UPDATES

ആശങ്കകളും അരക്ഷിതത്വവുമുണ്ട്, എങ്കിലും ജനാധിപത്യത്തില്‍ ഒരു മുറി ഞങ്ങളും അര്‍ഹിക്കുന്നില്ലേ?

ഇരുമതവിഭാഗത്തില്‍പ്പെട്ടവരുടെ ഒരുമിച്ച് ജീവിക്കാനുള്ള അവകാശത്തിനുമേല്‍ ഇത്ര പ്രകോപനപരമായി കടന്നുകയറിയിട്ടും അതൊന്നും ഒരു വിഷയമല്ലാത്ത മട്ടില്‍ നമുക്കെങ്ങനെയാണ് പോകാനാവുന്നത്?

എനിക്കും ജീവിത പങ്കാളിയായ ദിവ്യയ്ക്കും (ദിവ്യ ഡി.വി) ബംഗളരുവിലെ ഒലിവ് റെസിഡന്‍സി, ഞങ്ങള്‍ ഇരുവരും രണ്ട് മതത്തില്‍പ്പെട്ടവരാണ് എന്ന കാരണം കൊണ്ട് മാത്രം മുറി നല്‍കുന്നത് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കുണ്ടായ ദുരനുഭവം കഴിഞ്ഞദിവസം (4-06-2017) ഞാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നല്ലോ. ഫേസ്ബുക്ക് സ്റ്റാറ്റസിനെ തുടര്‍ന്ന് ദേശീയമാധ്യമങ്ങളടക്കം ഗൗരവമായ വിധം വാര്‍ത്തയാവുകയും ചെയ്തിരുന്നു പ്രസ്തുത സംഭവം.

ഇതൊരൊറ്റപ്പെട്ട സംഭവമോ വ്യക്തിഗത സംഭവമോ ആയല്ല ഞാന്‍ പങ്കുവെച്ചത്, അതില്‍ വ്യക്തിപരമായ സങ്കടവും നിരാശയുമൊക്കെ ഉണ്ടായിരുന്നെങ്കിലും. ഇതൊരു സാമൂഹിക കുറ്റകൃത്യമാണ്. മാത്രവുമല്ല, ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് ഉറപ്പ് തരുന്ന ഏറ്റവും കുറഞ്ഞ ജനാധിപത്യ അവകാശവുമാണ് ഇഷ്ടമുള്ള മതങ്ങളിലും വിശ്വാസങ്ങളിലും ജീവിക്കാമെന്നത്. അതാണ് ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും വലിയ ഒരു നീതിനിഷേധമാണ് ഞങ്ങളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. അത് ഒരു സൗകര്യനഷ്ടത്തിന്റെ പ്രശ്‌നമല്ല, മറിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍, കുറച്ചുകൂടി വ്യക്തമാക്കിയാല്‍ മുസ്ലീം മതത്തിന്റെ തന്നെ അടിസ്ഥാനത്തിലുള്ള കടുത്ത വിവേചനമായിരുന്നു. അതത്ര ലളിതമാകുന്നതെങ്ങനെ? ഇരുമതവിഭാഗത്തില്‍പ്പെട്ടവരുടെ ഒരുമിച്ച് ജീവിക്കാനുള്ള അവകാശത്തിനുമേല്‍ ഇത്ര അസഹിഷ്ണുതയും ഇത്ര പ്രകോപനപരമായ കടന്നുകയറ്റവും നടന്നിട്ടും അതൊന്നും ഒരു വിഷയമല്ലാത്ത മട്ടില്‍ നമുക്കെങ്ങനെയാണ് പോകാനാവുന്നത്? അതും ഇത്രമാത്രം മതത്തിന്റെ പേരില്‍ മനുഷ്യര്‍ വേട്ടയാടപ്പെടുന്ന ഒരു കാലത്ത്. തീര്‍ച്ചയായും അത് അപകടരമായ ഒരവസ്ഥാവിശേഷം തന്നെയാണ്.

സംഭവമുണ്ടായ അന്നേ ദിവസം തന്നെ ന്യൂസ് മിനിറ്റ്സിലെ തേജാ റാം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി (ഓഡിയോ താഴെ). അതില്‍ തേജാ റാം നല്‍കിയ ഒരു ഓഡിയോ ക്ലിപ്പില്‍ ഞങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായ ഹോട്ടലിലെ അതേ ജീവനക്കാരന്‍ പറഞ്ഞ വാക്കുകള്‍ സാക്ഷിയായുണ്ട്, ഞങ്ങള്‍ക്ക് സംഭവിച്ചതെന്താണെന്നറിയാന്‍. ഞങ്ങളുടെ രണ്ടുപേരുടെയും ഐഡിയില്‍ നിന്നാണ് ഞങ്ങള്‍ രണ്ട് മതവിഭാഗത്തില്‍പ്പെട്ടവരാണ് എന്ന് അയാള്‍ അറിഞ്ഞതെന്നും അതുകൊണ്ടാണ് അയാള്‍ക്ക് സംശയമുണ്ടായതെന്നും അതുകൊണ്ടാണ് ഞങ്ങള്‍ക്ക് അയാള്‍ മുറി നിഷേധിച്ചതെന്നും പറയുന്നുണ്ട്. നോക്കണം, ഒരു മുസ്ലീമും ഹിന്ദുവും മുറിയെടുക്കുമ്പോള്‍ ഇത്രക്കും സംശയിക്കാന്‍ എന്താണ് കാര്യം? അയാള്‍ തന്നെ അത് വ്യക്തമാക്കുന്നുണ്ട്; ‘ഞങ്ങള്‍ മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുമിച്ച് വന്നാല്‍ മുറി നല്‍കില്ല’. അങ്ങനെ വരുന്നവര്‍ തൂങ്ങിച്ചാകാന്‍ വരുന്നവരാണെന്നുള്ള ന്യായവും ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു.

ഇതൊന്നും വായിച്ചിട്ട് നിങ്ങള്‍ക്ക് ഭയം തോന്നുന്നില്ലേ? നിങ്ങള്‍ക്ക് നിസ്സഹായത തോന്നുന്നില്ലേ? നിരാശ തോന്നുന്നില്ലേ? ഇവിടെ ഹിന്ദുക്കളായ ദമ്പതിമാരോ മുസ്ലീങ്ങളായ ദമ്പതിമാരോ ആത്മഹത്യ ചെയ്യുന്നില്ലേ? മതത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍, കുടുംബമഹിമയുടെ പേരില്‍, സാമ്പത്തിക പരാധീനതകളുടെ പേരില്‍, കുടുംബകലഹങ്ങളുടെ പേരില്‍ അങ്ങനെയങ്ങനെ എന്തിന്റെയൊക്കെ പേരില്‍? കുടുംബ കലഹങ്ങള്‍ കാരണം ആത്മഹത്യ ചെയ്തതിന്റെ എത്ര ശതമാനം വരും മറ്റ് മരണങ്ങള്‍? അപ്പോള്‍ ഇവര്‍ എന്തേ കുടുംബബന്ധങ്ങളെയും വിവാഹങ്ങളെയും ഒത്തുചേരലിനെയും ഭയക്കുന്നില്ല? എന്തേ രണ്ട് മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ മാത്രം ഈ ഭയപ്പാടുണ്ടാവുന്നു? അത്തരക്കാര്‍ക്ക് ഹോട്ടലുകളും മുറികളും വീടുകളും താമസസൗകര്യങ്ങളും നിഷേധിക്കുന്നു? ഇവര്‍ ഭയപ്പെടുന്നത് ഇത്തരം ഒരുമിച്ച് ചേര്‍ന്നുള്ള ജീവിതങ്ങളെയാണ്, ഒരുമിച്ച് ചേര്‍ന്നുള്ള മനസുകളെയാണ്. അത് നല്‍കുന്ന സാമൂഹിക സന്ദേശങ്ങളെയാണ്. ഈ ഭയപ്പാടുകളെയാണ് നമ്മള്‍ക്ക് ഭയക്കേണ്ടതും.

മതങ്ങളുടെയും ജാതിയുടെയും അടിസ്ഥാനത്തിലാണ് ഇന്ന് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ദളിതരെയും ആദിവാസികളെയും ഇന്ത്യയിലൊട്ടാകെ കൊന്ന് കൊലവിളിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഇന്ന് ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഹിന്ദുത്വ ഫാസിസമാണ്, ബ്രാഹ്മണിസമാണ്. ഇന്നലെ ആ ഹോട്ടല്‍ ജീവനക്കാരന്‍ ഞങ്ങളോട് പറഞ്ഞ വാക്കുകള്‍ തന്നെ അതിന്റെ നേര്‍ പ്രതിഫലനമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ കീഴടരുകളിലേയ്ക്ക് അങ്ങേയറ്റം വ്യാപിച്ച് പരന്നിരിക്കുന്ന വെറുപ്പിന്റെ, മുസ്ലീം പേടിയുടെ, മതന്യൂനപക്ഷങ്ങളോടുള്ള വെറുപ്പിന്റെ, ജാതീയമായ അയിത്തത്തിന്റെ, വിവേചനത്തിന്റെയൊക്കെ ഉറഞ്ഞുകൂടിയിരിക്കുന്ന സാംസ്‌കാരികചേരുവകളോടാണ് നമ്മള്‍ക്ക് ജീവിതം കൊണ്ട് തന്നെ സമരം ചെയ്യേണ്ടതെന്ന് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു ഇത്തരം പൊതുവിടങ്ങളില്‍ നമ്മളനുഭവിക്കുന്ന വിവേചനങ്ങള്‍.

മതവിവേചനവും മുസ്ലീം ഭയപ്പാടും നേര്‍ക്കുനേര്‍ അനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ആ നിസ്സഹായതയുണ്ടല്ലോ, ഇന്ന് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍, വിശിഷ്യാ മുസ്ലീം മതത്തില്‍പ്പെട്ടവര്‍ അനുഭവിക്കുന്നത് ഇതിന്റെ നൂറിരട്ടിയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വരേണ്യമതേതരത്വം മുന്നോട്ട് വെക്കുന്ന, വരേണ്യ മാനവികത മുന്നോട്ട് വെയ്ക്കുന്ന മനുഷ്യസങ്കല്‍പ്പങ്ങളോട് തീര്‍ച്ചയായും വിമര്‍ശനം വെക്കേണ്ടിവരുന്നത്. വേട്ടയാടപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കോ മനുഷ്യര്‍ക്കോ ഒരുതരത്തിലും ആശ്വാസം പകരാന്‍ കഴിയാത്തത്ര അപകടകരമായ സങ്കല്‍പ്പനമാണ് ഈ മാനവികതയിലെ ‘മനുഷ്യന്‍’. അതിന് ഇതരമനുഷ്യരെ അപരവരത്ക്കരിക്കാനും എല്ലാ സ്വത്വങ്ങളും കയ്യൊഴിഞ്ഞു എന്ന് നടിക്കുന്ന ആ വെളുത്ത സവര്‍ണ മനുഷ്യമാതൃകയെ പ്രദാനം ചെയ്യാനുമല്ലാതെ മറ്റൊന്നിനും സാധിക്കുകയില്ല. മതമനുഷ്യരെയും ജാതി കൊണ്ട് വേട്ടയാടപ്പെടുന്ന മനുഷ്യരെയും കറുത്ത മനുഷ്യരെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഈ കേവല മനുഷ്യമാതൃകകള്‍ വാസ്തവത്തില്‍ വീണ്ടും ഈ സ്വത്വങ്ങള്‍ക്കു മേലുള്ള വംശീയാധികാരപ്രയോഗങ്ങളായി മാറുന്നതാണെന്ന് ആവര്‍ത്തിച്ച് പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. എത്രയേറെ മനുഷ്യവിഭജനങ്ങളും മനുഷ്യവിവേചനങ്ങളും ഒറ്റപ്രയോഗം കൊണ്ട് നടത്താനാകുന്നു ഈ പൊതു/കേവല/സാമാന്യ മനുഷ്യമാതൃക എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് വിമര്‍ശനം തുടങ്ങേണ്ടത് തന്നെ നമ്മുടെ മതേതരത്വസങ്കല്‍പ്പങ്ങളെ പൊളിച്ചു പണിഞ്ഞുകൊണ്ടാകണം.

വ്യക്തിപരമായി പറയുകയാണെങ്കില്‍ എനിക്കും ദിവ്യയ്ക്കുമുണ്ടായ പ്രസ്തുത സംഭവം ഞങ്ങള്‍ക്കുണ്ടാക്കിയിട്ടുള്ള അരക്ഷിതത്വം ചില്ലറയല്ല. ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറിലും അതിന്റെ ഭയപ്പാട് പ്രത്യക്ഷപ്പെട്ടിരുന്നു. ഏത് നഗരമാണ് ഇനിയും ഞങ്ങളെ പോലുള്ളവരെ ഉള്‍ക്കൊള്ളുക? ഏത് മന:സ്ഥിതിയാണ് വൈവിധ്യപൂര്‍ണമായ ജീവിതങ്ങളെ സ്‌നേഹിക്കാനുണ്ടാവുക? തീര്‍ച്ചയായും, ആശങ്കകളും അരക്ഷിതത്വവും അസ്ഥാനത്തല്ല എന്നാണ് ഇപ്പോഴുണ്ടായ സംഭവവും ഞങ്ങളോട് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിത്തരുന്നത്.

അടുത്തകാലത്ത് ഉത്തര്‍പ്രദേശില്‍ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങിവരവേ, കശ്മീരിലെ ഒരു മുസ്ലീം സുഹൃത്ത് പറഞ്ഞ കഥയുണ്ട്. ഉമ്മയും സഹോദരുമാരുമായി ഡല്‍ഹിയുടെ തെരുവുകളില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ അലഞ്ഞുനടന്ന കഥ. റിപ്പബ്ലിക്ക് ദിവസമായതുകൊണ്ട് എല്ലാ ഹോട്ടലുകളിലും പോലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു എന്ന് മാത്രമല്ല, കശ്മീര്‍ പൗരന്‍മാരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നത്രേ. പ്രസ്തുത സുഹൃത്തും സഹോദരിയും ഉമ്മയും ഓരോരോ ഹോട്ടലുകളിലായി തലചായ്ക്കാനൊരിടം തിരക്കി അലഞ്ഞു തിരിഞ്ഞു. ഓരോ ഇടത്തുകയറുമ്പോഴും പോലീസെത്തി അവരെ പുറത്താക്കിക്കൊണ്ടിരുന്നു. അവസാനം അദ്ദേഹം തെരുവില്‍ അഭയം കണ്ടെത്തി. പിറ്റേദിവസം ഉറക്കമുണര്‍ന്നപ്പോള്‍ പന്നികളും നായ്ക്കളും നിരന്നുകിടന്നിരുന്ന തെരുവിലാണ് തങ്ങളും അനാഥരായി കഴിഞ്ഞുകൂടേണ്ടിവന്നിരുന്നത് എന്നോര്‍ത്ത് അദ്ദേഹം നെടുവീര്‍പ്പിട്ടു. അദ്ദേഹം ചോദിച്ച ചോദ്യമിതായിരുന്നു, എന്നാണ് ഈ രാജ്യം മുസ്ലീങ്ങളെ സ്‌നേഹിച്ചു തുടങ്ങുന്നത്? എന്നാണ് ഈ രാജ്യം മുസ്ലീങ്ങളെ ജീവിക്കാനനുവദിച്ചു തുടങ്ങുന്നത്? അതെ, ജനാധിപത്യത്തില്‍ ഒരു മുറി ഇവരും അര്‍ഹിക്കുന്നില്ലേ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷഫീക് സുബൈദ ഹക്കിം

ഷഫീക് സുബൈദ ഹക്കിം

മാധ്യമ പ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍