UPDATES

ട്രെന്‍ഡിങ്ങ്

അഭിമന്യു… നീ അത്രമേല്‍ പ്രിയമായിരുന്ന സഖാവ് ബ്രിട്ടോ യാത്രയായിരിക്കുന്നു

മഹാരാജാസ് കോളേജ് കാമ്പസില്‍ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍, ആ വേര്‍പാട് ഏറ്റവും അധികം തളര്‍ത്തിയ ഒരാള്‍ ആയിരുന്നു സൈമണ്‍ ബ്രിട്ടോ

സൈമണ്‍ ബ്രിട്ടോ; ആ പേരോളം അതിജീവിനം എന്ന വാക്ക് മറ്റൊന്നിനോടും ചേരുമെന്നു തോന്നുന്നില്ല. ജീവിതം ഒരു വീല്‍ച്ചെയറിലേക്ക് ഒതുങ്ങിയപ്പോഴും തളരാതെ മുന്നോട്ടു നീങ്ങിയ ജീവിതമായിരുന്നല്ലോ സഖാവ് ബ്രിട്ടോയുടേത്. പോരാട്ടത്തിന്റെ വീറും വാശിയും ഒരിക്കല്‍ പോലും ഉപേക്ഷിക്കാന്‍ തയ്യാറാകാതെ, വെല്ലുവിളിച്ചും തനിക്കു പറയാനുള്ളത് വിളിച്ചു പറഞ്ഞും തന്നെ ജീവിതം ജീവിച്ചു തീര്‍ത്ത ബ്രിട്ടോ ഒരിട നേരമെങ്കിലും തളര്‍ന്നുപോയത് ഒരു മരണ വാര്‍ത്ത കേട്ട് മാത്രമായിരിക്കണം.

മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍, ആ വേര്‍പാട് ഏറ്റവും അധികം തളര്‍ത്തിയ ഒരാള്‍ ആയിരുന്നു സൈമണ്‍ ബ്രിട്ടോ. അതേ കോളേജില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ നേര്‍ക്കുയര്‍ന്ന കൊലക്കത്തികളെ ഓര്‍ത്തുമാത്രമായിരുന്നില്ല ബ്രിട്ടോ അഭിമന്യുവിനെ ഓര്‍ത്ത് വിതുമ്പിയത്. അത്രമേല്‍ പ്രിയപ്പെട്ടൊരാള്‍ ആയിരുന്നു ബ്രിട്ടോയ്ക്ക് അഭിമന്യു എന്നതുകൊണ്ടായിരുന്നു. അഭിമന്യുവിന്റെ വിയോഗവാര്‍ത്തയറിഞ്ഞ അടുത്ത നിമിഷം തൊട്ട് ബ്രിട്ടോ മഹാരാജാസ് കാമ്പസില്‍ ഉണ്ടായിരുന്നു. അഭിമന്യുവിന്റെ മൃതശരീരം തന്റെ മുന്നിലേക്ക് എത്തിച്ചപ്പോള്‍ ബ്രിട്ടോ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നില്ല, പകരം നിശ്ചലനായി കിടന്ന അഭിമന്യുവിന്റെ നെറ്റിയില്‍ ചുംബിക്കുകയായിരുന്നു.

തന്റെ വീട്ടിലെ ഒരംഗം എന്നായിരുന്നു എന്നായിരുന്നു ബ്രിട്ടോ അഭിമന്യുവിനെ കുറിച്ച് പറഞ്ഞത്. മഹാരാജാസിന്റെ തണലില്‍ ഇരുന്ന് ബ്രിട്ടോ അന്നു പറഞ്ഞു; ‘ഇത്രയും നല്ല ഒരു കുട്ടിയെ കാണാനുണ്ടാവില്ല. അത്രയും പാവമായിരുന്നു. അവധി ദിവസമായാലും നാട്ടിലേക്ക് പോവാത്തപ്പോള്‍ ഞാന്‍ ചോദിക്കാറുണ്ട്. ‘പൈസ വേണ്ടേ സഖാവേ’ എന്നാണ് അവന്‍ പറയുക. ഒട്ടും പണമില്ലായിരുന്നു അവന്റെ കയ്യില്‍. കടുത്ത ദാരിദ്ര്യം മാത്രം. എന്റെ യാത്രാവിവരണ പുസ്തകം അവനാണ് എഴുതി സഹായിച്ചിരുന്നത്. അതിനായി വീട്ടില്‍ വരും. വട്ടവടയിലേക്ക് പോവാത്ത വെള്ളിയാഴ്ചകളില്‍ എന്റെ വീട്ടിലേക്ക് പോരും. സീന അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. അത് കഴിക്കുമ്പോഴും ‘ആ ഹോസ്റ്റലിലെ ബാക്കിയുള്ളവരാരും കഴിച്ചിട്ടുണ്ടാവില്ല’ എന്ന് പറഞ്ഞു കൊണ്ടേ അവനത് കഴിക്കാറുള്ളൂ. അത്രയും നല്ല മനസ്സായിരുന്നു’. ധീരനായൊരു വിപ്ലവകാരിയുടെ ഈ വാക്കുകള്‍ വൈകാരികമായിരുന്നു.

താന്‍ നടത്തിയ യാത്രകളെ കുറിച്ച് ഒരു യാത്ര വിവരണം എഴുതാന്‍ തീരുമാനിച്ച ബ്രിട്ടോ, താന്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ കേട്ട് പകര്‍ത്താനായി നടത്തിയ അന്വേഷണത്തിലാണ് അഭിമന്യുവിനെ കണ്ടുമുട്ടുന്നത്. മഹാരാജാസില്‍ പഠിക്കാനെത്തിയ വട്ടവടക്കാരന്‍ അഭിമന്യു എന്ന പയ്യന്‍ അപ്പോള്‍ മുതല്‍ ബ്രിട്ടോയുടെ മനസില്‍ സ്ഥാനം പിടിച്ചു. ആ വീട്ടിലെ ഒരാളിയാ മാറി. ബ്രിട്ടോയുടെ പ്രിയപ്പെട്ടവനായി. ബ്രിട്ടോയെപോലൊരാളുടെ കൂടെ നില്‍ക്കണമെങ്കില്‍ അപാരമായ ക്ഷമാശക്തിയും സഹനവും വേണമായിരുന്നു, പക്ഷേ അഭിമന്യു ബ്രിട്ടോയെ കീഴടക്കുകയായിരുന്നുവെന്നാണ് ഭാര്യ സീന അവരുടെ ബന്ധത്തെക്കുറിച്ച് പറയുന്നത്. ആഭിമന്യുവിന്റെ എഴുത്തിലാണ് ബ്രിട്ടോ അത്ഭതപ്പെട്ടത്. തമിഴ് പശ്ചാത്തലത്തില്‍ നിന്നായിരുന്നു അഭിമന്യു വരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും തമിഴ് മീഡിയത്തില്‍. മലയാളം പിന്നീട് പഠിച്ചെടുക്കുകയായിരുന്നു. നല്ല വൃത്തിയായി വലുതാക്കി അഭിമന്യു മലയാളം എഴുതുമായിരുന്നു. ബ്രിട്ടോയുടെ സംസാരം വേഗത്തിലായിരുന്നു. അതു പിന്‍തുടര്‍ന്ന് എഴുതിയെടുക്കുക എന്നതു സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. അഭിമന്യു പക്ഷേ, ബ്രിട്ടോ പറയുന്ന അതേ വേഗത്തില്‍ എഴുതി. അതും മനോഹരമായി. ബ്രിട്ടോ ഇക്കാര്യം പലവട്ടം പലരോടും പറഞ്ഞിട്ടുണ്ട്.

ആഴ്ച്ചയില്‍ മൂന്നു ദിവസത്തോളം അഭിമന്യു തങ്ങളുടെ വീട്ടില്‍ എത്തുമെന്നായിരുന്നു ബ്രിട്ടോ പറഞ്ഞത്. വ്യാഴം മുതല്‍ ശനി വരെ കാണും. ഞായര്‍ വീട്ടില്‍ പോകും. ഈ ദിവസങ്ങളില്‍ അവന് സന്തോഷവാനായിരുന്നുവെന്നും ബ്രിട്ടോ ഓര്‍മിച്ചിരുന്നു. കാരണം, മൂന്നു ദിവസത്തോളം ഞങ്ങളുടെ വീട്ടില്‍ നിന്നും കഴിക്കാം, പിന്നെയവന്‍ അവന്റെ വീട്ടില്‍ പോകും. തിങ്കളാഴ്ച വരുമ്പോള്‍ വീട്ടില്‍ നിന്നും ചോറു പൊതിഞ്ഞു കൊണ്ടുവരും. വയറ് നിറച്ച് ആഹാരം കഴിക്കാന്‍ കഴിവില്ലാത്തൊരു കുഞ്ഞായിരുന്നു അഭി. അതവന്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഞനെന്റെ വയറ് നിറഞ്ഞ് ഭക്ഷണം കഴിച്ചിട്ടില്ല ചേച്ചീയെന്ന് സീനയോടു പറയുമായിരുന്നു. അഭിയെ പോലുള്ള കുട്ടികള്‍ വീട്ടില്‍ വരുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും ഇറച്ചിയോ മറ്റോ വാങ്ങി വച്ചു കൊടുക്കാന്‍ ബ്രിട്ടോ തന്നോടു പറയാറുണ്ടായിരുന്നുവെന്ന സീനയും ഓര്‍ക്കുന്നു.

അഭിമന്യുവിനു വേണ്ടി നിരന്തരം ബ്രിട്ടോ സാംസാരിച്ചുകൊണ്ടിരുന്നു. ആ കൊലപാതകം മറന്നു കളയല്ലേയെന്നും അവഗണിക്കരുതേയെന്നും ബ്രിട്ടോ കേരള സമൂഹത്തോട് ആവിശ്യപ്പെട്ടു കൊണ്ടേയിരുന്നു.

അഭിമന്യുവിന് പിന്നാലെ ഇപ്പോള്‍ സൈമണ്‍ ബ്രിട്ടോയും പോയിരിക്കുന്നു. ഒരുപക്ഷേ, അഭിമന്യു ഉണ്ടായിരുന്നെങ്കില്‍, ബ്രിട്ടോ യാത്ര പറയുമ്പോള്‍ ഏറ്റവുമധികം വേദനിക്കുന്നൊരാള്‍ അഭിമന്യുവായിരിക്കും. കാരണം, അവനും അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നല്ലോ ആ സഖാവ്. കൂടെ നിര്‍ത്തി, കരുതല്‍ നല്‍കി, വിശപ്പ് മാറുവോളം ഭക്ഷണം നല്‍കി തന്നെ സ്‌നേഹിച്ച ഒരു മനുഷ്യന്റെ വിയോഗം അഭിമന്യുവിനെപോലൊരു നിഷ്‌കളങ്ക ഹൃദയത്തിന് താങ്ങാന്‍ കഴിയാതെ വരുമായിരുന്നു. പക്ഷേ, അഭിമന്യു ആദ്യം പോയി, ഇപ്പോള്‍ ബ്രിട്ടോയും. ഒരേ വര്‍ഷം ആ രണ്ട് സഖാക്കന്മാരും നഷ്ടമായിരിക്കുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍