UPDATES

സഭ അന്നെന്നെ ഭ്രാന്തിയാക്കി; ഇന്ന് പിന്തുണയുമായി മറ്റ് കന്യാസ്ത്രീകള്‍; ഇത് ചരിത്രമുഹൂര്‍ത്തം

സഭയ്ക്കുള്ളിലെ മീ ടു ക്യാംപയിന് തുടക്കമിട്ട സിസ്റ്റര്‍ ജെസ്മി സംസാരിക്കുന്നു

അന്താരാഷ്ട്ര തലത്തില്‍ മീ ടൂ ക്യാമ്പെയിനുകള്‍ ആരംഭിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കന്യാസ്ത്രീയായിരിക്കെ അനുഭവിക്കേണ്ടി വന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ തുറന്നെഴുതിയ വ്യക്തിയാണ് സിസ്റ്റര്‍ ജെസ്മി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കെലിനെതിരെയുള്ള പീഡനക്കേസില്‍ അതിജീവിച്ച കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം കന്യാസ്ത്രീകള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിനു മുന്നിലെത്തിയ ജനകീയ കൂട്ടായ്മയില്‍ പങ്കെടുത്തു കൊണ്ട് തന്റെ നിലപാടുകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് സിസ്റ്റര്‍ ജെസ്മി.

2008-ല്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പുറത്ത് പറയാനും ‘ആമേന്‍’ എന്ന പുസ്തകം എഴുതാനുമുണ്ടായ സാഹചര്യം എന്തായിരുന്നു?

ഗത്യന്തരമില്ലാതെയാണ് ഞാന്‍ എന്റെ ദുരനുഭവങ്ങള്‍ പുറത്ത് പറയാന്‍ തയാറായത്. ഞാനൊരു ഭ്രാന്തിയാണെന്നും അതുകൊണ്ട് സെന്റ്. മേരീസ് പ്രിന്‍സിപ്പല്‍ മഠവും കോളേജും ഉപേക്ഷിച്ച് പോകുന്നുവെന്നുമാണ് അന്ന് ബിഷപ്പ് പത്രമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു ഭ്രാന്തിക്ക് ഭക്ഷണം നല്‍കാനും തങ്ങാനിടം നല്‍കാനും ഇവിടെ ആര് തയാറാകും? അങ്ങനെയൊരു ലേബലോട് കൂടിയാണ് ഞാന്‍ പുറത്തിറങ്ങുന്നത്. വല്ലാത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് അന്ന് കടന്നുപോയത്. എന്റെ അമ്മയെ ഒരു നോക്ക് കണ്ടതിന് ശേഷം മൂന്ന് മാസത്തേക്ക് ഞാന്‍ ആരെയും കാണാനോ സംസാരിക്കാനോ തയാറായിരുന്നില്ല. പക്ഷേ ഭ്രാന്തില്ല എന്ന് എനിക്ക് എല്ലാവരോടും പറയണമായിരുന്നു. വല്ലാത്ത ട്രോമയിലൂടെയായിരുന്നു ഞാന്‍ കടന്നു പോയത്. അവസാന നാളുകളില്‍ എന്റെ അമ്മ ചോദിച്ചത്, നീ എങ്ങനെ ഒരു ഭ്രാന്തിയായില്ല എന്നാണ്. അത്രമാത്രം മാനസിക സമ്മര്‍ദങ്ങള്‍ എനിക്ക് ഉണ്ടായി. പക്ഷേ ഇന്ന് അതേ അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ പറഞ്ഞാല്‍ എനിക്കത് സഹിക്കാന്‍ കഴിയില്ല. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് എന്റെ അനുഭവങ്ങള്‍ എഴുതുമോ എന്ന ചോദ്യം ഒരാളില്‍ നിന്ന് ഉണ്ടാകുന്നത്. എഴുതണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ രവി ഡിസി പ്രസിദ്ധീകരിക്കാന്‍ തയാറായി വരികയായിരുന്നു.

കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകളില്‍ നിന്നുള്ള പിന്തുണ അന്ന് എത്രത്തോളം ലഭിച്ചിരുന്നു?

എ ഡോള്‍സ് ഹൗസ് എന്ന നാടകത്തില്‍ നോറ എന്ന കഥാപാത്രം കുടുംബത്തെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുന്നത് യൂറോപ്പ് ഒട്ടാകെ കുലുക്കി എന്നാണ് പറയുന്നത്. അതുപോലെ എന്റെ തുറന്നു പറച്ചില്‍ അങ്ങനൊരു കുലുക്കമാണ് ഉണ്ടാക്കിയത്. ഇങ്ങനെയൊരു പ്രശ്‌നം പുറത്ത് കൊണ്ടുവന്നപ്പോള്‍ കന്യാസ്ത്രീകളില്‍ ചിലര്‍ എനിക്ക് പിന്തുണ നല്‍കിയിരുന്നു. പക്ഷേ അവര്‍ നിസഹായരായിരുന്നു. അത് വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് ഒരു കന്യാസ്ത്രീക്ക് വേണ്ടി മറ്റ് കന്യാസ്ത്രീകള്‍ പിന്തുണ നല്‍കി രംഗത്തെത്തുന്നത് ചരിത്രമുഹൂര്‍ത്തമായാണ് ഞാന്‍ കണക്കാക്കുന്നത്. ഇതിനൊരു കാരണം മറ്റുള്ളവരും മറ്റ് പല രീതികളിലും പീഡിതരായത് കൊണ്ടും കൂടിയാണ്.

കന്യാസ്ത്രീകളെ സംബന്ധിച്ച് അന്നത്തെ സ്ഥിതിയില്‍ നിന്ന് കുറച്ച് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് മുമ്പുള്ളതിനേക്കാള്‍ സ്വതന്ത്ര്യം ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന്, മരണം ഉണ്ടാകുന്നിടത്തൊക്കെ ഇപ്പോള്‍ ആരുടെയും പ്രത്യേക അനുവാദമില്ലാതെ പോകാമെന്ന സ്ഥിതിയിപ്പോള്‍ ഉണ്ടെന്നാണ് അറിയുന്നത്.

നീതി തേടി എത്തുന്നവരെ അവഹേളിക്കുന്ന പി.സി ജോര്‍ജിനെ പോലുള്ള ജനപ്രതിനിധികളെ പറ്റി എന്താണ് പറയാനുള്ളത്?

പി.സി ജോര്‍ജിന് ഒരു അഹങ്കാരം ഉണ്ട്. ഞാന്‍ വ്യത്യസ്തനാണ്, വായില്‍ വരുന്നതൊക്കെ ഞാന്‍ പറയും എന്നൊരു മട്ടാണ്. അത് കേരളത്തില്‍ എല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പക്ഷേ നാഷണല്‍ മീഡിയ അയാളെ നേരിട്ടത് നമ്മള്‍ കണ്ടതാണല്ലോ. സ്ത്രീകളെ ഇതിന് മുമ്പും അയാള്‍ അപമാനിച്ചു കൊണ്ട് സംസാരിച്ചിട്ടുണ്ട്. എന്നെക്കുറിച്ചും അയാള്‍ വളരെ മോശമായി സംസാരിച്ചിട്ടുണ്ട്. എന്നെ ആര്‍ക്കും എന്നെ മൂക്ക് കയര്‍ ഇടാന്‍ പറ്റില്ല എന്ന ധിക്കാരത്തിലാണ് അയാള്‍. പി.സി ജോര്‍ജ് പറയുന്ന കാര്യങ്ങളെ നമ്മള്‍ തികഞ്ഞ അവജ്ഞയോടെ അവഗണിക്കുകയും അയാളെ ഒറ്റപ്പെടുത്തുകയുമാണ് വേണ്ടത്. അയാള്‍ പറയുന്ന വിഷയങ്ങള്‍ക്ക് വിചാരിച്ച പോലെ പ്രതികരണങ്ങള്‍ കിട്ടാതാകുമ്പോള്‍ ഇതുപോലുള്ള വൃത്തികെട്ട സംസാരങ്ങള്‍ സ്വാഭാവികമായും ഇല്ലാതാകും എന്നാണ് എന്റെ അഭിപ്രായം.

കന്യാവ്രതങ്ങളുടെ കശാപ്പുശാലയും ളോഹയിട്ട തെമ്മാടികളും; സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നു

ആക്രമിക്കപ്പെടുന്നവരുടെ പ്രായം, ജാതി, സോഷ്യല്‍ സ്റ്റാറ്റസ് ഒന്നും ഒരിടത്തും ഒരു ഫാക്ടര്‍ ആകുന്നതായി കാണാറില്ല. സ്ത്രീകളുടെ നേര്‍ക്കുള്ള ഇത്തരം അതിക്രമങ്ങളെ ചെറുക്കാന്‍ ഫെമിനിസം തന്നെ പറയുകയല്ലേ വേണ്ടത്?

ഫെമിനിസത്തെ കുറിച്ച് പറയുമ്പോള്‍ സ്ത്രീയൊരു ഉപഭോഗവസ്തുവല്ല എന്ന ഒരു അന്ത:സത്ത മനസിലാക്കുകയാണ് വേണ്ടത്. അല്ലാതെ സമൂഹത്തില്‍ ഫെമിനിസം എന്ന് പറയുന്നത് തന്നെ അശ്ലീലമായി മനസിലാക്കി വെച്ചിട്ടുള്ളതായി തോന്നുന്നുണ്ട്. പണ്ടുള്ളതില്‍ നിന്നും ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പക്ഷേ തുടരെ സംസാരിക്കുന്നതിലൂടെയും സ്ഥാപിച്ചെടുക്കുന്നതിലൂടെയും മാത്രം ഉണ്ടായതാണ്. എപ്പോഴും അങ്ങനെയാണ്. മാറ് മറയ്ക്കാനുള്ള അവകാശം നേടാനായി എത്രത്തോളം കാലം പൊരുതേണ്ടി വന്നു. അതുപോലെ ഒരുപാട് കാലം വേണം മാറ്റങ്ങള്‍ ഉണ്ടാകാന്‍. പിന്നെ ചില പെണ്ണുങ്ങളും ആണധികാരങ്ങള്‍ക്ക് വളം വെച്ചുകൊടുക്കാറുണ്ട്. എല്ലാം ചേട്ടന്റെ ഇഷ്ടത്തിനും അനുവാദത്തിനും വിട്ടുകൊടുത്ത് അങ്ങനെ പറയുന്നത് അഭിമാനമായും സംസ്‌കാരമായും ഉയര്‍ത്തിക്കാട്ടുന്നവര്‍. അവരൊക്കെ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്ത്രീ എന്നത് കനലായി നില്‍ക്കേണ്ടവളാണ്. തീയാകേണ്ട സമയത്ത് തീയാകണം. അതിന് കനലിനേ കഴിയൂ. ചാരത്തിന് കഴിയില്ല. അത് സ്ത്രീകള്‍ ഇനിയും മനസിലാക്കിയിട്ടില്ല.

പതിനാറാം വയസ്സില്‍ വിവാഹം, ഒരു കുഞ്ഞിന്റെ അമ്മ, ഇരുപതാം വയസ്സില്‍ വിധവ; കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീയുടെ കഥ

കുമ്പസരിച്ച് തീര്‍ക്കാനാവാത്ത പാപങ്ങള്‍…

ഇത്രയും മൂടിവച്ചിട്ട് ഇങ്ങനെയോരോന്ന് പുറത്തുചാടുന്നുണ്ടെങ്കില്‍ എത്രയേറെ അകത്ത് നടക്കുന്നുണ്ട്? – സിസ്റ്റര്‍ ജെസ്മി സംസാരിക്കുന്നു

ദൈവത്തിങ്കലേക്ക് പോകാന്‍ പള്ളിപ്പറമ്പിലെ കുഴിയില്‍ തന്നെ കിടക്കണമെന്ന് ആരാണ് പറഞ്ഞത്? സിസ്റ്റര്‍ ജെസ്മി

‘ഇനി നിനക്കും നമുക്കും തമ്മിൽ ഒന്നുമില്ലെ’ന്ന് സഭ; സിസ്റ്റര്‍ അനീറ്റയുടെ ജീവിതം നമ്മോട് പറയുന്നത്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍