UPDATES

ട്രെന്‍ഡിങ്ങ്

‘അവര് പറയുന്നതും കേട്ട് തലയും താഴ്ത്തി കണ്ണീരോടെ മഠം വിട്ടു പോകുമെന്ന് കരുതേണ്ട’, ബിഷപ്‌ ഫ്രാങ്കോക്കെതിരെ സമരം ചെയ്തതിന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സി. ലൂസി സംസാരിക്കുന്നു

സഭയില്‍ നിന്നും നീതി കിട്ടുന്നില്ലെങ്കില്‍ ഈ നാട്ടിലെ നിയമസംവിധാനത്തെ ആശ്രയിക്കും, എനിക്ക് വേണ്ടി മാത്രമല്ല. ഇതിനു മുന്നേ, ഇതേ വഴിയിലൂടെ കടന്നു പോയവര്‍ക്കും, ഇനി വരുന്നവര്‍ക്കും എല്ലാം വേണ്ടി

“എനിക്കു മുന്നേ എന്നെ പോലെ വിധിക്കപ്പെട്ടവര്‍ക്കും ഇതേ വിധി നേരിടേണ്ടി വന്നേക്കാവുന്ന, എനിക്കു പിന്നാലെയുള്ളവര്‍ക്കും വേണ്ടി ഇന്ത്യന്‍ ഭരണഘടനയുടെ പിന്തുണയോടെ ഞാന്‍ നിയമ പോരാട്ടത്തിന് ഇറങ്ങും”, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ (എഫ്‌സിസി) നിന്നും പുറത്താക്കപ്പെട്ട, കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സി. ലൂസി കളപ്പുരയുടെ വാക്കുകളാണിത്. അച്ചടക്കലംഘനത്തിന്റെ കാരണം പറഞ്ഞാണ് എഫ്‌സിസിയില്‍ നിന്നും സി. ലൂസിയെ കഴിഞ്ഞയാഴ്ച പുറത്താക്കിയത്. ഓഗസ്റ്റ് ഏഴിന് നല്‍കിയ പുറത്താക്കല്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് പത്തു ദിവസത്തിനകം തിരുവസ്ത്രം ഊരി ഉത്തരവാദിത്തപ്പെട്ടവരെ ഏല്‍പ്പിച്ച് മഠം വിട്ട് പോകണം എന്നാണ്. എന്നാല്‍, വെറുതെയങ്ങ് ഇറങ്ങിക്കൊടുക്കാന്‍ താന്‍ ഒരുക്കമല്ലെന്നാണ് സി. ലൂസി പറയുന്നത്.

കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സംസാരിച്ചതും ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനിലെ അഞ്ച് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തതിനു ശേഷമാണ് സി. ലൂസിക്കെതിരേ എഫ്‌സിസി മേലധികാരികള്‍ തിരിഞ്ഞത്. തുടര്‍ച്ചയായി അച്ചടക്കലംഘനം കാണിക്കുകയും മേലധികാരികളെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് മൂന്നു തവണ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയ ശേഷമാണ് 2019 മേയ് 11-ന് കൂടിയ എഫ്‌സിസി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സി. ലൂസി കളപ്പുരയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ഈ തീരുമാനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി (അപ്പസ്റ്റോലിക് നൂണ്‍ഷിയോ) മുഖാന്തരം വത്തിക്കാനിലെ പൗരസ്ത്യസഭകളുടെ പ്രീഫെക്ട് ലിയനാര്‍ദോ സാന്ദ്രിയുടെ മുന്നില്‍ എത്തിക്കുകയും വത്തിക്കാന്‍ ലി. ലൂസിയെ പുറത്താക്കാനുള്ള എഫ്‌സിസി ജനറല്‍ കൗണ്‍സില്‍ തീരുമാനം അംഗീകരിക്കുകയുമായിരുന്നു.

ഏതു തീരുമാനത്തിന്റെ പുറത്താണെങ്കിലും, ആര് അംഗീകരിച്ചതാണെങ്കിലും തന്നെ മഠത്തില്‍ നിന്നും ഇറക്കി വിടുന്നത് ന്യായരഹിതമായ പ്രവര്‍ത്തിയാണെന്നാണ് സി. ലൂസി പറയുന്നത്. അതുകൊണ്ട് തന്നെ അതിനെ നേരിടും. സഭയ്ക്കുള്ളില്‍ നിന്നു കഴിയുന്നിടത്തോളം അങ്ങനെ, പുറത്തായാല്‍ ഈ രാജ്യത്തിന്റെ നിയമത്തിലൂടെ; സിസ്റ്റര്‍ പറയുന്നു.

ആദ്യപടിയായി തന്റെ പുറത്താക്കലിനെതിരെ വത്തിക്കാനില്‍ അപ്പീല്‍ കൊടുക്കാന്‍ ഒരുങ്ങുകയാണ് സിസ്റ്റര്‍. സി. ലൂസി അഴിമുഖത്തോട് സംസാരിക്കുന്നു: “പുറത്താക്കല്‍ തീരുമാനത്തിന് അംഗീകാരം കൊടുത്ത അധികാരകേന്ദ്രത്തില്‍ തന്നെ അപ്പീല്‍ കൊടുക്കാനുള്ള സൗകര്യമുണ്ട്. എഫ്‌സിസി ജനറല്‍ കൗണ്‍സില്‍ ഒരാളെ പുറത്താക്കാന്‍ തീരുമാനം എടുത്തു കഴിഞ്ഞാല്‍ സീറോ മലബാര്‍ സഭയുടെ ചട്ടം അനുസരിച്ച് ഉന്നതാധികാര കേന്ദ്രങ്ങളില്‍ നിന്നും ആ തീരുമാനത്തിന് അംഗീകാരം വാങ്ങണം. സാധാരണ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന് (കര്‍ദ്ദിനാല്‍ ജോര്‍ജ് ആലഞ്ചേരി) മുന്നില്‍ ആണ് അംഗീകാരത്തിന് ചെല്ലുന്നത്. എന്റെ കാര്യത്തില്‍ നേരിട്ട് വത്തിക്കാനെയാണ് സമീപിച്ചത്. ഒരു കാരണവശാലും എന്നെ തുടരാന്‍ അനുവദിക്കരുതെന്ന പ്രതികാരബുദ്ധിയാണതിനു പിന്നില്‍. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ പ്രിഫെക്ട് ആണ് എന്നെ പുറത്താക്കുന്ന തീരുമാനം അംഗീകരിച്ചതെന്നതിനാല്‍ അവിടെ തന്നെ അപ്പീല്‍ നല്‍കണം. സാധാരണഗതിയില്‍ ആറുമാസം കഴിഞ്ഞേ അപ്പീലില്‍ തീരുമാനം ഉണ്ടാവുകയുള്ളൂ. അതുവരെ പുറത്താക്കല്‍ എന്നത് സസ്‌പെന്‍ഷന്‍ ആയി നില്‍ക്കും. എന്റെ അപ്പീലില്‍ വത്തിക്കാനില്‍ നിന്നും തീര്‍പ്പ് ഉണ്ടാകുന്നതുവരെ മഠത്തില്‍ തുടരുകയും ചെയ്യാമെന്നാണ്. ആകെ ഇനിയെനിക്ക് കിട്ടാവുന്ന ഒരു സൗകര്യം അതുമാത്രമാണ്. അല്ലാതെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ പ്രിഫെക്ട് ലിയനാര്‍ദോ സാന്ദ്രിയില്‍ നിന്നും അനുകൂലമായ എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതില്ല. ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീ എത്ര തവണയാണ് സാന്ദ്രിക്കു പരാതി നല്‍കിയത്. ഇതുവരെ അതിനൊന്നുമൊരു മറുപടി പോലും നല്‍കിയിട്ടില്ല. ആ സ്ഥാനത്ത് എനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാമോ? പക്ഷേ, എനിക്കെതിരേ പോയ പരാതിയില്‍ എത്ര വേഗം അദ്ദേഹം നടപടി സ്വീകരിച്ചൂ എന്നുകൂടി ആലോചിക്കണം.

എന്തായാലും അവര് പറയുന്നതും കേട്ട് തലയും താഴ്ത്തി കണ്ണീരോടെ മഠം വിട്ടു പോകുമെന്ന് കരുതേണ്ട. പത്തു ദിവസത്തിനുള്ളില്‍ മഠം വിടണമെന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ മൂന്നു ദിവസം കഴിഞ്ഞു- (ഈ അഭിമുഖം തയാറാക്കുമ്പോള്‍)– ബാക്കി ഏഴു ദിവസങ്ങള്‍ കൂടി. ഞാനെങ്ങോട്ട് പോണം? ഈ നാട് പ്രളയത്തിന്റെ ഭീതിയിലാണ്. ഈ സമയത്ത് ഞാനെവിടെയാണ് പോകേണ്ടത്? ഏതെങ്കിലും കടത്തിണ്ണയില്‍ കിടന്നുറങ്ങണോ? എനിക്ക് സുരക്ഷിതമായ താമസസൗകര്യം ഏര്‍പ്പാടാക്കി തരണം. അങ്ങനെ തന്നാല്‍ മാത്രമേ ഞാന്‍ മഠം വിടൂ. അതിനു തയ്യാറല്ലെങ്കില്‍ ഇവിടെ തുടരും. പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്യും.

സഭയില്‍ നിന്നും നീതി കിട്ടുന്നില്ലെങ്കില്‍ ഈ നാട്ടിലെ നിയമസംവിധാനത്തെ ആശ്രയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോടതിയില്‍ കേസ് കൊടുക്കും. എനിക്ക് വേണ്ടി മാത്രമല്ല. ഇതിനു മുന്നേ, ഇതേ വഴിയിലൂടെ കടന്നു പോയവര്‍ക്കും ഇനി വരുന്നവര്‍ക്കും എല്ലാം വേണ്ടി.

Also Read: കവിത എഴുതുന്നതും വണ്ടി ഓടിക്കുന്നതും പാപമോ? കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത സി. ലൂസി കളപ്പുരയെ പുറത്താക്കാന്‍ നീക്കം

അധികാരമുള്ളവന് മാത്രം തെറ്റെന്നു തോന്നുന്ന കാര്യങ്ങളുടെ പേരില്‍ പാവപ്പെട്ട കന്യാസ്ത്രീകളെ മഠത്തില്‍ നിന്നും പുറത്താക്കുന്ന അന്യായം അവസാനിക്കണം. പുറത്താക്കുന്നുണ്ടെങ്കില്‍ അതവര്‍ക്ക് പുനരധിവാസം ഏര്‍പ്പെടുത്തിയിട്ടുവേണം. നാളെ തന്നെ ഇറങ്ങിപ്പോക്കോളണം എന്നൊക്കെ പറഞ്ഞ് ആരെയും ഇറക്കി വിടാന്‍ പാടില്ല. എല്ലാം ഉപേക്ഷിച്ച് സന്ന്യസ്ത ജീവിതം നയിക്കാന്‍ വരുന്നവരാണ് ഞങ്ങള്‍. മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും വീടും എല്ലാം ത്യജിച്ചിട്ട് വരുന്നവര്‍. മഠത്തില്‍ നിന്നും പുറത്താക്കിയാല്‍ ഞങ്ങള്‍ എവിടെ പോകും? ആരുണ്ട് സംരക്ഷിക്കാന്‍? കയറിക്കിടക്കാന്‍ ഒരിടമുണ്ടോ? എത്രയോ പേരാണ് ഇങ്ങനെ വിഷമിക്കുന്നത്. അതുകൊണ്ട് ഇനി മുതല്‍ മഠത്തില്‍ നിന്നും ഒരാളെ പുറത്താക്കുകയാണെങ്കില്‍ അവര്‍ക്ക് സ്ഥലവും വീടും നിയമപരമായി തന്നെ നല്‍കാന്‍ മഠം അധികൃതര്‍ തയ്യാറാകണം. അതിനൊന്നും നിയമം ഇല്ലെന്നു പറഞ്ഞൊഴിയാന്‍ നോക്കരുത്. നിയമം ഇല്ലെങ്കില്‍ അതുണ്ടാക്കണം. കാലം മാറി. ഒരു സ്ത്രീയെയാണ് പെരുവഴിയിലേക്ക് ഇറക്കി വിടുന്നതെന്നോര്‍ക്കണം. ഒരു സ്ത്രീയെ സംരക്ഷിക്കാന്‍, അവളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയില്ലേ? ഒരു വീട്ടില്‍ നിന്നും ഒരംഗത്തെ ഇതുപോലെ ഇറക്കിവിടാന്‍ കഴിയുമോ? നീ തെറ്റ് ചെയ്തു, നിനക്ക് ഇനി ഈ വീട്ടില്‍ സ്ഥാനമില്ല, എങ്ങോട്ടെങ്കിലും പോയ്‌ക്കോ എന്നു പറഞ്ഞാല്‍ അംഗീകരിക്കുമോ? അയാള്‍ക്ക് നിയമത്തിന്റെ സഹായം തേടാന്‍ കഴിയില്ലേ? എഫ്‌സിസി മഠം എന്നു പറയുന്നത് എന്റെ വീടാണ്. ഈ വീട്ടിലേക്കാണ് ഞാനിതുവരെ അദ്ധ്വാനിച്ചത്. ഞാന്‍ ജോലി ചെയ്തു കിട്ടുന്ന പണം ഇവിടെയാണ് കൊടുത്തത്. ഒരു പൈസപോലും ഞാനെന്റെ വീട്ടില്‍ കൊണ്ടുപോയിട്ടില്ല. ഒരു മിട്ടായിത്തരി പോലും എന്റെ അമ്മയ്ക്ക് വാങ്ങിക്കൊടുത്തിട്ടില്ല. അതുകൊണ്ട് എന്നെയങ്ങ് വെറുതെ പറഞ്ഞുവിടാമെന്നു കരുതേണ്ടാ… നിയമത്തിന്റെ വഴി തേടും.

എനിക്ക് ഒരു ജോലിയുണ്ട്. അതുകൊണ്ട് ജീവിക്കാന്‍ വരുമാനം ഉണ്ടായിരിക്കാം. പക്ഷേ, അതൊരു ന്യായമോ വാദമോ അല്ല. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ആണ് പഠിപ്പിക്കുന്നതെന്നതുകൊണ്ട് മാത്രമാണ് ആ ജോലി പോകാതിരിക്കുന്നത്. അല്ലെങ്കില്‍ ക്രിസ്ത്യന്‍ പുരോഹിത മാനേജ്‌മെന്റിനു കീഴിലുള്ള ഈ സ്‌കൂളില്‍ നിന്നും എന്നെയവര്‍ ഇറക്കിവിട്ടേനെ. ഒരിക്കല്‍ അതിനവര്‍ ശ്രമിച്ചതുമാണ്. ഇവിടെ നടന്നൊരു കള്ളത്തരം കൈയോടെ കണ്ടു പിടിച്ചതിന്റെ പേരില്‍. അന്ന് സര്‍ക്കാര്‍ എനിക്കൊപ്പം നിന്നതുകൊണ്ട് അവര്‍ തോറ്റുപോയി.

എന്റെ ജോലി ഒരു തരത്തില്‍ പറഞ്ഞാല്‍ ബലം നല്‍കുന്നുണ്ട്. അങ്ങനയെല്ലാത്തവരുടെ കാര്യം ആലോചിക്കൂ. ജോലിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത പാവങ്ങള്‍ പുറത്താക്കപ്പെട്ടു കഴിഞ്ഞ് എന്തു ചെയ്യും? 2011-ല്‍ ഒരേ വീട്ടില്‍ നിന്നും വന്ന രണ്ടു സഹോദരിമാരെ ഇതുപോലെ മഠത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അവര്‍ നേരിട്ട പീഡനങ്ങള്‍ ചെറുത്തതിന്റെ പേരിലായിരുന്നു പുറത്താക്കല്‍. രണ്ടു ചുരിദാര്‍ മേടിച്ചുകൊടുത്തുകൊണ്ടാണ് ആ പാവങ്ങളെ ഇറക്കി വിട്ടത്. ഇറക്കി വിടപ്പെട്ടവരുടെ മുന്നില്‍ വേറെ വഴികളില്ലായിരുന്നു. അവരെങ്ങോട്ട് പോകാനാണ്? ആരാണ് സംരക്ഷിക്കാന്‍? എന്തെങ്കിലും ഒരു സഹായം ഞങ്ങള്‍ക്ക് ചെയ്തു താ എന്നു അപേക്ഷിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കും എഫ്‌സിസി മദര്‍ ജനറലിനും പാലക്കാട് പ്രൊവിന്‍ഷ്യാളിനുമൊക്കെ പലതവണ അപേക്ഷ കൊടുത്തു. എത്രയോ നാളുകളായി പാവങ്ങള്‍ ഇവരുടെയെല്ലാം ദയ യാചിച്ചു നടക്കുന്നു. അഞ്ച് സെന്റ് സ്ഥലമെങ്കിലും തരൂ, ഞങ്ങളതിലൊരു കൂര കെട്ടി താമസിച്ചോളാമെന്നവര്‍ അപേക്ഷിച്ചു. സഭയ്ക്കും കോണ്‍ഗ്രിഗേഷനും കീഴില്‍ എത്രയോ സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ഉള്ളതാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഒരു ജോലി തരാന്‍ അപക്ഷിച്ചു നോക്കി. ആരും ഇതുവരെ ആ സാധുക്കളോട് കരുണ കാണിച്ചിട്ടില്ല. ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍.

നിയമം പറഞ്ഞാണ് അവര്‍ വിധിക്കുന്നത്. മനുഷ്യനു കരുണയും സ്‌നേഹവും സന്തോഷവും പകരുന്ന നിയമമേ നിയമം ആകുന്നുള്ളൂ. അല്ലാത്തതൊന്നും നിയമമല്ല. അതെല്ലാം പൊളിച്ചെഴുതണം. ശരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം ചുരിദാര്‍ പോലുള്ള കോട്ടണ്‍ വസ്ത്രം ധരിച്ചോട്ടെയെന്നു പലതവണ ഞാന്‍ അപേക്ഷിച്ചു നോക്കിയതാണ്. അങ്ങനെ ധരിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ നിയമം അനുവദിക്കുന്നുമുണ്ട്. പക്ഷേ, അധികാരം കൈയാളുന്നവര്‍ സമ്മതിച്ചില്ല. അവര്‍ നിയമങ്ങള്‍ എല്ലാം കഠിനമാണെന്നു പറഞ്ഞു. അവര്‍ ഉണ്ടാക്കി വച്ചിരിക്കുന്ന നിയമം അടിച്ചു പൊളിച്ചു മാറ്റിക്കളയേണ്ടവയാണ്.

എന്നെ പുറത്താക്കുന്നതില്‍ ഒത്തിരിപ്പേര്‍ സന്തോഷിക്കുന്നുണ്ട്. ഞങ്ങളുടെ കോണ്‍ഗ്രിഗേഷനിലെ ഒരാളുപോലും വിളിച്ചു ചോദിച്ചില്ല. എന്റെ കൂടെയുള്ളവരുടെ കാര്യം പറയേണ്ടതില്ല. ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്തു വന്ന, കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അവരെന്നോട് മിണ്ടാറേയില്ല. മേയ് 11-ന് ചേര്‍ന്ന എഫ്‌സിസി ജനറല്‍ കൗണ്‍സിലില്‍ എന്നെ പുറത്താക്കാന്‍ തീരുമാനം ഉണ്ടായി എന്നറിഞ്ഞതോടെ ഒട്ടും മിണ്ടാതായി. കൊടുംകുറ്റവാളിയാണെങ്കിലും ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചു കഴിഞ്ഞാല്‍ അയാളോട് ഒരു സഹതാപം നമുക്ക് തോന്നും. അത്രപോലും ദയയോ കരുണയോ ഇവിടെയുള്ളവര്‍ക്കില്ല. ഇത്രയും നാള്‍ അവരുടെ കൂടെയുണ്ടയിരുന്ന ഒരാളല്ലേ, മഠം വിട്ടു പോവുകയല്ലേ, ഇനിയുള്ള ദിവസങ്ങളിലെങ്കിലും സന്തോഷത്തോടെ പെരുമാറിയേക്കാം, നല്ലോണം മിണ്ടിയേക്കാം, നല്ല ഭക്ഷണം കൊടുത്തേക്കാം എന്നൊക്കെ സാധാരണ മനുഷ്യരായിരുന്നുവെങ്കില്‍ തോന്നില്ലേ? ഓഗസ്റ്റ് മൂന്നിന് എന്നെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് കിട്ടിയപ്പോള്‍ ഞാനത്ഭുതപ്പെട്ടതും ഈ മഠത്തില്‍ എനിക്കൊപ്പമുള്ള നാലുപേരെ ഓര്‍ത്തായിരുന്നു. അവരില്‍ ഒരാള്‍ പോലും എന്നോടൊന്നു മിണ്ടാന്‍ വന്നില്ല. ഇവരാണോ ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും പഠിപ്പിക്കാന്‍ നടക്കുന്നത്? ഞാനെന്തായാലും ഇവരെയൊന്നും ഓര്‍ത്ത് ഭയപ്പെടാന്‍ പോകുന്നില്ല. എന്നെ മനസിലാക്കുന്നവര്‍, പിന്തുണയ്ക്കുന്നവര്‍ ഉണ്ട്. എന്റെ പോരാട്ടത്തില്‍ എനിക്കൊപ്പം അവര്‍ മതി. പിന്നെയെല്ലാത്തിനും ധൈര്യവും പിന്തുണയും സ്‌നേഹവും കരുതലും തന്ന് കര്‍ത്താവും ഉണ്ട്”.

Read Azhimukham: ‘നിങ്ങള്‍ പൊളിച്ചില്ലെങ്കില്‍ ഞങ്ങള്‍ പൊളിക്കും’, ലുലു ഗ്രൂപ്പ് വൈ മാള്‍ പാര്‍ക്കിംഗിന് വേണ്ടി തോട് നികത്തിയത് പൊളിച്ചടുക്കി നാട്ടുകാര്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍