UPDATES

ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ സെക്സ്, ഗര്‍ഭധാരണം; ഫാറൂഖ് കോളേജില്‍ തുടരുന്ന ലൈംഗികാധിക്ഷേപങ്ങള്‍

ഒന്നര വര്‍ഷം മുമ്പ് നടന്ന സമരം ഏറെ കോളിളക്കം സൃഷ്ടിച്ചെങ്കിലും കോളേജിനുള്ളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ലിംഗ വിവേചനങ്ങള്‍ക്കും അറുതിയായില്ലെന്ന് വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ഥികളുടെ ഹോളി ആഘോഷം അധ്യാപക-വിദ്യാര്‍ഥി സംഘട്ടനത്തിലേക്കെത്തിയതോടെയാണ് കോഴിക്കോട് ഫാറൂഖ് കോളേജ് വാര്‍ത്തകളിലേക്കും ചര്‍ച്ചകളിലേക്കും വീണ്ടും എത്തിയത്. അധ്യാപകരുടെ അക്രമത്തിനെതിരെ രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ഥികള്‍ കോളേജില്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും കോളേജ് സ്തംഭിപ്പിക്കുകയും ചെയ്തു. ഈ പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികള്‍ വിജയിച്ചു. അതിന് പിന്നാലെയാണ് ജവഹര്‍ മുനവര്‍ എന്ന അധ്യാപകന്റെ ‘വത്തക്ക’ പരാമര്‍ശം അടങ്ങിയ പ്രസംഗം വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ആ പ്രസംഗം പിന്നീട് വിദ്യാര്‍ഥികളില്‍ നി്ന്ന് പൊതുഇടങ്ങളിലേക്കെത്തുകയും ‘വത്തക്ക’ സമരങ്ങളും ‘മാറ് തുറക്കല്‍’ തുടങ്ങിയ സമരമുറകളിലേക്ക് അത് നീളുകയും ചെയ്തു. അതെല്ലാം ഒരു വശത്ത് സജീവ ചര്‍ച്ചയായും സമരങ്ങളായും തുടരുമ്പോള്‍ തങ്ങള്‍ ഉന്നയിച്ച, അനുഭവിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് കൂടിയാണ് അധികാരികള്‍ കണ്ണുതുറക്കേണ്ടതെന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ പറയുന്നത്. ലിംഗവിവേചനം എന്ന അടിസ്ഥാന പ്രശ്‌നം- അത് തങ്ങളെ വ്യക്തികളായി, അഭിമാനത്തോടെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഒന്നര വര്‍ഷം മുമ്പ് നടന്ന ലിംഗവിവേചനത്തിനെതിരായ സമരം കോളേജില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. സമരത്തിന് നേതൃത്വം നല്‍കിയവരെ കോളേജില്‍ നിന്ന് സസ്പന്‍ഡ് ചെയ്യുകയും ചെയ്തു. സസ്പന്‍ഷന്‍ കോടതി സ്‌റ്റേ ചെയ്തു. എന്നാല്‍ ഇതേവരെ കോളേജില്‍ നിന്ന് സസ്പന്‍ഷന്‍ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. കോടതിയുടെ സ്‌റ്റേ ഉത്തരവുമായി കോളേജില്‍ എത്തുന്ന ലിംഗവിവേചനത്തിനെതിരായ സമരം നയിച്ചവരില്‍ ഒരാളായ ദിനു അതിന് ശേഷം കോളേജിലുണ്ടായ മാറ്റങ്ങളെയും ഇപ്പോഴും തുടരുന്ന രീതികളേയും വിലയിരുത്തുന്നു: “ഫാറൂഖ് കോളേജില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന ആദ്യത്തെ അധ്യാപകനല്ല ജവഹര്‍ മുനവര്‍. അദ്ദേഹമത് കാമ്പസിന് പുറത്താണ് നടത്തിയതെങ്കില്‍ കാമ്പസിനകത്ത് അത്തരം പരാമര്‍ശം നടത്തുന്നവര്‍ ധാരാളമുണ്ട്. അച്ചടക്ക സമിതി അന്വേഷണം നടത്തുന്നതിന് പകരം മോറല്‍ ഗൈഡ്‌ലൈന്‍സ് കൊടുക്കുക എന്നതാണ് അവര്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത്. അതും അങ്ങേയറ്റം ലൈംഗികചുവയുള്ള സംസാരമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. എന്റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയോട് ഒരധ്യാപകന്‍ ചോദിച്ചത് ‘കയ്യും കാലും ഒക്കെ ഇട്ടിട്ട് അടുത്തിരിക്കുന്ന ആണ്‍കുട്ടീനെ സുഖിപ്പിക്കാനാണോ നീ കോളേജില്‍ വരുന്നതെന്ന്’ ആണ്.

കോളേജിലെ വെര്‍ബല്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റിനെതിരെ അന്ന് ഞങ്ങള്‍ക്കൊപ്പം പുറത്താക്കപ്പെട്ട ഒരു പെണ്‍കുട്ടി യുവജന കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കോളേജിലെ മാനേജ്‌മെന്റിന്റെയും മറ്റാളുകളുടേയും സമ്മര്‍ദ്ദം മൂലം ആ പെണ്‍കുട്ടിക്ക് പരാതിയില്‍ ഉറച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. തന്നോട് ലൈംഗികപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എന്നാല്‍ തനിക്കിപ്പോള്‍ മാനസിക സമ്മര്‍ദ്ദം മൂലം പരാതിയില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നും ആ കുട്ടി പറഞ്ഞതായി യുവജന കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. യഥാര്‍ഥത്തില്‍ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കേണ്ട കുറേയാളുകള്‍ അതിനകത്തുണ്ട്. മോഡസ്റ്റി ഓഫ് വിമന്‍ അസോള്‍ട്ടും, വെര്‍ബല്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റ് അസോള്‍ട്ടും നടത്തുന്ന ഏഴെട്ട് അധ്യാപകരെയെങ്കിലും പരിചയമുണ്ട്. പക്ഷെ ഇതൊന്നും ഒരിക്കല്‍ പോലും കേസുകള്‍ ആവുന്നില്ല. വെര്‍ബല്‍ ഹരാസ്‌മെന്റ് എന്ന് പറഞ്ഞാല്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റ് തന്നെയാണ്. ക്രിമിനല്‍ കുറ്റം തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല.

ലിംഗവിവേചന സമരം നടത്തിയതിന് തൊട്ടടുത്ത വര്‍ഷം തന്നെ ചെറിയ മാറ്റങ്ങള്‍ ചില കാര്യങ്ങളില്‍ വന്നിട്ടുണ്ട്. ഒന്നാംവര്‍ഷ, രണ്ടാംവര്‍ഷ, മൂന്നാംവര്‍ഷ ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നത് മാറിയിട്ട് ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം, മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഓരോ ഗ്രൂപ്പുകളായി മാറി. പ്രകടമായ സദാചാര പോലീസിങ് കഴിഞ്ഞവര്‍ഷം താരതമ്യേന കുറഞ്ഞിട്ടുണ്ടായിരുന്നു. കാമ്പസില്‍ ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, സ്റ്റാഫ് എന്ന ബോര്‍ഡ് എടുത്ത് മാറ്റി വിദ്യാര്‍ഥികള്‍, സ്റ്റാഫ് എന്ന രണ്ട് സെക്ഷനായി. ബി സോണ്‍ കലാമേളകളിലും മറ്റും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങി. കാമ്പസില്‍ കുറച്ച് പൊതുഇരിപ്പിടങ്ങള്‍ ഉണ്ടായി. ‘റെസ്റ്റ്‌സോണ്‍-ബോയ്‌സ്’എന്ന ബോര്‍ഡ് എടുത്ത് മാറ്റി അത് പൊതുവാക്കി. ഇങ്ങനെ കുറച്ചുമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.”

ഫാറൂഖ് കോളേജിലെ സദാചാരക്കാര്‍ക്ക് അറിയാത്ത ദിനുവിന്റെ ജീവിതം

എന്നാല്‍ ഈ ലിംഗവിവേചനത്തിനെതിരായ സമരത്തോടെ അധ്യാപകരുടെ ചോദ്യം ചെയ്യലുകളെ പലപ്പോഴും വിദ്യാര്‍ഥികള്‍ തിരിച്ച് ചോദ്യം ചെയ്യാറുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭധാരണം പറഞ്ഞ് കൊണ്ട് പേടിപ്പിക്കാനാണ് ചില അധ്യാപകര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥിയായ രേഷ്മ പറയുന്നു: “ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാലോ, പുറത്ത് പോവുന്ന കാര്യം പറഞ്ഞാലോ എല്ലാം ചില അധ്യാപകര്‍ക്ക് ഗര്‍ഭധാരണത്തിന്റെ കാര്യം മാത്രമേ പറയാനുള്ളൂ. ഗര്‍ഭധാരണ ഉപകരണങ്ങള്‍ മാത്രമായി സ്ത്രീകളെ ഇകഴ്ത്തിക്കെട്ടുകയാണ്. ഗര്‍ഭധാരണവും എന്തോ മോശം കാര്യമാണെന്നാണ് ഇവരുടെ സംസാരത്തില്‍ നിന്ന് തോന്നുക. നിങ്ങള്‍ ആണ്‍കുട്ടികളുടെ കൂടെ പുറത്തുപോയാല്‍ ഗര്‍ഭധാരണവും ഒളിച്ചോട്ടവുമെല്ലാം നടക്കുമെന്നാണ് ഒരധ്യാപകന്‍ എന്നോട് പറഞ്ഞത്. മുമ്പ് അത്തരം കാര്യങ്ങള്‍ കോളേജില്‍ നടന്നിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ എപ്പഴോ എന്തോ നടന്നതിന് കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളും ഇപ്പോഴും ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നതും സ്വാതന്ത്ര്യമെല്ലാം നിഷേധിക്കപ്പെടുന്നതിനും എന്ത് ന്യായമാണുള്ളത്? ആണ്‍കുട്ടികള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യവും പെണ്‍കുട്ടികള്‍ക്കത് റേഷനും ആവുമ്പോഴാണ് ചോദ്യം ചെയ്യുന്നത്. അക്കാര്യം പറഞ്ഞാല്‍ ഉടനേ നിങ്ങള്‍ക്കല്ലേ നഷ്ടപ്പെടാനുള്ളത്, നിങ്ങളല്ലേ ഗര്‍ഭം ധരിക്കുക, ആണ്‍കുട്ടികള്‍ എപ്പോഴും സേഫ് ആയിരിക്കും തുടങ്ങിയ ഉപദേശ രൂപേണയുള്ള അപഹാസങ്ങളാണ്. ഒന്നിച്ച് ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ പോലും സമ്മതിക്കില്ല. അതിനായല്ല ഈ കോളേജ് പൂര്‍വികര്‍ ഉണ്ടാക്കിയതെന്നാണ് പറയുന്നത്.”

അറുത്തുമാറ്റപ്പെട്ട ആ മരച്ചില്ലകള്‍ പറയും ഫറൂഖ് കോളേജിന്റെ സത്യം

അച്ഛനോ അമ്മയോ അന്യപുരുഷനോ സ്ത്രീയ്‌ക്കോ ഒപ്പമിരുന്നാല്‍ നിങ്ങള്‍ക്കത് സഹിക്കാന്‍ പറ്റുമോ?‘ ഈ ചോദ്യമാണ് ചന്ദന നേരിട്ടിട്ടുള്ളത്. ചന്ദനയുടെ പ്രതികരണം; “ഇവിടെ ആണ്‍കുട്ടികളുടെ കൂടെ ഇരുന്നാല്‍ തെറ്റ്, അവരുടെ കൂടെ കോളേജില്‍ ഒരു പരിപാടി അവതരിപ്പിക്കാമെന്ന് കരുതിയാല്‍ അത് തെറ്റ്. എല്ലാം തെറ്റുകളാണ്. ഒരിക്കല്‍ ഞങ്ങള്‍ കൂട്ടുകാരൊന്നിച്ച് കോളേജില്‍ ആകെയുള്ള കുറച്ച് ഇരിപ്പിടങ്ങളില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു അധ്യാപകന്‍ അവിടേക്ക് വന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാറിയിരിക്കാന്‍ നിര്‍ദ്ദേശിച്ചത്. അതെന്തിനാണ് സാറേ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ അമ്മയോ അച്ഛനോ ഇതുപോലെ അന്യ പുരുഷന്‍മാര്‍ക്കൊപ്പമോ സ്ത്രീകള്‍ക്കൊപ്പമോ ഇരുന്നാല്‍ എന്തായിരിക്കും, നിങ്ങള്‍ക്കത് സഹിക്കാന്‍ പറ്റുമോ? എന്നായിരുന്നു മറുചോദ്യം. നിങ്ങള്‍ ഇങ്ങനെയിരിക്കുന്നത് വീട്ടിലേക്ക് വിളിച്ചുപറഞ്ഞാല്‍ എങ്ങനെയിരിക്കും? എന്നാണ് അടുത്ത ചോദ്യം. എന്തുണ്ടായാലും അപ്പോള്‍ തന്നെ വീട്ടിലേക്ക് വിളിച്ചുപറയുന്നതാണ് കോളേജിലെ രീതി. നിങ്ങളുടെ മകള്‍ അല്ലെങ്കില്‍ മകന്‍ കാമ്പസില്‍ മോശമായാണ് നടക്കുന്നത്, മകള്‍ ആണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ടാണ് നടക്കുന്നത് എന്നൊക്കെയാണ് വീട്ടിലേക്ക് വിളിച്ചുപറയുന്നത്. അപ്രതീക്ഷിതമായി കോളേജില്‍ നിന്ന് അധ്യാപകര്‍ വിളിച്ച് ഇതൊക്കെ പറയുമ്പോള്‍ വീട്ടിലുള്ളവര്‍ എന്ത് കരുതും? ഇപ്പോള്‍ തന്നെ, കഴിഞ്ഞയാഴ്ചത്തെ ഹോളി ആഘോഷം കഴിഞ്ഞ അന്ന് ദേഹത്ത് ചായം ആയ കുട്ടികളെ മുഴുവന്‍ മാറ്റി നിര്‍ത്തലും പേരെഴുതി വെക്കലുമൊക്കെയായിരുന്നു. ആ സംഭവത്തിന് ശേഷം നിയമങ്ങള്‍ കുറേക്കൂടി കര്‍ശനമായി. ഇനി മേലില്‍ ജാഥയ്‌ക്കോ, ആഘോഷങ്ങള്‍ക്കോ, മറ്റ് പരിപാടികള്‍ക്കോ ഹോസ്റ്റലില്‍ നിന്നുള്ള ആരെങ്കിലും പോയാല്‍ പിന്നെ ഇവിടെ താമസിക്കാന്‍ പറ്റില്ല എന്നാണ് കര്‍ശന മുന്നറിയിപ്പ് തന്നിരിക്കുന്നത്. താമസസൗകര്യം കിട്ടാന്‍ വലിയ ബുദ്ധിമുട്ടായതുകൊണ്ടാണ് പലരും ഇതെല്ലാം സഹിച്ച് കഴിയുന്നത്. നാല് ബോയ്‌സ് ഹോസ്റ്റലും, മൂന്ന് ഗേള്‍സ് ഹോസ്റ്റലുമാണുള്ളത്. ഹോസ്റ്റല്‍ ഡേ എല്ലാ ഹോസ്റ്റലൈറ്റ്‌സിനും ഒന്നിച്ചാണ് നടത്തുന്നത്. രാത്രിയായിരിക്കും പരിപാടി. പരിപാടിക്കിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കാന്‍ പാടില്ല. അത് നോക്കാന്‍ മാത്രം ചിലരെ ചുമതലപ്പെടുത്തും. എങ്ങാനും കണ്ണില്‍ പെട്ടാല്‍ മാറ്റിയിരുത്തും. പരിപാടി കഴിഞ്ഞാല്‍ ഉടനേ ഭക്ഷണവും തന്നി്ട്ട് ‘എന്നാ മക്കള് വിട്ടോ’ എന്നാണ്. അത് പെണ്‍കുട്ടികളോട് മാത്രം. ആണ്‍കുട്ടികള്‍ ഭക്ഷണമെല്ലാം കഴിച്ച് ബാക്കിയുള്ള ആഘോഷങ്ങളെല്ലാം കഴിഞ്ഞാണ് തിരിച്ചുപോവുന്നത്.

പ്രതിഷേധം ശരി, പക്ഷേ മാറു തുറക്കല്ലേ, അടയ്ക്കാന്‍ പാടാവും; നമ്മുടെ സാംസ്കാരിക നേതൃരൂപമാണെന്ന് ഓര്‍ക്കണം.

കോളേജ് ഹോസ്റ്റലിലാണ് താമസമെങ്കില്‍ സ്ത്രീസ്വാതന്ത്ര്യം കോളേജിന്റെ പടിക്കല്‍ വച്ചിട്ടേ അകത്തുകയറാന്‍ പറ്റൂ എന്നാണ് നിഷ്‌നി പറയുന്നത്; “ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റലുണ്ട്. എന്നാല്‍ രണ്ടിടത്തും രണ്ട് നിയമങ്ങളാണ്. രാത്രി ഏഴ് മണിയാവുമ്പോള്‍ ഫോണ്‍ വാര്‍ഡനെ ഏല്‍പ്പിക്കണം. രാവിലെ ഏഴരക്കേ പിന്നെ ഫോണ്‍ തിരിച്ചുകിട്ടൂ. എന്ത് ആവശ്യമുണ്ടെന്ന് പറഞ്ഞാലും തരില്ല. ഇപ്പോള്‍ പഠനാവശ്യത്തിന്, അസൈന്‍മെന്റ് എഴുതാനൊക്കെ ഫോണ്‍ ആവശ്യമാണ്. അതിന് ഫോണ്‍ കിട്ടണമെങ്കില്‍ ആദ്യം എച്ച്ഒഡിയുടെ അനുമതി വേണം, പിന്നെ ഹോസ്റ്റല്‍ മേട്രന്റെ അനുമതിവേണം- അങ്ങനെ എന്തെല്ലാം കടമ്പകള്‍ കടക്കണം. സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞുള്ള അവധിവസങ്ങളില്‍ പോലും ഇതാണവസ്ഥ. ശനിയാഴ്ച ഹോസ്റ്റലിന് പുറത്ത് പോവണമെങ്കില്‍ പ്രത്യേക അനുമതി വേണം. ഞായറാഴ്ച പുറത്ത് പോവാനേ കഴിയില്ല. ഞായറാഴ്ചകളില്‍ നമുക്ക് എന്തെങ്കിലും പുറത്തുനിന്ന് വാങ്ങണമെങ്കില്‍ സെക്യുരിറ്റി ജീവനക്കാരന് എഴുതിക്കൊടുത്ത് പൈസയും കൊടുക്കുകയാണ് പതിവ്. മെന്‍സ്ട്രുവേഷന്‍ ദിവസങ്ങളിലാണ് പെട്ടുപോവുക. നാപ്കിന്‍ വാങ്ങാന്‍ പോലും സെക്യൂരിറ്റി ജീവനക്കാരന്റെ കാല് പിടിക്കണം. ഏത് നാപ്കിന്‍, എത്രരൂപയുടെ, ഏത് കമ്പനി, കവറിന്റെ നിറമുള്‍പ്പെടെ പ്രത്യേകം എഴുതിക്കൊടുത്തിട്ടാണ് നാപ്കിന്‍ കയ്യില്‍ കിട്ടുക. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ ഡയറിയുണ്ട്. വീട്ടില്‍ പോവുമ്പോള്‍ എച്ച്ഒഡിയുടെ ഒപ്പ് വേണം. ഔട്‌ഗോയിങ് എന്ന എഴുതിയ രജിസ്റ്ററില്‍ പേരും വിലാസവും എഴുതി ഒപ്പിട്ടിട്ട് വേണം പോവാന്‍. തിരികെ വരുമ്പോള്‍ ഡയറിയില്‍ രക്ഷിതാക്കള്‍ ഒപ്പ് വച്ചിരിക്കണം, ഞങ്ങള്‍ വീട്ടില്‍ തന്നെ എത്തിയെന്ന് തെളിയിക്കാന്‍. തിരികെ വന്നാല്‍ ആദ്യം മേട്രന്റെ ഒപ്പ്, പിന്നെ ഇന്‍കമിങ് എന്ന രജിസ്റ്ററില്‍ പേരെഴുതി ഒപ്പിടണം. ശനിയാഴ്ച കോളേജിലേക്കോ ലൈബ്രറിയിലേക്കോ പോവണമെങ്കില്‍ മൂവ്‌മെന്റ് രജിസ്റ്റര്‍ ഉണ്ട്, അതില്‍ ഒപ്പിടണം. ആണ്‍കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുകയറിയാല്‍ മതി. എന്നാല്‍ പെണ്‍കുട്ടികള്‍, ഒന്നാംവര്‍ഷക്കാരാണെങ്കില്‍ 4.30-നുള്ളിലും, രണ്ടാം വര്‍ഷക്കാര്‍ 5.30-നുള്ളിലും മൂന്നാം വര്‍ഷക്കാര്‍ ആറ് മണിക്കുള്ളിലും ഹോസ്റ്റലില്‍ തിരികെയെത്തിയിരിക്കണം. ഈ സമയം കഴിഞ്ഞാല്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോലും കഴിയില്ല. കെഎല്‍എഫ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ പോലും പറ്റില്ല. കോളേജിന് പുറത്ത് ഏതെങ്കിലും പൊതുപരിപാടികളില്‍ പങ്കെടുക്കണമെങ്കില്‍ പ്രത്യേക അനുമതി വേണം. കഴിഞ്ഞ ഒരു മാസമായിട്ട് ഗേള്‍സ് ഹോസ്റ്റലില്‍ വെള്ളമില്ല. മൂത്രമൊഴിക്കാന്‍ പോവാന്‍ പോലും വെള്ളമില്ലാത്തതിനാല്‍ പലര്‍ക്കും യൂറിനറി ഇന്‍ഫക്ഷന്‍ ആണ്. കിട്ടുന്ന വെള്ളമാണെങ്കില്‍ മഞ്ഞയും ഓറഞ്ചും കറുപ്പും നിറത്തില്‍. അത് കൊണ്ട് ഇന്‍ഫക്ഷന്‍ വന്നവര്‍ വേറെ. മെന്‍സ്ട്രുവേഷന്‍ സമയത്താണ് ഇത് ഏറ്റവും പ്രശ്‌നമാവുക. വൃത്തിയായി കഴുകാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും അണുബാധയായിട്ടുണ്ട്. കുളിക്കാതെ, പല്ലുതേക്കാതെ എത്ര ദിവസങ്ങളാണ് കഴിയുന്നത്. ഇതിനൊന്നും ഒരു പരിഹാരവുമില്ല. ഇക്കാര്യം പരാതിപ്പെട്ടാല്‍ കാലാവസ്ഥയും പുതിയ സ്ഥലത്തെത്തുമ്പോഴുണ്ടാവുന്ന മാറ്റങ്ങളുമെല്ലാം കാരണം യൂറിനറി ഇന്‍ഫക്ഷന്‍ ഉണ്ടാവാം എന്നാണ് അധ്യാപകരുടെ ന്യായം.”

‘മുലകള്‍ വത്തക്ക പോലെ’: ചൂഴ്‌ന്നെടുക്കുന്ന വത്തക്ക അല്ല സാറേ ഇവര്‍ അല്‍ബത്തക്ക

പ്രതികരിച്ചാല്‍ ഉടനെ വീട്ടിലേക്ക് വിളിക്കും, പ്രതികരണം കടുത്താല്‍ സസ്പന്‍ഷന്‍; അതാണ് കോളേജിലെ അനുഭവമെന്ന് അഭിരാമി; “പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒന്നിച്ചിരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ല. ആകെ കുറച്ച് ഇരിപ്പിടങ്ങള്‍ മാത്രമാണുള്ളത്. അതിലും ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ഉടനെ വീട്ടിലേക്ക് വിളി ചെല്ലും. വീട്ടുകാര്‍ക്ക് ചിലപ്പോള്‍ ഒരു പ്രശ്‌നവും കാണില്ല. ഇവിടെയുള്ളവര്‍ക്കാണ് പ്രശ്‌നം. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ഇവര്‍ക്ക് സെക്‌സ് ആണ്. അടുത്തിരുന്നില്ലെങ്കില്‍ നിങ്ങള്‍ക്കൊന്നും ഒരു സുഖവുമില്ലല്ലേ എന്ന് എത്രയോ അധ്യാപകര്‍ വിദ്യാര്‍ഥികളോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഒന്നും പറയാന്‍ അധികാരമില്ല. പറഞ്ഞാല്‍ സസ്പന്‍ഷന്‍ വരെ ലഭിക്കാം. പുറത്ത് എന്തെങ്കിലും പരിപാടിക്ക് പോവാന്‍ അനുമതി ചോദിച്ചാല്‍ ഉടനെ വീട്ടിലേക്ക് വിളിച്ച് പറയും. നിങ്ങളുടെ മകള്‍ എവിടെ പോവുന്നു എന്ന് ഞങ്ങള്‍ എങ്ങനെ അറിയും എന്നാണ് വീട്ടിലേക്ക് വിളിച്ച് ചോദിക്കുക. വീട്ടിലിരിക്കുന്ന അച്ഛനുമമ്മയ്ക്കും ഇത്തരം കാര്യങ്ങള്‍ കേട്ടാല്‍ പേടിയാവില്ലേ. അതോടെ പരിപാടിക്കൊന്നും പോവാന്‍ പറ്റാതെയാവും. കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് ഡാന്‍സോ, സ്‌കിറ്റോ, നാടകമോ ഒന്നും അവതരിപ്പിക്കാന്‍ പാടില്ല. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായിട്ട് ബി സോണിനും ഇന്റര്‍സോണിനും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് അവതരിപ്പിക്കുന്ന പരിപാടികള്‍ കൊണ്ടുപോയത്. പക്ഷെ കോളേജില്‍ ഇപ്പോഴും അത് അനുവദിക്കില്ല. ആണും പെണ്ണും ഒന്നിച്ച് പരിപാടി അവതരിപ്പിക്കാന്‍ ഫാറൂഖ് കോളേജില്‍ പറ്റില്ലെന്നാണ് പറയുന്നത്. ഈ മണ്ണില്‍ അത് നടക്കില്ല പോലും. ഇവിടെയെന്താണോ ഉരുട്ടിത്തരുന്നത്, അത് വിഴുങ്ങുക മാത്രമാണ് വിദ്യാര്‍ഥികളുടെ ജോലി, ഉത്തരവാദിത്തം എന്നാണ്. കുറച്ച് ഇരിപ്പിടങ്ങളൊഴിച്ചാല്‍ ഇവിടെ വിദ്യാര്‍ഥികള്‍ക്കിരിക്കാന്‍ ഇരിപ്പിടം പോലുമില്ല. ഉള്ള സ്ഥലങ്ങളെല്ലാം കമ്പി വേലിയും ഇരുമ്പ് വേലിയും കെട്ടി തിരിച്ചിരിക്കുകയാണ്. ഇരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം കൂര്‍പ്പിച്ച കമ്പികള്‍ നിരത്തിവച്ചിരിക്കുന്നു. കൂര്‍ത്ത സ്ഥലങ്ങളില്‍ എന്തായാലും വിദ്യാര്‍ഥികള്‍ ഇരിക്കില്ലല്ലോ, അതാണ് അവരുടെ തന്ത്രം. ഇവിടെ ഓഡിയോവിഷ്വല്‍ തിയേറ്ററുണ്ട്. അവിടെ ഒരു പരിപാടി അവതരിപ്പിക്കാന്‍ ഫോം പൂരിപ്പിച്ച് കൊടുക്കണം. പരിപാടിക്കിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നില്ലെന്ന കാര്യം അധ്യാപകര്‍ ഉറപ്പ് വരുത്തണം എന്ന് ആ ഫോമിന്റെ പിറകില്‍ ഇപ്പോഴും എഴുതി വച്ചിട്ടുണ്ട്.”

ആണും പെണ്ണും ഒരുമിച്ചിരുന്നു; ഫറൂഖ് കോളേജില്‍ എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ലിംഗവിവേചനം അവസാനിപ്പിച്ച് വ്യക്തികളെന്ന നിലയ്ക്കുള്ള സ്വാതന്ത്ര്യവും കാമ്പസില്‍ ലഭിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍ വിദ്യാര്‍ഥികള്‍ ആരോപിക്കുന്ന ഇക്കാര്യങ്ങളെല്ലാം അവാസ്തവമാണെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ ഇമ്പിച്ചിക്കോയ പറയുന്നത്. കോളേജില്‍ അത്തരത്തില്‍ വിവേചനമോ മോറല്‍ പോലീസിങ്ങോ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യാപകന്റെ ബത്തക്ക പരാമര്‍ശം: സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരവുമായി പെണ്‍കുട്ടികള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍