UPDATES

ഓഫ് ബീറ്റ്

സിസ്റ്റര്‍ റാണി മറിയ, സമാന്ദര്‍ സിംഗ്: ഇരയുടെ കല്ലറയില്‍ പശ്ചാത്താപത്തിന്റെ പൂക്കളുമായി ഘാതകന്‍ (വീഡിയോ)

ഇപ്പോള്‍ പുതിയ മനുഷ്യനാണ് അയാള്‍. സിസ്റ്റര്‍ മറിയയുടെ ശവകുടീരത്തിനരികിലൂടെ പോകുമ്പോഴൊക്കെ അദ്ദേഹം അവിടെ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

ഒരു മാപ്പ് നല്‍കലിന്റെയും പശ്ചാത്താപത്തിന്റെയും കഥയാണിത്. 1992ലാണ് എറണാകുളം ജില്ലയിലെ പുല്ലുവഴി സ്വദേശിയായ സിസ്റ്റര്‍ റാണി മറിയ പ്രേക്ഷിതപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍ഡോറില്‍ നിന്നും ഒരു മണിക്കൂര്‍ അകലെയുള്ള ഉദിയനഗറില്‍ എത്തപ്പെടുന്നത്. ആ സമയത്ത് 28കാരനായ സമാന്ദര്‍ സിംഗ് അവിടെ ഒരു ഗ്രാമത്തില്‍ ചില്ലറപ്പണികള്‍ എടുത്ത് ജീവിക്കുകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയിലെ അംഗമായിരുന്നു സിസ്റ്റര്‍ മറിയ. കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നവരുടെ ചൂഷണത്തിനിരയാവുന്ന ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായിരുന്നു സിസ്റ്റര്‍ നിയോഗിക്കപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ അവര്‍ പ്രദേശത്തെ സാധാരണ ജനങ്ങള്‍ക്ക് പ്രിയങ്കരിയായി.

സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കാന്‍ അവര്‍ ഗ്രാമീണരെ ശീലിപ്പിച്ചു. ചില്ലറകള്‍ കൂട്ടിവെച്ച് സമ്പാദിക്കാനും. കൊള്ളപ്പലിശക്കാരുടെ കണ്ണില്‍ സിസ്റ്റര്‍ ഒരു കരടായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. അവരുടെ ആയുധമായി സമാന്ദര്‍ സിംഗ് മാറി. 1995 ഫെബ്രുവരി 25ന് സിസ്റ്റര്‍ മറിയയെ സിംഗ് കുത്തിക്കൊലപ്പെടുത്തി. സിംഗ് കസ്റ്റഡിയിലാവുകയും ജീവപര്യന്തം ശിക്ഷിക്കപ്പെടുകയും കൊള്ളപ്പലിശക്കാര്‍ രക്ഷപ്പെടുകയും ചെയ്തു.

ഒരു നിയോഗം എന്ന പോലെയാണ് സിസ്റ്റര്‍ മറിയയുടെ ഇളയ സഹോദരി സിസ്റ്റര്‍ സെല്‍മി പോള്‍ അതേ സ്ഥലത്ത് എത്തിയത്. അവര്‍ ജയിലില്‍ പോയി തന്റെ സഹോദരിയുടെ ഘാതകനെ കണ്ടു. അയാളോട് ക്ഷമിച്ചുവെന്ന് പറഞ്ഞു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സ്വന്തം കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനിരുന്ന സമാന്ദറിന് ആ സന്ദര്‍ശനങ്ങള്‍ പുതിയ വെളിച്ചം നല്‍കി. ഇപ്പോള്‍ പുതിയ മനുഷ്യനാണ് അയാള്‍. സിസ്റ്റര്‍ മറിയയുടെ ശവകുടീരത്തിനരികിലൂടെ പോകുമ്പോഴൊക്കെ അദ്ദേഹം അവിടെ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. ജയില്‍ മോചിതനായ ശേഷം പുല്ലുവഴിയിലെ വീട്ടിലെത്തി അവരുടെ വൃദ്ധരായ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടു. പകയുടേയും പ്രതികാരത്തിന്റെയും ലോകത്തെ കണ്ണു തുറപ്പിക്കാന്‍ കെല്‍പ്പുള്ള സമാന്ദറിന്റെയും സിസ്റ്റര്‍ സെല്‍മിയുടെയും ജീവിതത്തിലെ ചില ഏടുകള്‍ – വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍