UPDATES

ഐപിഎസ് മാടമ്പിമാരുടെ വീടുകളില്‍ കയറി നോക്കണം മുഖ്യമന്ത്രി, ഒരുപാട് അടിമകളെ കാണാം

എഡിജിപി സുദേഷ് കുമാറിന്റെ വീട്ടില്‍ നിന്നും ഒരു പൊലീസുകാരന് ക്രൂരത ഏല്‍ക്കേണ്ടി വന്നുവെന്ന വാര്‍ത്ത, അത്ഭുതത്തോടെയോ അമ്പരപ്പോടെയോ കേള്‍ക്കേണ്ടതില്ല എന്നതാണ് വാസ്തവം.

കെ ജെ ജോസഫ് ഡിജിപി ആയിരുന്ന കാലത്ത് ധീരമായൊരു നടപടിയെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ അന്യായമായി കൈവശം വച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങളും സ്വകാര്യ സുരക്ഷയ്‌ക്കെന്ന പേരില്‍ കൂടെ നിര്‍ത്തിയിരുന്ന ക്യാമ്പ് ഫോളോവേഴ്‌സിനെയുമെല്ലാം തിരികെ വിളിച്ചു. ഉദ്യോഗസ്ഥന്മാരുടെ വീട്ടുപണിക്കാരായി നിന്നിരുന്ന അറുനൂറിനു മുകളില്‍ പൊലീസുകാരാണ് അന്ന് തിരികെയെത്തിയതെന്നാണ് കണക്ക്. നിയമപരമായി നിശ്ചയിക്കപ്പെട്ടതിനും എത്രയോ ഇരട്ടിയാണ് ഐപിഎസ് ഉദ്യോസ്ഥന്മാരുടെ വീടുകളില്‍ ജോലിക്കാരായി നിന്നിരുന്നതെന്ന് അന്നത്തെ കണക്ക് വ്യക്തമാക്കുന്നുണ്ട്. കെ ജെ ജോസഫ് പിരിയുന്നതുവരെ ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിന്മഗാമിയായി എത്തിയ ഹോര്‍മിസ് തകരകന്റെ കാലത്ത് നിയന്ത്രണങ്ങളില്‍ അയവ് വരുകയും പില്‍ക്കാലത്ത് വീണ്ടും കാര്യങ്ങളെല്ലാം പഴയപടി ആവുകയും ചെയ്തു.

ഇപ്പോള്‍ ഐപിഎസ്സുകാരുടെ വീടുകളില്‍ ഒരു പരിശോധന നടത്തിയാല്‍ അറിയാം, അന്യായമായി നിര്‍ത്തിയിരിക്കുന്ന രണ്ടോ മൂന്നോ പൊലീസുകാരെ കാണാം, എഡിജിപിമാരുടെ വീടുകളില്‍ അത് അഞ്ചും ഏഴുമൊക്കെയായിരിക്കും. എഡിജിപി സുദേഷ് കുമാറിന്റെ വീട്ടില്‍ നിന്നും ഒരു പൊലീസുകാരന് ക്രൂരത ഏല്‍ക്കേണ്ടി വന്നുവെന്ന വാര്‍ത്ത, അത്ഭുതത്തോടെയോ അമ്പരപ്പോടെയോ കേള്‍ക്കേണ്ടതില്ല എന്നതാണ് വാസ്തവം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പോലീസുകാര്‍ അടിമപ്പണി ചെയ്യുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്റയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചുവെന്നറിയുമ്പോള്‍, തിരികെ പറയാനുള്ളതും അതു തന്നെ; ഉന്നതന്മാരുടെ വീട്ടില്‍ അടിമ പണിക്കാരായി പൊലീസുകാര്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അത് കേവലം സുദേഷ് കുമാര്‍ എന്ന ഗോസായി ഐപിഎസ്സുകാരന്‍റെ വീട്ടില്‍ മാത്രമല്ല താനും.

എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാന്‍ ഒരുങ്ങിനില്‍ക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തിലയും ഒന്നോര്‍ക്കണം, താങ്കളും ഈ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നു. അന്നും ഈ ഉന്നതന്മാര്‍ സാധരണ പൊലീസുകാരെ കൊണ്ട് വിടുപണികള്‍ ചെയ്യിച്ചിരുന്നു. പൊലീസ് ട്രെയിനിംഗ് ക്യാമ്പില്‍ നിന്നൊക്കെ ധാരാളം ട്രെയിനികള്‍ ഏമാന്മാരുടെ അടുക്കളയിലും പൂന്തോട്ടത്തിലുമൊക്കെ പണിയെടുക്കാന്‍ പോയിട്ടുണ്ട്. അന്നാരും ഇത്തരമൊരു പരാതി ഉന്നയിക്കാത്തതുകൊണ്ടോ, അതോ ഉന്നയിച്ചിട്ടും പുറത്താരുമത് കേള്‍ക്കാത്തതോ കൊണ്ടുമാത്രം അവകാശലംഘന നോട്ടീസ് കിട്ടാതെ രക്ഷപ്പെടാന്‍ താങ്കള്‍ക്ക് സാധിച്ചു. ഇപ്പോഴത്തെ ആവേശം കാണുമ്പോള്‍ ജനം പുച്ഛിക്കുകയേയുള്ളൂവെന്ന കാര്യം മറക്കാതിരിക്കുക.

സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതും സര്‍ക്കാര്‍ നിയോഗിക്കുന്നതുമായ പൊലീസുകാരുടെ ഉത്തരവാദിത്വം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നതാണ്. അല്ലാതെ തന്റെ മേലുദ്യോഗസ്ഥന്റെ വീട്ടുപണി ചെയ്യാനല്ല. ഉന്നതരായ ഉദ്യോഗസ്ഥന്മാര്‍ക്ക് പേഴ്‌സണല്‍ സെക്യൂരിറ്റി/ ഓഫീസ് സഹായി എന്നീ നിലകളില്‍ ഒന്നോ രണ്ടോ പേരെ നിയോഗിക്കാമെന്നത് നിയമം അനുവദിക്കുന്നുണ്ട്. ആദ്യകാലത്ത് ഇവര്‍ ഓര്‍ഡര്‍ലി എന്നായിരുന്നു അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ സെക്യൂരിറ്റി ഓഫീസര്‍മാരാണ്. ഡിവൈഎസ്പി വരെയുള്ളവര്‍ക്ക് ഒരാളും എസ് പി മുതല്‍ മുകളിലോട്ട് രണ്ടു പേരെയുമാണ് ഇത്തരത്തില്‍ ഉപയോഗിക്കാവുന്നത്. ഓഫീസിലെ ഡ്യൂട്ടിക്ക് ഐപിഎസ്സുകാര്‍ക്ക് പരമാവധി മൂന്നുപേരെ വരെ ഉപയോഗിക്കാം. അതിനു മുകളില്‍ ആളുകളെ വേണമെങ്കില്‍ മുകളില്‍ നിന്നും അനുമതി വാങ്ങണം. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥന്മാരുടെ വീടുകളിലും ഓഫിസുകളിലും പോയി നോക്കിയാല്‍ ഈ പറഞ്ഞിരിക്കുന്ന എണ്ണത്തിന്റെ മൂന്നിരട്ടിയോളം പൊലീസുകാരെ കാണാം. അതും വീട്ടുപണിക്കാരായി. പാചകം ചെയ്യല്‍, തോട്ടം നനയ്ക്കല്‍, ചന്തയിലും മറ്റും പോയി സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരല്‍, കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോയി വിടല്‍, വാഹനങ്ങള്‍ കഴുകിയിടല്‍, ഉദ്യോഗസ്ഥന്മാരുടെ ഭാര്യയുടെയും കുട്ടികളുടെയും മറ്റു ബന്ധുക്കള്‍ ഉണ്ടെങ്കില്‍ അവരുടെയും ഡ്രൈവര്‍ എന്നിങ്ങനെയുള്ള ജോലികള്‍ തൊട്ട് ഉദ്യോഗസ്ഥന്മാരുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കല്‍, ഉദ്യോഗസ്ഥന്റെയും അയാളുടെ ഭാര്യയുടെയും കുട്ടികളുടെയും അടിവസ്ത്രങ്ങള്‍ കഴുകി ഇസ്തിരി ഇട്ട് കൊടുക്കല്‍ വരെ (സിനിമ ഡയലോഗ് അല്ല, യാഥാര്‍ത്ഥ്യം, ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിച്ച കാര്യം) ചെയ്തു കൊടുക്കണം, പേഴ്‌സണല്‍ സെക്യൂരിറ്റിയായി വരുന്ന പൊലീസുകാരന്‍. പൊലീസ് മാനുവലില്‍ പേഴ്‌സണ്‍ സെക്യൂരിറ്റിക്കാരെ നിയമിക്കുന്നതും ഓരോരുത്തര്‍ക്കും നിശ്ചയിച്ചിരിക്കുന്ന സഹായികളുടെ എണ്ണവുമൊക്കെ കൃത്യമായി പറഞ്ഞിട്ടുള്ളതാണ്. അതില്‍ തന്നെ വളരെ വ്യക്തമായി മറ്റൊന്നു കൂടി പറയുന്നുണ്ട്, പോലീസില്‍ അടിമ പണി യാതൊരു കാരണവശാലും അനുവദനീയമല്ലെന്ന്. പക്ഷേ, അതേ ഇവിടെ നടക്കുന്നുള്ളൂ. ഡിജിപി ബെഹ്‌റയ്‌ക്കോ ആഭ്യന്തരമന്ത്രി പിണറായി വിജയനോ ഈ അടിമ പണി എന്നന്നേക്കുമായി നിര്‍ത്താന്‍ കഴിയുമോ? ഒരു സുദേഷ് കുമാറില്‍ മാത്രം ഒതുങ്ങാതെ?

ഇതൊക്കെ എല്ലാ ഉദ്യോഗസ്ഥന്മാരും ചെയ്യുന്നതല്ലേ, ഒരാളെ മാത്രം ഇക്കാര്യത്തില്‍ കുറ്റക്കാരനാക്കിയാല്‍ നാളെ നമ്മുടെയെല്ലാം കാര്യത്തില്‍ ഇങ്ങനെ സംഭവിക്കാമെന്നൊക്കെ പല ഐപിഎസ് ഉദ്യോഗസ്ഥന്മാരും സുദേഷ് കുമാര്‍ വിഷയത്തില്‍ മുറുമുറുക്കുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും ഇങ്ങനെയായിരുന്നില്ലല്ലോ. രമേശ് ചന്ദ്രബാനുവിനെ പോലുള്ള ഐപിഎസ്സുകാരും ഈ നാട്ടില്‍ ഉണ്ടായിരുന്നു. ഔദ്യോഗിക കാര്യത്തിനല്ലാതെ സ്വന്തം കാര്യത്തിനോ വീട്ടുകാര്യത്തിനോ ഒരു പോലീസുകാരനെപ്പോലും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. അതേസമയം ഈ സുദേഷ് കുമാറിനെക്കാള്‍ വലിയ മാടമ്പിമാര്‍ ഇവിടെ ഉണ്ടായിരുന്നുതാനും. കെ ജെ ജോസഫ് ക്യാമ്പ് ഫോളോവേഴ്‌സിനെ തിരികെ വിളിക്കുമ്പോള്‍ ഒരു മുന്‍ ഡിജിപിയും ഇപ്പോള്‍ ഉപദേശപ്പണിയെടുക്കുന്നയാളുമായ ഐപിഎസ്സുകാരന്റെ വീട്ടില്‍ നിന്നുമാത്രം മടങ്ങിയെത്തിയത് 13 പേരായിരുന്നു! മറ്റൊരു ഐപിഎസ്സുകാരന്റെ വീടുകളില്‍ നിന്നും (മൂന്നിടത്തായി ഓരോ വീടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു) 19 ഓളം പേരാണ് മടങ്ങിയെത്തിയത്. ഗോസായിമാരെ ഇത്തരം ക്രൂരതകള്‍ കാണിക്കൂവെന്ന് പറയുമ്പോള്‍ ഗോസായിമാര്‍ മാത്രമല്ല, നമ്മുടെ കാരണവന്മാരും അതിലൊട്ടും പിന്നിലല്ലായിരുന്നുവെന്നു കൂടി മനസിലാക്കണം!

പണിയെടുപ്പിക്കല്‍ മാത്രമല്ല, സാധാരണക്കാരായ ആ പൊലീസുകാരുടെ പോക്കറ്റില്‍ നിന്നു ഊറ്റാനും മടി കാണിക്കില്ല ഈ ഐപിഎസ് ഏമാന്മാരെന്നതാണ് ഇതിലേറ്റവും ലജ്ജാകരമായ കാര്യം. പുറത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ പലപ്പോഴും പോലീസുകാരന്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കേണ്ടി വരും. വണ്ടിക്കു പെട്രോള്‍ അടിക്കാന്‍ പോകണ്ടി വന്നാലും ഇത് തന്നെ അവസ്ഥ. മേലുദ്യോഗസ്ഥനോട് പണം തിരികെ ചോദിക്കാനുള്ള ധൈര്യമൊന്നും ആര്‍ക്കും ഉണ്ടാാകില്ല. ഇക്കാര്യങ്ങള്‍ മറ്റാരെങ്കിലും ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ചാല്‍ അപ്പോള്‍ പറയും, അവനൊക്കെ ഏതെങ്കിലും രീതിയില്‍ അത് ഈടാക്കാന്‍ പറ്റുമെന്നേ… എന്നാണ്. അതായത്, എനിക്ക് ചെലവാക്കിയ പണം അവന്‍ ഏതെങ്കിലും സാധാരണക്കാരന്റെ കൈയില്‍ നിന്നും വാങ്ങിക്കോളുമെന്ന്.

പോലീസുകാര്‍ക്ക് ഇവിടെയൊരു അസോസിയേഷനൊക്കെയുണ്ടെന്നാണ് പറയുന്നത്. പോലീസുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് അസോസിയേഷന്‍ രൂപീകരിച്ചിരിക്കുന്നതെങ്കിലും അവര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതെന്ന് കര്‍ശനമായി നിഷ്‌കര്‍ഷിച്ചിരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനമാണ് അസോസിയേഷനില്‍ പ്രധാനമായും നടക്കുന്നത്. അതിനിടയില്‍ കൂട്ടത്തില്‍പ്പെട്ടവര്‍ ഉന്നതന്മാരുടെ വീട്ടില്‍ അടുക്കളപ്പണി ചെയ്യുന്നതും അവിടുത്തെ കൊച്ചമ്മമാരുടെ കൈയില്‍ നിന്നും തല്ലുകൊള്ളുന്നതൊന്നും അറിയുകയോ അതിനെതിരേ പ്രതിരിക്കുകയോ ചെയ്യാറില്ല. ഇതിന്റെ കൂടെ ഒന്നുകൂടി പറഞ്ഞ് നിര്‍ത്താം. ഉദ്യോഗസ്ഥന്മാരുടെ വീടുകളില്‍ പണിക്കു നില്‍ക്കാന്‍ അങ്ങോട്ട് ചാടിക്കേറി പോകുന്ന പൊലീസുകാരും കുറവല്ല. സ്റ്റേഷന്‍ ഡ്യൂട്ടിയേക്കാളും സുഖമുള്ള കാര്യമല്ലേ, ആരും ചോദിക്കാനും പറയാനുമില്ലല്ലോ, എന്നാണവരുടെ നിലപാട്. അവരെപ്പോലുള്ളവര്‍ പട്ടിക്ക് മിന്‍ വറുത്തുകൊടുക്കാന്‍ പറഞ്ഞാലും സന്തോഷത്തോടെ ചെയ്യും, രണ്ടു തല്ലു കിട്ടിയാല്‍ അതാരുമറിയതെ കൊള്ളുകയും ചെയ്യും. പക്ഷേ, എല്ലാവരും അങ്ങനെയല്ലല്ലോ! ആത്മാഭിമാനമുള്ള പോലീസുകാരും ഇവിടെയുണ്ട്. പോലീസുകാരുടെ ആത്മവീര്യം കൂട്ടാന്‍ നടക്കുന്ന മുഖ്യമന്ത്രി അവരുടെ അഭിമാനം കൂടി സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യുക.

ദാസ്യപ്പണി മാത്രമല്ല ഒന്നരവര്‍ഷത്തിനുള്ളില്‍ നടന്ന 18 പോലീസുകാരുടെ ആത്മഹത്യകളും അന്വേഷിക്കണം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

‘അവന്മാരെ കാണിക്കരുത് എന്റെ മൃതദേഹം’; ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെ എഴുതാന്‍ ആ പോലീസുകാരനെ പ്രേരിപ്പിച്ചതെന്ത്?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍