UPDATES

ട്രെന്‍ഡിങ്ങ്

ഹീറോ അല്ല ഷീറോ; അപമാനിക്കപ്പെട്ടവരില്‍നിന്ന് അംഗീകാരം പൊരുതി നേടിയെടുത്ത ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയുടെ വിജയം

ഷീറോയുടെ യൂണിറ്റുകള്‍ ആലപ്പുഴയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍

“ഒരു കഥ പറയട്ടെ, ഒന്നുമില്ലായ്മയില്‍ നിന്ന് ആത്മവിശ്വാസത്തോടെ ബിസിനസുകള്‍ നടത്തുന്നതിലേക്ക് വളര്‍ന്ന ഒരു കൂട്ടരുടെ കഥ”, എന്നു പറഞ്ഞായിരുന്നു അരുണിമയുടെ തുടക്കം. 18-ാം വയസ്സില്‍ ട്രാന്‍സ്ഡന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡ് നേടിയയാളാണ് അരുണിമ. ഒരുപക്ഷേ ഏറ്റവും ചെറിയ പ്രായത്തില്‍ ട്രാന്‍സ് ഐഡി കാര്‍ഡ് നേടുന്ന വ്യക്തി എന്ന് അരുണിമ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വീടും നാടും അംഗീകരിച്ചു. വിവാഹം കഴിച്ചു. ഭയത്താലോ, പരിഹാസങ്ങളെ വെറുത്തോ സ്വത്വം വെളിപ്പെടുത്താതിരുന്ന അനേകം ട്രാന്‍സ്ജന്‍ഡറുകളെ പുറംലോകത്തേക്ക് കൊണ്ടുവരാന്‍ പ്രേരണയായി. അങ്ങനെ നിരവധി കാര്യങ്ങളുണ്ട് ഇവരെക്കുറിച്ച് പറയാന്‍. എന്നാല്‍ അരുണിമ പറഞ്ഞത് തന്റെ കഥയല്ല, താനും കൂടി ഉള്‍പ്പെട്ട ‘ഷീറോ’യുടെ കഥയാണ്. “യഥാര്‍ഥ പുരുഷന്‍ ഹീറോ ആണെങ്കില്‍ നിങ്ങള്‍ ഷീറോ ആണ്”, ട്രാന്‍സ്ജന്‍ഡറുകളുടെ ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ ‘ഞാന്‍ മേരിക്കുട്ടി’ എന്ന സിനിമയുടെ സക്സസ് ടീസര്‍ ആയിരുന്നു ഇത്. എന്നാല്‍ ‘ഷീറോ’ ടീസര്‍ സക്സസ് ആവുന്നതിനും വര്‍ഷങ്ങള്‍ മുന്നെ അരുണിമയുടെ നേതൃത്വത്തിലുള്ള ‘ഷീറോ’ വിജയിക്കാന്‍ തുടങ്ങിയിരുന്നു.

നെഹ്റു ട്രോഫി വള്ളംകളിയുടെ വോളന്റിയേഴ്സ് ആയി വന്ന പച്ച ഉടുപ്പുകാരെ അവിടെ എത്തിയവർക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. ഗ്രീന്‍ പ്രോട്ടോക്കോള്‍ സംരക്ഷിക്കാന്‍ ഓടി നടന്ന് ജോലി ചെയ്ത, അതിഥികളായെത്തിയവര്‍ക്കും കളി കാണാനെത്തിയവര്‍ക്കും ചായയും വെള്ളവും നല്‍കി, അങ്ങേയറ്റം മര്യാദയോടെ ജനങ്ങളെ നിയന്ത്രിച്ച ‘ഷീറോ’കള്‍ പലരുടേയും പ്രശംസയേറ്റ് വാങ്ങിയാണ് അവിടെ നിന്നും തിരികെ പോയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവരെ ഈ വേദിയില്‍ കാണാം. ഇവര്‍ കേരളത്തിന്റെ ‘ഷീറോ’കള്‍ ആണ്. അഞ്ച് വര്‍ഷം കൊണ്ട് ഒരു സാധാരണ കൂട്ടായ്മയ്ക്ക് എത്തിച്ചേരാന്‍ കഴിയാത്തത്ര വിജയങ്ങള്‍ നേടിയ ട്രാന്‍സ്ജന്‍ഡര്‍ കൂട്ടായ്മ. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ്, കാറ്ററിങ് യൂണിറ്റ്, വിവാഹ ബ്യൂറോ, ജൈവ ഭക്ഷ്യവസ്തുക്കളുടെ യൂണിറ്റ് അങ്ങനെ ഷീറോ കൈകാര്യം ചെയ്യുന്ന ബിസിനസ് സംരംഭങ്ങള്‍ നിരവധിയാണ്.

2015ലാണ് ‘ഷീറോ’യുടെ തുടക്കം. സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള പദ്ധതിയില്‍ ഒന്നു ചേര്‍ന്നവരാണ് ഇവരില്‍ ഏറെയും. എന്നാല്‍ സ്വന്തമായ ഒരു പ്ലാറ്റ്ഫോം ആണ് വേണ്ടതെന്ന് മനസ്സിലായപ്പോള്‍ അതില്‍ നിന്ന് പിരിഞ്ഞ് പ്രത്യേക യൂണിറ്റ് ആയി. അങ്ങനെയാണ് കേരളത്തിലെ, ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ കുടുംബശ്രീ യൂണിറ്റ് അരുണിമയുടെ നേതൃത്വത്തില്‍ ഉണ്ടാവുന്നത്. അവരതിന് ‘ഷീറോ’ എന്ന് പേര് നല്‍കി. മുപ്പത് അംഗങ്ങളുമായാണ് തുടക്കം. അതുവരെ സ്വത്വം വെളിപ്പെടുത്താതെ വീടുകള്‍ക്കുള്ളില്‍ ഒളിഞ്ഞവര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായി; വീട്ടിലും നാട്ടിലും അംഗീകരിക്കപ്പെടാതെ, പരിഹാസം പേറിയവരില്‍ ചിലര്‍ പുറത്തേക്ക് വരാതെ ‘ഷീറോ’യുടെ നിഴലായി നിന്നു.

“വേറിട്ട് നില്‍ക്കും എന്ന തീരുമാനമെടുത്തപ്പോള്‍ ഭീഷണികള്‍ നിരവധിയായിരുന്നു. വെട്ടിക്കൊല്ലും എന്ന് വരെ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ കൂടെയുണ്ടായിരുന്നപ്പോള്‍, ട്രാന്‍സ്ജന്‍ഡേഴ്സിന് കിട്ടിയിരുന്ന പ്രത്യേക ആനുകൂല്യങ്ങളെല്ലാം അവര്‍ക്കും കൂടി പ്രയോജനപ്പെടുമായിരുന്നു. ഞങ്ങള്‍ പ്രത്യേക ഗ്രൂപ്പ് ആയാല്‍ അത് അവര്‍ക്ക് കിട്ടില്ലല്ലോ. അതായിരുന്നു ഭീഷണിക്ക് പിന്നിലെ പ്രധാന കാരണം. പക്ഷെ ഞങ്ങള്‍ വേറിട്ട് തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു. മാനേജ്മെന്റ് സ്‌കൂളിലൊന്നും ഞങ്ങള്‍ പോയിട്ടില്ല. മനസ്സുകൊണ്ട് സ്ത്രീകളായ ഞങ്ങള്‍ക്ക് ബിസിനസ് നടത്താനാവുമോ എന്ന ആശങ്ക സംഘത്തിലെ പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ലിംഗപദവിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആശങ്കകള്‍ക്കിടയിലും ബിസിനസ് മുന്നോട്ട് കൊണ്ടുപോവാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഷീറോ തുടങ്ങിയത്. ഒരു കുടുംബശ്രീ യൂണിറ്റിന്റെ എല്ലാ നിയമങ്ങളും പ്രവര്‍ത്തനരീതികളും പ്രത്യേകതകളുമൊക്കെയുള്ള ഗ്രൂപ്പ് തന്നെയാണ് ഇതും. ഒന്നും സ്പെഷ്യല്‍ അല്ല. സ്പെഷ്യല്‍ ആയുണ്ടായിരുന്നത് ഞങ്ങളോടുള്ള മറ്റുള്ളവരുടെ സമീപനം മാത്രമായിരുന്നു. വാര്‍ഡ് എഡിഎസ്, സിഡിഎസ് പൊതുപരിപാടികളിലെല്ലാം ഞങ്ങളും പങ്കെടുത്തു”.

ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് ആണ് ഷീറോയുടെ ആദ്യസംരംഭം. കഞ്ഞിക്കുഴി സഹകരണ ബാങ്കില്‍ നടപ്പാക്കുന്ന ട്രാന്‍ജന്‍ഡര്‍ സൗഹൃദ പദ്ധതികളിലുള്‍പ്പെടുത്തിയായിരുന്നു ഇതിന്റെ തുടക്കം. വിവാഹങ്ങള്‍ക്ക് വിളമ്പല്‍ ജോലിയില്‍ തുടങ്ങി കാറ്ററിങ് സര്‍വീസ് വരെ അത് എത്തി. ഇതിനോടകം ഒമ്പത് വിവാഹ ചടങ്ങുകള്‍ ഷീറോ ഏറ്റെടുത്ത് നടത്തി.

“ഒരേ യൂണിഫോമില്‍ വിവാഹങ്ങള്‍ക്ക് വിളമ്പാന്‍ പോയാണ് തുടക്കം. ഇപ്പോഴും അത് തുടരുന്നുണ്ട്. രണ്ട് ടീം ആണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പില്‍ ഉള്ളത്. 30 പേര്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളും അതിന് രണ്ട് സൂപ്പര്‍വൈസര്‍മാരും. വിവാഹത്തിന്റെ ക്ഷണക്കത്ത് അടിച്ചു നല്‍കുന്നത് മുതല്‍ ഭക്ഷണകാര്യങ്ങള്‍ വരെ ഞങ്ങള്‍ തന്നെ നോക്കും. ഇപ്പോള്‍ നിരവധി പേര്‍ ഞങ്ങളെ അന്വേഷിച്ച് എത്തുന്നുണ്ട്”. ഇതിന് പുറമെ അനേകം പൊതുപരിപാടികളുടെ സംഘാടനവും നടത്തിപ്പും ഷീറോ ഭംഗിയായി നിര്‍വ്വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടി പരിപാടികളുള്‍പ്പെടെ ഷീറോകളുടെ കൈകളില്‍ വരുന്നു. “സ്വന്തമായി അധ്വാനിച്ച് കയ്യില്‍ കാശ് വരുമ്പോഴുണ്ടാവുന്ന ആത്മവിശ്വാസമാണ് ഏറ്റവും വലുത്. ആദ്യമൊക്കെ ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. പൊതുസമൂഹം അംഗീകരിക്കുമോ എന്ന ചിന്ത അലട്ടിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും ജില്ല ഭരണകൂടത്തിന്റെയും അളവറ്റ പിന്തുണ ഞങ്ങള്‍ക്ക് കിട്ടി. പിടിച്ച് കയറാന്‍ അത് വലിയ സഹായമായി. ഷീറോ എന്ന സ്ഥാപനം തുടങ്ങിയിട്ട് ഇതേവരെ അതിലെ അംഗങ്ങള്‍ക്ക് വെറുതെയിരിക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പുറകെ ഒന്നായി വിവാഹങ്ങളും കാറ്ററിങ് ജോലികളും, പൊതുപരിപാടികളുടെ സംഘാടനവും എല്ലാം ഞങ്ങളെ തേടിയെത്തിക്കൊണ്ടേയിരിക്കുന്നു. പരാതികളില്ലാത്ത വിധം അത് ഭംഗിയായി നടത്താന്‍ കഴിയുന്നുണ്ട്. അതിനാല്‍ കൂടുതല്‍ പേര്‍ ഞങ്ങളെ അന്വേഷിച്ച് വരുന്നു. ആലപ്പുഴക്കാര്‍ ഞങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ഇവിടെയുള്ളവര്‍ വലിയ സ്വീകാര്യതയാണ് തരുന്നത്. ഞങ്ങളുടെ ഓരോ പ്രവര്‍ത്തികളും അംഗീകരിക്കുകയും പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളത് ഭാഗ്യമാണ്. വിവാഹം കഴിഞ്ഞ്, ഞങ്ങളുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് ഇനിയും ഞങ്ങളെത്തന്നെ ഫങ്ഷനുകള്‍ ഏല്‍പ്പിക്കും എന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്” അരുണിമ പറഞ്ഞു.

നെഹ്റുട്രോഫി വള്ളംകളിയായിരുന്നു ഷീറോകളുടെ വലിയ വിജയം. വള്ളംകളി സമയത്ത് ഇവര്‍ തുറന്ന കാന്റീന്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. ജില്ലാ ഭരണാധികാരികളും വള്ളംകളി സംഘാടകരും ഷീറോകളെ പ്രശംസിച്ചു. “കാന്റീന്‍ തുറന്നതിന് പുറമെ ഞങ്ങളില്‍ ചിലര്‍ വോളന്റിയേഴ്സുമായിരുന്നു. എല്ലാവര്‍ക്കും കുപ്പിവെള്ളം വിതരണം ചെയ്യുക, പ്രദേശത്ത് പ്ലാസ്റ്റിക് ഉപേക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, ആളുകളെ നിയന്ത്രിക്കുക അങ്ങനെ പലവിധ ഉത്തരവാദിത്തങ്ങള്‍ ജില്ലാ ഭരണകൂടം ഞങ്ങളെ ഏല്‍പ്പിച്ചു. അതും വൃത്തിയായി ഞങ്ങള്‍ നടപ്പാക്കി. ചില ആളുകള്‍ ഞങ്ങള്‍ പറയുന്നത് അനുസരിക്കാന്‍ തയ്യാറായെങ്കിലും ചിലരില്‍ നിന്ന് മോശം പെരുമാറ്റവും ഉണ്ടായി. ‘ഭ്രാന്തുണ്ട?’ എന്ന് ഓപ്പണ്‍ ആയി ചോദിച്ചവര്‍ വരെയുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് കൃത്യസമയത്ത് മറുപടിയും നല്‍കി. അത്രയും വലിയ ഇവന്റില്‍ പങ്കാളികളാവാന്‍ പറ്റുകയും ഞങ്ങളുടെ ഭക്ഷണത്തെക്കുറിച്ചും വര്‍ക്കുകളെക്കുറിച്ചും ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞതുമാണ് ഇത്രയും നാളുകള്‍ക്കിടയില്‍ ലഭിച്ച വലിയ വിജയം.”

ട്രാന്‍സ്ജന്‍ഡറുകള്‍ക്കും അല്ലാത്തവര്‍ക്കുമായി വിവാഹബ്യൂറോയാണ് ഷീറോയുടെ മറ്റൊരു സംരംഭം. “വളരെ നല്ല രീതിയിലാണ് ഷീറോ മാര്യേജ് ബ്യൂറോയുടെ പ്രവര്‍ത്തനം മുന്നോട്ട് പോവുന്നത്. നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ ധാരാളമാളുകളുടെ വിവാഹം ഷീറോയിലൂടെ തന്നെ നടക്കുകയും ചെയ്തു. മറ്റുള്ളവരെപ്പോലെ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് പങ്കാളിയെ ലഭിക്കുക എളുപ്പമല്ല. അതിനാല്‍ ട്രാന്‍സ്ജന്‍ജറുകള്‍ക്കും നല്ല പങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്യുന്നതിനുള്ള സേവനങ്ങളാണ് പ്രധാനമായും ബ്യൂറോ വഴി നടപ്പാക്കുന്നത്. ഈ ശ്രമം മികച്ച ഫലം കാണുന്നുമുണ്ട്.”

സംഘത്തിലെ വരദ, ബാല, വാണി എന്നിവര്‍ ചേര്‍ന്നാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. സ്വയംസഹായ സംഘങ്ങളില്‍ നിന്നും കുടുംബശ്രീ വഴിയും പച്ചക്കറി വിത്തുകള്‍ ശേഖരിച്ച് വീട്ടുപറമ്പില്‍ തന്നെ കൃഷിയാരംഭിച്ചു. വിളവ് അടുത്തുള്ള മാര്‍ക്കറ്റുകളില്‍ വില്‍ക്കും. ഇതിന് പുറമെ കൃഷി സംബന്ധിച്ച അറിവുകള്‍ കൈമാറുന്നതിനും സംശയങ്ങള്‍ പരിഹരിക്കുന്നതിനുമായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങി.

ഇനി ട്രാന്‍സ്ജന്‍ഡറുകള്‍ക്കായി ഒരു ഷെല്‍ട്ടര്‍ ഹോം ആരംഭിക്കണമെന്നതാണ് ഷീറോയുടെ പദ്ധതി. “വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട, നാട്ടില്‍ നില്‍ക്കാന്‍ ഇടം ലഭിക്കാത്ത ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് തങ്ങാനായി ഷെല്‍ട്ടര്‍ ഹോം. അതിനുള്ള ആലോചനകള്‍ നടക്കുന്നു. സര്‍ക്കാരില്‍ നിന്നുള്ള സഹായമുണ്ട്. പക്ഷെ അത് ഞങ്ങളിലേക്ക് എത്തിച്ചേരാന്‍ കുറച്ച് കഷ്ടപ്പെടണം. ട്രാന്‍സ്ജന്‍ഡര്‍ ബോര്‍ഡ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഒരു സഹായവും ഞങ്ങളിലേക്കെത്തുന്നില്ല. സാമൂഹിക നീതി വകുപ്പില്‍ നിന്ന് സഹകരണമില്ല. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചുമെല്ലാം ഞങ്ങളെ അറിയിക്കേണ്ട അവര്‍ അത് ചെയ്യാറുമില്ല. ഒറ്റയ്ക്കാണ്. അല്ലെങ്കില്‍ ഒറ്റയ്ക്കായ സമൂഹത്തിന്റെ പോരാട്ടമാണ്. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഞങ്ങള്‍ തന്നെ കണ്ടെത്തി മുന്നേറണമെന്ന അറിവുണ്ട്. അത് അനുഭവത്തില്‍ നിന്ന് പഠിച്ചതാണ്. ജീവനുള്ള കാലത്തോളം പോരാടും. ഒന്നുകൊണ്ടും ഞങ്ങള്‍ തളരില്ല.” ഷീറോകള്‍ പറഞ്ഞ് നിര്‍ത്തി.

ആലപ്പുഴ കളക്ട്രേറ്റിന് മുന്നില്‍ കാന്റീന്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന ജില്ലാ കളക്ടറുടെ ഉറപ്പ് ഇവര്‍ക്ക് കൂടുതല്‍ ധൈര്യം പകരുന്നു. ഇനിയും സ്വത്വം വെളിപ്പെടുത്താത്ത ട്രാന്‍സ്ജന്‍ഡറുകളെയും ജീവിതോപാധിയും പ്രചോദനവും നല്‍കി പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. ആലപ്പുഴില്‍ തുടങ്ങിയ ഷീറോയുടെ യൂണിറ്റുകള്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനിരിക്കുകയാണിവര്‍.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍