UPDATES

ഷാഹിന കെ.കെ സംസാരിക്കുന്നു; ആ സ്ത്രീകള്‍ രാഷ്ട്രീയമാറ്റത്തിന്റെ ഏജന്റുമാരാണ്; പുരുഷന്മാര്‍ അവരെ വ്യക്തമായി കേള്‍ക്കുകയാണ് വേണ്ടത്

ഇപ്പോള്‍ കേരളത്തില്‍ രാഷ്ട്രീയം സംസാരിക്കുന്നത് സ്ത്രീകളാണ്, പ്രത്യേകിച്ചും കീഴാള സ്ത്രീകള്‍

കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ ഒരു കളക്ടീവ് ഫെമിനിസ്റ്റ് സ്പേസ് ഉണ്ടാവേണ്ടതില്ലേ? മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും നിരവധി സാമൂഹിക മുന്നേറ്റങ്ങളില്‍ സജീവമായി ഇടപെടുകയും സാമൂഹിക വ്യവഹാരങ്ങളെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നവരില്‍ ഒരാളായ ഷാഹിന കെ.കെ ഇക്കാര്യം ചോദിക്കുന്നത്, ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ലൈംഗികാതിക്രമം നേരിട്ട സ്ത്രീകള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ്. കേരളത്തിലെ ഫെമിനിസ്റ്റ് ചരിത്രത്തിലെ നിര്‍ണായകമായ ഒരു സമയമാണ് ഇത് എന്നു ചൂണ്ടിക്കാണിക്കുമ്പോഴും ഇതിനെ പുറകോട്ടടിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. കെ.ആര്‍ ധന്യയുമായി ഷാഹിന കെ.കെ സംസാരിക്കുന്നു.

കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്ന മീ റ്റൂ മൂവ്മെന്റ് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ സന്ദര്‍ഭമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷെ ഈ വെളിപ്പെടുത്തലുകളെ കേരളത്തിലെ ആണ്‍സമൂഹം അഥവാ ആണധികാര സമൂഹം എങ്ങനെയാണ് മനസ്സിലാക്കുന്നത്? ആരോപണ വിധേയരായ പല പുരുഷന്മാരുടേയും പ്രതികരണ പോസ്റ്റുകളും അതിലെ കമന്‍റുകളും കാണുമ്പോള്‍ വലിയ നിരാശ തോന്നുന്നു. അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകള്‍ക്ക് സംസാരിക്കാനായി ഒരു ഭാഷ തന്നെ രൂപപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹമാണ് നമ്മളുടേതെന്ന് പ്രാഥമികമായി മനസ്സിലാക്കേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്നത് ഒരു രാഷ്ട്രീയ വ്യവഹാരമാണെന്ന് മനസ്സിലാക്കി ശ്രദ്ധയോടേയും ബഹുമാനത്തോടേയും കേള്‍ക്കാന്‍ പുരുഷന്മാര്‍ തയ്യാറാകണം. ഓരോ സ്ത്രീയും തങ്ങള്‍ക്കുണ്ടായ അസുഖകരമായ അനുഭവങ്ങള്‍ തുറന്നു പറയുമ്പോള്‍, കേരളത്തിലിതുവരെ നിലനിന്നു പോന്ന ഒരു വലിയ നിശ്ശബ്ദതയെ ഭേദിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അവരേറ്റെടുക്കുന്നത്. പക്ഷെ അതങ്ങനെ മനസ്സിലാക്കുന്നതിനു പകരം, എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല, എന്തിന് അവന്‍റെ കൂടെ പോയി തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുകയും ‘പലരും അവസരം കിട്ടിയപ്പോള്‍ പ്രതികാരം നിര്‍വഹിക്കുകയാണെ’ന്ന് തീര്‍പ്പുകല്‍പ്പിച്ചും കുറ്റം തിരിച്ചാരോപിക്കുകയാണ് പൊതുസമൂഹം ചെയ്തുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയാണ് വലിയതോതില്‍ ഈ പ്രശ്നത്തെ കാണുന്നത്. ശരി – തെറ്റ്, കുറ്റം – ശിക്ഷ ബൈനറികളിലേക്ക് എളുപ്പത്തില്‍ പോകുമ്പോള്‍ എല്ലാ കേസുകളും തുല്യമാണെന്ന നിലവരുന്നുണ്ട്. ഇപ്പോള്‍ രജേഷ് പോളിന്റെ കേസിലാണെങ്കിലും ആരതിയോട് രൂപേഷ് കുമാര്‍ ചെയ്തതതായാലും അതിലൊരു ക്രിമിനല്‍ ആക്ട് ഉണ്ട്. ലൈംഗിക പീഡനം എന്ന ക്രിമിനല്‍ കുറ്റത്തിന്‍റെ നിര്‍വചനത്തില്‍ പെടുന്ന വയലേഷനാണ് ഇരുവരും നടത്തിയിട്ടുള്ളത്. അതേസമയം, അങ്ങനെയല്ലാത്ത കാര്യങ്ങളുമുണ്ടാവാം. ഉദാഹരണത്തിന് മര്യാദയില്ലാത്ത പെരുമാറ്റം, ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം എന്നതെല്ലാം ആ അര്‍ത്ഥത്തില്‍ ക്രിമിനല്‍ കുറ്റമാവണമെന്നില്ല, പക്ഷെ ഇവയെല്ലാം ഉണ്ടാവുന്നതും പുരുഷന്‍ എന്ന അധികാര നിലയില്‍ നിന്ന് തന്നെയാണ്. ഇത് ഒരു വൈഡ് സ്‌പെക്ട്രം ആണ്. ഈ സ്‌പെക്ട്രത്തില്‍ റേപ്പ് എന്ന കുറ്റകൃത്യം മുതല്‍ പുരുഷന്‍ എന്ന അധികാര നിലയില്‍ നിന്നുകൊണ്ട് ഒരു സ്ത്രീയുടെ അഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള ഏത് തരം പെരുമാറ്റങ്ങളും വരും. ഇതെല്ലാം തന്നെ ഇങ്ങനെ ഒരു സ്പെക്ട്രത്തിനുള്ളില്‍ വരികയും ഒരേപോലെ കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ അതിന്‍റെ പ്രയോജനം കിട്ടുക റേപ്പിസ്റ്റുകള്‍ക്കാവും. ലൈംഗിക കുറ്റകൃത്യം നടത്തുന്നയാളെ കൃത്യമായി മാറ്റിനിര്‍ത്തി നിയമത്തിന്റെ ഭാഷയില്‍ തന്നെ അയാളെ നേരിടുക തന്നെ വേണം. അതല്ലാത്തയാളുകളോട് സംവാദാത്മകമായി ബന്ധങ്ങളിലെ ജനാധിപത്യത്തെക്കുറിച്ചും പുരുഷനായിരിക്കുമ്പോള്‍ ഒരാള്‍ ജന്‍മനാ ആര്‍ജിക്കുന്ന അധികാരത്തെപ്പറ്റിയുമെല്ലാം സംസാരിക്കാനുള്ള സാധ്യതയുണ്ടാവുക എന്നതും പ്രധാനമാണ്.

കുറ്റവാളികളെ മാറ്റിനിര്‍ത്തുമ്പോള്‍ തന്നെ നിയമവ്യവഹാരത്തിനു പുറത്തുള്ള വേറൊരു ഭാഷയും രൂപപ്പെടേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു സംവാദ സാധ്യത കൂടി ഉണ്ടായിവരാന്‍ ഇപ്പോള്‍ നടക്കുന്ന തുറന്നു പറച്ചിലുകള്‍ സഹായിച്ചേക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. ഇപ്പോഴുള്ള എല്ലാ ചര്‍ച്ചകളും ശ്രദ്ധിച്ചാല്‍, സ്ത്രീകളും പുരുഷന്‍മാരും ഇടപഴകി ജീവിച്ചാല്‍ ഇങ്ങനെയാണ് എന്ന തരത്തിലുള്ള ലളിത സമീകരണ യുക്തികളിലേക്ക് കൊണ്ടെത്തിക്കാനുള്ള വളരെ അപകടകരമായ പ്രവണത കാണുന്നുണ്ട്. പക്ഷെ അതിലേക്ക് പോവാതിരിക്കാന്‍ വളരെ സജീവമായിട്ട് ജെന്‍ഡര്‍ ബന്ധങ്ങളെക്കുറിച്ചുള്ള സംവാദം നിലനിര്‍ത്തുക എന്നതിന്റെ ആവശ്യമുണ്ട്. ഇടതുപക്ഷത്തിനടക്കം പക്ഷെ ആ തോന്നല്‍ ഇല്ല. വലതുപക്ഷം അവരുടെ രാഷട്രീയം കൊണ്ടു തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിട്ടാണ് കാര്യങ്ങളെ മനസ്സിലാക്കുക. ഇതില്‍ നിന്നാണ് ഒരു പെണ്‍കുട്ടിയെ ഒരാള്‍ ഉപദ്രവിച്ചാല്‍, ഉടന്‍ അവനെ തൂക്കിലേറ്റണം എന്ന ആക്രോശമുണ്ടാവുന്നത്. ഫെമിനിസം എന്നുപറയുന്നത് അടിസ്ഥാനപരമായിട്ട് പ്രതികാരത്തിന്റെ രാഷ്ട്രീയമല്ല. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അതല്ലാത്ത നാനാവിധ  ജെന്‍ഡര്‍ കാറ്റഗറിയില്‍ പെടുന്ന മനുഷ്യര്‍ക്കും തുല്യ അവസരങ്ങളോടെ, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഒരിടം ഉണ്ടാകണം എന്ന് പറയുന്ന പ്രത്യയശാസ്ത്രമാണ് ഫെമിനിസം. അതുകൊണ്ട് നമുക്ക് പലപ്പോഴും പല കാര്യങ്ങളിലും നടത്തേണ്ടിവരിക സംവാദങ്ങളായിരിക്കും.

തുറന്ന് പറച്ചില്‍ നടത്തുന്ന പെണ്‍കുട്ടികളെ ഇരകള്‍ എന്ന പൊസിഷനില്‍ തളച്ചിടാതെ, സര്‍വൈവര്‍ എന്ന ഇടത്തിലേക്ക് വന്നുനിന്നുകൊണ്ട് സമൂഹത്തെ നേര്‍ക്കുനേര്‍ നിര്‍ത്തി ‘ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ, ഇതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്’ എന്ന് അവര്‍ക്ക് സംസാരിക്കാനുള്ള പ്ലാറ്റ്‌ഫോം ഉണ്ടാവണം. ആ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് ഈ പെണ്‍കുട്ടികള്‍ സംസാരിക്കുന്നത് അവരുടെ നേരെ നടന്നിട്ടുള്ള ശാരീരികമോ അല്ലാത്തതോ ആയ കയ്യേറ്റങ്ങളെക്കുറിച്ച് മാത്രമല്ല. ആരതിയടക്കമുള്ള പെണ്‍കുട്ടികള്‍ സംസാരിക്കുന്നത് അവര്‍ക്ക് അവകാശപ്പെട്ട ലിബറല്‍ ജനാധിപത്യ ഇടത്തെക്കുറിച്ചുകൂടിയാണ്. ഭയപ്പെടാതെയും കൂടെനില്‍ക്കുന്നയാള്‍ വഞ്ചിക്കും എന്ന അവസ്ഥയില്ലാതെയും വളരെ സാധാരണരീതിയില്‍ ഒരു സ്ഥലത്ത് പോവാനും എന്ത് തന്നെ ചെയ്യാനുമുള്ള അവകാശത്തിനുവേണ്ടിക്കൂടിയാണ് അവര്‍ സംസാരിക്കുന്നത്. ലൈംഗികാതിക്രമം നടത്തിയാളെ ശിക്ഷിക്കുക എന്ന കാര്യം മാത്രമല്ല സര്‍വൈവേഴ്‌സ് ആയ പെണ്‍കുട്ടികള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. തുല്യനീതിയുള്ള പൗരന്‍മാരായി അവരെ അംഗീകരിക്കുന്നതിനുള്ള ലിബറല്‍ സ്‌പേസിന്റെ സൃഷ്ടിക്ക് കൂടി വേണ്ടിയാണ് അവര്‍ സംസാരിക്കുന്നത്. അവര്‍ സംസാരിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാക്കണം. അത് കേള്‍ക്കാനുള്ള കപ്പാസിറ്റി ഇവിടുത്തെ പുരോഗമന പുരുഷന്‍മാര്‍ക്ക് പോലുമില്ല. ദളിത് രാഷ്ട്രീയത്തിലോ, സ്വത്വരാഷ്ട്രീയത്തിലോ, ഇടത് രാഷ്ട്രീയത്തിലോ നില്‍ക്കുന്നവരാവട്ടെ, ഇവര്‍ക്കൊന്നും തന്നെ ഈ സ്ത്രീകള്‍ പറയുന്നത് രാഷ്ട്രീയമാണ്, നമുക്ക് അത് കേള്‍ക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കാനുള്ള ശേഷിയില്ല. ലൈംഗികാതിക്രമമുണ്ടായാല്‍ അവനെ അടിക്കണം, കൊല്ലണം, അല്ലെങ്കില്‍ സാമൂഹികമായി ഒറ്റപ്പെടുത്തണം എന്നിങ്ങനെ എക്‌സ്ട്രീം ആവശ്യങ്ങളുമായി വരിക എന്നല്ലാതെ ഇവര്‍ സംസാരിക്കുന്നത് ബദല്‍ രാഷ്ട്രീയമാണ് എന്ന് മനസ്സിലാക്കുന്നില്ല.

നിരവധി സങ്കീര്‍ണതകള്‍ ഇതിലുണ്ട്. ആ സങ്കീര്‍ണതകളെ ഉത്തരവാദിത്തത്തോടെ അഭിസംബോധന ചെയ്യാന്‍ പ്രതികാരത്തിന്റെയും വെറുപ്പിന്റെയും അസഹിഷ്ണുതയുടേയും ഭാഷയൊക്കെ മാറ്റിവച്ചിട്ട് ഉത്തരവാദിത്തത്തോടുകൂടി രാഷ്ട്രീയം സംസാരിക്കാനായിട്ട് ഇവിടുത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിലോ, സ്വത്വരാഷ്ട്രീയത്തിലോ നില്‍ക്കുന്ന പുരുഷന്‍മാര്‍ തയ്യാറാവുന്നതേയില്ല. വിരലിലെണ്ണിയെടുക്കാവുന്നവര്‍ മാത്രമാണ് അതല്ലാതെയുള്ളത്. പക്ഷെ അതൊന്നും ഇപ്പോഴുണ്ടായിരിക്കുന്ന ഈ ഉണര്‍വിനെ പുറകോട്ടടിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഈ സംവാദത്തെ മുന്നോട്ടുകൊണ്ട് പോവാന്‍ മാത്രം ശേഷിയുള്ളവരാണ് ഈ സ്ത്രീകള്‍ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ആ അര്‍ഥത്തില്‍ കേരളത്തിലെ ഫെമിനിസ്റ്റ് ചരിത്രത്തിലെ നിര്‍ണായകമായ ഒരു സമയമാണ്. അതിനെ മുന്നോട്ടുകൊണ്ടു പോവാന്‍ എന്ത് ചെയ്യും എന്നതാണ് എല്ലാവരും കൂട്ടായി ആലോചിക്കേണ്ടത്.

പക്ഷെ ഇപ്പോള്‍ നടക്കുന്നതെന്താണ്? തുറന്നു പറഞ്ഞ സ്ത്രീകളേയും അതെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഞാനടക്കമുള്ള സ്ത്രീകളേയും വെറും പ്രശ്നക്കാരികളായി മാത്രം കാണുകയാണ് പലരും. ആരോപണ വിധേയരായ പലരും സ്വകാര്യ സംഭാഷണത്തില്‍ നിങ്ങളെന്തിനിത് ഷെയര്‍ ചെയ്തു എന്ന് ചോദിക്കുന്നുണ്ട്. ഈ പുരുഷന്മാരുടെയെല്ലാം അഭിമാനം സംരക്ഷിക്കാനുള്ള അധികബാധ്യതയും സ്ത്രീകളുടെ തലയില്‍ തന്നെയാണ് അവര്‍ കെട്ടിവയ്ക്കുന്നത്. ആരോപണവിധേയരായ ഈ പുരുഷന്മാരോടാരോടും എനിക്ക് വ്യക്തിപരമായ ഒരു വൈരാഗ്യവുമില്ല. പക്ഷെ ഈ സ്ത്രീകളെ പിന്തുണയ്ക്കുകയും അവരുടെ എഴുത്തുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നത് ഒരു ജെന്‍ഡര്‍ ഡിസ്കോഴ്സ് രൂപപ്പെടുത്താനും അത് മുന്നോട്ടു കൊണ്ടു പോകാനുമുള്ള രാഷ്ട്രീയ ഉത്തരവാദിത്തത്തിന്‍റെ ഭാഗമായാണ്. ലൈംഗിക കൈയ്യേറ്റങ്ങള്‍ക്കിരയാവുകയും അതുണ്ടാക്കിയ ട്രോമയിലൂടെ കടന്നു പോവുകയും അതിനെ അതിജീവിക്കുകയുമെല്ലാം ചെയ്തിട്ടുള്ള സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ പറയുമ്പോള്‍ അത് കേവലം അനുഭവവിവരണം മാത്രമായാണ് പൊതുസമൂഹം മനസ്സിലാക്കുന്നത്. യഥാര്‍ത്ഥത്തില്‍, അതിജീവിച്ചവര്‍ക്കായുള്ള ഭാഷ നിര്‍മ്മിച്ചെടുക്കുകയും ലിംഗപദവീ ബന്ധങ്ങളെ പൊളിച്ചെഴുതുകയുമാണ് ഇവര്‍ ചെയ്യുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരമായി ഞാനിതിനെ കാണുന്നു. അതുകൊണ്ടു തന്നെ ആരോപണവിധേയരുടെ ഭാഗം കൂടി കേട്ട് വസ്തുതകള്‍ പരിശോധിച്ച് നിഷ്പക്ഷ വിധി കല്‍പ്പിക്കേണ്ട ഒന്നായി ഞാനിതിനെ കാണുന്നില്ല.

ആരോപണവിധേയരായ പലരുടേയും വിശദീകരണ കുറിപ്പുകള്‍ നോക്കൂ.
ലൈംഗികാതിക്രമം നടത്തിയ ആളുകള്‍ മാപ്പ് പറഞ്ഞു കഴിഞ്ഞാല്‍ അതിന് വമ്പിച്ച സ്വീകാര്യത കിട്ടുന്നു എന്നാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. മാപ്പ് പറയുന്നതോടെ അയാള്‍ മഹാനായി മാറുകയാണ്. പിന്നെ അയാളെക്കുറിച്ച് ഒന്നും ആരും പറയാന്‍ പാടില്ല എന്ന പൊതുബോധം നിലനില്‍ക്കുന്നുണ്ട്. ഇത് എത്ര ശക്തമായ പ്രിവിലേജാണ് എന്ന് ഈ പുരുഷന്മാര്‍ മനസ്സിലാക്കുന്നുണ്ടോ? അതേസമയം ആ പെണ്‍കുട്ടി അപ്പോഴും കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയയായിക്കൊണ്ടിരിക്കുകയായിരിക്കും. അവള്‍ അപ്പോഴും അദൃശ്യയായിത്തന്നെ നില്‍ക്കുകയായിരിക്കും. പലതരം പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരിക്കും. സോപാധികമായി പോലുമല്ല മാപ്പ് സ്വീകരിക്കപ്പെടുന്നത്, മാപ്പു പറയുന്നയാളെ സമ്പൂര്‍ണമായി വിശ്വസിക്കുകയും ആരോപണമുന്നയിച്ച സ്ത്രീയെ തള്ളിക്കളയുകയുമാണ് ചെയ്യുന്നത്. അയാളുടെ മാപ്പ് സ്വീകരിക്കുന്നവര്‍ക്ക്, ആ പെണ്‍കുട്ടിക്ക് കൂടി സര്‍വൈവ് ചെയ്യാനുള്ള വിശാലമായ ഒരു ജനാധിപത്യ ഇടം സൃഷ്ടിക്കേണ്ട കടമ കൂടിയുണ്ട് എന്ന് വിചാരിക്കുന്നില്ല.

അതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞവരില്‍ പലതരം സോഷ്യല്‍ ലൊക്കേഷനില്‍ നില്‍ക്കുന്ന സ്ത്രീകളുണ്ട്. ദളിത്, ബഹുജന്‍ ഫെമിനിസ്റ്റുകള്‍ പറയുന്ന രാഷ്ട്രീയം എന്താണെന്നുള്ളത് സവര്‍ണ ഫെമിനിസ്റ്റുകള്‍ ശ്രദ്ധയോടെ കേള്‍ക്കേണ്ടതിന്റെ വലിയ ആവശ്യമുണ്ട്. സ്ത്രീകള്‍ക്ക് തമ്മില്‍ അത് സാധ്യമാവും എന്നാണ് എനിക്ക് തോന്നുന്നത്. വിശാലമായ ഫെമിനിസ്റ്റ് രാഷ്ട്രീയ സഖ്യം ഉണ്ടാവാനുള്ള സാധ്യത ഇവിടെയുണ്ട് എന്നാണ് എന്റെ വിശ്വാസം. അതില്‍ പാരവയ്ക്കാനും തുരങ്കംവക്കാനും ഇവിടുത്തെ പാട്രിയാര്‍ക്കിയുടെ ഗുണഭോക്താക്കള്‍ ശ്രമിക്കും. പുരുഷ ഭാഷ അഥവാ ആണധികാര ഭാഷ സംവാദത്തിന്റേയോ സമവായത്തിന്റേയോ ഒന്നുമല്ല. അതെപ്പോഴും കോണ്‍ഫ്ളിക്ടിന്റെയും എക്‌സ്‌ക്ലൂസിവിറ്റിയുടേതുമൊക്കെയാണ്. ഇപ്പോള്‍ കേരളത്തില്‍ രാഷ്ട്രീയം സംസാരിക്കുന്നത് സ്ത്രീകളാണ്, പ്രത്യേകിച്ചും കീഴാള സ്ത്രീകള്‍. പൊതുസമൂഹം ലൈംഗിക അതിക്രമത്തിന്റെ ഇരകള്‍ എന്ന നിലയില്‍ ആ പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുമ്പോള്‍ ഞാനവരെ കാണുന്നത് രാഷ്ട്രീയമാറ്റത്തിന്റെ ഏജന്റുമാരായാണ്. പൊതുസമൂഹത്തിന്, പ്രത്യകിച്ചും പുരുഷന്‍മാര്‍ക്ക് ചെയ്യാനുള്ളത് അവര്‍ പറയുന്നത് വ്യക്തമായി കേള്‍ക്കുക എന്നതാണ്.

ഡിഗ്രിക്ക് പഠിക്കുമ്പോള്‍, ഏതാണ്ട് ഇരുപത് വയസ്സൊക്കെയുള്ളപ്പോഴാണ് ഞാന്‍ ഇവിടുത്തെ ഫെമിനിസ്റ്റ് ആക്ടിവിറ്റികളുമായെല്ലാം ആദ്യമായി ബന്ധപ്പെടുന്നത്. എസ്എഫ്‌ഐയില്‍ നിന്ന് മാറി തൃശൂരിലെ സ്ത്രീവേദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാലം മുതല്‍, മുമ്പേ നടന്ന ഫെമിനിസ്റ്റുകള്‍ ഉണ്ടാക്കിയിട്ടുള്ള സ്‌പേസും അവരുടെ സാന്നിധ്യവും എല്ലാം ഉണ്ടായിരുന്നു. അന്ന് പലതരത്തില്‍ കുടുംബവുമായി കലഹിച്ച് വീടുവിട്ടു പോരുന്ന പെണ്‍കുട്ടികള്‍ക്ക് അത്തരം ഇടങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു ഫെമിനിസ്റ്റ് കളക്ടീവ് എന്ന നിലയ്ക്ക് കേരളത്തില്‍ അതിന് തുടര്‍ച്ചയുണ്ടാക്കാനായില്ല എന്നാണെനിക്ക് തോന്നുന്നത്. അത്തരത്തില്‍ ഒരു ഫെമിനിസ്റ്റ് കളക്ടീവ് വേണ്ടതിന്റെ ആവശ്യം ആളുകള്‍ക്ക് തോന്നാതെ പോയിട്ടുണ്ടാവാനുള്ള സാധ്യതയുണ്ട്.

നമ്മളിപ്പോള്‍ നാല്‍പ്പതുകളുടെ പകുതിയിലേക്കെത്തി, പ്രൊഫഷണലി സെറ്റില്‍ഡ് ആയി നില്‍ക്കുന്ന സമയത്ത്, പുതുതായി ഇത്തരത്തില്‍ അരക്ഷിത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോവുകയും, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരുകയുമൊക്കെ ചെയ്യേണ്ടി വരുന്ന പെണ്‍കുട്ടികളുടെ സ്ഥിതി എന്താണെന്ന് അറിയുന്നില്ല എന്നതിനെ സ്വയം വിമര്‍ശനമായാണ് ഞാന്‍ കാണുന്നത്. അവര്‍ നമ്മളോടോ നമ്മള്‍ അവരോടോ വ്യക്തിതലത്തില്‍ സംസാരിക്കുന്നില്ല, ഇതില്‍ ഒരു ജനറേഷന്‍ ഗ്യാപ്പിന്റെ പ്രശ്നമുണ്ടാവാം. അതുകൊണ്ട് തന്നെ അവരുടെ പല പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും നമ്മള്‍ അറിയുന്നില്ല. അറിയുമ്പോഴെല്ലാം അതില്‍ ഇടപെടുകയും ആവുന്ന കാര്യങ്ങള്‍ ചെയ്യാറുമുണ്ട്. എന്നെയൊക്കെ സംബന്ധിച്ച് എനിക്ക് മുന്നിലുണ്ടായിരുന്ന ഫെമിനിസ്റ്റുകളായ സ്ത്രീകള്‍ ഉണ്ടാക്കിയിട്ടുള്ള പരസ്പര ഐക്യവും അത് ഉണ്ടാക്കിയ ധൈര്യവും ഉണ്ട്. നമ്മളെ പോലുള്ള മുതിര്‍ന്ന ഫെമിനിസ്റ്റുകളായ സ്ത്രീകള്‍ പെണ്‍കുട്ടികള്‍ക്ക് അത്തരത്തിലുള്ള ഒരു ഹഗ്ഗാണ് നല്‍കേണ്ടത് എന്ന് തോന്നുന്നു.

സോഷ്യല്‍ മീഡിയ വന്നതോടുകൂടി ഉണ്ടായ വ്യത്യാസം രണ്ട് തരത്തിലാണ്. ഒന്ന്, സോഷ്യല്‍മീഡിയ വലിയ തരത്തിലുള്ള സാധ്യതകളെ തുറന്നു. പെണ്‍കുട്ടികള്‍ക്കും മറ്റും പലതും ഓപ്പണ്‍അപ് ചെയ്യാനും പറയാനുമൊക്കെയുള്ള വലിയ ഒരു സ്‌പേസ് അതുണ്ടാക്കി. പക്ഷെ ഒരു സംശയമായി എനിക്ക് തോന്നിയിട്ടുള്ള കാര്യം, സോഷ്യല്‍മീഡിയ നല്‍കുന്ന സ്വാതന്ത്ര്യബോധം വ്യാജമായ ഒന്നല്ലേ എന്നാണ്. സോഷ്യല്‍ മാഡിയയില്‍ നിന്നാണ് കിസ്സ് ഓഫ് ലൌ പോലുള്ള പലതരം മൂവ്മെന്‍റുകളും ഉണ്ടായതെന്ന വസ്തുത നിലനില്‍ക്കെ തന്നെ ഒരു ലാര്‍ജര്‍ കളക്ടീവിന്‍റെ ഭാഗമാണ് തങ്ങളെന്ന വ്യാജധാരണയല്ലേ ഇതുണ്ടാക്കുന്നതെന്നാണ് എന്‍റെ സംശയം. ചേര്‍ന്നു നില്‍ക്കലിന്‍റെ/കളക്ടീവിറ്റിയുടെ ഒരു തലമില്ലാതിരിക്കുകയും സ്വാതന്ത്ര്യബോധം മാത്രം അവിടെ നിലനില്‍ക്കുകയും എല്ലാവരും വ്യക്തികളായിത്തന്നെ തുടരുകയും ചെയ്യുന്ന നില.

സോഷ്യല്‍മീഡിയയില്‍ വന്ന് ധൈര്യമായി അഭിപ്രായം പറയുന്ന, ഇടപെടലുകള്‍ നടത്തുന്ന ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ നമ്മളൊക്കെ വിചാരിക്കുന്നത് സ്വന്തം കാര്യം പറയാന്‍ പ്രാപ്തിയുള്ളവള്‍ എന്നാണ്. എന്നാല്‍ അവള്‍ ഏതെങ്കിലും തരത്തിലുള്ള അരക്ഷിതത്വത്തിലൂടെ കടന്നുപോവുന്നുണ്ടോ, പ്രശ്‌നങ്ങള്‍ക്ക് ഇരയാവുന്നുണ്ടോ എന്നൊക്കെ അറിയണമെങ്കില്‍ സോഷ്യല്‍മീഡിയക്ക് പുറത്ത് ഒരു കളക്ടീവ് ഉണ്ടാവണം. ഏത് പെണ്‍കുട്ടിക്കും നമ്മളോട് വന്ന് എന്തും പറയാന്‍ പറ്റണമെങ്കില്‍ എന്നോട് അവള്‍ക്ക് വിശ്വാസമുണ്ടാവണം. വിശ്വാസമുണ്ടാവണമെങ്കില്‍ വലിയ സ്‌പേസില്‍ പരസ്പരം അറിയുന്ന, സംവദിക്കുന്ന ഒരു കളക്ടീവ് ഉണ്ടാവണം. അങ്ങനെയൊരു ആക്ടിവിറ്റിയുടെ അഭാവം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെയൊരു കളക്ടീവ് ഉണ്ടായിവരികയാണ് പ്രാഥമികമായി വേണ്ടത്.

രേഖ രാജ് സംസാരിക്കുന്നു; ഞാനടക്കമുള്ളവര്‍ പണിയെടുത്തുണ്ടാക്കിയ ജനാധിപത്യ ഇടമാണ് അവര്‍ നശിപ്പിക്കുന്നത്; അത് പൊറുക്കാന്‍ പറ്റില്ല

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍