുത്തുകാർ തട്ടി വിട്ടിട്ടുണ്ട്. അതുകൊള്ളാലോ! അപ്പോൾ ആ പ്രസ്താവനയിൽ ഒപ്പ് വെച്ച ഡോക്ടർ സുനിൽ പി ഇളയിടവും സച്ചിമാഷും അടക്കമുള്ളവരോ? അവരെയൊന്നും ചോദ്യം ചെയ്യണ്ടേ? ഞാനും ഒപ്പിട്ടിട്ടുണ്ട്. എന്നേം ചോദ്യം ചെയ്യണം (അങ്ങനിപ്പോ ബിജുവിന് മാത്രമായി മൈലേജ് കിട്ടാൻ സമ്മതിക്കില്ല) ആ സനീഷ് ഇളയേടത്, ഹരീഷ് പൂപ്പാറക്കാരൻ, ശ്രീജിത്ത് ദിവാകരൻ തുടങ്ങിയവരെയും വിടരുത്, വേണ്ടി വന്നാൽ ലോക്കപ്പിൽ കയറ്റി അണ്ടർവെയർ മാത്രം ഇടീപ്പിച്ചു നിർത്തണം. രഞ്ജി പണിക്കർ തന്നെയാണോ ഇപ്പഴും തിരക്കഥയൊക്കെ എഴുതുന്നത്! കഷ്ടം തന്നെ സാറന്മാരേ! പിന്നെ ഡോക്ടർ ബിജുവിനോട് ഉള്ള ചൊരുക്ക് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല എന്ന് നന്നായി അറിയാം. സവർണഫ്യൂഡൽ മാടമ്പി തമ്പുരാക്കന്മാർ അരങ്ങു വാഴുന്ന മലയാളസിനിമയുടെ ഉമ്മറത്തേക്ക് കയറി വന്ന് ആരോടും ചോദിക്കാതെ കസേര വലിച്ചിട്ടിരിക്കുകയല്ലേ, ധിക്കാരം! സുകൃതക്ഷയം! അല്ലാതെന്താ? എല്ലിനിടയിൽ കുത്തുന്ന ജാതിപ്രമത്തത എത്ര മൂടി വെക്കാൻ ശ്രമിച്ചാലും അതിങ്ങനെ ‘സന്ദർഭോചിത’മായി പുറത്തു വരും.

ഡോ. ബിജുവിനെയും കുടുംബത്തെയും തീര്‍ത്തുകളയുമെന്നു ഫോണ്‍ കോളുകള്‍; സര്‍ക്കാരിന്റെ മൌനത്തില്‍ ജാതീയത

ഷാഹിന കെകെ

ഷാഹിന കെകെ

അസി. എഡിറ്റര്‍, ഓപ്പന്‍ മാഗസിന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍