UPDATES

കുമ്പസാര പീഡനം; ദൈവ ശാസ്ത്രവും രാഷ്ട്രീയവും ഏറ്റുമുട്ടുമ്പോള്‍

കേന്ദ്ര വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ്മ ക്രൈസ്തവർ വളരെ വിശുദ്ധമെന്നു കരുതി കൊണ്ടാടുന്ന കുമ്പസാരം നിറുത്തലാക്കണം എന്ന് പറഞ്ഞിരിക്കുന്നു എന്നിടത്തു നിന്നാണ് പുതിയ വിവാദത്തിന്റെ തുടക്കം

കെ എ ആന്റണി

കെ എ ആന്റണി

വിശ്വാസത്തെ തൊട്ടു കളിച്ചാൽ ഇഞ്ചിനു വിടില്ല കട്ടായം എന്നതാണ് നമ്മുടെ ഇന്ത്യ മഹാരാജ്യത്തിലെ പരമ പ്രധാനമായ മുദ്രാവാക്യവും അജണ്ടയും. ഒരു മതേതര രാഷ്ട്രമാണ് ഇന്ത്യ എന്ന് പറയുന്നതിലെ ചില്ലറ കുഴപ്പം തന്നെയാണ് ഇതെന്ന് പറയാതെ വയ്യ. ഞങ്ങളുടെ വിശ്വാസം ഞങ്ങളുടെ നീതി എന്ന ഓരോ മതസ്ഥരുടെയും ആക്രാന്തങ്ങൾ മതേതര രാഷ്ട്രമെന്ന സങ്കല്പത്തെ തന്നെ ചിലപ്പോഴെങ്കിലും വെല്ലുവിളിക്കുന്നു. അന്ധവിശ്വാസങ്ങളും, അമിത വിശ്വാസങ്ങളും (വിശ്വാസത്തിന്റെ പേര് പറഞ്ഞു എന്തും നേടാമെന്ന ഹുങ്ക്), വേദപുസ്തകങ്ങളുടെ ദുർവ്യാഖ്യാനങ്ങളും നയിക്കുന്നത് വല്ലാത്തൊരു ഇരുണ്ട കാലത്തേക്കാണ്. മണ്ണിലോ മനസ്സിലോ തീർത്ത വിഗ്രഹങ്ങളും അവക്ക് ചുറ്റും സംഹാര താണ്ഡവം ആടുന്നവരും നീ തന്നെയാണ് നിന്റെ ദൈവവും ചെകുത്താനും എന്ന വേദ പുസ്തകങ്ങളുടെ തന്നെ വെളിവായി വന്ന ആ വലിയ സത്യത്തെ മറക്കുകയും പരസ്പരം കൊന്നൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു കാലത്തു തന്നെയാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഇത് പക്ഷെ അത്ര പുതിയ ഒരു അവസ്ഥാ വിശേഷമല്ലെങ്കിലും ഇപ്പോഴത്തേത് ഗ്രാവിറ്റി കൂടിയ ഒന്ന് തന്നെയാണെന്ന് പറയാതെ വയ്യ.

അയോധ്യയും ഗുജറാത്തിലെ വംശഹത്യയുമൊക്കെ തല്ക്കാലം മറന്നേക്കൂ. ഇന്ത്യയുടെ മൊത്തം പ്രശ്നങ്ങളിൽ നിന്നും വിടുതൽ നേടി ദൈവത്തിന്റെ സ്വന്തം നാടെന്നു സ്വയം വിശേഷിപ്പിക്കുന്ന കേരളത്തിലേക്ക് നോക്കൂ. ഇവിടെ ഇപ്പോൾ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്ന വിഷയം മഴക്കെടുതിയോ അനുബന്ധ പ്രശ്നങ്ങളോ അല്ല. ശബരിമലയിലെ സ്ത്രീ പ്രവേശനവും ക്രൈസ്തവരുടെ കുമ്പസാരക്കൂടുമാണ്. രണ്ടും മത വൈകാരികത കൊണ്ട് സമ്പുഷ്ടം. അയ്യപ്പൻ നിത്യ ബ്രഹ്മചാരി ആയിരുന്നുവെന്നും അതുകൊണ്ടു തന്നെ ആർത്തവകാല സ്ത്രീകൾ പ്രസ്തുത ദൈവം/ദൈവ സങ്കൽപ്പത്തിനു ഉതുകുന്നതല്ലെന്നും ഒരു വലിയ വിഭാഗം വാദിക്കുമ്പോൾ അയ്യപ്പനെ വണങ്ങാൻ എന്തുകൊണ്ട് ആർത്തവകാലം കൊണ്ട് നടക്കുന്ന സ്ത്രീക്ക് വിലക്കു കൽപ്പിക്കുന്നു എന്ന സ്ത്രീപക്ഷ വാദവും ശക്തമാണ്. തല്ക്കാലം സുപ്രീം കോടതിയും കേരളത്തിലെ ഇടതു സർക്കാരും രണ്ടാമത്തെ വാദത്തിനു ഒപ്പമാണെങ്കിലും ഇത് സംബന്ധിയായ തർക്കം എവിടെ ചെന്നു അവസാനിക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടതുണ്ട്. പോരെങ്കിൽ അയ്യപ്പ സേവാ സംഘം മുതൽ ഹനുമാൻ സേനവരെ ഉള്ളവർ ഈ മാസം മുപ്പതിന് ഹർത്താലും പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിക്ഷേധം സ്ത്രീ പ്രവേശനത്തെ എതിർക്കാതെ കേരള സർക്കാരിന് എതിരെയാണത്രെ. ഒറ്റ ദിവസത്തെ ഹർത്താലിൽ പ്രശ്നം പരിഹരിക്കപ്പെടുമോ അതോ ഹർത്താൽ തുടരുമോ എന്നൊന്നും ഒരു വ്യക്തതയും തല്ക്കാലം ഇല്ല. അതുകൊണ്ടു തന്നെ എല്ലാം വരുംപോലെ കാണാം എന്നേ പറയാൻ കഴിയൂ.

അയ്യപ്പ ഹർത്താലുകാർ അവിടെ നിൽക്കട്ടെ. അയ്യപ്പന്‍റെ ഉൽഭവം മുതലുള്ള കാര്യങ്ങൾ ഒരു ആന്റണി പറയുന്നത് ഒട്ടും ശരിയാവില്ല. ആന്റണി എന്ന പേര് യേശു ക്രിസ്തുവിനും മുൻപേ ഉണ്ടായിരുന്നു. അതൊരു പാഷാണ്ഡ നാമമാണ് എന്നും മറ്റും എത്രപേർക്ക് അറിയാമെന്നു അറിയില്ല. മാർക് ആന്റണിയുടെ പേരിലല്ലെങ്കിലും പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ പേരിൽ മാമ്മോദീസ മുങ്ങിയ ഒരാൾ എന്ന നിലയിൽ മാത്രമല്ല, മൂന്നു വര്‍ഷം പാതിരി പഠനം നടത്തിയ ആൾ എന്ന നിലയിലുമല്ല, തുടർന്നും ഇപ്പോഴും ബൈബിളിൽ പഠനം നടത്തുന്ന ആളെന്ന നിലയിൽ കൂടിയാണ് കുമ്പസാരക്കൂടു സംബന്ധിച്ച വിഷയത്തിലേക്കു തല്ക്കാലം കടക്കുന്നത്.

സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക

കേന്ദ്ര വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ്മ ക്രൈസ്തവർ വളരെ വിശുദ്ധമെന്നു കരുതി കൊണ്ടാടുന്ന കുമ്പസാരം നിറുത്തലാക്കണം എന്ന് പറഞ്ഞിരിക്കുന്നു എന്നിടത്തു നിന്നാണ് പുതിയ വിവാദത്തിന്റെ തുടക്കം. കുമ്പസാര രഹസ്യം മറയാക്കി അഞ്ചോളം വൈദികർ ഭർതൃമതിയായ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്നുള്ള കേസ് പുരോഗമിച്ചുകൊണ്ടിരിക്കെ തന്നെയാണ് ഇങ്ങനെയൊരു പരാമർശം ഉണ്ടായതെന്നതും കൂട്ടിവായിക്കേണ്ടതുണ്ട്. ഈ കുമ്പസാര പീഡനം സംബന്ധിച്ച കേസ് നടക്കുന്നതിനിടയിൽ തന്നെ ഒരു കന്യാസ്ത്രീയെ ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചുവെന്നുള്ള കേസും നടക്കുന്നുണ്ട്. രേഖ ശർമ്മ ബി ജെ പിക്കാരിയായതു കൊണ്ട് മാത്രമല്ല ഒരു സ്ത്രീ ആയതുകൊണ്ടും കൂടിയാവണം അവർ കുമ്പസാരം ആണ് പ്രശ്നം എങ്കിൽ അത് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടത്. ഇത്തരം ഒരു പ്രസ്താവന നടത്തുമ്പോൾ ക്രൈസ്തവ സഭ എങ്ങനെയൊക്കെ പ്രതികരിച്ചേക്കാം എന്നൊക്കെ അവർ മുൻകൂട്ടി കണ്ടിട്ടുണ്ടാവാം. പക്ഷെ അത്തരം പ്രതികരണങ്ങൾക്കൊപ്പം ബി ജെ പിയുടെ കേരളത്തിൽ നിന്നുള്ള ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യന്‍ ഇത്ര ശാക്തിമത്തായ പ്രതിക്ഷേധവുമായി രംഗത്ത് വരുമെന്ന് ആയമ്മ സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരിക്കാൻ ഇടയില്ല. ആയമ്മ വിവരദോഷം പറയുന്നുവെന്നും ഇതൊന്നും അംഗീകരിക്കാനാവില്ല എന്ന മട്ടിലായിരുന്നു സംഘി ക്രൈസ്തവന്റെ പ്രതികരണം.

അല്ലെങ്കിൽ തന്നെ ഹൈന്ദവ അനാചാരങ്ങൾ ഇല്ലാതാക്കാൻ പറ്റാത്ത ബി ജെ പി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ത്രീ പീഡനങ്ങൾക്കു പരിഹാരം കാണാൻ പോയിട്ട് നിർദ്ദേശിക്കാൻ പറ്റാത്ത ഈയമ്മ എന്തിനു ക്രൈസ്തവ മേലധ്യക്ഷന്മാരെ സോപ്പിട്ടു മധ്യ തിരുവിതാംകൂറിലെങ്കിലും താമര വിരിയിക്കാൻ കഷ്ടപ്പെടുന്ന പാവം കേരള ബി ജെ പിയെ ഇങ്ങനെ ദ്രോഹിക്കണം എന്ന ചിന്ത കൂടി ജോർജ് കുര്യനെ ഭരിക്കുന്നുണ്ടാവണം. പോരെങ്കിൽ കുമ്പസാര പീഡന കേസിലെ വൈദികരുടെ നാട്ടിൽ നിന്നും അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും ഒരു എം പി അല്ലെങ്കിൽ ഒരു എം എൽ എ ആകാൻ വെമ്പുന്ന ടിയാനെപ്പോലുള്ളവർക്കു എന്ത് വിശ്വാസം, എന്ത് നീതി!

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ കുമ്പസാരക്കൂടും പലരും ചിന്തിക്കുന്നത് പോലെ ഇത് യേശു ക്രിസ്തു ഏർപ്പാടാക്കിയ ഒരു സംവിധാനമല്ല. ക്രൈസ്തവ സഭ സ്ഥാപിച്ചത് യേശു ക്രിസ്തു അല്ലെന്നതുപോലെ തന്നെ ഈ കൂടും അദ്ദേഹത്തിന്റെ കോണ്‍ട്രിബ്യൂഷൻ അല്ലെന്നു സഭാ ചരിത്രം വായിച്ചാൽ ആർക്കും ബോധ്യമാകാവുന്നതേയുള്ളു. സ്വയം കുറ്റങ്ങൾ മനസ്സിൽ ഏറ്റു പറഞ്ഞു പശ്ചാത്തപിക്കുന്ന ഏർപ്പാട് യേശുക്രിസ്തു ജനിച്ച യഹൂദ മതത്തിൽ പോലും ഉണ്ട് എന്നതിന്റെ സാക്ഷ്യങ്ങൾ പഴയ നിയമം വായിച്ചാൽ തന്നെ ലഭിക്കും. അന്നൊക്കെ കുമ്പസാരം സ്വയം തെറ്റ് തിരുത്തലോ ദൈവത്തോട് (യഹോവയോട്‌) ഏറ്റു പറയാലോ ആയിരുന്നെങ്കിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ മാത്രമാണ് ക്രൈസ്തവ സഭ ഇതിനെ വലിയൊരു ആഘോഷവും അതിനുമപ്പുറം ഏതൊരു ക്രിസ്തവനും പാലിക്കേണ്ടതായ ഏഴ് കൂദാശാകളിൽ ഒന്നായും ആക്കി മാറ്റിയത്. ‘Box : A secret History of Confessions’ എന്ന ജോൺ കോൺവെല്ലിന്റെ ഗ്രന്ഥം വായിച്ചാൽ ഇക്കാര്യം ബോധ്യമാകാവുന്നതേയുള്ളു.

അതിനുമപ്പുറം ഇതിനെ ഒരു വിശുദ്ധ കൂദാശായായി കൊണ്ടു നടക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. സ്വന്തം പുത്രനെ വധിച്ച ദാവീദ് ഒരു പുരോഹിതനോടും കുമ്പസാരിച്ചിട്ടില്ല എന്നത് പോകട്ടെ ആൾക്കൂട്ടം വേശ്യയെന്ന് മുദ്രകുത്തി തന്റെ മുന്പിലെത്തിച്ച സ്ത്രീയോട് യേശുപോലും അവളുടെ തിന്മകളെക്കുറിച്ചു ഒന്നുമേ ചോദിച്ചില്ലെന്നതും മറന്നുകൂടാ. ഈ ഏർപ്പാട് ചില പുരുഷ കേസരികൾക്കു ഉതകും. പക്ഷെ ഒരു സ്ത്രീയെ കൂടുതൽ തിന്മകളുടെ കൈകളിലേക്ക് എത്തിക്കാന്‍ മാത്രമേ ഇത് നയിക്കൂ എന്ന വലിയ പാഠം തന്നെയാണ് ഇപ്പോൾ വിവാദമായിരിക്കുന്ന കുമ്പസാര പീഡന കേസും നൽകുന്ന വലിയ പാഠം.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍