UPDATES

തെരഞ്ഞെടുപ്പ് 2019

എസ്എന്‍ഡിപി യോഗം ഓര്‍ക്കാനാഗ്രഹിക്കാത്ത ചരിത്രം; എന്തിന് സര്‍ സിപിയുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തെ പിന്തുണച്ചു?

1946 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ വെയിവെയ്പും പിന്നീട് തൊഴിലാളി കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കു നേരെയുള്ള മര്‍ദനവും അന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കിയിരുന്നു

കേരള ചരിത്രത്തില്‍ ജാജ്വല്യമാനമായ നാള്‍വഴികള്‍ എഴുതിച്ചേര്‍ക്കുകയും ഇന്നാടിന്റെ നവോത്ഥാനത്തിന് ഏറ്റവും അധികം സംഭാവനകള്‍ ഏകുകയും ചെയ്ത സാമുഹ്യ പ്രസ്ഥാനങ്ങളിലൊന്നായ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം(എസ്എന്‍ഡിപി) ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യരുടെ നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്ര തിരുവിതാകൂര്‍ വാദത്തെ പിന്‍താങ്ങിയിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കാനായി അന്നത്തെ തിരുവിതാകൂര്‍ നാട്ടുരാജ്യം സര്‍ സിപിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങള്‍ക്ക് പരസ്യ പിന്തുണയാണ് യോഗം നല്‍കിയത്. കേരളത്തിലെ 20-ാം നൂറ്റാണ്ടിന്റെ എല്ലാ പുരോഗമനോന്മുഖതയുടേയും മുന്നില്‍ നില്‍ക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ആശയാദര്‍ശങ്ങളില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച് അധസ്ഥിതന്റെ സാമൂഹ്യനീതിയ്ക്കായി രൂപം കൊണ്ട ഒരു പ്രസ്ഥാനം ഇത്തരം സമീപനം കൈക്കൊണ്ടിരുന്നുവോയെന്ന കേള്‍ക്കുന്നവര്‍ ശങ്കിച്ചേക്കാം. എന്നാല്‍ വസ്തുത ഇതാണെന്ന് എം.കെ. സാനുവിനെപ്പോലുള്ള ശ്രീനാരായണീയര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. യോഗ തീരുമാനത്തിനെതിരെ ഈഴവരിലെ ഉല്‍പ്പതിഷ്ണുക്കളെല്ലാം പരസ്യമായ പ്രതിഷേധം ഉയര്‍ത്തി എന്നതും യാഥാര്‍ഥ്യം തന്നെ.

സ്വതന്ത്ര തിരുവിതാംകൂര്‍ വാദവുമായി ശക്തമായി നിലയുറപ്പിച്ച സര്‍ സിപിയെ പിന്താങ്ങി എസ്എന്‍ഡിപി യോഗം പ്രമേയം തന്നെ പാസാക്കി. എസ്എന്‍ഡിപി യോഗത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച തീരുമാനം എടുക്കാനായി ചേര്‍ന്ന യോഗത്തില്‍ മൂന്നിനെതിരെ മുപ്പത് വോട്ടുകള്‍ക്കാണ് സ്വതന്ത്ര തിരുവിതാകൂര്‍ വാദത്തെ പിന്‍തുണയ്ക്കുന്നതിനായി തീരുമാനം കൈക്കൊണ്ടത്. വി.എന്‍. പ്രസന്നന്‍ എഴുതിയ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന പി. ഗംഗാധരന്റെ ജീവചരിത്ര ഗ്രന്ഥമായ ‘പി ഗംഗാധരന്‍ നിഷ്‌കാസിതനായ നവോഥാന നായകന്‍’ എന്ന പുസ്തകത്തില്‍ സി നാരായണ പിള്ളയുടെ തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമര ചരിത്രത്തെ ഉദ്ധരിച്ച് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.(പുറം 98-99).

കോണ്‍ഗ്രസ് നേതാവും പില്‍ക്കാലത്ത് കേരള മുഖ്യമന്ത്രിയുമായിരുന്ന ആര്‍. ശങ്കറായിരുന്നു അന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി. അദ്ദേഹത്തിന്റെ പിടിയിലായിരുന്നു സംഘടന. സി. കേശവനെ പോലുള്ളവരൊക്കെ ശങ്കറിന്റെ എതിര്‍ചേരിയിലായിരുന്നു. എല്ലാ എസ്എന്‍ഡിപി ശാഖകളോടും യോഗം ചേര്‍ന്ന് യോഗം ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുന്ന പ്രമേയം പാസാക്കുന്നതിനുള്ള നിര്‍ദ്ദേശവും നേതൃത്വം നല്‍കിയിരുന്നു. തുടര്‍ന്ന് നാടൊട്ടുക്ക് ശാഖയോഗങ്ങളില്‍ സമ്മേളങ്ങള്‍ വിളിച്ചു ചേര്‍ത്തു.

പുരോഗമന നിലപാടുകള്‍ സ്വീകരിച്ചുവന്ന ഈഴവരൊക്കെ യോഗങ്ങളില്‍ ഇതിനെതിരായ നിലപാട് സ്വീകരിച്ചു. നേതൃത്വം കൈക്കൊണ്ട നിലപാടിനെതിരെ രംഗത്ത് വരികയും ഉണ്ടായി. ഇത് വലിയ സംവാദമാണ് സമുദായത്തിനകത്ത് സൃഷ്ടിച്ചത്. ഏറെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷം സ്വതന്ത്രത്തിന്റെ വെള്ളിവെളിച്ചം പരന്ന കാലത്ത് സ്വതന്ത്ര തിരുവിതാകൂര്‍ വാദത്തെ അനുകൂലിച്ച് രംഗത്ത് വരാന്‍ കാര്യമായി ആരും തയാറായിരുന്നില്ല. സര്‍ സിപിയുടെ നല്ല പുസ്തകത്തില്‍ വരുന്നതിനായി പല യശപ്രാര്‍ഥികളും ആഗ്രഹിച്ചിരുന്നുവെങ്കിലും കാലത്തിന്റെ ചുമരെഴുത്ത് മനസ്സിലാക്കി ഉള്‍വലിയുകയായിരുന്നു. പക്ഷെ എസ്എന്‍ഡിപി യോഗം പരസ്യമായി തന്നെ ഇത്തരം ഒരു നിലപാട് സ്വീകരിച്ചു.

എം.കെ. സാനു എഴുതിയ ‘ഇവര്‍ കേരളത്തെ സ്‌നേഹിച്ചവര്‍’ എന്ന പുസ്തകത്തില്‍ നിന്ന്:
“സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം തിരുവിതാകൂര്‍ ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യര്‍ ഒരു വാദം ഉന്നയിക്കുകയുണ്ടായല്ലോ-സ്വതന്ത്ര തിരുവിതാകൂര്‍ വാദം. ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ സ്വതന്ത്രമായി നിലകൊള്ളുന്ന ഒരു പരമാധികാര രാഷ്ട്രമായി നിലകൊള്ളാന്‍ തിരുവിതാകൂറിന് അംഗീകാരം വേണമെന്ന ആ വാദത്തിന് എസ്എന്‍ഡിപി യോഗം പിന്തുണ നല്‍കി. ആര്‍.ശങ്കറായിരുന്നു അന്ന് യോഗത്തിന്റെ നേതാവ്. തിരുവിതാകൂറിന്റെ പല ഭാഗങ്ങളിലും സ്വതന്ത്ര തിരുവിതാകൂര്‍ വാദത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന സമ്മേളനങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം എസ്എന്‍ഡിപി യോഗം സംഘടിപ്പിച്ചു. അതിനെ എതിര്‍ക്കാന്‍ മുന്നോട്ട വന്ന ദേശ സ്‌നേഹികളുടെ മുന്നില്‍ കെ. ബാലകൃഷ്ണന്‍ ഉണ്ടായിരുന്നു. സമ്മേളനത്തില്‍ നേരിട്ട് പങ്കെടുത്തുകൊണ്ട് പ്രസംഗ വേദിയില്‍ കയറി യോഗത്തിന്റെ നിലപാടിനെതിരായ പ്രസംഗിച്ച അദ്ദേഹത്തെ റൗഡികള്‍ ആക്രമിക്കുകയും പൊക്കിയെടുത്ത് താഴെ ഇടുകയും ചെയ്തിട്ടുണ്ട്.”(പുറം 209-210)

1946 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ വെയിവെയ്പും പിന്നീട് തൊഴിലാളി കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കു നേരെയുള്ള മര്‍ദനവും അന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കിയിരുന്നു. ഭരണകൂടത്തോടും സിപി രാമസ്വാമി അയ്യരോടുമുള്ള ജനങ്ങളുടെ വെറുപ്പും അമര്‍ഷവും പതിന്മടങ്ങി വര്‍ധിച്ചു. 1946ല്‍ തന്നെ അമേരിക്കന്‍ മോഡല്‍ ഭരണഘടന നടപ്പിലാക്കാനുള്ള ശ്രമം അദ്ദേഹം ആരംഭിച്ചു. ഇതിലൂടെ രാജവംശീയ സ്വഭാവം നിലനിര്‍ത്താനാണ് സര്‍ സിപി ശ്രമിച്ചത്. ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്ന ധീരമായ മുദ്രാവാക്യം തിരുവിതാകൂറിലെ ജനങ്ങള്‍ ഉയര്‍ത്തി.പിന്നീട് സ്വാതന്ത്ര്യലബ്ദിയോടടുത്തപ്പോള്‍ മറ്റൊരു പ്രഖ്യാപനവും അന്നത്തെ തിരുവിതാകൂര്‍ ഭരണകൂടം നടത്തി. 1947 ജൂലൈ 18ന് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ബില്ലിന് ബ്രിട്ടീഷ് രാജാവിന്റെ അനുമതി ലഭിച്ചതോടെയാണ് ആ പ്രഖ്യാപനം ഉണ്ടായത്.

ചരിത്രകാരനായ എ.ശ്രീധര മേനോന്‍ ‘സ്വതന്ത്ര തിരുവിതാംകൂര്‍ വാദവും സര്‍ സിപി എന്ന വില്ലനും’ എന്ന പുസ്തകത്തില്‍ എഴുതുന്നു:
“ഒട്ടും സമയം കളയാതെ അന്ന് തന്നെ ഒരു വെള്ളിയാഴ്ച രാത്രി 8.25ന് തിരുവനന്തപുരം റേഡിയോ നിലയിത്തില്‍ നിന്നും ചെയ്ത ഒരു പ്രക്ഷേപണത്തില്‍ ചിത്തിര തിരുനാള്‍ രാജാവ് 1947 ഓഗസ്റ്റ് 15ന് തിരുവിതാകൂര്‍ ഒരു സ്വതന്ത്ര രാജ്യമാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു മുന്‍പ് തന്നെ സര്‍ സിപി ഡല്‍ഹിയില്‍ പോയി വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ സന്ദര്‍ശിച്ച് തിരുവിതാകൂര്‍ സ്വതന്ത്രരാഷ്ട്രമായി നില്‍ക്കാന്‍ താല്പര്യപ്പെടുന്ന കാര്യം അറിയിച്ചിരുന്നു. ‘തിരുവിതാകൂര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ താല്പര്യപ്പെടുന്നുവെന്നും അതേസമയം പാക്കിസ്ഥാന്റേയോ ഹിന്ദുസ്ഥാന്റേയോ ഭാഗമാകാതെ തന്നെ ആ രാജ്യങ്ങളുമായി വ്യാപാരം, പ്രതിരോധം, കൈമാറ്റം, തുടങ്ങിയ ഉടമ്പടികള്‍ ഉണ്ടാക്കാന്‍ തയാറാണെന്നും വൈസ്രോയിയോടും ഇസ്‌മേ പ്രഭുവിനോടും ഞാന്‍ വ്യക്തമാക്കി’യിട്ടുണ്ടെന്നും സര്‍ സിപി തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തിരുന്നു.” (പുറം, 23,24)

ഇത്തരത്തില്‍ സര്‍ സിപി നടത്തിയ കരുനീക്കങ്ങള്‍ക്കാണ് എസ്എന്‍ഡിപി യോഗം പരസ്യ പിന്തുണയുമായെത്തിയത്. ഇതിനെതിരെ ഉല്‍പ്പതിഷ്ണുക്കളായ ഈഴവര്‍ രംഗത്ത് വരികയുണ്ടായി. തന്റെ ആദ്യ പ്രസംഗം തന്നെ എസ്എന്‍ഡിപി യോഗത്തിന്റെ ഈ നീക്കത്തിനെതിരായിട്ടായിരുന്നുവെന്ന് എം.കെ. സാനു പറഞ്ഞു.

താന്‍ വിദ്യാര്‍ഥിയായിരിക്കെയാണ് സ്വതന്ത്ര തിരുവിതാകൂര്‍ വാദത്തിന് എസ്എന്‍ഡിപിയോഗം പിന്തുണ പ്രഖ്യാപിച്ചത്. യോഗത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രാദേശികമായി ഓരോ ശാഖായോഗവും ചേര്‍ന്ന് സിപിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയങ്ങള്‍ പാസാക്കേണ്ടിയിരുന്നു. തന്റെ ജന്മദേശമായ തുമ്പോളിയില്‍ യോഗം ചേര്‍ന്നപ്പോള്‍ ചെറുപ്പക്കാരായ ചിലര്‍ ചേര്‍ന്ന് ഇതിനെതിരെ പരസ്യനിലപാട് എടുക്കണമെന്ന് തീരുമാനിച്ചു. പ്രമേയം അവതരിപ്പിക്കുമ്പോള്‍ രമേശന്‍ എന്നയാള്‍ അതിനെ എതിര്‍ക്കുന്നവരുടെ പ്രതിനിധിയായി പ്രസംഗിക്കാനും നേരത്തെ നിശ്ചയിച്ചുറച്ചാണ് യോഗത്തിനു പോയത്. എന്നാല്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി രമേശന്‍ പിന്‍വാങ്ങിയതോടെ പ്രസംഗിക്കാനുള്ള ഉത്തരവാദിത്തം എം.കെ. സാനുവില്‍ എത്തിച്ചേര്‍ന്നു. അങ്ങനെയാണ് തന്നിലെ പ്രാസംഗികന്റെ തുടക്കം. പ്രസംഗം എല്ലാവര്‍ക്കും ഇഷ്ടമായെങ്കിലും എസ്എന്‍ഡിപി യോഗത്തിനെതിരായ നിലപാട് ആ പൊതുയോഗം അംഗീകരിച്ചില്ല. അവരും എസ്എന്‍ഡിപി കേന്ദ്ര നേതൃത്വം കൈക്കൊണ്ട നിലപാടിനു പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞു.
ക്രിസ്തുവര്‍ഷം 824 രാജകീയ ശാസനപ്പടി ‘തളപ്പുകയര്‍ അവകാശക്കാരനും ഏണി അവകാശക്കാരനും’ മാത്രമായിരുന്ന ഈഴവനെ കേരള ഭരണത്തലവനാക്കാന്‍ പോലുള്ള അവകാശത്തിലേക്ക് എത്തിച്ച, ഒരു നൂറ്റാണ്ടുകാലത്തെ ഐതിഹാസികമായ നിരന്തര സമരത്തിന്റെ ചരിത്രമാണ് എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രമെന്ന് പ്രഫ. പി.എസ്. വേലായുധന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.(എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രം-പ്രഫ. പി.എസ്. വേലായുധന്‍, പുറം, 1) കേരളത്തിന്റെ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ ചരിത്രവുമായി അഭേദ്യമായ ബന്ധം സ്ഥാപിച്ച ഈ പ്രസ്ഥാനം എന്തുകൊണ്ട് സ്വതന്ത്ര തിരുവിതാകൂര്‍ വാദം പോലുള്ള ഒന്നിനെ അംഗീകരിച്ച് രാജേച്ഛയോടും സര്‍ സിപിയുടെ തന്ത്രപരമായ നീക്കങ്ങളോടും ചേര്‍ന്നുനിന്നുവെന്ന് വിശ്വസനീയമായി വിശദീകരിക്കപ്പെട്ട് കാണുന്നില്ല.

Read More: വിമോചന സമരകാലം മുതല്‍ മുഴങ്ങുന്ന സ്ത്രീ-ജാതി അധിക്ഷേപങ്ങള്‍

യോഗ നേതൃത്വത്തിലുള്ളവര്‍ സര്‍ സിപിയുടെ ഇഷ്ടം സമ്പാദിക്കാനും അതുവഴി പലതും നേടിയെടുക്കാനും വേണ്ടിയാവണം ഇത്തരമൊരു നിലപാട് എടുത്തതതെന്ന് എം.കെ. സാനു പറഞ്ഞു. എന്തായാലും കുറച്ചുനാള്‍ ഇത്തരം നീക്കങ്ങള്‍ നടന്നെങ്കിലും 1947 ജൂലൈ25-ന് രാത്രി കോനാട്ടുമഠം ചിദംബരയ്യര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്ന കെസിഎസ്. മണി തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ സ്വാതിതിരുനാള്‍ ചരമശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിന് എത്തിച്ചേര്‍ന്ന സര്‍ സിപിയെ വെട്ടി. തിരുവിതാകൂറില്‍ നില്‍ക്കുന്നത് പന്തിയല്ലെന്ന് കണ്ട സര്‍ സിപി നാടുവിട്ടു. അതോടെ സ്വതന്ത്ര തിരുവിതാകൂര്‍ വാദം കെട്ടടങ്ങി. എസ്എന്‍ഡിപി യോഗം തന്നെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചരിത്രത്തിലെ ഒരേടായി അത് കിടുക്കുന്നു.

എസ്എന്‍ഡിപി യോഗം ഒരു കാലത്ത് സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. എന്നാല്‍ മറ്റു സമുദായ സംഘടനകളൊന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അതുകൊണ്ട് രാഷ്ട്രീയത്തില്‍ നിന്നും മാറി ഒരു അസ്തിത്വം സംഘടനയ്ക്ക് ഉണ്ടാകണമെന്നും സഹോദരന്‍ അയ്യപ്പനെ പോലുള്ളവര്‍ നിലപാടെടുത്തു. തുടര്‍ന്ന് പ്രത്യേക യോഗം ചേര്‍ന്നാണ് എസ്എന്‍ഡിപി യോഗം സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ആര്‍.ശങ്കറും മറ്റും സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നും കുറച്ചു നാളത്തേക്ക് വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ സഹോദരന്റെ മുന്‍കൈയില്‍ എടുത്ത തീരുമാനത്തെ എതിര്‍ക്കുന്നവരും അന്ന് എസ്എന്‍ഡിപിയില്‍ ഉണ്ടായിരുന്നു. ഒരു സമ്മേളനത്തില്‍ സഹോദരനെ കരിമാല അണിയിച്ച് അവര്‍ പ്രതിഷേധിക്കുകയും ചെയ്തതായി എം.കെ. സാനു ഓര്‍മ്മിക്കുന്നു.

Read More: ഇഎംഎസിനെ കുറിച്ച് പി കൃഷ്ണപിള്ള ഇങ്ങനെ പറഞ്ഞു; ‘പിള്ളേര്‍ ഈ പുസ്തകങ്ങളൊക്കെ വായിച്ചുതുടങ്ങിയിട്ടുണ്ടെന്ന് അങ്ങേരെ അറിയിച്ചത് ഭേഷായി’

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍