UPDATES

തെരഞ്ഞെടുപ്പ് 2019

വിമോചന സമരകാലം മുതല്‍ മുഴങ്ങുന്ന സ്ത്രീ-ജാതി അധിക്ഷേപങ്ങള്‍

കേരളം ഒരിക്കലും മറക്കാത്ത മുദ്രാവാക്യങ്ങള്‍ സംഭാവന ചെയ്തത് 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തിയതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളിലാവും

കേരളം ഒരിക്കലും മറക്കാത്ത മുദ്രാവാക്യങ്ങള്‍ സംഭാവന ചെയ്തത് 1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തിയതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളിലാവും. തങ്ങളുടെ പ്രതിഷേധവും ആത്മരോഷവും കത്തിനിന്ന തീഷ്ണവും ശക്തവുമായ മുദ്രാവാക്യങ്ങള്‍ തികഞ്ഞ കാവ്യാത്മകതയോടെ വിമോചന സമരക്കാര്‍ കേരളത്തിന്റെ തെരുവീഥികളില്‍ പാടി നടന്നിരുന്നു. എന്നാല്‍ കരയോഗവും കത്തോലിക്കരും കോണ്‍ഗ്രസുകാരും ഒക്കെ കൈകോര്‍ത്ത് കരഘോഷം മുഴക്കി സര്‍ക്കാരിനെ താഴെയിറക്കിയ ആ സമരകാലത്ത് മുഴങ്ങിയ പല മുദ്രാവാക്യങ്ങളും സംസ്കാര കേരളത്തിന്റെ യശസ്സിന് ചേര്‍ന്നവ ആയിരുന്നില്ല.
കോണ്‍ഗ്രസും എന്‍എസ്എസ്സും കത്തോലിക്ക സഭയും ആര്‍എസ്പിയും തുടങ്ങി അഭിജാതര്‍ കൈകോര്‍ത്ത സമരവേദിയിലായിരുന്നു ചേര്‍ത്തല പൂരപ്പാട്ടിനേയും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേയും പോലും കടത്തിവെട്ടുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. സ്ത്രീ പുരുഷന്മാരുടെ രഹസ്യാവയവങ്ങളെ പരമാര്‍ശിക്കുന്ന മുദ്രാവാക്യങ്ങള്‍ വരെ അന്ന് പ്രചുരപ്രചാരത്തിലുണ്ടായിരുന്നതായി പറയുന്നു.

കുട്ടികളും അകത്തമ്മാര്‍ വരെയും നിരനിരയായി നിന്നു മുഴക്കിയവയായിരുന്നു ആ മുദ്രാവാക്യങ്ങള്‍ എന്നോര്‍ക്കണം. ജാതിയിലും സ്ത്രീത്വത്തിലും കുത്തുന്നവ. ഫ്യൂഡല്‍ മൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ ആവില്ലെന്ന് പറയുന്നവ. വ്യക്തിപരമായി അവഹേളിക്കുന്നവ… അങ്ങനെ നീളുന്നു. കേരളം എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന അത്തരം ചില മുദ്രാവാക്യങ്ങളിലേക്ക്.

തെക്കു തെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത്
ഭര്‍ത്താവില്ലാ നേരത്ത് ഫ്‌ളോറിയെന്നൊരു ഗര്‍ഭിണിയെ
വെടിവെച്ചു കൊന്ന സര്‍ക്കാരെ പകരം ഞങ്ങള്‍ ചോദിക്കും

വിമോചന സമരകാലത്തെ ഏറ്റവും പ്രസിദ്ധമായ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഇത്. 1959 ജൂലൈ മൂന്നിന് തിരുവനന്തപുരം ചെറിയതുറയിലെ പോലീസ് വെടിവെയ്പില്‍ ആന്റണി സില്‍വ(22), ലാസര്‍(20), അഞ്ചു കുട്ടികളുടെ മാതാവും ഗര്‍ഭിണിയുമായിരുന്ന ഫ്‌ളോറി(30) എന്നിവരാണ് മരിച്ചത്. ഇതിലെ ഫ്‌ളോറിയെ പരാമര്‍ശിച്ചു കൊണ്ടുള്ള മുദ്രാവാക്യമാണ് മേല്‍പ്പറഞ്ഞത്.
നെയ്യാററിന്‍കരയിലെ പുല്ലുവിളയില്‍ 1959 ജൂണ്‍ 16നുണ്ടായ വെടിവെയ്പിലും രണ്ടുപേര്‍ മരിക്കുകയുണ്ടായി. അന്ന് ആ തീരുഭൂമിയില്‍ ഉയര്‍ന്ന മുദ്രാവാക്യത്തിലും ഇതുപോലെ ആത്മരോഷം നിറഞ്ഞിരുന്നു. കാണുക:
‘ഞങ്ങളെ നെഞ്ചിലെ ചോരയ്ക്കു നിങ്ങടെ കൊടിയുടെ നിറമെങ്കില്‍
ആ ചെങ്കൊടിയാണേ കട്ടായം, പകരം ഞങ്ങള്‍ ചോദിക്കും’

1959 ജൂണ്‍ 13നു നടന്ന അങ്കമാലി വെടിവെയ്പില്‍ ഏഴു പേരാണ് മരിച്ചത്. അന്നുയര്‍ന്ന മുദ്രാവാക്യമാണ് ‘അമ്മയെ ഞങ്ങള്‍ മറന്നാലും അങ്കമാലി മറക്കില്ല’ എന്നത്.

‘വിക്കന്‍, ഞൊണ്ടി, ചാത്തന്‍ ഭരണ’മെന്നാണ് ആദ്യ കേരള മന്ത്രിസഭയെ വിമോചന സമരക്കാര്‍ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയായ ഇഎംഎസ്സിന്റെ വിക്കും കെ.സി. ജോര്‍ജിന്റെ മുടന്തും അതിനൊപ്പം സ്വയംഭരണ മന്ത്രി പി.കെ. ചാത്തനേയും ചേര്‍ത്ത് പരോക്ഷമായി ജാതിയില്‍ കുത്തി കളിയാക്കുകയാണ് മുദ്രാവാക്യത്തിലൂടെ.
‘വിക്കാ ഞൊണ്ടി ചാത്താ നിങ്ങളെ
മുക്കിക്കൊല്ലും കട്ടായം’

ഇതായിരുന്നു മറ്റൊരു മുദ്രാവാക്യം.

ദളിതനായ ചാത്തനു പറഞ്ഞ പണി ഭരണമല്ല കന്നുപൂട്ടലാണെന്നു മറ്റൊരു മുദ്രാവാക്യത്തിലൂടെ സൂചിപ്പിക്കുന്നു. അതിങ്ങനെ:
‘പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും
ചാത്തന്‍ പൂട്ടാന്‍ പെക്കോട്ടെ
ചാക്കോ നാടു ഭരിക്കട്ടെ’

സമരക്കാരെ ഭരിക്കുന്ന കടുത്ത ഫ്യൂഡല്‍ മൂല്യങ്ങളെ അടിവരയിടുന്നതായിരുന്നു ആ മുദ്രാവാക്യം. പഴയ ഫ്യൂഡല്‍ കാലത്തെ അധികാര ഘടനയിലേക്ക് ഈ സമൂഹത്തെ മടക്കി അയയ്ക്കുമെന്നാണ് സമരക്കാര്‍ പറഞ്ഞത്. കെ.ആര്‍. ഗൗരിയമ്മയെ കുറിച്ചും ജാതി ചേര്‍ത്ത് പുലഭ്യം വിളിയുണ്ടായി.
‘ഗൗരിച്ചോത്തി പെണ്ണല്ലെ
പുല്ലു പറയ്ക്കാന്‍ പൊയ്ക്കൂടെ’

എന്നായിരുന്നു ഒരു മുദ്രാവാക്യം. ഗൗരിയമ്മയേയും ടി.വി. തോമസിനേയും ചേര്‍ത്തുള്ള മുദ്രാവാക്യത്തിലും അവഹേളനത്തിന്റെ സ്വരം നിറഞ്ഞിരുന്നു.
‘ഗൗരിച്ചോത്തിയെ വേളികഴിച്ചൊരു
റൗഡിത്തൊമാ സൂക്ഷിച്ചോ’

മുദ്രാവാക്യങ്ങളില്‍ പലതും സഭ്യതയുടെ അതിരുകള്‍ ലംഘിച്ചു. കാണുക:
‘ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാടു ഭരിക്കുന്ന നമ്പൂരി’

എന്നായിരുന്നു ഒന്നെങ്കില്‍ മറ്റൊന്നിങ്ങനെ:
‘ഗൗരിച്ചോത്തിയുടെ കടിമാറ്റാന്‍
കാച്ചിയതാണീ മുക്കൂട്ട്’

വിദ്യാഭ്യാസ നിയമത്തിനു രൂപം നല്‍കിയ ജോസഫ് മുണ്ടശ്ശേരിയ്ക്കു നേരേയും ഉണ്ടായി അസഭ്യവര്‍ഷം:
‘മുണ്ടശ്ശേരീടെ മണ്ടയിലെന്താ
ചകിരിച്ചോറോ ചാരായോ?
തണ്ടാമണ്ടാ മുണ്ടശ്ശേര്യേ
വേണ്ടവേണ്ട തായാട്ടം

മറ്റൊരു മുദ്രാവാക്യത്തില്‍ മുണ്ടശ്ശേരിയോട് ഇങ്ങനെ പറയുന്നു.
‘തണ്ടാ മണ്ടാ കണ്ടാങ്ക്രസ്സേ
കണ്ടാശ്ശാങ്കടവിനു പൊയ്‌ക്കോളു’

നാടു ഭരിക്കാന്‍ അറിയാത്ത നിങ്ങള്‍ പോയി താടി വടിയ്ക്കൂവെന്നു പറയുന്ന മുദ്രാവാക്യത്തിലുമുണ്ട് ജാതിയില്‍ കുത്തും ക്ഷൗരം എന്ന തൊഴിലിനെ കുറച്ച് കാണിക്കലും. കാണുക:
‘നാടു ഭരിക്കാന്‍ അറിയില്ലെങ്കില്‍
താടി വടിക്കു നമ്പൂരി’

മുഖ്യമന്ത്രിയോട് തൂങ്ങിച്ചാകാന്‍ പറയുന്ന മുദ്രാവാക്യം ഇങ്ങനെ:
‘തൂങ്ങിച്ചാകാന്‍ കയറില്ലെങ്കില്‍
പൂണൂലില്ലേ നമ്പൂരി’

ഇഎംഎസ്സിന്റെ പ്രസിദ്ധമായ വിക്കിനെ കളിയാക്കിക്കൊണ്ടും പല മുദ്രാവാക്യങ്ങള്‍ ഉണ്ടായി.
‘സസ്യശ്യാമള കേരളഭൂവില്‍
വി…വി…വിക്കന്‍ നമ്പൂരിക്കെന്തുകാര്യം’

ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിനെ തുടര്‍ന്നു വിമോചന സമരക്കാര്‍ നടത്തിയ ആഹ്ലാദ പ്രകടനങ്ങളിലുണ്ടായ മുദ്രാവാക്യങ്ങളിലൊന്ന് കാണുക. ‘ഇഎംഎസ്സേ മുങ്ങിക്കോ റഷ്യന്‍ കടലില്‍ പൊങ്ങിക്കോ’
അച്യുത മേനോനെ കുറിച്ചുമുണ്ടായി ഇതുപോലുള്ള മുദ്രാവാക്യങ്ങള്‍:
‘ചോരക്കൊതിയാ ചേലാടാ
നിന്നെ പിന്നെ കണ്ടോളാം’

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരെ സമരക്കാര്‍ വിളിച്ചത് ‘എമ്മാ തൊമ്മാ തെമ്മാടി’ എന്നായിരുന്നു. ‘ മന്നം പൂട്ടിയ സ്‌കൂളു തുറക്കാന്‍ എംഎന്നു മീശ കിളുര്‍ത്തിട്ടില്ലെ’ന്നായിരുന്നു മറ്റൊരു മുദ്രാവാക്യം.

‘മന്നം നാടു ഭരിക്കട്ടെ
എംഎന്‍ തൂങ്ങിച്ചാകട്ടെ’

എന്നുമുണ്ടായി മുദ്രാവാക്യം.

‘മന്നത്തപ്പന്‍ നേതാവെങ്കില്‍ സമരം ഞങ്ങള്‍ വിജയിക്കും
മന്നത്തപ്പാ നേതാവേ, ധീരതയോടെ നയിച്ചോളു’
എന്ന മന്നം പ്രകീര്‍ത്തനങ്ങളും ജാഥകളില്‍ അലയടിച്ചു.

(അവലംബം: കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും-കെ. രാജേശ്വരി)
എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍