UPDATES

ട്രെന്‍ഡിങ്ങ്

സംരക്ഷണ സേനക്കാരായ ആങ്ങളമാരേ, നിങ്ങളിങ്ങനെ ലജ്ജിപ്പിക്കരുത്

ആണിനെ വെച്ചുള്ള അളവുകളാണ് ഇവിടത്തെ തോതുകളെയെല്ലാം നിർണ്ണയിക്കുന്നത്

ജിഷ്ണു പ്രണോയ് എന്ന എൻജിനീയറിങ്ങ് വിദ്യാര്‍ത്ഥി മാനേജ്മെന്‍റിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത് കുറച്ച് നാൾ മുമ്പാണ്. അന്ന് പാമ്പാടി നെഹ്റു കോളേജിൽ പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐക്കാരെ സോഷ്യൽമീഡിയ വിശേഷിപ്പിച്ചത് ‘ജിഷ്ണുവിൻറെ ഏട്ടൻമാർ’ എന്നാണ്.

ജിഷ്ണുവിൻറെ ഏട്ടൻമാരെന്ന വല്യേട്ടൻ ഭാവത്തേക്കാൾ പ്രതിലോമകരമായ അവകാശപ്പെടലാണ് പെണ്ണുങ്ങളെ സംരക്ഷിക്കുന്ന ‘നട്ടെല്ലുള്ള ആങ്ങള’മാരാണ് ഞങ്ങളെന്നത്. പരിസ്ഥിതി ദിനത്തിൽ തൃശ്ശൂര്‍ വിവേകാനന്ദ കോളേജിൽ എസ്എഫ്ഐ മരം നടാൻ വന്നത് എബിവിപി പ്രവർത്തർ തടയാൻ ശ്രമിച്ചു. ആ എബിവിപിക്കാരെ ഒറ്റക്ക് നേരിട്ടത് ഒരു പെൺകുട്ടിയാണ്. എസ്എഫ്ഐയുടെ തൃശ്ശൂര്‍ ജില്ലാകമ്മറ്റി അംഗമായ സരിത. കൈയ്യൂക്ക് പ്രകടിപ്പിച്ച് ആക്രമിക്കാൻ മുന്നോട്ട് വരുന്ന എബിവിപിക്കാരോട് സരിത പറഞ്ഞ, “എസ്എഫ്ഐയുടെ പരിപാടി തീരുമാനിക്കുന്നത് എബിവിപിയല്ല” എന്ന വാചകം സോഷ്യല്‍ മീഡിയ കയ്യടിയോടെ സ്വീകരിച്ചു. അക്രമാസക്തമായ ഒരു ആൺകൂട്ടത്തോട് മുൻനിരയിൽ നിന്ന് ഉശിരോടെ പ്രതികരിച്ച ആ പെൺകുട്ടിയെ അഭിനന്ദിക്കുക തന്നെ വേണം.

അതിനിടയിൽ ഫേസ്ബുക്ക് ആഘോഷിക്കുന്നതായി കണ്ട ചില പോസ്റ്റുകൾ ആ പ്രതിരോധത്തെ തന്നെ അവമതിക്കാന്‍ പോന്നതായിരുന്നു. വിവേകാനന്ദ കോളേജിൽ എബിവിപിക്കാർ പ്രശ്നം ഉണ്ടാക്കിയപ്പോൾ എസ്എഫ്ഐയിലെ ആണുങ്ങള്‍ എവിടെയായിരുന്നു എന്നാണ് ചോദ്യം. പെണ്ണുങ്ങളെ നേരിടാൻ പെണ്ണുങ്ങൾ മതി എന്നാണ് മറുപടി. അല്ലെങ്കില്‍ ആണുങ്ങള്‍ ഉണ്ടായിരുന്നെങ്കിൽ ഇതല്ല നടക്കുക എന്നും. മറ്റൊന്ന് ഈ പെൺകുട്ടിയുടെ ധീരതയ്ക്ക് സംരക്ഷകരായി ‘നട്ടെല്ലുള്ള ആങ്ങള’മാരുണ്ടെന്ന മുന്നറിയിപ്പാണ്. ഈ പ്രസ്താവനകളിലൊക്കെ അന്തർലീനമായിരിക്കുന്ന ആണധികാരവും സ്ത്രീവിരുദ്ധതയും തിരിച്ചറിയാതെ ആ പെൺകുട്ടിയുടെ ഇടപെടലിനെ അഭിനന്ദിക്കുന്നു, എബിവിപിയെ പരാജയപ്പെടുത്തിയിരിക്കുന്നു എന്നൊക്കെ പറയുന്നതിലുള്ള പൊള്ളത്തരം മിനിമം എസ്എഫ്ഐക്കാര്‍ക്കെങ്കിലും ഒന്നാലോചിക്കാവുന്നതാണ്.

പരിസ്ഥിതിദിന അപഹാസ്യ നാടകം, 5 രംഗങ്ങള്‍; അഭിനേതാക്കള്‍-കോടിയേരി, വിഎസ് ശിവകുമാര്‍, വനിതാ ലീഗുകാര്‍, എബിവിപിക്കാര്‍…

ആണിനെ വെച്ചുള്ള അളവുകളാണ് ഇവിടത്തെ തോതുകളെയെല്ലാം നിർണ്ണയിക്കുന്നത്. ആണിനോളമുണ്ടോ എന്നത് അനുസരിച്ചിരിക്കും വീരതയ്ക്കും ശൂരതയ്ക്കുമൊക്കെ കിട്ടുന്ന മാർക്ക്. അങ്ങനെയാകുമ്പോൾ വീരോചിതമായ ഇടപെടല്‍ നടത്തിയ പെൺകുട്ടി ചുണയുള്ള ആൺകുട്ടി എന്ന കിരീടത്തിന് അർഹയാകും. പരാജയപ്പെട്ട ആൺകൂട്ടം, നട്ടെല്ലുള്ള ആണുങ്ങളുമായി മത്സരിക്കാൻ പോലും യോഗ്യതയില്ലാത്ത ‘പെണ്ണുങ്ങള്‍’ എന്നും അറിയപ്പെടും. രണ്ടായാലും പെണ്ണിന് സ്വന്തമായി കർതൃത്വമോ ചിന്തയോ പ്രതിരോധ ശേഷിയോ ഇല്ല! അവമതിക്കണമെങ്കിൽ ആണിനെ പെണ്ണെന്ന് വിളിക്കാം. അഭിനന്ദിക്കണമെങ്കിൽ പെണ്ണിനെ ആണെന്നും. സ്വന്തം നിലയ്ക്ക് പെണ്ണ് ധീരതയോ അഭിപ്രായങ്ങളോ പ്രകടിപ്പിക്കാൻ ഇടയില്ലെന്ന മട്ടാണ്. അവളങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് ആൺഗുണത്തിന്റെ പ്രകടിപ്പിക്കലാണ്. ഇതേ പോലെ ഏതെങ്കിലും തരത്തിൽ നിർഗുണത പ്രകടിപ്പിക്കുന്ന ആണുങ്ങള്‍ പെൺസ്വഭാവമുള്ളവരും. മരത്തിൽ കയറുന്ന, ഓടിക്കളിക്കുന്ന, ചുട്ട മറുപടി പറയുന്ന പെണ്‍കുട്ടികളെ, ഇതെന്താ ചെക്കനാണോ എന്നും, കരയുകയും ഒതുങ്ങിയിരിക്കുകയും ചെയ്യുന്ന ആൺകുട്ടിയെ പെണ്‍കുട്ടികളെ പോലെയാണല്ലോ എന്നും ആശങ്കപ്പെടുത്തുന്നതിൻറെ തുടർച്ച തന്നെ.

ഇനി സംരക്ഷണ സേനക്കാരായ ആങ്ങളമാർ. ഇവരുടെ ധാരണയിൽ ബാഹ്യശക്തികളെയെല്ലാം കായികശേഷി കൊണ്ട് നേരിട്ട് തങ്ങളേക്കാൽ ദുർബലരായ സ്ത്രീകളെ അപകടമില്ലാതെ നിർത്താൻ ബാധ്യതപ്പെട്ടവരാണിവർ. പെങ്ങളെ കമൻറടിച്ച ചെക്കൻമാരെ പേടിപ്പിക്കാനായി മുണ്ടും മടക്കിക്കുത്തി കൂട്ടുകാരേയും വിളിച്ച് പോകുന്ന അതേ പ്രതീതി. രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, നേതൃത്യത്തിലിരിക്കുന്ന സ്ത്രീകളെ കണ്ടാലും ഈ ആങ്ങള പുറത്ത് ചാടും. ഷർട്ടിൻറെ കൈ തെറുത്ത് കേറ്റി ആക്രോശിച്ച് വന്ന ആണുങ്ങളോട് കൂൾ കൂളായി നിന്ന് മറുപടി കൊടുത്ത ഒരു സ്ത്രീയെ അഭിസംബോധന ചെയ്ത്, അവളെ സംരക്ഷിക്കാൻ നട്ടെല്ലുള്ള ആങ്ങളമാരുണ്ട് എന്ന് പറയാൻ തോന്നുന്നത് ചോരയിലെന്ന പോലെ അലിഞ്ഞ് ചേർന്ന ആൺഹുങ്ക് കൊണ്ടാണ്. ലാത്തിച്ചാർജ്ജ് നടക്കുമ്പോൾ ഇഷ്ടമുള്ള പെൺകുട്ടിയെ രക്ഷിക്കാൻ മനുഷ്യകവചമാകുന്ന, നെഞ്ച് വിരിച്ച് ജലപീരങ്കിയുടെ മുന്നിൽ കയറി നിൽക്കുന്ന സിനിമ നായകൻമാരൊക്കെ ഇതേ ഹാങ്ങ് ഓവർ ഉള്ളവരാണ്.

ഈ ആങ്ങളമാരോടും, ഗുണഗണങ്ങൾ അളന്ന് ആണത്വവും പെണ്ണത്ത്വവും കൽപ്പിക്കുന്നവരോടും സരിത പറഞ്ഞ ഡയലോഗ് ഒന്ന് മാറ്റിപ്പറയേണ്ടി വരും. ‘പെണ്ണുങ്ങളുടെ സുരക്ഷയും ഇടപെടലും തീരുമാനിക്കുന്നത് ആണുങ്ങളല്ലെ’ന്ന്!

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

നീ ഇവിടെ മരം നടില്ല; എസ്എഫ്ഐയുടെ പരിസ്ഥിതി ദിന പരിപാടി എബിവിപി അലങ്കോലമാക്കി (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍