UPDATES

‘ഞെളിഞ്ഞിരിക്കാനല്ല, ഒന്നു നടു നിവര്‍ത്താന്‍’; ആ പെണ്ണുങ്ങളുടെ ഇരിക്കല്‍ സമരം വിജയിച്ചിരിക്കുന്നു

മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാന്‍ നിയമം ഭേദഗതി ചെയ്യപ്പെടുമ്പോള്‍ നമ്മള്‍ ഓര്‍മ്മിക്കേണ്ടത് അസംഘടിത തൊഴിലാളി യൂണിയന്‍ നടത്തിയ സമരങ്ങളെ

‘ഞെളിഞ്ഞിരിക്കാനല്ല, ഒന്നു നടു നിവര്‍ത്താന്‍’ 2015ല്‍ തൃശൂര്‍ കല്യാണ്‍ സില്‍ക്സിന് മുന്‍പില്‍ സമരമിരുന്ന ആറ് വനിതാ ജീവനക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു ഇത്. 2014 ഡിസംബര്‍ 30നു ആരംഭിച്ച സമരം നൂറില്‍ അധികം ദിവസമാണ് നീണ്ടു നിന്നത്. അതിനും മുന്‍പ് കോഴിക്കോട് മിഠായി തെരുവിലാണ് ഇരിക്കല്‍ സമരത്തിന് തുടക്കമിട്ടത്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിച്ച ഈ സമരത്തിന് പിന്നാലെയാണ് ‘അസംഘടിത മേഖല തൊഴിലാളി യൂണിയ’ന് (AMTU-Kerala) രൂപം കൊള്ളുന്നത്.

കോഴിക്കോട് മിഠായി തെരുവിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെണ്‍കൂട്ടില്‍ നിന്നാണ് അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ രൂപം കൊള്ളുന്നത്. 2010-ല്‍ പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ നടന്ന മൂത്രപ്പുര സമരം ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. മിഠായിത്തെരുവിലെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മൂത്രപ്പുര സൗകര്യം പോലും ഇല്ലാത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഈ സമരം നടന്നത്. കൂപ്പണ്‍ മാള്‍ സമരം, ഇരിക്കല്‍ സമരം എന്നിവ തുടര്‍ന്നു സംഘടിപ്പിച്ചു.

മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാന്‍ നിയമം ഭേദഗതി ചെയ്യപ്പെടുമ്പോള്‍ നമ്മള്‍ ഓര്‍മ്മിക്കേണ്ടതും ഇവരെയൊക്കെയാണ്.

കല്യാണ്‍ സില്‍ക്ക്സ് സമരക്കാരില്‍ ഒരാളും അസംഘടിത തൊഴിലാളി യൂണിയന്‍ അംഗവുമായ മായാദേവി 2015 മാര്‍ച്ച് 20നു അഴിമുഖത്തില്‍ ഇങ്ങനെ എഴുതി, “തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ അതിപാരമ്യതയിലാണ് ഞങ്ങള്‍ സ്ത്രീകള്‍ സമരമുഖത്തേക്ക് എത്തപ്പെട്ടത്. എന്താണ് ഇന്നത്തെ ടെക്‌സ്റ്റൈല്‍ മേഖലയിലെ തൊഴിലാളികളുടെ അവസ്ഥ? നിര്‍ദ്ധനരും വിദ്യാഭ്യാസം കുറഞ്ഞവരുമായ വീട്ടമ്മമാരാണ് ഈ മേഖലകളില്‍ പണിയെടുക്കുന്നവരില്‍ അധികവും. ഇവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുകയാണ് ഇത്തരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍. 8 മണിക്കൂര്‍ ജോലി ചെയ്യാന്‍ നിയമമുള്ള നമ്മുടെ നാട്ടില്‍ 12 മണിക്കൂര്‍ മുതല്‍ മുകളിലോട്ടാണ് പലപ്പോഴും പണിയെടുക്കേണ്ടി വരുന്നത്. അടിസ്ഥാന ശമ്പളം 7200 രൂപ ഉള്ളപ്പോള്‍ തന്നെ 4000 നും 5000 നും ജോലി ചെയ്യുന്നു. എന്തെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ ഉള്ള ജോലി കൂടി നഷ്ടമാകുമെന്ന് ഭയന്ന്, എല്ലാം സഹിച്ചാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. രാത്രി 7 മണിക്കു ശേഷം സ്ത്രീകളെ കൊണ്ട് ജോലി ചെയ്യിക്കരുത് എന്ന് നിയമമുള്ള നമ്മുടെ നാട്ടില്‍ 8 മണിക്കു ശേഷവും ജോലി ചെയ്യുന്ന സ്ത്രീകള്‍ ഈ അസംഘടിതമേഖലയില്‍, പ്രത്യേകിച്ച് ടെക്‌സ്റ്റൈല്‍ മേഖലയിലുണ്ട്.”

Read More: എതിര്‍പ്പ് വിലപ്പോയില്ല; സ്ത്രീപക്ഷ തൊഴിലാളി സംഘടനയ്ക്ക് രജിസ്ട്രേഷനായി

മായാദേവി തുടരുന്നു; “ഒരര്‍ത്ഥത്തില്‍ ഞങ്ങളുടെ സമരം 95% വിജയമാണ്. ഞങ്ങളുടെ ശമ്പളം മിനിമം 7200 രൂപയായി വര്‍ദ്ധിപ്പിച്ചു. ഭക്ഷണസ്ഥലം ശുചീകരിച്ചു. ഞങ്ങളുടെ ജോലി സമയം 7 മണിയായി. ഇരിക്കാന്‍ സ്റ്റൂള്‍ അനുവദിച്ചു. ഇനി ഞങ്ങളുടെ സ്ഥലംമാറ്റം മാത്രം പിന്‍വലിച്ചാല്‍ മതി. അതിനായി ഞങ്ങള്‍ അവസാനം വരെ പരിശ്രമിക്കും. എന്തുകൊണ്ടെന്നാല്‍ അസംഘടിതമേഖലയിലെ 60 ലക്ഷത്തോളം വരുന്ന സ്ത്രീപുരുഷ ജീവനക്കാര്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സമരം.”

2015ല്‍ ആലപ്പുഴ സീമാസിലും സമാനമായ സമരം ഇറങ്ങി. ആ സമരത്തിന് സി പി എമ്മിന്റെ പിന്തുണ കിട്ടുകയും ടി എം തോമസ് ഐസക് അടക്കമുള്ള നേതാക്കള്‍ രംഗത്തിറങ്ങുകയും ചെയ്തു.

കടകളില്‍ ദീര്‍ഘനേരം നിന്നു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലിക്കിടെ ഇരിക്കുന്നതിന് സൌകര്യം ഒരുക്കണമെന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്. കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ മറ്റൊരു ചുവടുവെപ്പു കൂടിയാവുകയാണ് ഈ നിയമ നിര്‍മ്മാണം.

Read More: സ്ത്രീകളുടേതല്ലാത്ത തൊഴിലിടങ്ങളും കല്യാണ്‍ സ്വാമിമാരും; മാറ്റം വന്നേ പറ്റൂ

ബില്ലില്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന ഭേദഗതികള്‍ താഴെ പറയുന്നു.

1) ഏജന്‍സികള്‍ വഴി റിക്രൂട്ട് ചെയ്യുന്ന ഏതു വിഭാഗം തൊഴിലാളികളെയും തൊഴിലാളി എന്ന നിര്‍വ്വചനത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ കൂടുതല്‍ വിഭാഗങ്ങളെ വിജ്ഞാപനത്തിലൂടെ തൊഴിലാളി എന്ന പദത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ.

2) ആഴ്ചയില്‍ ഒരു ദിവസം കടകള്‍ പൂര്‍ണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.

3) സ്ത്രീ തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ, താമസസ്ഥലത്തേക്കുള്ള യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തുക്കൊണ്ട് രാത്രി 9 മണിവരെ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന ഭേദഗതി. നിലവില്‍ വൈകിട്ട് 7 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെ സ്ത്രീതൊഴിലാളികളെ ജോലിചെയ്യിക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. എന്നാല്‍ 7 മണിക്കുശേഷം 2 സ്ത്രീതൊഴിലാളികള്‍ ഉള്‍പ്പെടെ 5 തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പ് ആയി മാത്രമേ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈഗിംക അതിക്രമങ്ങള്‍ തടയന്നതിന് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമത്തില്‍ V അദ്ധ്യായത്തിനുശേഷം V A എന്ന പുതിയ ഒരു അദ്ധ്യായം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Read More: ഞെളിഞ്ഞിരിക്കാനല്ല; ഒന്നു നടു നിവര്‍ത്താന്‍-80 ദിവസം പിന്നിടുന്ന കല്യാണ്‍ ഇരിപ്പ് സമരം

5) കടകളില്‍ ദീര്‍ഘനേരം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഇരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന വ്യവസ്ഥ.

6) നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുക വര്‍ദ്ധിപ്പിക്കുന്ന വ്യവസ്ഥ. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപന ഉടമകള്‍ക്കുള്ള പിഴ തുക (ഓരോ വകുപ്പിനും) 5000 രൂപയില്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്തി. ആവര്‍ത്തിച്ച് നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള പിഴ തുക 10000 രൂപയില്‍ നിന്ന് 2 ലക്ഷം രൂപയാവും. എന്നാല്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു തൊഴിലാളിക്ക് 2500 എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക.

7) കേരള ഷോപ്‌സ് & കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം സ്ഥാപന ഉടമ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്നതിന് സ്ഥാപന ഉടമയ്ക്ക് അനുമതി നല്‍കുന്ന വ്യവസ്ഥ.

Read More: അവര്‍ക്ക് വേണ്ടത് അടിമകളെയാണ്; അവകാശങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ഇറക്കിവിടും

നിയമത്തിലെ പുതിയ ഭേദഗതികള്‍ നടപ്പില്‍ വരുന്നതോടെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും എന്നു കരുതാം. അതോടൊപ്പം സ്ത്രീ തൊഴിലില്ലായ്മയുടെ കാര്യത്തിലുള്ള പിന്നോക്കാവസ്ഥയുടെ കാര്യത്തിലും ഇത് ചില മാറ്റങ്ങള്‍ ഉണ്ടാക്കും എന്നു കരുതാം.

സെന്‍റര്‍ ഫോര്‍ പബ്ലിക് പോളിസി റിസെര്‍ച്ചിലെ ഗവേഷക സാറാ ജോണ്‍ അഴിമുഖത്തില്‍ എഴുതുന്നു; “ലേബർ ബ്യൂറോ ഡാറ്റ (2015-16) കണക്കുകൾ പ്രകാരം ഇന്ത്യയിൽ പുരുഷന്മാരുടെ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് (Labour Force Participation Rate) 75 ശതമാനമാണ്. എന്നാൽ, സ്ത്രീകളുടെ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് 23.7 ശതമാനം മാത്രമാണ് എന്നതു നിരാശാജനകമാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) സ്ത്രീ തൊഴിൽശക്തി പങ്കാളിത്ത (Female Labour Force Participation) പട്ടികയിൽ (2013) ഉൾപ്പെട്ട 131 രാജ്യങ്ങളിൽ, ഇന്ത്യക്കു ലഭിച്ച 121-ആം റാങ്കു ആഗോളതലത്തിൽ രാജ്യം വളരെ പിന്നിലാണെന്നു സൂചിപ്പിക്കുന്നു.”

“കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഇക്കണോമിക് റിവ്യൂ (2016) പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി തൊഴിൽ അന്വേഷിക്കുന്നവരിൽ 60 ശതമാനം സ്ത്രീകളാണ്. കേരളത്തിലെ സ്ത്രീ തൊഴിലില്ലായ്മ നിരക്ക് 14.1 ശതമാനമാണെങ്കിൽ, പുരുഷ തൊഴിലില്ലായ്മ നിരക്ക് 2.9 ശതമാനമാണ് എന്ന് ദേശീയ സാമ്പിൾ സർവെ (NSS) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.”

പുതിയ നിയമ ഭേദഗതി എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള ഒറ്റമൂലി ആവില്ലെങ്കിലും ആരോഗ്യകരമായ ഒരു തൊഴില്‍ സംസ്സ്കാരത്തിലേക്ക് കേരളത്തെ അടുപ്പിക്കാന്‍ ഉതകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒപ്പം ‘സ്ത്രീകൾക്ക് നിലവിലുള്ള തൊഴിലവസരങ്ങളിൽ ചരിത്രപ്രധാനമായ മാറ്റം സൃഷ്ടിക്കാനു’ള്ള അവസരമായും ഇത് മാറും.

Read More: സ്ത്രീകള്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ രാത്രി വിലക്ക് എന്തിന്?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍