UPDATES

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം: ഉടമകള്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍

നിയമങ്ങളില്‍ മാത്രം പുരോഗമനം പ്രദര്‍ശിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്വകാര്യ, പൊതുസ്ഥാപനങ്ങള്‍

വൈറല്‍ ഫീവര്‍ എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ അരുണാബ് കുമാറും സ്‌കൂപ് വൂഫിന്റെ സ്ഥാപകരന്‍ സുപര്‍ണ്‍ പാണ്ഡെയും ചലച്ചിത്രക്കാരന്‍ വികാസ് ബാലുമെല്ലാം ലൈംഗീക പീഢനക്കേസില്‍ കുടുങ്ങുന്നു. സ്ഥാപനങ്ങളിലെ വനിത ജീവനക്കാരെ പീഡിപ്പിച്ചു എന്നതാണ് ഇവര്‍ക്കെല്ലാമെതിരെയുള്ള കുറ്റം. എന്നാല്‍ ഇത്തരം കേസുകളില്‍ എന്താണ് നിയമം, എവിടെ നില്‍ക്കുന്നു എന്നതിനെ കുറിച്ച് യാതൊരു വ്യക്തതയുമില്ലാത്ത അവസ്ഥയാണുള്ളത്. തൊഴില്‍ സ്ഥലത്തെ ലൈംഗീക പിഢനത്തിന്റെ നിയമപരമായ നിര്‍വചനം വിശദീകരിക്കുകയാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അര്‍ണാവ് നരൈന്‍. ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍:

‘ആഗോളതലത്തില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങളായി കണക്കാക്കപ്പെടുന്ന അഭിമാനത്തോടെ ജോലി ചെയ്യാനും ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കാനുമുള്ള അവകാശങ്ങള്‍ ലിംഗസമത്വത്തിന്റെ പരിധിയില്‍ വരും,’ എന്നാണ് രാജസ്ഥന്‍ സര്‍ക്കാരും വികാസും തമ്മിലുള്ള കേസില്‍ 1997ല്‍ സുപ്രീം കോടതി പ്രസ്താവിച്ചത്. തൊഴില്‍ സ്ഥലങ്ങളിലെ സ്ത്രീ പീഢനം (തടയല്‍, നിരോധനം, പരാതി പരിഹരിക്കല്‍) ചട്ടം 2013ല്‍ പാസാക്കുന്നതിന് വളരെ മുമ്പാണ് സുപ്രീം കോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയത്. തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക അതിക്രമങ്ങളെ തടയാന്‍ ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലെന്നും സുപ്രീം കോടതി അന്ന് അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക പീഢനങ്ങള്‍ തടയുന്നതിനായി സുപ്രീം കോടതി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അവ താഴെ:

1. തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുക എന്നത് തൊഴിലുടമയുടെയോ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട മറ്റുള്ളവരുടെയോ ചുമതലയാണ്. ഒത്തുതീര്‍പ്പുണ്ടാക്കുകയോ പ്രശ്‌നം പരിഹരിക്കുകയോ അല്ലെങ്കില്‍ നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്യാനുള്ള ചുമതല അവര്‍ക്കായിരിക്കും.
2. നിര്‍ദ്ദിഷ്ട അധികാരിക്ക് മുന്നില്‍ നിയമപരമായ പരാതി നല്‍കേണ്ടത് തൊഴിലുടമയായിരിക്കും.
3. തൊഴിലിടത്തിലെ സ്വഭാവദൂഷ്യത്തിന് ഇത് കാരണമാകുന്നുണ്ടെങ്കില്‍ ആ ജീവനക്കാരനെതിരെ തൊഴിലുടമ നടപടി സ്വീകരിക്കേണ്ടതാണ്.
4. ലൈംഗീക പീഢനവുമായി ബന്ധപ്പെട്ട പരാതികളുമായി മുന്നോട്ട് പോകുമ്പോള്‍ ഇരകളോ സാക്ഷികളോ പീഢിപ്പിക്കപ്പെടുകയോ വിവേചനങ്ങള്‍ക്ക് ഇരയാകുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കേണ്ട ചുമതല തൊഴിലുടമയ്ക്കാണ്.
6. സ്ത്രീ ജിവനക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കണം.

തൊഴിലെടുക്കുന്ന സ്ത്രീകളുടെ ലിംഗസമത്വം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി മേല്‍ വിവരിച്ച മാര്‍ഗ്ഗരേഖകള്‍ കൃത്യമായി പാലിക്കണമെന്ന് സുപ്രീം കോടതി അടിവരയിട്ട് പറഞ്ഞിരുന്നു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ (തടയല്‍, നിരോധനം, പരാതിപരിഹാരം) നിയമം, 2013 

തൊഴിലിടങ്ങളിലെ ലൈംഗിക പീഢനം എന്താണ് എന്ന് നിര്‍വചിക്കുന്ന ഈ നിയമം പരാതി പരിഹാരത്തിനുള്ള സംവിധാനവും നിര്‍ദ്ദേശിക്കുന്നു. അതേസമയം തന്നെ തെറ്റായതോ അല്ലെങ്കില്‍ അപകീര്‍ത്തികരമോ ആയ ആരോപണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഉദ്യമിക്കുകയും ചെയ്യുന്നു.

1. സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പുകളോ സ്ഥാപനങ്ങളോ മാത്രമല്ല, സ്വകാര്യ മേഖല, സ്ഥാപനങ്ങള്‍, വാണീജ്യ സംരംഭങ്ങള്‍ എല്ലാം തൊഴിലിടങ്ങളുടെ നിര്‍വചനത്തില്‍ പെടും.
2. പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള ഏതൊരു ഓഫീസിലും അതിന്റെ ശാഖയിലും പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥമാണ്. ജില്ല തലത്തില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിന് ഒരു ജില്ല ഓഫീസറെ നിയമിക്കണം. ആവശ്യമെങ്കില്‍ ബ്ലോക്ക് തലത്തിലും ഈ സംവിധാനം കൊണ്ടുവരണം.
3. തെളിവുകള്‍ ശേഖരിക്കുന്നതിന് സിവില്‍ കോടതികള്‍ക്കുള്ള അതേ അധികാരങ്ങള്‍ പരാതിപരിഹാര കമ്മിറ്റിക്കും ഉണ്ടാവും.
4. പരാതിക്കാരുടെ ആവശ്യപ്രകാരം അന്വേഷണത്തിലേക്ക് കടക്കുന്നതിന് മുമ്പ് അനുരഞ്ജനത്തിന് എന്തെങ്കില്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോയെന്നും പരാതി പരിഹാര കമ്മിറ്റി ആലോചിക്കണം.
5. ഇത് ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്ക് 50,000 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ വര്‍ദ്ധിപ്പിക്കാനും വ്യാപാരം നടത്താനുള്ള ലൈസന്‍സ് റദ്ദാക്കാനും നിയമം അനുശാസിക്കുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്രതലത്തില്‍ നിരവധി പ്രമേയങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും തൊഴിലിടങ്ങളിലെ സ്ത്രീ പീഢനം തുടര്‍ക്കഥയാവുകയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു പുരുഷന്റെ പദവിയെ വെല്ലുവിളിക്കുന്ന തരത്തില്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു സ്ത്രീ ശത്രുവായി മാറുന്നു. നിയമങ്ങളില്‍ മാത്രം പുരോഗമനം പ്രദര്‍ശിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്വകാര്യ, പൊതുസ്ഥാപനങ്ങളെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്ക് സ്ഥാപിച്ചു കിട്ടിയിരിക്കുന്ന അവകാശങ്ങളെ കുറിച്ച് സ്ത്രീകള്‍ ബോധവതികളാവാത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവതരമാക്കുന്നു.

മുന്‍വിധി, അപമാനം, പേടി തുടങ്ങിയ കാരണങ്ങളാല്‍ തൊഴിലിടങ്ങളിലെ പീഢനങ്ങള്‍ പുറത്തുപറയാന്‍ സ്ത്രീകള്‍ ഇപ്പോഴും മടിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ശക്തിമത്തായും ഫലപ്രദവുമായ രീതിയില്‍ നിയമങ്ങള്‍ നടപ്പിലാക്കണമെന്നാണ് പ്രശ്‌നത്തിനുള്ള ഒരു പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍